Image

പ്രാണനേക്കാള്‍ സ്‌നേഹിച്ചവര്‍ വിട പറഞ്ഞതറിയാതെ ലക്ഷ്മി

Published on 03 October, 2018
പ്രാണനേക്കാള്‍ സ്‌നേഹിച്ചവര്‍ വിട പറഞ്ഞതറിയാതെ ലക്ഷ്മി
ഒന്നും രണ്ടുമല്ല, നീണ്ട പതിനാറു വര്‍ഷങ്ങളാണ് ലക്ഷ്മി അവള്‍ക്കായി പ്രാര്‍ത്ഥനകളോടെ കാത്തിരുന്നത്. തങ്ങളുടെ തേജസ്വിനി. പ്രിയപ്പെട്ട ജാനി. ആ ശപിക്കപ്പെട്ട പുലര്‍കാലത്തെ ദുരന്ത യാത്രയ്‌ക്കൊടുവില്‍ അവള്‍ അച്ഛന്റെ മടിയില്‍ നിന്നും മരണത്തിലേക്ക് പോയത് ലക്ഷ്മി ഇപ്പോഴും അറിഞ്ഞിട്ടില്ല. ഒരുപാട് പ്രണയിച്ച് ജീവിതത്തിലേക്ക് കടന്നു വന്ന സംഗീതത്തിന്റെ കളിത്തോഴനും ഓര്‍മ്മയായി മാറിയത് അവളറിഞ്ഞിട്ടില്ല.

അപകടത്തില്‍ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടയ്‌ക്കെപ്പൊഴോ ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് കുഞ്ഞിനെയാണ്. കുഞ്ഞ് അപ്പുറത്തെ മുറിയിലുണ്ടെന്നു പറഞ്ഞെങ്കിലും കാണണം എന്നു പറഞ്ഞ് ബഹളം വച്ചു. ആശ്വസിപ്പിക്കാന്‍ കൂടെ നിന്നവര്‍ ഏറെ പണിപ്പെടുകയായിരുന്നു. ഒടുവില്‍ വീണ്ടും ബോധം മറയുകയായിരുന്നു. ഉറ്റവരുടെ മരണ വിവരം പറഞ്ഞാല്‍ ഈ അവസ്ഥയില്‍ അത് താങ്ങാന്‍ ലക്ഷ്മിക്കു കഴിയുമോ എന്ന ആശങ്കയിലാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരും ബന്ധുക്കളും. അതിനാല്‍ തല്‍ക്കാലം ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മരണ വിവരം ലക്ഷ്മിയെ അറിയിക്കേണ്ടെന്ന നിലപാടിലാണ് ഡോക്ടര്‍മാരും ബന്ധുക്കളും.

തീവ്രപരിചരണ വിഭാഗത്തില്‍ ലക്ഷ്മിക്കൊപ്പമാണ് ബാലഭാസ്ക്കറും കിടന്നിരുന്നത്. ഇനി ബോധം തെളിയുമ്പോള്‍ ഭര്‍ത്താവിനെയും അന്വേഷിച്ചു തുടങ്ങുമ്പോള്‍ എന്തു പറയുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. ലക്ഷ്മിയുടെ വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. എങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മാന്ത്രിക നാദം മണ്ണോടു ചേര്‍ന്നു

ആയിരങ്ങളുടെ നെഞ്ചില്‍ നാദവിസ്മയങ്ങളുടെ കടലാഴങ്ങള്‍ ബാക്കി വച്ച് സംഗീത മാന്ത്രികന്‍ വിടപറഞ്ഞു. വയലിന്‍ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന്റെ ഭൗതികശരീരം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്ന് രാവിലെ പതിനൊന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട കലാകരനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി എത്തിയത്. സെപ്റ്റംബര്‍ 25നാണ് ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ കഴിക്കാനായി ഗുരുവായൂരില്‍ പോയി തിരിച്ച് വരുമ്പോഴാണ് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. മകള്‍ തേജസ്വിനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്ന ബാലഭാസ്ക്കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളും ഭര്‍ത്താവും മരിച്ചറിയാതെ ഭാര്യ ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
പ്രാണനേക്കാള്‍ സ്‌നേഹിച്ചവര്‍ വിട പറഞ്ഞതറിയാതെ ലക്ഷ്മി പ്രാണനേക്കാള്‍ സ്‌നേഹിച്ചവര്‍ വിട പറഞ്ഞതറിയാതെ ലക്ഷ്മി
Join WhatsApp News
josecheripuram 2018-10-03 20:59:46
A loss is forever,No words or deeds can console,replace the emptiness.May God give strength& courage to the Family to pull through this Difficult times.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക