വയലിനില്‍ നിന്ന് കാറ്റുപാടുന്നൊരു
പ്രണയരാഗങ്ങള്‍ കേള്‍ക്കുവാനാവാതെ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമിതന്‍
വിരഹതന്ത്രികള് നിശ്ചലം നില്‍ക്കവെ!
തിരകള്‍, സാഗരം, സന്ധ്യകള്‍, മഴയുടെ
സഹനതാളം, നിശബ്ദമാം ശംഖുകള്‍
ഇവിടെയോ സൂര്യ അസ്തമയത്തിന്റെ
കടലിലൂടെ നിന് യാത്രാന്ത്യപാതകള്
പറയൂ ഗാനസൂര്യാ നീ മറന്നിട്ട
ഹൃദയഗാനം പുനര്‍ജനിച്ചീടുമോ?
പറയൂ പാടാത്ത പാട്ടുകള്‍ തേടിനിന്‍
വയലിനിനിയും സ്വരങ്ങളെ തേടുമോ?