Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി

ജീമോന്‍ റാന്നി Published on 02 October, 2018
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി
ഹൂസ്റ്റണ്‍ :ഹൃസ്വസന്ദര്ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിനെയും അദ്ദേഹത്തിന്റെ പത്‌നി ബെറ്റി ഫിലിപ്പിനെയും ഹൂസ്റ്റണില്‍ ഹൃദ്യമായ സ്വീകരണം നല്‍കി ആദരിച്ചു. . ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെയും (IAPC) ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെയും (HRA) സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണ സമ്മേളനം.

സെപ്തംബര്‍ 30നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ഡെലിഷ്യസ് കേരളം കിച്ചന്‍ റെസ്റ്റോറന്റില്‍ വച്ച് നടന്ന സമ്മേളനം ഹൂസ്റ്റണിലെ നിരവധി മാധ്യമ - സംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

IAPC പ്രസിഡണ്ട് സി.ജി. ദാനിയേല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ HRA ഉപരക്ഷാധികാരി ബാബു കൂടത്തിനാലില്‍ സ്വാഗതം ആശംസിച്ചു. IAPC ട്രഷറര്‍ സംഗീത ദുവ ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.

സി.ജി.ദാനിയേലും ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ പ്രസിഡണ്ട് ജീമോന്‍ റാന്നിയും ചേര്‍ന്നു അദ്ദേഹത്തെ പൊന്നാട നല്‍കി ആദരിച്ചു. ജേക്കബ് കുടശ്ശനാട്, റോയ് തീയാടിക്കല്‍, ജീമോന്‍ റാന്നി തുടങ്ങിയര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

45 വര്‍ഷങ്ങളായി തുടരുന്ന തന്റെ പത്ര പ്രവര്‍ത്തന യാത്രയെ പറ്റി ഹൃദ്യമായ ഭാഷയില്‍ അദ്ദേഹം തന്റെ മറുപടി പ്രസംഗത്തില്‍ കൂടി അവതരിപ്പിച്ചു. പതിനായിരത്തില്‍ അധികം എഡിറ്റോറിയല്‍ എഴുതുവാന്‍ ഉള്ള അപൂര്‍വ ഭാഗ്യം ഈ കാലയളവില്‍ ഉണ്ടായി. നൂറു കണക്കിന് കോളമുകള്‍ എഴുതുവാനും കഴിഞ്ഞു. തന്‍ നേരിട്ട വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും മറ്റും പ്രതിപാദിച്ച അദ്ദേഹം ഇന്ത്യയിലെ എക്കാലത്തേയും വലിയ പത്ര പ്രവര്‍ത്തകന്‍ 6 പത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന മഹാത്മാ ഗാന്ധിയായിരുന്നു എന്ന് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

നേരോടെ നിര്‍ഭയം എന്നും എഴുതുവാന്‍ കഴിഞ്ഞത് സര്‍വ ശക്തനായ ദൈവത്തിന്റെ കൃപയായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിലെ യും ഇന്ത്യയിലേയും പത്ര ഉത്ഭവവും ചരിത്രവും പറഞ്ഞ അദ്ദേഹം ലോകത്തെവിടെയും പത്രങ്ങളുടെ തുടക്കവുമായി ബന്ധപെട്ടു ക്രിസ്ത്യന്‍ മിഷനറിമാരുടെ ബന്ധവും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് നടന്ന വിശദമായ ചര്‍ച്ചകളില്‍ ജി.പുത്തന്‍കുരിശ്, എ.സി.ജോര്‍ജ്, ജോര്‍ജ് മണ്ണിക്കരോട്ട്, നൈനാന്‍ മാത്തുള്ള, തോമസ് കളത്തൂര്‍, മാത്യു നെല്ലിക്കുന്ന്, ജോസഫ് തച്ചാറ, ഷിജു തച്ചനാലില്‍, ടി.എന്‍.ശാമുവേല്‍ മാത്യൂസ് ചാണ്ടപ്പിള്ള, തോമസ് ചെറുകര, ഡാനിയേല്‍ ചാക്കോ,ജോജി ഈപ്പന്‍, ആന്‍ഡ്രൂസ് ജേക്കബ്, ജോണ്‍.സി. ശാമുവേല്‍ മെവിന്‍ പാണ്ടിയത്ത് തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.




ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളില്‍ സ്ഥിരമായി എഴുതുന്ന ഒരു പ്രമുഖ കോളമിസ്റ്റാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ലോക്മാത് ടൈംസ് എന്നീ ദിനപത്രങ്ങളില്‍ എഡിറ്റോറിയല്‍സ് എഴുതുന്ന ഇദ്ദേഹം ഇന്ത്യയിലെ പ്രമുഖ വാരാന്ത്യ പത്രമായ 'ഇന്ത്യന്‍ കറന്റ്' വീക്കിലിയില്‍ കഴിഞ്ഞ 25 വര്ഷമായി പ്രത്യേക കോളം എഴുതി വരുന്നു.
45 വര്ഷങ്ങളായി മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 1973ല്‍ ഇന്ത്യ പ്രസ് ഏജന്‍സിയില്‍ (IPA) കൂടി മാധ്യമ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സെര്‍ച്ച് ലൈറ്റ് (പാട്‌ന) , ദി ഹിന്ദുസ്ഥാന്‍ ടൈംസ് (ഡല്‍ഹി), ഇന്ത്യന്‍ എക്‌സ്പ്രസ്സ് (ഡല്‍ഹി), ദി ട്രൈബ്യുണ് (ചണ്ഡീഗഡ്) തുടങ്ങിയ പത്രങ്ങളില്‍ എഡിറ്റോറിയല്‍ രംഗത്തു ഉന്നത പദവികള്‍ വഹിച്ചു.

സാമൂഹ്യ സാമ്പത്തിക വിദ്യാഭാസ രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ദീപാലയ' എന്ന സംഘടനയുടെ സെക്രട്ടറിയായും ഹോണറേറി ചീഫ് എക്‌സിക്യൂട്ടീവും ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഐ എ പി സി (IAPC) സെക്രട്ടറി റോയ് തീയാടിക്കല്‍ എം.സി. യായി ആദ്യാവസാനം പരിപാടികള്‍ നിയന്ത്രിച്ചു. എച്ച് ആര്‍ എ (HRA) സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക