Image

ഫ്‌ളാറ്റുകളുടെ കാലം (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 03 October, 2018
ഫ്‌ളാറ്റുകളുടെ കാലം (മുരളി തുമ്മാരുകുടി)
എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയില്‍ പോയിവന്നു പറഞ്ഞ വിശേഷങ്ങളില്‍ നിന്നാണ് ഞാന്‍ ഫ്‌ലാറ്റ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ചേച്ചിയുടെ മകന്‍ ഉണ്ണിച്ചേട്ടന്‍ ബോംബെയില്‍ വാങ്ങിയ ഫ്‌ലാറ്റിലാണ് താമസം.

എന്താണീ 'ഫ്‌ലാറ്റ്' എന്ന് എനിക്കന്ന് മനസ്സിലായില്ല. 'നിലത്തുനിന്ന് ഉയര്‍ന്ന, ചുറ്റും മുറ്റവും കിണറുമൊന്നുമില്ലാതെ, മുറികള്‍ മാത്രമുള്ള വീട്' എന്ന് ചേച്ചി വിശദീകരിച്ചു. 1975 ലാണ് സംഭവം.

'ഏയ്, അതൊന്നും ഒരുകാലത്തും കേരളത്തില്‍ വരില്ല' എന്നെന്റെ വല്യമ്മ പറഞ്ഞു. 'ഒരു മുറ്റമില്ലാത്ത വീട് എന്ത് വീടാണ്?'

'നമ്മുടെ കിണറ്റിലെ വെള്ളമല്ലാതെ പൈപ്പ് വെള്ളം കുടിക്കാന്‍ ഒരു സുഖവുമില്ല. കേരളത്തില്‍ അതിന്റെ ആവശ്യവുമില്ല.' മൂത്ത വല്യമ്മയും പറഞ്ഞു.

എന്നാല്‍ 1980 കളില്‍ കേരളത്തില്‍ ഫ്‌ളാറ്റുകളെത്തിത്തുടങ്ങി. മലയാളികള്‍ക്ക് ആദ്യമാദ്യം അതിനോട് ഒരു അനുഭാവവും ഉണ്ടായിരുന്നില്ല. മറൈന്‍ െ്രെഡവിലൊക്കെ ആദ്യമുണ്ടാക്കിയ ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ ആളില്ലാതെ കിടന്നു.

വീടിന്റെ ആവശ്യത്തിനല്ല, ഒരു നല്ല നിക്ഷേപം എന്ന നിലയിലേക്ക് തൊണ്ണൂറുകളില്‍ ഫ്‌ളാറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. 2000 ആയതോടെ പുറത്ത് ഫ്‌ലാറ്റുകളില്‍ താമസിച്ചു പരിചയിച്ച ആളുകള്‍ മടങ്ങിവന്നുതുടങ്ങി. നാട്ടുകാര്‍ തന്നെ ഫ്‌ലാറ്റുകളില്‍ താമസിച്ച് അതിന്റെ സുഖവും സൗകര്യവും അറിഞ്ഞും തുടങ്ങി.

'ഓ, രാവിലെ എണീറ്റ് മുറ്റമടിക്കണ്ടല്ലോ എന്നതുതന്നെ വലിയ ആശ്വാസം' വല്യമ്മയുടെ മകള്‍ പറഞ്ഞു.

'കറന്റില്ലാത്തപ്പോഴും വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകില്ല' അമ്മായിയുടെ മകന്റെ കമന്റാണ്.

'കുട്ടികള്‍ക്ക് കളിക്കാനും സ്‌കൂളില്‍ പോകാനും ധാരാളം കൂട്ടുകാരെ കിട്ടും.'

എന്നിങ്ങനെ ഓരോ സൗകര്യങ്ങളുമായി മലയാളികളും ഫ്‌ലാറ്റിന്റെ മേന്മകള്‍ മനസ്സിലാക്കിത്തുടങ്ങി. 2005 ല്‍ ഭൂമിവിലയുടെ കുതിച്ചുകയറ്റത്തോടെ പൈതൃകമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങി വീടുവെയ്ക്കുക എന്നത് ഏറെക്കുറെ അസാധ്യമായി. അങ്ങനെ ഫ്‌ലാറ്റുകള്‍ സാമ്പത്തികമായും സാമൂഹികമായും ആകര്‍ഷണീയമായിത്തുടങ്ങി.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ നഗരവല്‍ക്കരണത്തിലും, ഫ്‌ലാറ്റ് നിര്‍മ്മാണത്തിലും വലിയ കുതിച്ചുകയറ്റമുണ്ടായി. നഗരങ്ങളില്‍ ആയിരക്കണക്കിന് ഫ്‌ലാറ്റ് സമുച്ചയങ്ങളുണ്ടായി, ലക്ഷക്കണക്കിന് ഫ്‌ലാറ്റുകളും. വന്‍നഗരങ്ങളില്‍ നിന്നും ചെറുനഗരങ്ങളിലേക്കും അവിടെനിന്നും ഗ്രാമങ്ങളിലേക്കും ഫ്‌ളാറ്റുകളെത്തി.

കേരളത്തില്‍ ഫ്‌ലാറ്റുകളുടെ നല്ലകാലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 2018 ലെ ദുരന്തങ്ങള്‍ ഫ്‌ലാറ്റുകളുടെ ആവശ്യകതയെ ഇരട്ടിപ്പിക്കാന്‍ പോകുകയാണ്. പുഴയരികില്‍ മുതല്‍ പറവൂരില്‍ വരെ വെള്ളം കയറിയ സ്ഥലങ്ങളില്‍ വീടുള്ളവര്‍ ഒരു മനഃസമാധാനത്തിനു വേണ്ടിയെങ്കിലും ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ്.

പുതിയതായി പുഴയരികില്‍ വീടുവെയ്ക്കണമെന്ന് ഇനി ഒരു തലമുറക്കാലത്തേക്കെങ്കിലും മലയാളികള്‍ ചിന്തിക്കില്ല. അവരും പോകുന്നത് ഫ്‌ലാറ്റ് വാങ്ങാനാണ്. ഇടുക്കിയില്‍ ഉരുള്‍ പൊട്ടുന്നിടത്തും കുട്ടനാട്ടില്‍ വെള്ളം പൊങ്ങുന്നിടത്തുമുള്ള ആളുകളുടെ ചിന്തയും മറ്റൊന്നല്ല. 'വെള്ളപ്പൊക്കത്തെ പേടിക്കേണ്ടാത്ത ഫ്‌ലാറ്റുകള്‍' എന്ന പരസ്യവും വന്നുകഴിഞ്ഞു.

കേരളത്തില്‍ നഗരവല്‍ക്കരണം ഉണ്ടാകണമെന്നും, നഗരങ്ങള്‍ മുകളിലേക്ക് വളരുന്നത് നല്ലതാണെന്നുമുള്ള അഭിപ്രായക്കാരനാണ് ഞാന്‍. കൃഷിയ്ക്കായി ഇടുക്കിയിലേക്കും കുട്ടനാട്ടിലേക്കും കുടിയേറിയവരുടെ പുതിയ തലമുറ, മലയും വെള്ളവും താണ്ടി നഗരത്തിലെത്തുന്നത് നല്ല കാര്യമാണ്. അതോടെ കൃഷി ചെയ്യാന്‍ സ്ഥലമുണ്ടാകും, കൃഷിയോ മറ്റു തൊഴിലുകളോ ആയി മലയിലോ വെള്ളത്തിലോ നില്‍ക്കേണ്ടവര്‍ മാത്രമേ ഹൈറേഞ്ചിലും കുട്ടനാട്ടിലും കാണൂ. അതാണ് നല്ലതും.

എന്നാല്‍ പ്രളയാനന്തര കേരളത്തില്‍ ഫ്‌ലാറ്റുകളുടെ വിലയും നിര്‍മ്മാണവും കൂടുന്നത് ഒട്ടും നല്ല കാര്യമല്ല. ഇപ്പോള്‍ത്തന്നെ നമ്മുടെ മലകള്‍ ക്വാറികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. പുതിയ ഫ്‌ളാറ്റുകള്‍ക്കായി കൂടുതല്‍ ക്വാറികള്‍ ഉണ്ടായാല്‍ അടുത്ത മഴയ്ക്ക് കൂടുതല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായിരിക്കും ഫലം. ഫ്‌ലാറ്റുകളുടെ വില കൂടുന്നത് കണ്ട് പണം ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഫ്‌ലാറ്റ് നിക്ഷേപം നടത്തിയാല്‍ മലയാളികളുടെ പണം മുഴുവനും വീണ്ടും മൃതനിക്ഷേപമാകും. ഇത് അനുവദിക്കരുത്.

ഫ്‌ലാറ്റുകളുടെ ഡിമാന്റ് കൂടുകയും അതിനനുസരിച്ച് വില കൂടാതിരിക്കുകയും നിര്‍മ്മാണം കുറയുകയും ചെയ്യുന്നത് എങ്ങനെയാണ്?

എലിമെന്ററി ഡോക്ടര്‍ വാട്ട്‌സണ്‍ !

കേരളത്തില്‍ ഇപ്പോള്‍ത്തന്നെ അടുത്ത പത്തുവര്‍ഷത്തെ ആവശ്യത്തേക്കാള്‍ കൂടുതല്‍ ഫ്‌ളാറ്റുകളുണ്ട്. കേരളത്തിലെ ഏതു നഗരത്തിലും രാത്രികാലങ്ങളില്‍ ചെന്ന് നോക്കിയാല്‍ നിങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമാകും. എറണാകുളത്ത് ശരാശരി മുപ്പത് മുതല്‍ അന്പത് ശതമാനം വരെ ഫ്‌ളാറ്റുകളിലേ ആള്‍താമസമുള്ളൂ. കാക്കനാടും കോഴിക്കോടും ഒക്കെ പത്തു ശതമാനത്തിലും കുറവായ ഫ്‌ലാറ്റ് സമുച്ചയങ്ങളുണ്ട്.

ഇപ്പോള്‍ നമ്മള്‍ പണിതിട്ടിരിക്കുന്ന ഫ്‌ലാറ്റുകള്‍ താമസിക്കാന്‍ ആവശ്യമുള്ളവരിലും ആഗ്രഹമുള്ളവരിലും എത്തിക്കുക എന്നതാണ് പ്രധാനം. ഇതിന് ചെയ്യേണ്ടത് മൂന്നു കാര്യങ്ങളാണ്.

1. ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് കൊടുക്കുന്നതും തിരിച്ചെടുക്കുന്നതും ഏറ്റവും എളുപ്പമാക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുക.

2. ഫ്‌ലാറ്റുകളുടെ വില്‍പ്പന ഡ്യൂട്ടി ഇപ്പോഴത്തേതിന്റെ പകുതിയായി കുറയ്ക്കുക.

3. ഫ്‌ലാറ്റുകള്‍ വെറുതെയിടുന്നത് ഉടമയ്ക്ക് ബാധ്യതയാകുന്ന തരത്തില്‍ പുതിയ നികുതി ചുമത്തുക.

ഒരു ചെറിയ ഉദാഹരണം പറയാം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ പത്തു ലക്ഷത്തോളം ഭവനങ്ങള്‍ ആളൊഴിഞ്ഞ് കിടക്കുന്നുണ്ട്. അതില്‍ പകുതിയിലേറെ ഫ്‌ളാറ്റുകളാണ്.

ഒഴിഞ്ഞുകിടക്കുന്ന ഓരോ ഫ്‌ലാറ്റിനും ഒരു സ്‌ക്വയര്‍ ഫീറ്റിന് മാസം അഞ്ചു രൂപ വെച്ച്  'നവകേരള നിര്‍മ്മാണ നികുതി' ചുമത്തണം. അതായത് ആയിരം സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെങ്കില്‍ മാസം അയ്യായിരം രൂപ. വേണമെങ്കില്‍ അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ളവരെ നികുതിയില്‍ നിന്നും ഒഴിവാക്കാം. ആയിരത്തിന് മുകളിലേക്ക് പോകുംതോറും നികുതി ഇരട്ടിപ്പിക്കാം. രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് ഉളളവര്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് പത്തു രൂപ, നാലായിരം ഉള്ളവര്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് ഇരുപത് രൂപ എന്നിങ്ങനെ. ലക്ഷങ്ങളോ കോടികളോ മുടക്കി ഫ്‌ലാറ്റുകള്‍ വാങ്ങിയിട്ടിരിക്കുന്നവരോട് ഇത്ര നിസാരമായ തുക നവ കേരള നിര്‍മ്മാണത്തിന് ആവശ്യപ്പെടുന്നത് ഒട്ടും അധികമല്ല. പോരാത്തതിന് വെറുതെ കിടക്കുന്ന ഫ്‌ലാറ്റുകളില്‍ ഇപ്പോള്‍ത്തന്നെ അവര്‍ അസോസിയേഷന് മാസാമാസം മെയ്ന്റനന്‍സിനായി ആയിരക്കണക്കിന് രൂപ കൊടുക്കുന്നുമുണ്ട്. അപ്പോള്‍ ഈ ദുരന്ത പുനര്‍നിര്‍മ്മാണ സമയത്ത് സ്‌ക്വയര്‍ ഫീറ്റിന് അവരോടും പണം ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊക്കെ ഏതാണ്ട് നിര്‍ബന്ധമായി പണം വാങ്ങുന്നത് ന്യായമാണെന്ന് എല്ലാവരും അംഗീകരിച്ചതല്ലേ.

ഈ നിസാരമായ  തീര്‍ത്തും സാധ്യമായ തീരുമാനം കൊണ്ട് പല ഗുണങ്ങളുണ്ടാകും.

1. വര്‍ഷം രണ്ടായിരം കോടി രൂപയെങ്കിലും സര്‍ക്കാരിന്റെ ദുരന്ത പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ഒരു പ്രയാസവുമില്ലാതെ എത്തും.

3. പതിനായിരക്കണക്കിന് ഫ്‌ലാറ്റുകള്‍ വാടക മാര്‍ക്കറ്റിലേക്ക് എത്തുന്നതോടെ കേരളത്തില്‍ ഫ്‌ളാറ്റുകളുടെയും വീടുകളുടെയും വാടക കുത്തനെ കുറയും.

3. ഫ്‌ളാറ്റുകളില്‍നിന്ന് വരുമാനം കുറയുമെന്നും വെറുതെ ഫ്‌ലാറ്റ് വാങ്ങിയിട്ടാല്‍ കൈപൊള്ളും എന്നും കണ്ടാല്‍ ഫ്‌ളാറ്റുകളുടെ വിലകുറയും, പുതിയ ഫ്‌ളാറ്റുകളുടെ ഡിമാന്റും.

4. 'എല്ലാവര്‍ക്കും ഒരു വീട്' എന്ന സ്വപ്നം സാധ്യമാകും. അതോടൊപ്പം പുതിയ ഫ്‌ളാറ്റുകള്‍ക്കായി മല തുരക്കുന്നതും മണലൂറ്റുന്നതും ഒഴിവാകുകയും ചെയ്യും.

5. ഇന്ത്യയിലെ തന്നെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളായി കേരളത്തിലെ നഗരങ്ങള്‍ മാറും. ഇപ്പോള്‍ത്തന്നെ ബാംഗ്ലൂരിനെയും ഹൈദ്രാബാദിനെയും അപേക്ഷിച്ച് സ്‌കൂള്‍ ഫീയും ആശുപത്രിച്ചെലവും കേരളത്തില്‍ കുറവാണ്. ഫ്‌ളാറ്റുകളുടെ വിലയും വാടകയും കുറയുന്നതോടെ പുതിയ തലമുറയിലെ ടെക്കികള്‍ താമസിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്ന നഗരങ്ങളായി കേരളം മാറും. അതിന്റെ പിന്നാലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പുതിയ തലമുറ ഇന്‍വെസ്‌റ്‌മെന്റിന് കേരളത്തിലേക്കെത്തും. വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ഒന്നാംതരം തലമുറ കേരളത്തില്‍ ജോലിക്കെത്തും. അതിന്റെ ഗുണം കേരളസമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകും.

മടിച്ചു നില്‍ക്കാതെ ടാക്‌സ് കൂട്ടണം സര്‍!

ഫ്‌ളാറ്റുകളുടെ കാലം (മുരളി തുമ്മാരുകുടി)
Join WhatsApp News
വിദ്യാധരൻ 2018-10-03 18:24:16
ഫ്ലാറ്റുകൾ ഫ്ലാറ്റുകൾ കേരളത്തിൻ 
മൂക്കിനും മൂലയ്ക്കും ഫ്ലാറ്റുകളാ 
ആകാശം മുട്ടുന്നു ഫ്‌ളാറ്റുകളാൽ 
കേരളം വല്ലാതെ വീർപ്പു മുട്ടിടുന്നു  
നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് 
നാടിന്റെ നന്മയ്ക്കതാവശ്യമാ 
എന്നാൽ ഒരു കാര്യം നിങ്ങൾ  വിട്ടുപോയി 
ഫ്‌ളാറ്റിലെ മാലിന്യോo മലിന ജലോം 
എങ്ങനെ കൈകാര്യം ചെയ്യണോന്ന്
മലിനജല ഓടകൾ നാട്ടിലില്ല  
ഉണ്ടേലതിലൊട്ടൊഴുക്കുമില്ല 
വൃണം പൊട്ടി  ഒലിച്ചിടുന്നതുപോൽ  
ചിലടത്തോട പൊട്ടി ഒഴുകിടുന്നു 
ദുർഗന്ധം മൂക്കിലടിച്ചു കേറി 
മൂക്കിന്റെ പാലം തകർത്തിടുന്നു 
പല പല കൊതുകുകൾ കൂടുകൂട്ടി 
പല പല രോഗം പരത്തിടുന്നു
പന്നി, തക്കാളി, ഏലി, കോഴിപനി  
ഇല്ലാത്ത രോഗങ്ങൾ ഒന്നുമില്ല  
അക്കഥ നമ്മൾക്കവിടെ നിർത്തി 
തിരയാം അതിന്റെ കാരണങ്ങൾ  
മാലിന്യം മാറ്റുവാൻ മാർഗ്ഗമില്ലേൽ 
ആയത് അന്യന്റെ പറമ്പിൽ വീഴും 
പണ്ട് ഞാൻ ചെന്നൊരു പോതിയെടുത്തു 
നിധിയാണന്നു വച്ചഴിച്ചു നോക്കി 
അയ്യോ എൻ മൂക്ക്  തെറിച്ചുപോയി 
പമ്പരംപോലെ ഞാൻ കറങ്ങി വീണ് 
മാറ്റങ്ങൾ അൽപ്പാല്പം കാണുന്നുണ്ട് 
മാറുന്നു  മാലിന്യം ഗ്രാമങ്ങളിൽ  
പാതിരാ നേരത്ത് ലോറികളിൽ 
മാലിന്യം ഗ്രാമത്തിൽ കൊണ്ടിട്ടിടുന്നു  
ഭാരതത്തിൻ ഭാവി ഗ്രാമമെന്ന്  
ഗാന്ധി പണ്ടു പറഞ്ഞതോർത്തുപോയി   
ഓർക്കുവാൻ ഇന്നൊരു കാര്യമുണ്ട് 
ഒക്ടോബർ ഗാന്ധി ജയന്തി മാസമല്ലേ!
നൂറ്റി അൻപത് ഗാന്ധി ജയന്തി കടന്നുപോയി 
ഗ്രാമത്തിൽ നത്തിനൊട്ടു കുറവുമില്ല 
ഗ്രാമീണർ പാവങ്ങൾക്കെന്തറിയാം
ലോറിയിൽ മാലിന്യം വന്നിടുമ്പോൾ  
ആരുണ്ടവരുടെ  പരാതി കേൾക്കാൻ
കേരളം നാന്നാകാൻ മാർഗ്ഗം ഒന്നേയുള്ളു   
ബോധവത്ക്കരണം  വേണം ആദ്യമായി 
കുറുവേണം നാട്ടാർക്ക് സ്വന്ത നാടിനോട് 
കൂറുള്ളോർ നേതാക്കളായി  വന്നിടേണം  
നാടിനെ വൃത്തിയായി കാത്തിടുവാൻ 
വൃത്തി ബോധം വ്യക്തിയിൽ വന്നിടേണം
അടിതെറ്റിയാൽ ആനപോലും 
നിലപതിയുമെന്നു  നാം കേട്ടിട്ടില്ലേ 
അടിസ്ഥാന സൗകര്യം തീർത്തിടാതെ 
ഫ്‌ളാറ്റ്‌ പണിതിട്ടെന്തു കാര്യം ? 
പറയുവാൻ ഒത്തിരി കാര്യമുണ്ട് 
വഴിപോലെ ഞാനതു പറഞ്ഞുകൊള്ളാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക