Image

ലില്ലി: മലയാളത്തിലെ കരുത്തുറ്റ സിനിമ

Published on 02 October, 2018
  ലില്ലി: മലയാളത്തിലെ കരുത്തുറ്റ സിനിമ
അതിജീവനവും പ്രതികാരവും പ്രമേയമാക്കിയ നിരവധി സിനിമകള്‍ മലയാളത്തിലും ഇതരഭാഷകളിലും ഉണ്ടായിട്ടുണ്ട്‌. മലയാളത്തില്‍ ഈയിടെ റിലീസായ ലില്ലി എന്ന ചിത്രം ഈ വഴിയില്‍ തികച്ചും വ്യത്യസ്‌തത പുലര്‍ത്തുന്നു.

കാരണങ്ങള്‍ നിരവധിയാണ്‌. തലയെടുപ്പും താരമൂല്യവുമുള്ള താരങ്ങളില്ല. സംവിധായകന്‍ ഉള്‍പ്പെടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരൊന്നും തന്നെ പരിചയമില്ലാത്തവര്‍.

ലൊക്കേഷന്റെ വൈവിധ്യമോ പ്രണയഗാനങ്ങളോ നൃത്തച്ചുവടുകളോ ഇല്ല. പകരം നീറിപ്പിടിക്കുന്ന, സമൂഹത്തില്‍ അരങ്ങേറുന്ന ചില യാഥാര്‍ത്ഥ്യങ്ങളെ കാട്ടിത്തരുന്നു, ഈ സിനിമയിലെ ഓരോ രംഗങ്ങളും.

സിനിമയുടെ പോസ്റ്റരില്‍ തുടങ്ങുന്നതാണ്‌ അതിന്റെ പ്രത്യേകത. പൂര്‍ണഗര്‍ഭിണിയായ ഒരു യുവതി താഴെ നിവര്‍ന്നു കിടക്കുന്നു.

എ സര്‍ട്ടിഫിക്കറ്റുമായി റിലീസ്‌ ചെയ്‌ത ഈ ചിത്രം മനസുകൊണ്ട്‌ കൂടി വളര്‍ച്ചയെത്തിയവരാണ്‌ യഥാര്‍ത്ഥത്തില്‍ കാണേണ്ടത്‌. ലില്ലി (സംയുക്ത മേനോന്‍)യും അജി(ആര്യന്‍ കൃഷ്‌ണന്‍ മേനോന്‍)യും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുകയാണ്‌.

പൂര്‍ണ ഗര്‍ഭിണിയാണ്‌ ലില്ലി. ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ വരവ്‌ കാത്തിരിക്കുകയാണ്‌. അവള്‍ക്ക്‌ പ്രസവത്തിന്റെ ഡേറ്റ്‌ അടുത്തിരിക്കുന്നു.

കുഞ്ഞ്‌ വരുന്നതോടെ വീട്ടുചെലവുകള്‍ അധികരിക്കുമെന്നു പറഞ്ഞു കൊണ്ട്‌ അജി പലപ്പോഴും ഓവര്‍ ടൈം ജോലി ചെയ്യുന്നു. തികച്ചും സന്തോഷകരമായി നീങ്ങുന്ന നാളുകള്‍. എങ്കിലും എവിടെയോ ഒരപകടം പതിയിരിക്കുന്നതിന്റെ അശുഭ സൂചനകളിലേക്ക്‌ ക്യാമറ പ്രേക്ഷകനെ നയിക്കുന്നുണ്ട്‌. അതു മുതല്‍ തുടങ്ങുകയാണ്‌ പ്രേക്ഷകന്റെ ഉത്‌ക്കണ്‌ഠ.

അങ്ങനെയിരിക്കെ ഒരു ദിവസം ഭര്‍ത്താവിന്‌ അപകടം പറ്റിയെന്നു പറഞ്ഞ്‌ അവള്‍ക്കൊരു ഫോണ്‍ വരുന്നു. ആശുപത്രിയിലേക്ക്‌ പോയ ലില്ലിയുടെ കാര്‍ അപകടത്തില്‍ പെടുന്നു. അവിടെ നിന്നും അവളെ മൂന്നു പുരുഷന്‍മാര്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയി ഒരു പഴയ കെട്ടിടത്തില്‍ തടങ്കലിലാക്കുകയാണ്‌.

ബോധം തെളിയുമ്പോള്‍ ആള്‍പാര്‍പ്പമില്ലാത്ത പഴയ കെട്ടിടത്തില്‍ അവള്‍ മാത്രം. വീട്ടില്‍ പോകണമെന്ന്‌ പറഞ്ഞ്‌ കരയുന്ന അവളുടെ മുന്നിലേക്ക്‌ അവരിലൊരാള്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു ചോദിക്കുന്നു. ഈ പെണ്‍കുട്ടിയെവിടെ. ലില്ലിക്ക്‌ അതിനുത്തരം പറയാന്‍ കഴിയുമായിരുന്നില്ല.

അവിടം മുതല്‍ ആരംഭിക്കുകയാണ്‌ മലയാളത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരതിജീവനത്തിന്റെ കഥ. ലില്ലി അനുഭവിക്കുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങളും രക്ഷപെടാന്‍ അവള്‍ നടത്തുന്ന പരിശ്രമങ്ങളും ഒരു സ്‌ത്രീയുടെ ജിവിതത്തില്‍ നേരിടാവുന്ന ശാരീരികവും മാനസികവുമായ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി അവള്‍ ബുദ്ധിപൂര്‍വം നടത്തുന്ന നീക്കങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

വെറും ഒന്നരമണിക്കൂര്‍ മാത്രമാണ്‌ സിനിമയുടെ ദൈര്‍ഘ്യം. എന്നാല്‍ ഇതിലെ നായികയിലേക്ക്‌, അവള്‍ നേരിടുന്ന വേദനാജനകമായ പ്രതിസന്ധിയിലേക്ക്‌, വൈകാരികമായ ആക്രമണങ്ങളിലേക്ക്‌, സാഡിസം നിറഞ്ഞ ഭയപ്പെടുത്തലുകളിലേക്ക്‌ ക്യാമറ സൂം ചെയ്യുമ്പോള്‍ തെളിഞ്ഞു വരുന്നത്‌ സമൂഹത്തിലെ ചില പുഴുക്കുത്തുകള്‍ തന്നെയാണ്‌. ഭീദിതമായ രീതിയില്‍ അനാവരണം ചെയ്യപ്പെടുന്ന ചില രാഷ്‌ട്രീയ സാഹചര്യങ്ങളെ അത്‌ സ്‌ക്രീനില്‍ തുറന്നു കാട്ടുന്നു.

ഇടവേളയ്‌ക്കു ശേഷവും നല്ല മനക്കട്ടിയുള്ളവര്‍ക്ക്‌ മാത്രമേ ഇതിലെ പല രംഗങ്ങളും കണ്ടിരിക്കാന്‍ കഴിയൂ എന്നതാണ്‌ സത്യം. തികച്ചും റിയലിസ്റ്റിക്കായി തന്നെ ഓരോ രംഗവും എടുത്തിരിക്കുന്നു. പ്രതീക്ഷിക്കാത്ത തരത്തിലാണ്‌ ചിത്രത്തിന്റെ യാത്രകള്‍.

ഒരു സ്‌ത്രീയെ കേന്ദ്ര കഥാപാത്രമാക്കി വയലന്‍സും സസ്‌പെന്‍സും നിറഞ്ഞ ഒരു ചിത്രമൊരുക്കുക എന്നത്‌ പെട്ടെന്നൊന്നും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്‌. എന്നാല്‍ ഈ
സിനിമയില്‍ സംയുക്ത മേനോന്‍ അവതരിപ്പിക്കുന്ന ലില്ലിയാണ്‌ നായിക. നായകന്‍ എന്നു പറയാന്‍ ആരുമില്ല എന്നതാണ്‌ സത്യം.

വില്ലന്‍ കഥാപാത്രങ്ങളായി എത്തുന്നവരും നായികയുടെ കഥാപാത്രത്തിന്‌ മിഴിവ്‌ നല്‍കാന്‍ വേണ്ടി എത്തുന്നതവരാണ്‌. നായകന്‍ വില്ലന്‍ എന്നൊക്കെയുള്ള നിശ്ചിത ഫ്രെയിമുകളിലുള്ള വാര്‍ത്തു വച്ച കഥാപാത്രങ്ങളല്ല ഈ സിനിമയിലേതെന്നും നമുക്ക്‌ കാണാം.

പൂര്‍ണഗര്‍ഭിണിയായ ഒരു യുവതിയുടെ ശാരീരിക ചലനങ്ങളും ഇത്രയും ക്‌ളേശകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍അനുഭവിക്കേണ്ടി വരുന്ന ശാരീരിക മാനസിക വേദനകളും വളരെ സൂക്ഷ്‌മതയോടെ സംയുക്ത അവതരിപ്പിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും പ്രസവ സമയത്ത്‌ അവര്‍ നേരിടുന്ന മരണവേദന.

ആ സമയത്തു പോലും അവളെ മാനസികമായി പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഡിസം. ലില്ലി പ്രസവിക്കുന്ന കുഞ്ഞിനെ നായ്‌ക്കളുടെ മുന്നിലിട്ടു കൊടുക്കുന്ന രംഗം തുടങ്ങി പല രംഗങ്ങളും സംയമനത്തോടെ കണ്ടിരിക്കണമെങ്കില്‍ പ്രേക്ഷകനും അത്യാവശ്യം നല്ല മനക്കട്ടിയുണ്ടായേ പറ്റൂ.


ഈ സിനിമ കാണുന്നവര്‍ക്ക്‌ ഒരു കാര്യം ഉറപ്പിച്ചു പറയാം. മലയാള സിനിമയ്‌ക്ക്‌ സംയുക്ത മേനോന്‍ എന്ന കരുത്തുറ്റ ഒരു നായികയെ ലഭിച്ചിരിക്കുന്നു.

ഇത്രയും ബോള്‍ഡായ, അഭിനയത്തിന്റെ അപാരമായ ആഴങ്ങള്‍ നിറച്ച, കനത്ത വെല്ലുവിളികളുയര്‍ത്തിയ ഒരു കഥാപാത്രം അല്‍പം പോലും തെന്നിപ്പോകാതെ മികച്ച കൈയ്യടക്കത്തോടെയാണ്‌ സംയുക്ത അവതരിപ്പിച്ചത്‌.

ഭീതിയും കഠിനമായ മനോവേദനയും ശാരീരിക ക്‌ളേശങ്ങളും ആത്മസംഘര്‍ഷങ്ങളും പ്രതിഫലിപ്പിക്കേണ്ട കഥാപാത്രമാണ്‌ ലില്ലി. അത്‌ സംയുക്തയുടെ കൈകളില്‍ ഭദ്രമായി. ഒന്നു പിടി അയച്ചാല്‍ ആകെ വഴുതി വീഴുമായിരുന്ന കഥാപാത്രം.

ഓരോ നിമിഷവും അടുത്തതായി ഇനി എന്നു സംഭവിക്കും എന്ന ആന്തലോടെ പ്രേക്ഷകനെ കാണാന്‍ പ്രേരിപ്പിക്കുന്ന വിധം ഭയം നിറച്ച ഉത്‌ക്കണ്‌ഠ സമ്മാനിച്ചു കൊണ്ടു കടന്നു പോകുമ്പോള്‍ സംവിധായകനായ പ്രശോഭ്‌ വിജയന്‌ അഭിമാനിക്കാം.
ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ്‌. ആദ്യന്തം സസ്‌പെന്‍സ്‌ നിലനിര്‍ത്തിക്കൊണ്ട്‌ അടുത്ത നിമിഷം എന്താണ്‌ സംഭവിക്കാന്‍ പോവുകയെന്ന്‌ പ്രേക്ഷകന്‌ ഒരു പിടിയും തരാതെയാണ്‌ സംവിധായകന്‍ സിനിമയുമായി മുന്നോട്ട്‌ പോകുന്നത്‌.

പണത്തിനും അധികാരത്തിനും വേണ്ടി യുവാക്കള്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്‌ സ്വയം നയിക്കപ്പെടുന്നതിന്റെ സത്യസന്ധമായ ആവിഷ്‌കാരവും ലില്ലി എന്ന ചിത്രത്തിലൂടെ അദ്ദേഹം കാട്ടിത്തരുന്നു.

സിനിമയുടെ പശ്ചാത്തലവും അതിന്റെ മുഖ്യപ്രമേയത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നു. ആപത്‌ഭീതിയും ഉത്‌ക്കണ്‌ഠയും മാനസിക പിരിമുറുക്കവുമെല്ലാം അനുഭവിപ്പിക്കാനും പ്രേക്ഷകനിലേക്ക്‌ ഒട്ടും ചോര്‍ന്നു പോവാതെ സന്നിവേശിപ്പിക്കാനും കഴിയുന്ന തരത്തിലാണ്‌ പശ്ചാത്തല ഫ്രെയിമുകള്‍.

കാടുപിടിച്ച ഇടിഞ്ഞു പോളിഞ്ഞ്‌ മാറാല പിടിച്ച്‌ ഇരുട്ട്‌ നിറഞ്ഞ ഒരു പഴയ കെട്ടിടം. ഭീതിയുടെ ഇഴച്ചില്‍ പോലെ തേരട്ട, പ്രതീക്ഷകള്‍ പോലെ മിന്നാമിനുങ്ങ്‌, തന്റെ ശത്രുക്കളെ നേരിടാന്‍ അവള്‍ ഓരോ നിമിഷവും തന്റെ ബുദ്ധിയുപയോഗിച്ച്‌ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഉറുമ്പിനെ പോലെ.
തന്നെ തട്ടിക്കൊണ്ടു വന്ന ഒരുവനെ അവള്‍ കൊല്ലുന്നത്‌ അയാളുടെ കഴുത്തില്‍ ഇരുമ്പാണി കുത്തിയിറക്കിയാണ്‌. ഏതാണ്ട്‌ സമാനമായ രംഗം കഹാനി എന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍ അവതരിപ്പിക്കുന്നുണ്ട്‌. അതു പക്ഷേ എതിരാളിയുടെ കാലിലാണ്‌ എന്നു മാത്രം.

പലപ്പോഴും മലയാള സിനിമയ്‌ക്ക്‌ പരിചിതമല്ലാത്ത, ലോകസിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ചില ഫ്രെയിമുകളും ഇതില്‍ കാണാം.
താന്‍ പ്രസവിച്ച കുഞ്ഞിനെ നായ്‌ക്കളുടെ മുന്നിലേക്കിട്ടു കൊടുക്കുന്നതു കണ്ട്‌ ലില്ലി രക്തത്തില്‍ കുളിച്ച്‌ കിടക്കുകയാണെങ്കിലും അതിലൂടെ ഇഴഞ്ഞ്‌ വലിഞ്ഞ്‌ കുഞ്ഞിന്റെ അരികിലെത്തുമ്പോള്‍, നായ കുഞ്ഞിനു കാവലിരിക്കുന്ന രംഗം ലില്ലിയെ മാത്രമല്ല സന്തോഷിപ്പിക്കുന്നത്‌, പ്രേക്ഷകനെ കൂടിയാണ്‌.

ലില്ലിയെ കാണുമ്പോള്‍ നായ വാലാട്ടി തിരികെ പോകുന്നു. ഇങ്ങനെയൊരു സീന്‍ ഏതെങ്കിലും ഒരു സിനിമയില്‍ നാം കണ്ടിട്ടുണ്ടാകുമോ. മനുഷ്യത്വമില്ലാത്ത നരാധന്‍മാര്‍ക്കു മുന്നില്‍ തെരുനായയുടെ നിശബ്‌ദ സ്‌നേഹം വിജയിക്കുന്ന കാഴ്‌ച. ഈ രംഗം കാണുമ്പോള്‍ മനുഷ്യന്‍ കാട്ടുന്ന ക്രൂരതകള്‍ക്ക്‌ മൃഗീയത എന്നു വിശേഷിപ്പിക്കാന്‍ എങ്ങനെ കഴിയും എന്നു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.


ശ്രീരാജ്‌ രവീന്ദ്രന്റെ ഛായാഗ്രഹണം മികച്ചതായി. സുശീന്‍ ശ്യാമിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്‌. കഥയില്‍ മാത്രമല്ല, അതിന്റെ ട്രീറ്റ്‌മെന്റിലാണ്‌ സിനിമ വിജയം നേടുന്നതെന്ന്‌ ലില്ലി കാട്ടിത്തരുന്നു. ഇത്രയും ശക്തമായ ഒരു പരീക്ഷണ സിനിമ സമീപകാലത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടില്ല.

സ്‌ത്രീശാക്തീകരണത്തിന്‌ ഏറെ പ്രാധാന്യമുളള ഈ കാലഘട്ടത്തില്‍ സ്‌ത്രീകേന്ദ്രീകൃതമായ ഒരു കഥ അവതരിപ്പിക്കാന്‍ സംവിധായകന്‍ കാണിച്ച ചങ്കൂറ്റത്തിന്‌ കൊടുക്കണം നല്ലൊരു കൈയ്യടി.

നായിക അപകടത്തില്‍ പെട്ടാല്‍ രക്ഷിക്കാന്‍ നായകന്‍ തന്നെ വരണം എന്ന പരമ്പാരഗാത കീഴ്‌വഴക്കം മറി കടന്നുകൊണ്ട്‌ ആപത്‌ഘട്ടത്തില്‍ സ്വന്തം ബുദ്ധിയുപയോഗിച്ച്‌ രക്ഷപെടാന്‍ തക്ക കരുത്തുള്ള നായികയെ അവതരിപ്പിച്ചതിനും. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ ഈ ചിത്രം കാണാതെ പോകരുത്‌.




















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക