Image

ബര്‍ക്കിലി കൗണ്‍സിലില്‍ വികസനവുമായി ഇന്ത്യന്‍ വനിതാ സ്ഥാനാര്‍ത്ഥി രാശി

Published on 03 October, 2018
ബര്‍ക്കിലി കൗണ്‍സിലില്‍ വികസനവുമായി ഇന്ത്യന്‍ വനിതാ സ്ഥാനാര്‍ത്ഥി രാശി
കാലിഫോര്‍ണിയ: ബര്‍ക്കിലി സിറ്റി കൗണ്‍സിലിലെ ഡിസ്ട്രിക്ട് ഒന്നില്‍ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ സ്ഥാനാര്‍ത്ഥി രാശി കേസര്‍വാണിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്, ദീര്‍ഘ വീക്ഷണമുണ്ട്, വികസനോന്മുഖമായ കാഴ്ചപ്പാടുകളുണ്ട്. ബര്‍ക്കിലിയെ മാതൃകാസ്ഥാനീയമായ കൗണ്‍സിലാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് രാശി പറയുന്നു.

''നിങ്ങളുടെ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ ബര്‍ക്കിലിയെ അവസരങ്ങളുടെ പറുദീസയും സാമൂഹിക നീതിയുടെ മേച്ചില്‍പുറവും വൈവിധ്യത്തിന്റെ പട്ടണവുമായി മാറ്റിയെടുക്കാന്‍ ഞാന്‍ പോരാടും. എന്റെ മാതാപിതാക്കള്‍ 1978ലാണ് ഇന്ത്യയില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക് കുടിയേറിയത്. അന്ന് അവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇംഗ്ലീഷായിരുന്നു മൂലധനം. കഠിനാധ്വാനത്തിലൂടെ വീടും മറ്റും അവര്‍ സമ്പാദിച്ചു. എന്റെ മകന്‍ ഓസ്റ്റിന്‍ ഉള്‍പ്പെടെ ബര്‍ക്കിലിയുടെ അടുത്ത തലമുറയ്ക്ക് അതേ അവസരം ഒരുക്കിക്കൊടുക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...'' രാശി കേസര്‍വാണി തന്റെ കാമ്പെയ്ന്‍ സൈറ്റില്‍ വ്യക്തമാക്കുന്നു.

''സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു സ്ത്രീ, ഒരമ്മ എന്നീ നിലയിലാണ് ഞാന്‍ മത്സരിക്കുന്നത്. അടുത്ത തലമുറയ്ക്ക് വേണ്ടി ബര്‍ക്കിലിയെ ജീവസുറ്റ, തിളക്കത്തോടെ നിലനിര്‍ത്താവുന്ന, ഏവരെയും ഊഷ്മളതയോടെ ഉള്‍ക്കൊള്ളുന്ന സ്ഥലമാക്കി മാറ്റേണ്ടതുണ്ട്...'' രാശി പറഞ്ഞു.

കാലിഫോര്‍ണിയയിലെത്തിയ ശേഷം ഒരു വീട് സ്വന്തമാക്കാന്‍ തന്റെ മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെട്ടുവെന്ന് രാശി വിശദീകരിച്ചു. സതേണ്‍ കാലിഫോര്‍ണിയ സബര്‍ബിലാണ് ഒരു ചെറിയ വീട് വാങ്ങിച്ചത്. ഇന്നും ബര്‍ക്കിലിയില്‍ മിതമായ നിരക്കിലുള്ള വീടുകളുടെ ദൗര്‍ലഭ്യമുണ്ട്. ഭൂരിപക്ഷവും സ്വന്തമായി വീടുകളില്ലാതെയാണ് കഴിയുന്നത്. അതുകൊണ്ട് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുകയെന്നതിനാണ് മുന്തിയ പ്രാധാന്യം നല്‍കേണ്ടത്. അതോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സംബോധന ചെയ്യപ്പെടേണ്ടതുണ്ടെന്ന് രാശി ചൂണ്ടിക്കാട്ടി.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2005ല്‍ ബിരുദവും യു.സി ബര്‍ക്കിലിയില്‍ നിന്ന് 2012ല്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും നേടിയ രാശി സാക്രമെന്റോയില്‍ ജോലി ചെയ്യുമ്പോള്‍ സ്റ്റേറ്റിന്റെ ആരോഗ്യ, സാമൂഹിക സേവനപരിപാടികളുടെ ഉപദേശകയായിരുന്നു. ഇപ്പോള്‍ താഴ്ന്ന വരുമാനക്കാരായ വ്യക്തികളുടേയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്ന 'സാന്‍ഫ്രാന്‍സിസ്‌കോസ് ഹ്യൂമന്‍ സര്‍വീസ് ഏജന്‍സി'യില്‍ ഫിനാന്‍സ് മാനേജരായി പ്രവര്‍ത്തിക്കുന്നു. സെനറ്റര്‍ നാന്‍സി സ്‌കിന്നര്‍, ഓക് ലാന്‍ഡ് മേയര്‍ ലിബി സ്ചാഫ് തുടങ്ങിയ നിരവധി പേരുടെയും ബര്‍ക്കിലി പോലീസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെയും പിന്തുണയും അംഗീകാരവും രാശി നേടിയിട്ടുണ്ട്.

ബര്‍ക്കിലി കൗണ്‍സിലില്‍ വികസനവുമായി ഇന്ത്യന്‍ വനിതാ സ്ഥാനാര്‍ത്ഥി രാശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക