Image

ഇന്ത്യന്‍ കാര്‍പെന്റര്‍ക്ക് 245.6 മില്യണ്‍ ഡോളറിന്റെ ന്യൂയോര്‍ക്ക് ലോട്ടറി ഭാഗ്യം

Published on 04 October, 2018
ഇന്ത്യന്‍ കാര്‍പെന്റര്‍ക്ക് 245.6 മില്യണ്‍ ഡോളറിന്റെ ന്യൂയോര്‍ക്ക് ലോട്ടറി ഭാഗ്യം
ന്യൂയോര്‍ക്ക്: ഗയാനയില്‍ നിന്നുള്ള ഇന്ത്യക്കാരനും സ്റ്റാറ്റന്‍ ഐലന്റ് നിവാസിയുമായ കാര്‍പെന്റര്‍ നന്ദലാല്‍ മംഗലിന് 245.6 മില്യണ്‍ ഡോളറിന്റെ ന്യൂയോര്‍ക്ക് ലോട്ടറി പവര്‍ബാള്‍ ഭാഗ്യം. ന്യൂയോര്‍ക്ക് ലോട്ടറി അധികൃതരാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 11ലെ പവര്‍ബാള്‍ നറുക്കെടുപ്പിലാണ് നന്ദലാലിന്റെ ടിക്കറ്റിന് വന്‍ സമ്മാനമടിച്ചത്. എന്നാല്‍ ലോട്ടറിയടിച്ച കാര്യം ഇയാള്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 

ജാക്ക്‌പോട്ട് 100 മില്ല്യണ്‍ ഡോളറിലെത്തിയപ്പോഴാണ് താന്‍ ടിക്കറ്റെടുത്തതെന്ന് നന്ദലാല്‍ പറഞ്ഞു. ഗ്രോസറി ഷോപ്പിങ് നടത്തുമ്പോഴാണ് പവര്‍ബാള്‍ ജാക്‌പോട്ടിനെ പറ്റി അറിയുന്നതെന്നും ഇതാണ് നല്ല സമയമെന്ന് കരുതി ടിക്കറ്റ് വാങ്ങിച്ചതെന്നും ഭാഗ്യശാലി വ്യക്തമാക്കി. അങ്ങനെ അന്നു രാത്രി നറുക്കെടുക്കുന്ന ആറു ഡോളറിന്റെ ക്വിക്ക് പിക്ക് ടിക്കറ്റെടുക്കുകയും അത് കിച്ചണ്‍ ടേബിളില്‍ സൂക്ഷിക്കുകയും ചെയ്തു. അതേ സമയം സ്ഥലത്തില്ലാതിരുന്നതിനാല്‍ നന്ദലാല്‍ നറുക്കെടുപ്പ് ഫലം നോക്കിയില്ല. ഒരാഴ്ചയ്ക്ക് ശേഷം മങ്ങി വന്ന് വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴാണ് നന്ദലാല്‍ ശരിക്കും ഞെട്ടിയത്. അയാള്‍ ഒരു മള്‍ട്ടി മില്യണറായിരിക്കുന്നു.

ട്രസ്റ്റിന്റെ പേരിലാണ് നന്ദലാല്‍ തന്റെ സമ്മാനത്തുക ക്ലെയിം ചെയ്തിരിക്കുന്നത്. ദ സീ ആന്റ് സാന്റ് ട്രസ്റ്റിനു വേണ്ടി ഒറ്റത്തവണയായി പണം ലഭിക്കും. ടാക്‌സും മറ്റും കിഴിച്ച് 99,321,975 ഡോളര്‍ നന്ദലാലിന് കിട്ടും. ലോട്ടറി ഭാഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ''ഷോക്കിങ്...'' എന്നായിരുന്നു നന്ദലാലിന്റെ പ്രതികരണം. സമ്മാനത്തുകയുടെ ഒരു ഭാഗം യാത്രയ്ക്കായി ചെലവഴിക്കുമെന്നും ആദ്യം ഹാവായിലേയ്ക്ക് പോകുമെന്നും നന്ദലാല്‍ പറഞ്ഞു.

സ്റ്റാസ്റ്റന്‍ ഐലന്റിലെ ഹൈലാന്‍ ബുളവാഡിലുള്ള ഷോപ്പ് ആന്റ് ഷോപ്പില്‍ നിന്നാണ് നന്ദലാല്‍ ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ വമ്പന്‍ തുകയുടെ ലോട്ടറി ഭാഗ്യം ആവുന്നിടത്തോളം സമയം രഹസ്യമാക്കി വക്കാനാണ് നന്ദലാല്‍ തീരുമാനിച്ചത്. ലോട്ടറിയടിച്ചതിന്റെ പിറ്റേന്നു മുതല്‍ സാധാരണ പോലെ നന്ദലാല്‍ ജോലിക്കു പോവുകയും ചെയ്തു. എന്നാല്‍ സ്റ്റേറ്റ് നിയമപ്രകാരം ലോട്ടറിയടിച്ചയാള്‍ അക്കാര്യം പരസ്യമാക്കണം. അങ്ങനെയാണ് പൊതുജനമിതറിഞ്ഞത്. ഇക്കൊല്ലം ന്യൂയോര്‍ക്ക് ലോട്ടറിയുടെ പത്ത് ലക്ഷത്തിലധികം ഡോളറിന്റെ സമ്മാനം നേടുന്ന 91-ാമത്തെ ഭാഗ്യവാനാണ് നന്ദലാല്‍.

2017-18 സാമ്പത്തിക വര്‍ഷം ന്യൂയോര്‍ക്ക് ലോട്ടറി 1,337,283,719 ഡോളര്‍ വിദ്യാഭ്യാസ സഹായമായി ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ച് ബോറോകളിലുള്ള സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ കാര്‍പെന്റര്‍ക്ക് 245.6 മില്യണ്‍ ഡോളറിന്റെ ന്യൂയോര്‍ക്ക് ലോട്ടറി ഭാഗ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക