Image

ഹിന്ദി ട്വീറ്റുകള്‍ രാഷ്ട്രീയക്കാരുടെ ഇഷ്ടവും കരുത്തുമെന്ന് ഇന്ത്യന്‍ പ്രഫസര്‍

Published on 04 October, 2018
ഹിന്ദി ട്വീറ്റുകള്‍ രാഷ്ട്രീയക്കാരുടെ ഇഷ്ടവും കരുത്തുമെന്ന് ഇന്ത്യന്‍ പ്രഫസര്‍
മിഷിഗണ്‍: ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ ഹിന്ദിയിലുള്ള ട്വീറ്റുകള്‍ ശക്തമാണെന്നും അത് അവരുടെ പൊതു പ്രവര്‍ത്തനത്തിന് ഇംഗ്ലീഷിനെക്കാള്‍ ഗുണം ചെയ്യുന്നുവെന്നും മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ പ്രഫസര്‍ ജോയോജീത്ത് പാലിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണപഠനം ചൂണ്ടിക്കാട്ടുന്നു. ഹിന്ദിയിലുള്ള ട്വീറ്റുകള്‍ ഇംഗ്ലീഷിനെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മൈലേജ് വര്‍ധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

അഴിമതി കേസില്‍ ഇപ്പോള്‍ ജയില്‍വാസമനുഭവിക്കുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ 2017ലെ ഒരു ഹിന്ദി ട്വീറ്റ് അധികമാരും ശ്രദ്ധിക്കാതെ പോയി. അതിലാകട്ടെ പ്രത്യേകിച്ചൊരു സന്ദേശവുമില്ലായിരുന്നു. തുടര്‍ന്ന് ലാലു തന്റെ അണികളോട് തന്റെ സന്ദേശം റീട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ആ ട്വീറ്റ് വൈറലാവുകയും ആയിരക്കണക്കിന് പ്രാവശ്യം ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായി. 2014ല്‍ സോഷ്യല്‍ മീഡിയ ആവിര്‍ഭവിക്കുമ്പോള്‍ ട്വിറ്ററിലെ കുറിപ്പുകള്‍ ഭൂരിഭാഗവും നഗരപ്രദേശങ്ങളിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടേതായിരുന്നുവെന്ന് പഠനം പറയുന്നു.

ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിനായി വലിയ തോതില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന് ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പു തന്നെ മോഡിക്ക് സോഷ്യല്‍ മീഡിയയോട് വല്ലാത്ത കമ്പമുണ്ടായിരുന്നു. ഇതര പാര്‍ട്ടികളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതില്‍ സോഷ്യല്‍ മീഡിയകളുടെ പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പ്രഫസറായ ജോയോജീത്ത് പാല്‍ വിശദീകരിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ കഴിഞ്ഞ വര്‍ഷത്തെ റീട്വീറ്റുകളില്‍ ഏറിയ പങ്കും ഹിന്ദിയിലായിരുന്നുവത്രേ. രാഷ്ട്രീയ നേതാവ്, പാര്‍ട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന ആള്‍, ജനപ്രതിനിധി എന്നീ നിലകളിലും അവരുടെ ഓണ്‍ലൈന്‍ പരിജ്ഞാനവും സോഷ്യല്‍ മീഡിയ താത്പര്യവും മാനദണ്ഡമാക്കി ജോയോജീത്ത് പാലും ഗവേഷണ വിദ്യാര്‍ത്ഥിനി ലിയ ബസാര്‍ത്തും 274 രാഷ്ട്രീയക്കാരെയും അവരുടെ അക്കൗണ്ടുകളെയും ഒന്നിച്ചു ചേര്‍ത്ത് പഠനത്തിന് വിധേയമാക്കി. ഷെയറും ലൈക്കുകളും കമന്റുകളും പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യത്തില്‍ മുന്നിലെന്ന് കണ്ടു. കോണ്‍ഗ്രസിന്റെ അമരക്കാരന്‍ രാഹുല്‍ ഗാന്ധി പിന്നിലാണത്രേ.

''സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ട്വീറ്റുകളിലും വൈകാരികത പ്രകടിപ്പിക്കുന്നതില്‍ ഭാഷയ്ക്ക് പ്രാധാന്യമുണ്ട്. ഹിന്ദിയില്‍ റീട്വീറ്റ് ചെയ്ത ചില മെസേജുകള്‍ പരിഹാസപരവും വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അപമാനപരവുമായിരുന്നു. അതേസമയം വൈകാരിക പ്രകടനങ്ങള്‍ക്ക് ഇംഗ്ലീഷിനേക്കാള്‍ പ്രാദേശിക ഭാഷയാണ് യോജിക്കുന്നത്. നാടന്‍ ശീലുകളും ചൊല്ലുകളും കവിതാശകലങ്ങളുമൊക്കെക്കൊണ്ട് അവ പൊലിപ്പിക്കാം. എന്നാല്‍ ഹിന്ദി ഇതര ഭാഷകളിലുള്ളവയ്ക്ക് ഇംഗ്ലീഷിനോടും ഹിന്ദിയോടും മത്സരിച്ച് മുന്നേറാനുമാവില്ല. ഏതായാലും പരമ്പരാഗത വാര്‍ത്താ മാധ്യമങ്ങളേക്കാള്‍ വോട്ടര്‍മാരോട് നേരിട്ട് സംസാരിക്കുന്ന സോഷ്യല്‍ മീഡിയയോടാണ് രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ പഥ്യം...''  പാല്‍ പറയുന്നു.

ഹിന്ദി ട്വീറ്റുകള്‍ രാഷ്ട്രീയക്കാരുടെ ഇഷ്ടവും കരുത്തുമെന്ന് ഇന്ത്യന്‍ പ്രഫസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക