Image

കുറ്റവാളിവിമുക്ത നിയമനിര്‍മ്മാണ സഭകള്‍, തെരഞ്ഞെടുപ്പുകള്‍ ഇനിയും അകലെ (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 01 October, 2018
കുറ്റവാളിവിമുക്ത നിയമനിര്‍മ്മാണ സഭകള്‍, തെരഞ്ഞെടുപ്പുകള്‍ ഇനിയും അകലെ (ദല്‍ഹികത്ത് : പി.വി.തോമസ് )
കുറ്റവാളികളെ മന്ത്രിമാരും നിയമനിര്‍മ്മാതാക്കളും ആക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നതില്‍ ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി മടിച്ചിരിക്കുകയാണ്. അതാണ് സെപ്റ്റംബര്‍ 25-ാം തീയതിയിലെ വിധി. ഇത് മുഖ്യ ന്യായാധിപന്‍ ദീപക് മിശ്ര നയിച്ച ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധിയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ പാര്‍ലിമെന്റിന്റെ നിയമനിര്‍മ്മാണ പരിധിയില്‍ വരുന്നതാണെന്നും അതില്‍ ഇടപെടുവാന്‍ താല്‍പര്യം ഇല്ലെന്നും പറഞ്ഞാണ് സുപ്രീം  കോടതി കൈകഴുകിയത്. കോടതിയുടെ നിലപാട് വളരെ ശരിയും വളരെ ചോദ്യാര്‍ഹവും ആണ്. ശരിയാണ് സുപ്രീം കോടതി പാര്‍ലിമെന്റിന്റെയും എക്‌സിക്യൂട്ടീവിന്റെയും അധികാര പരിധിയില്‍ പ്രവേശിക്കരുത്. പക്ഷേ, എത്രയോ പ്രാവശ്യം സുപ്രീം കോടതി ഇതില്‍ ഇടപെട്ട് ജനാധിപത്യപരമായ, മനുഷ്യാവകാശപരമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ കേസിന്റെ ഒരു മുന്‍കാല വകഭേദത്തിലും. അതിലേക്ക് പിന്നീട് വരാം.

ഇവിടെ ഇതാണ് കേസ്. ഗുരുതരം ആയ ക്രിമിനല്‍ കേസുകളില്‍ കോടതി കുറ്റാരോപണം ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് പാര്‍ലിമെന്റിലും നിയമസഭകളിലും തുടരുവാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും ഉള്ള അര്‍ഹത ഉണ്ടോ? അവരെ അയാഗ്യര്‍ ആക്കണം എന്നാണ് ഒരു സംഘം പരാതിക്കാരുടെ അഭ്യര്‍ത്ഥന. കാരണം കുറ്റാരോപിതര്‍ നിയമനിര്‍മ്മാതാക്കള്‍ ആയിക്കൂട. അവര്‍ നിയമലംഘനാരോപിതര്‍ ആണ്. തെളിയിക്കപ്പെടുന്നതുവരെ അവര്‍ നിയമലംഘകര്‍ അല്ലായിരിക്കാം. പക്ഷേ, ഒരു കോടതി അവര്‍ക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റപത്രം തയ്യാറാക്കിയാല്‍ അവരെ നിയമനിര്‍മ്മാതാക്കള്‍ (എം.പി.എം.എല്‍.എ, മന്ത്രിമാര്‍) ആയി തുടരുന്നതില്‍ നിന്നും പാര്‍ലിമെന്റ് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും അയോഗ്യര്‍ ആക്കണം എന്നതായിരുന്നു കൂട്ടഹര്‍ജ്ജിക്കാരുടെ ആവശ്യം. ഇത് ശരിയും ആണ് എന്റെ പക്ഷത്തില്‍. അതിനെതിരെ വാദഗതികള്‍ ഉണ്ട്. അതിലേക്കും പിന്നീട് വരാം.

കണക്കുകള്‍ പലതുണ്ട്. ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോകസഭയിലെ 542 അംഗങ്ങളില്‍ 179 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. അതായത് 33 ശതമാനം ലോകസഭ അംഗങ്ങള്‍ക്ക് എതിരെ. ഇതില്‍ 114 അംഗങ്ങള്‍ അതീവ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ആണ്(21 ശതമാനം). പഠനവിധേയരായ രാജ്യസഭയിലെ 228 അംഗങ്ങളില്‍. 51 പേര്‍ (22 ശതമാനം) കുറ്റാരോപിതര്‍ ആണ്. ഇതില്‍ 20 പേര്‍ (9 ശതമാനം) ഗുരുതര ക്രിമില്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ആണ്. ഇനി സംസ്ഥാന നിയമസഭകളിലേക്ക് വരാം.  പഠനാര്‍ഹരാക്കപ്പെട്ട 4083 എം.എല്‍.എ.മാരില്‍ 1355 പേര്‍ വിവിധ ഇനം ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയര്‍ ആണ്(33 ശതമാനം). ഇതില്‍ 891 പേര്‍(22 ശതമാനം)ഗുരുതരമായ കേസുകളില്‍ പ്രതികള്‍ ആണ്. കുറ്റാരോപിതരായ ജനപ്രതിനിധികളിലും മന്ത്രിമാരിലും ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ഝാര്‍ഖണ്ടും(49 ശതമാനം) ബീഹാറും(40 ശതമാനം) മഹാരാഷ്ട്രയും(39 ശതമാനം) ആണ്.

പക്ഷേ, സുപ്രീം കോടതിയുടെ സമീപനം മറ്റൊന്നാണ്. അത് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അതിഭീകരമായ അധോലോകവല്‍ക്കരണത്തെ മനസിലാക്കുന്നു. പക്ഷേ, അതിനെതിരുത്തേണ്ടത് ശക്തമായ നിയമനിര്‍മ്മാണത്തിലൂടെ പാര്‍ലിമെന്റ് ആണെന്നാണ് സുപ്രീം കോടതിയുടെ പക്ഷം. ശരിയാണ് ജുഡീഷറിയും എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ഭരണഘടനയുടെ വ്യത്യസ്തവും സ്വതന്ത്രവും ആയ മൂന്ന് തൂണുകള്‍ ആണ്. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തെ താങ്ങി നിറുത്തുന്നത്. നാലാമത്തെ തൂണായി മാധ്യമങ്ങളും ഉണ്ട്. ഇത് ഭരണഘടനയില്‍ ഇല്ല. ഭരണഘടനയില്‍ സംസാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് ആണ് ഇടം(ഭരണഘടനപരിഛേദം 19(1)(എ). പക്ഷേ, തുടര്‍ന്നുള്ള സുപ്രീം കോടതി വിധികള്‍ ആണ് മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകം ആണെന്ന് അടിവരയിട്ട് പ്രഖ്യാപിച്ചത്. അപ്പോള്‍ സുപ്രീംകോടതി ഈ വിഷയത്തില്‍ പാര്‍ലിമെന്റിന്റെ അവകാശത്തിലും അധികാരത്തിലും കൈകടത്താരുന്നത് നല്ലതു തന്നെ. അത്രനല്ലതും അല്ല. എത്രയോ പ്രാവശ്യം സുപ്രീം കോടതി അത് ചെയ്തിട്ടുണ്ട്. ജനനന്മക്കും ജനാധിപത്യത്തിന്റെ താല്‍പര്യങ്ങളും സംരക്ഷിക്കുവാനായും. 

ഒറ്റ ഉദാഹരണം പറയാം. അത് ഇതേ കേസും ആയി ബന്ധപ്പെട്ടതാണ്. ഓര്‍മ്മയുണ്ടോ 2013-ലെ ലില്ലിതോമസ് (മലയാളി) കേസിലെ വിധി? ആ കേസ് ഇങ്ങനെ ആണ്. ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പ് പ്രകാരം ഒരു ജനപ്രതിനിധിക്കെതിരെ മന്ത്രിമാര്‍ ഉള്‍പ്പെടെ, രണ്ടു വര്‍ഷത്തിലേറെ തടവ് ശിക്ഷ ഒരു കുറ്റകൃത്യത്തില്‍ ഉണ്ടായാലും അവര്‍ രാജി വയ്‌ക്കേണ്ടതില്ല അവര്‍ അതിനെതിരെ മേല്‍ക്കോടതിയില്‍ ഹര്‍ജ്ജി ഫയല്‍ ചെയ്താല്‍. അത് സുപ്രീം കോടതി വരെ പോകാം വര്‍ഷങ്ങള്‍ എടുക്കാം. എന്നാല്‍ ലില്ലിതോമസ്് കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു വിചാരണകോടതി ഒരു ജനപ്രതിനിധിയെ കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ ആ വ്യക്തി ഉടന്‍ സ്ഥാനം ഒഴിയണം. ഹര്‍ജി വിഷയം അല്ല. അത് രാഷ്ട്രീയത്തെ അധോലോക വല്‍ക്കരിക്കുന്നതിനെതിരെയുള്ള ഒരു വലിയ വിധിന്യായം ആയിരുന്നു. അങ്ങനെ ആണ് ലാലുപ്രസാദ് യാദവിനും(ആര്‍.ജെ.ഡി) റഷീദ് അല്‍വിക്കും (കോണ്‍ഗ്രസ്), വി.കെ.ശശികലക്കും(അണ്ണാ ഡി.എം.കെ.) രാജിവച്ച് ഒഴിയേണ്ടി വന്നത്. ലാലുപ്രസാദ് യാദവിനെ രക്ഷിക്കുവാനായി യു.പി.എ. ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ തീരുമാനിച്ചു. പക്ഷേ രാഹുല്‍ഗാന്ധി ഇതിനെ എതിര്‍ത്ത് പരസ്യമായി ചോദിച്ചു! 'വാട്ട് നോണ്‍സെന്‍സ് ഈസ് ദിസ്?' ഏതായാലും ആ നീക്കം നടന്നില്ല രാഹുലിന്റെ ഉദ്ദേശം നല്ലതായിരുന്നെങ്കിലും മാര്‍ഗ്ഗം വിവാദം ആയി.

അതായത് സുപ്രീം കോടതിക്ക് വേണ്മായിരുന്നെങ്കില്‍ ഇപ്പോഴത്തെ കേസിലും ഇടപെട്ട് കുറ്റാരോപിതരായ ജനപ്രതികള്‍ക്കെതിരെ ഒരു വിധി പുറപ്പെടുവിക്കാമായിരുന്നു. പക്ഷേ, അതിനുപകരം ആ ഉത്തരവാദിത്വം പാര്‍ലിമെന്റിന് വിടുകയായിരുന്നു അത് ചെയ്തത്. സമയനിബന്ധനം ഒന്നും ഇല്ല. സമയനിബന്ധന ഇല്ലാതെ ഇങ്ങനെ നിര്‍ദ്ദേശം മാത്രം വച്ചാല്‍ ഗവണ്‍മെന്റും രാഷ്ട്രീയപാര്‍ട്ടികളും ഇതില്‍ ഒരു നടപടിയും എടുക്കുകയില്ല. എന്നതാണ് അനുഭവം. കാരണം വിഷയം അവരുടെ താല്‍പര്യത്തെ ഹനിക്കുന്നതാണ്. ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ലോകകമ്മീഷനും രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അധോലോക വല്‍ക്കരണത്തിനെതിരായി പതിറ്റാണ്ടുകള്‍ ആയി ശ്രമിക്കുന്നുണ്ട്. ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. ഇതിനായിട്ട് നിയമിക്കപ്പെട്ട വൊഹറ കമ്മീഷനും പല നിര്‍ദ്ദേശങ്ങളും നടത്തി പക്ഷേ അതാത് ഗവണ്‍മെന്റുകളും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഇതിനെയെല്ലാം അവഗണിച്ചു. അതാണ് അവരുടെ രാഷ്ട്രീയതാല്‍പര്യം. കാരണം മാഫിയ ഡോണുകള്‍ക്ക് വിജയസാധ്യത ഉണ്ട്. അവര്‍ക്ക് പണവും മസില്‍ പവ്വറും ഉണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കുവാനും വേറെന്ത് വേണം? 

ഇതെല്ലാം സുപ്രീം കോടതി അംഗീകരിക്കുന്നും ഉണ്ട്. പക്ഷേ, ഒരു പേനയുടെ പോറലിലൂടെ ഈ കൊലപാതകികളെ, ബലാല്‍സംഗികളെ, അഴിമതി വീരന്മാരെ ഭരണ-രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും തുടച്ചു നീക്കുവാന്‍ പരമോന്നത നീതിപീഠം തയ്യാറായില്ല. പകരം ഉത്തരവാദിത്വം പാര്‍ലിമെന്റിന് കൈമാറിയിരിക്കുകയാണ്. ഒപ്പം ചില ഉപദേശങ്ങളും. അതായത് ക്രിമിനലുകളുടെ പശ്ചാത്തലവും മറ്റും അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണം എന്ന്. ഒരു കാര്യവും ഇല്ല ഇതുകൊണ്ട് ഒന്നും. കോടതി സമ്മതിക്കുക ഉണ്ടായി രാഷ്ടീയത്തിന്റെ അധോലോകവല്‍ക്കരണം ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന്. എന്നിട്ടെന്തേ നടപടി ഒന്നും ഇല്ല? വെറും ഉപദേശങ്ങള്‍ അല്ലാതെ.

1993 ഒക്ടോബര്‍ 5-ന് സമര്‍പ്പിച്ച വൊഹറ കമ്മറ്റി റിപ്പോര്‍ട്ടില്‍ രാജ്യത്ത് അധോലോക രാജാക്കന്മാര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു സമാന്തര സര്‍ക്കാര്‍ നടത്തുന്നു എന്ന് സി.ബി.ഐ., റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പഠനത്തിന്റെ വെളിച്ചത്തില്‍ പറയുകയുണ്ടായി. വന്‍തോതില്‍ ആണ് അധോലോകം- അവരില്‍ വെള്ളക്കോളറുള്ള വ്യവസായികളും, കല്‍ക്കരി മാഫിയകളും എല്ലാം ഉണ്ട്-ഭരണശൃംഖലകളില്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. ഒപ്പം തീവ്ര വലതുപക്ഷ ഫാസിസ്റ്റ് ശക്തികളും. ഒരു ജനാധിപത്യത്തിന്റെ പതനത്തിന് വേറെന്തുവേണം?
ഏതായാലും സുപ്രീം കോടതിയുടെ വിധി തികച്ചും നിരാശാജനകം ആയിപ്പോയി. ഭരണ-രാഷ്ട്രീയ രംഗത്തെ അധോലോകവിമുക്തം ആക്കുവാനുള്ള ഒരു അവസരം അത് നഷ്ടം ആക്കി. പാര്‍ലിമെന്റും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുവാന്‍ പോകുന്നില്ല. കാരണം രാഷ്ട്രീയവും അധോലോകവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രം ആണ്് നിര്‍ഭാഗ്യവശാല്‍. പരസ്പരം പൂരകം ആണ്.

കുറ്റവാളിവിമുക്ത നിയമനിര്‍മ്മാണ സഭകള്‍, തെരഞ്ഞെടുപ്പുകള്‍ ഇനിയും അകലെ (ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക