Image

അഴിമതിക്കുപ്പിയില്‍ നുരയിടുന്ന ബ്രൂവറി ലഹരി (എ.എസ് ശ്രീകുമാര്‍)

Published on 03 October, 2018
അഴിമതിക്കുപ്പിയില്‍ നുരയിടുന്ന ബ്രൂവറി ലഹരി (എ.എസ് ശ്രീകുമാര്‍)
'അഴിമതി രഹിത കേരളം...' എന്ന കേള്‍ക്കാന്‍ സുഖമുള്ള മുദ്രാവാക്യവുമായാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നത്. അഴിമതി രഹിത ഭരണമെന്നത് ഇടതു മുന്നണി പ്രകടന പത്രികയിലെ മോഹന  വാഗ്ദാനവുമായിരുന്നു. വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ദൈനംദിന ഇടപാടുകളിലും ഇടപെടലുകളിലും മുഖ്യമന്ത്രിയുടെ ജാഗ്രതയോടെയുള്ള നിരീക്ഷണം അഴിമതിയുടെ സാധ്യത ഇല്ലാതാക്കിയെന്ന് സമ്മതിക്കാമെങ്കിലും മദ്യനയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വിവാദം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ച പുതിയ മൂന്ന് ബ്രൂവറികളുടേയും ഒരു ഡിസ്റ്റലറിയുടേയും പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെ രഹസ്യമായിട്ടാണ് സര്‍ക്കാര്‍ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് രാഷ്ട്രീയ കൊമ്പുകോര്‍ക്കലിന് വഴിമരുന്നിട്ടിരിക്കുന്നത്.

ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയുള്ള ഈ നടപടി കോടിക്കണക്കിനു രൂപയുടെ അഴിമതിക്കു കാരണമായെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയാന്‍ ബുദ്ധിമുട്ടുകയാണു ഭരണപക്ഷം പൊതുവിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പ്രത്യേകിച്ചും. ''പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എവിടെയും ചര്‍ച്ച നടത്തിയിട്ടില്ല. മന്ത്രിസഭാ യോഗത്തിലോ ബജറ്റ് പ്രസംഗത്തിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ഇടത് മുന്നണിക്കുളളിലോ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റിലറി അനുവദിക്കുന്നത്. അനുമതി ലഭിച്ച നാല് പേര്‍ ഒഴികെ മറ്റാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഇത്തരമൊരു ഉത്തരവ് കാണാനില്ല. പത്രത്തില്‍ പരസ്യം നല്‍കി സുതാര്യമായി അനുവദിക്കേണ്ടതിന് പകരമാണ് ഈ രഹസ്യ ഇടപാടുള്‍...'' ഇങ്ങനെ പോകുന്നു ചെന്നിത്തലയുടെ ആരോപണങ്ങള്‍.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. പുതിയ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് ഇടതു സര്‍ക്കാരിന്റെ നയം അനുസരിച്ചാണ്. ചെന്നിത്തലയുടെ ആരോപണങ്ങള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ്. ബ്രൂവറികള്‍ അനുവദിക്കുന്നത് മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കും. അതുവഴി അന്യസംസ്ഥാന മദ്യലോബിയ്ക്ക് നഷ്ടമുണ്ടാകും. ഇതില്‍ അസ്വസ്ഥരായിട്ടാണോ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പത്രപ്പരസ്യം നല്‍കിയല്ല ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഇക്കാര്യം ചെന്നിത്തലയ്ക്കും അറിയാം. പത്രപ്പരസ്യം നല്‍കാത്തത് കുറ്റമാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുകളും കുറ്റക്കാരാണ്. അവരും പത്രപ്പരസ്യം നല്‍കിയല്ല ബ്രൂവറികള്‍ക്ക് അന്തിമ ലൈസന്‍സ് നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ ബ്രൂവറികള്‍ തുടങ്ങുന്നത് തൊഴിലവസരം കൂട്ടും, നികുതി വരുമാനത്തിലും വര്‍ധനയുണ്ടാകും. 1999ലെ ഉത്തരവ് ഇനിയൊരിക്കലും ഡിസ്റ്റിലറികള്‍ അനുവദിക്കരുത് എന്നല്ല. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇടതു മുന്നണി മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം മദ്യം സുലഭമാണ് കേരളത്തില്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയം പാടേ പൊളിച്ചെഴുതിയ ഇടതു സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ ഭൂരിഭാഗവും തുറന്നു. ബിവറേജസ് കോര്‍പറേഷന്റെ വിതരണ കേന്ദ്രങ്ങള്‍ വര്‍ഷം തോറും 10 ശതമാനം വച്ചു പൂട്ടിയത് പൂര്‍വാധികം ശക്തിയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ തുറന്നു കൊടുത്തു. അതിനൊക്കെ പുറമെ, ഇന്ത്യയില്‍ നിര്‍മിക്കുന്ന വിദേശമദ്യം പോരാതെ വരുന്നവര്‍ക്ക് മുന്തിയ വിദേശി തന്നെ ഇറക്കുമതി ചെയ്ത് ലഭ്യമാക്കാന്‍ തുടങ്ങി. എല്‍.ഡി.എഫിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതെന്നും ലൈസന്‍സ് നല്‍കാമെന്നത് തത്ത്വത്തില്‍ ധാരണയായതാണെന്നും എന്നാല്‍, ഒരു സ്ഥാപനത്തിനും ലൈസന്‍സ് അനുവദിച്ചിട്ടില്ലന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വാരത്ത് ശ്രീധരന്‍, പാലക്കാട് ഏലപ്പുള്ളി അപ്പോളോ െ്രെപവറ്റ് ലിമിറ്റഡ്, എറണാകുളം പവര്‍ ഇന്‍ഫ്രാടെക് എന്നീ ബ്രൂവറികള്‍ക്കും തൃശൂരില്‍ ശ്രീ ചക്രാ ഡിസ്റ്റിലറിക്കുമാണ് അനുമതി നല്‍കിയത്. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു സംസ്ഥാന സര്‍ക്കാര്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കുന്നത്. അതാവട്ടെ, ഇടതുമുന്നണിയുടെ മദ്യനയത്തില്‍ പരാമര്‍ശിക്കാത്തതും മന്ത്രിസഭയിലോ ഇടതു മുന്നണിയിലോ ചര്‍ച്ച ചെയ്യാത്തതുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും ഗൗരവമര്‍ഹിക്കുന്നതാണ്. സംസ്ഥാനത്തു പുതിയ മദ്യനിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കരുതെന്ന 1999ലെ ഉത്തരവ് നിലനില്‍ക്കെയാണ് പുതിയ മാനദണ്ഡങ്ങളൊന്നുമില്ലാതെ നാല് മദ്യ നിര്‍മാണ യൂനിറ്റുകള്‍ക്ക് അന്തിമ അനുമതി ലഭിക്കുന്നതത്രേ. പുതിയ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ 1999ലെ ഉത്തരവില്‍ മന്ത്രിസഭ ഭേദഗതി വരുത്തണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം. മാത്രമല്ല, എറണാകുളത്തു ബ്രൂവറി തുടങ്ങാന്‍ പൊതുമേഖലാ സ്ഥാപനമായ കിന്‍ഫ്രയുടെ പക്കല്‍ നിന്നു പത്തേക്കര്‍ ഭൂമി പാട്ടത്തിനു നല്‍കാനുള്ള തീരുമാനവും വിമര്‍ശിക്കപ്പെടുകയുണ്ടായി.

കിന്‍ഫ്ര പാര്‍ക്കില്‍ ബ്രൂവറിക്കു സ്ഥലം അനുവദിച്ചതിലെ ഇടപെടല്‍ സമ്മതിച്ച് കിന്‍ഫ്ര പ്രൊജക്ട് മാനേജര്‍ ടി ഉണ്ണികൃഷ്ണന്‍ രംഗത്തു വന്നു. ബ്രൂവറിക്ക് കിന്‍ഫ്രയില്‍ സ്ഥലമുണ്ടെന്ന് അപേക്ഷകരെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ നടപടി നിയമാനുസൃതമാണെന്നും മാനേജര്‍ പറഞ്ഞു. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനാണ് ഉണ്ണികൃഷ്ണന്‍. പുതിയ ഡിസ്റ്റിലറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശം മറികടന്നാണെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ  ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു 1999ലെ ഉത്തരവ് തടസമാണെന്നായിരുന്നു ഋഷിരാജ് സിങ്ങിന്റെ നിലപാട്.

ബ്രൂവറിക്കും ഡിസ്റ്റിലറിക്കുമായി ലഭിച്ച അപേക്ഷയോടൊപ്പം ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കമ്മിഷണര്‍ ഫയല്‍ സര്‍ക്കാരിനു കൈമാറിയത്. ശ്രീ ചക്രാ ഡിസ്റ്റിലറീസിനു തൃശൂര്‍ ജില്ലയിലാണ് അനുമതി നല്‍കിയത്. 1999ല്‍ ഇന്ത്യയുടെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി പുറത്തിറക്കിയ ഉത്തരവുപ്രകാരം ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു തടസമുണ്ടെന്നു ചൂണ്ടികാണികാണിച്ചാണ് പുതിയ അപേക്ഷകളോടൊപ്പം ഫയല്‍  സര്‍ക്കാരിനു കൈമാറിയത്. (ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട സി.എ.ജി എന്ന നിലയില്‍ ഏറെ മാധ്യമ ശ്രദ്ധേനേടിയ ഉദ്യോഗസ്ഥനാണ് വിനോദ് റായ്).
 
മാത്രമല്ല, 2008ല്‍ ഇക്കാര്യം ചൂണ്ടികാട്ടി അന്നത്തെ വി.എസ് സര്‍ക്കാര്‍ അപേക്ഷ നിരസിച്ച കാര്യവും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഫയല്‍ സര്‍ക്കാരിലെത്തിയപ്പോള്‍ ഈ ഉത്തരവ് അന്നത്തെ അപേക്ഷകള്‍ക്ക് മാത്രം ബാധകമെന്നുള്ള നിലപാടിലേക്ക് മാറി. ഇതോടെയാണ് ബ്രൂവെറിയും ഡിസ്റ്റിലറിയും ആകാമെന്നുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. സര്‍ക്കാരിനു ലഭിച്ച നിയമോപദേശവും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കാമെന്നുള്ളതാണെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ബ്രൂവറി അനുവദിക്കുന്നതിനു നിയമം തടസമല്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഋഷിരാജ് സിങ് ഫയലില്‍ കുറിച്ചിരുന്നു. അതേസമയം, ആകെ ലഭിച്ച ഏഴ് അപേക്ഷകളില്‍ മൂന്നെണ്ണത്തിനു ഇതുവരെയും അനുമതി നല്‍കിയിട്ടുമില്ലെന്നു മന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും അനുമതി നിഷേധിച്ചതിലുള്ള കാരണം മന്ത്രിയും വകുപ്പും വ്യക്തമാക്കിയിട്ടില്ല. 

കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന ബിയറും മദ്യവും പൂര്‍ണമായും ഉല്‍പാദിപ്പിക്കുന്നത് കേരളത്തിലല്ല. സംസ്ഥാനത്തിനു പുറത്തുള്ള ബ്രൂവറികളും ഡിസ്റ്റിലറികളും നിര്‍മിക്കുന്ന ബിയറും മദ്യവും സംസ്ഥാനത്ത് വിറ്റഴിക്കുന്നുണ്ട്. അതിനു പകരം സംസ്ഥാനത്തിന് അകത്തു തന്നെ ഉല്‍പാദിപ്പിച്ച് മദ്യമേഖലയില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം സ്വീകരിച്ചത് എന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വ്യക്തമാക്കുന്നു. കേരളത്തിന് ഇവിടെ ആവശ്യമായ മദ്യം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക എന്ന ആശയം സ്വാഗതാര്‍ഹമാണ്. എന്നാല്‍, പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നതിനു മുന്‍പ് അതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. 

ഇപ്പോള്‍ അനുവദിക്കപ്പെട്ട ഡിസ്റ്റിലറികളൊന്നും സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഇല്ല. ബജറ്റ് പ്രസംഗത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. വലിയ തോതില്‍ കുടിവെള്ളം ആവശ്യമായ സാഹചര്യത്തില്‍ അതിനുള്ള സാധ്യതകളും ആലോചിച്ചില്ല. ഏതാനും പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ സി.പി.എം നേതൃത്വവും സര്‍ക്കാരിന്റെ ‘ഭാഗമായ ചിലരും ചേര്‍ന്നു നടത്തിയ വന്‍ അഴിമതിയാണ് എക്‌സൈസ് വകുപ്പില്‍ സംഭവിച്ചതെന്ന ആരോപണം പരിശോധിക്കപ്പെടമെന്നാണ് പ്രതിപക്ഷ ആവശ്യം. എങ്കിലേ സര്‍ക്കാരിന്റെ അഴിമതി ഹരിത നിലപാടുകള്‍ പരക്കെ അംഗീകരിക്കപ്പെടൂ.

അഴിമതിക്കുപ്പിയില്‍ നുരയിടുന്ന ബ്രൂവറി ലഹരി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക