Image

ശബരിമല വിധിയില്‍ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകള്‍

ശ്രീകുമാര്‍ Published on 04 October, 2018
ശബരിമല വിധിയില്‍ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകള്‍
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. കേരളത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഓരോ ദിവസം കഴിയും തോറും ശക്തിയാര്‍ജിച്ച് വരികയും ചെയ്യുന്നു. കൂടുതല്‍ സംഘടനകളും ജനവിഭാഗങ്ങളും സമരത്തില്‍ അണിചേര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സുപ്രീം കോടതിയുടേത് ലിംഗനീതി ഊട്ടിയുറപ്പിക്കുവാനുള്ള ചരിത്ര വിധിയാണെന്ന് ഇടതുപക്ഷ സര്‍ക്കാരും മുന്നണിയും അവരുടെ സഹയാത്രികരുമെല്ലാം വിശേഷിപ്പിക്കുമ്പോള്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുന്‍കാലങ്ങളിലെന്ന പോലെ നിലനിര്‍ത്തി സന്നിധാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുവാനുള്ള ചരിത്രസമരവും സമാന്തരമായി അരങ്ങേറുകയാണ്. സുപ്രീം കോടതി വിധിയും ഹൈന്ദവ സംഘടനകളുടെ ബഹുജന പ്രക്ഷോഭവും ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഉളവാക്കുമെന്നതില്‍ തര്‍ക്കമില്ല. 

അതേസമയം, വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞിരിക്കുകയാണ്. വിധി വന്ന ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചത് പുനപരിശോധനാ ഹര്‍ജി നല്‍കപ്പെട്ടാല്‍ അതിനൊപ്പം നില്‍ക്കുമെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന്റെ പേരില്‍ ഭരണത്തിന്റെ തലപ്പത്തു നിന്ന് ശാസന വന്നതുകൊണ്ടോ എന്തോ ഇപ്പോള്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡും അതിന്റെ അധ്യക്ഷനും. നിയമവാഴ്ചയുള്ള നാട്ടില്‍ സുപ്രീം കോടതി ഒരു നിലപാടെടുത്താല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാഷ്ട്രീയ കളികള്‍ക്കോ ഇടപെടലിനോ ദേവസ്വം ബോര്‍ഡ് ഇല്ലെന്നും വിശ്വാസികളാരും സമരത്തിനിറങ്ങില്ലെന്നും  മുഖ്യമന്ത്രിക്കു പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കി. അതേ സമയം സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസും സമരരംഗത്തേയ്ക്ക് വരികയാണ്. നാളെ (ഒക്‌ടോബര്‍ 5) ആദ്യ ഘട്ടമായി കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ ഉപവാസ സമരം നടത്തും. പന്തളം കൊട്ടാരത്തിലെത്തി കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മയുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

''വിധി മറികടക്കാന്‍ ദേവസ്വം പുനപരിശോധനാ ഹര്‍ജി നല്‍കുവാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോട് റിവ്യൂ ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടും...''. രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിനിടെ മുന്‍ നിലപാടില്‍ നിന്നുള്ള ആര്‍.എസ്.എസിന്റെ പെട്ടെന്നുള്ള മാറ്റം ശ്രദ്ധേയമായി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ആര്‍.എസ്.എസ് ദേശീയ നേതൃത്വം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ നടത്തിപ്പു കാലത്തെല്ലാം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തെ ആര്‍.എസ്.എസ് അനുകൂലിച്ചിരുന്നു. വിധിയെ മാനിക്കുന്നുവെന്നും ജാതി, ലിംഗവ്യത്യാസമില്ലാതെ എല്ലാ ഭക്തര്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യാവകാശമാണുള്ളതെന്നുമായിരുന്നു വിധി വന്ന ദിവസത്തെ ആര്‍.എസ്.എസിന്റെ പ്രതികരണം. 

ഏതായാലും കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട സമരം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയാണ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബര്‍ മൂന്നിന് തമിഴകത്ത് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിശ്വാസികള്‍ സമര മുഖത്തിറങ്ങുമെന്നാണ് കരുതുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടക്കുകയുണ്ടായി. ഇവിടങ്ങളിലെല്ലാം പ്രതീക്ഷിച്ചതിന്റെ അനേകമിരട്ടി ആളുകളെത്തി. പ്രാര്‍ത്ഥനാ യാത്രയിലും ആചാരസംരക്ഷണ യോഗങ്ങളിലും യുവതികളും പങ്കെടുത്തു എന്ന കാര്യം എടുത്തു പറയേണ്ടതാണ്. തുടര്‍ പോരാട്ടങ്ങള്‍ക്ക് പന്തളം കൊട്ടാരമാണ് മുഖ്യ നേതൃത്വം വഹിക്കുക. രാഷ്ട്രീയ, മത, സംഘടനാ ഭേദമെന്യേ ഒരേ മനസോടെയുള്ള സമരവും നിയമപോരാട്ടവും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഒക്‌ടോബര്‍ രണ്ടാം തീയതി ശബരിമല സംരക്ഷണ സമിതി പന്തളത്ത് എം.സി റോഡ് ഉപരോധിക്കുകയുണ്ടായി. വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നാമജപ സത്യാഗ്രഹം നടന്നു. കോട്ടയത്ത് ശബരിമല സംരക്ഷണ സമിതിയുടെയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്‌രംഗദളിന്റെയും നേതൃത്വത്തില്‍ തിരുനക്കര ഗാന്ധി സ്‌ക്വയറിലായിരുന്നു പ്രതിഷേധം. കോഴഞ്ചേരി, പരുമല തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍  ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. 

സ്ത്രീ പ്രവേശനം സംബന്ധിച്ച് ഭരണഘടന അനുശാസിക്കുന്ന ലിംഗനീതി ഉറപ്പാക്കിയുള്ളതാണ് സുപ്രീം കോടതി വിധി. എന്നാല്‍ ഇതിനെതിരെ ഹൈന്ദവ സമൂഹത്തിലുയരുന്ന എതിര്‍പ്പും മനോവിഷമവും കണക്കിലെടുത്ത് അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം. പൊതു വികാരം കണ്ടില്ലെന്ന നടിച്ചാല്‍ വോട്ടു ബാങ്കില്‍ ചോര്‍ച്ചയുണ്ടാവുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയപ്പെടുന്നു. 

വേഗത്തില്‍ വിധി നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിധി വന്ന ഉടന്‍ അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത പുരോഗമന പ്രസ്ഥാനങ്ങളില്‍ ഇപ്പോള്‍ എതിര്‍പ്പിന്റെ ശബ്ദം മുഴങ്ങുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. വിശ്വാസത്തിന് ഭംഗം വരരുതെന്നാണ് ആര്‍.എസ്.പി യുടെ നിലപാട്. വിധി എല്ലാവര്‍ക്കും ബാധകമാണെന്നും അവരുടെയെല്ലാം അഭിപ്രായം കേട്ട് സമാധാനപരമായ പരിഹാരം ഉണ്ടാക്കണമെന്നുമാണ് ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലിന്റെ എങ്ങും തൊടാത്ത അഭിപ്രായം. 

എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ഒരുപാട് തിരിച്ചടികളാണ് കേരളത്തിലെ ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ കൃത്യമായ ഒരു നിലപാടെടുക്കാതിരുന്നത് ബി.ജെ.പി അണികളില്‍ വലിയ അമര്‍ഷം സൃഷ്ടിച്ചിരുന്നു. അതിന് ശേഷം ബി.ജെ.പി ബൗദ്ധിക സെല്‍ മേധാവി ടി.ജി മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ച വരികളും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ആര്‍.എസ്.എസ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്‍ ഉറച്ച് നിന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാം കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം, ആര്‍എസ്എസ് ഈ നിലപാട് തിരുത്തി. പക്ഷേ, തൊട്ടടുത്ത ദിവസം പാര്‍ട്ടി മുഖപത്രമെന്ന് വിശേഷിപ്പിക്കുന്ന ജന്മഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ അച്ചടിച്ചുവന്ന ലേഖനം പിന്നേയും ബി.ജെ.പിക്ക് നല്‍കിയത് അതി ശക്തമായ തിരിച്ചടി തന്നെ ആയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആയ ആര്‍ സഞ്ജയന്‍ ആയിരുന്നു ലേഖനം എഴുതിയത്.

ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തയില്ലെന്നതായിരുന്നു ജന്മഭൂമി എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിന്റെ തലക്കെട്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുവദിക്കുന്ന സുപ്രീം കോടതി വിധി ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പങ്ങളേയോ ആചാരാനുഷ്ഠാനങ്ങളേയോ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നാണ് ലേഖനത്തില്‍ പറയുന്നത്. സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നത് ശബരിമലയുടെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും എന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ത്തവം പ്രകൃതി നിയമമല്ലേയെന്നും അതില്ലെങ്കില്‍ മനുഷ്യജാതിയുണ്ടോയെന്നും ചോദിച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. ഫേസ്ബുക്കില്‍ 2016 സെപ്തംബര്‍ മാസത്തില്‍ സുരേന്ദ്രന്‍ ഈ ചോദ്യവുമായി ഒരു പോസ്റ്റിട്ടു. 2018 സെപ്തംബര്‍ മാസം പിന്നിട്ടപ്പോഴേക്ക് പ്രസ്തുത പോസ്റ്റ് കാണാതായെങ്കിലും സുരേന്ദ്രന്റെയും മറ്റു നിരവധി ബി.ജെ.പി നേതാക്കളുടെയും നിലപാട് സ്ത്രീപ്രവേശനത്തിന് അനുകൂലം തന്നെയാണ്.

എന്നാല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വിശ്വാസത്തെ സംരക്ഷിക്കാത്ത വിധിക്കെതിരെ പാര്‍ട്ടി സമരത്തിന് തയ്യാറാവും. സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനും ബി.ജെ.പി കേരളാ ഘടകത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നു. വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ ബി.ജെ.പി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ പ്രവേശനത്തെ അനുകുലിക്കുന്ന നിലപാടാണ് ആര്‍.എസ്.എസ് ദേശീയതലത്തില്‍ സ്വീകരിച്ചുവന്നത്. ഈ സാഹചര്യത്തില്‍ വിധിക്കെതിരെ വ്യക്തമായ നിലപാടെടുക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും തയ്യാറായിരുന്നില്ല. ആര്‍.എസ്.എസ് നിലപാട് മാറ്റിയ സാഹചര്യത്തിലാണ് സമര പ്രഖ്യാപവുമായി സംസ്ഥാന അധ്യക്ഷന്‍ തന്നെ രംഗത്തിയിട്ടുള്ളത്.

ശബരിമല വിധിയില്‍ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകള്‍ശബരിമല വിധിയില്‍ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകള്‍
Join WhatsApp News
Sudhir Panikkaveetil 2018-10-04 17:22:59
പുരുഷ മഹാത്മാവേ.. അങ്ങ് പറയുന്നത് കേട്ട് 
അങ്ങയുടെ കാലിലെ പൊടിയായി കിടക്കാനാണ് 
ഞങ്ങൾക്കിഷ്ടം എന്ന് സ്ത്രീ വിലപിക്കുമ്പോൾ അവളെ 
എന്തിനു സമത്വവാദവും  ലിംഗനീതീയും പറ ഞ്ഞു വിഷമിപ്പിക്കുന്നു.,
അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം 
കാത്ത് സൂക്ഷിക്കുന്നത് സ്ത്രീയാണെന്ന 
അവളുടെ വിശ്വാസം പൊറുപ്പിക്കുക. സുപ്രീം
കോടതി വിധിപ്രകാരം ആരെങ്കിലും പോകാൻ തയ്യാറാകുന്നെങ്കിൽ
അത് കലാപമുണ്ടാക്കുന്നെങ്കിൽ അവരെ 
ബോധവത്കരിക്കുക.  അതായത് പുരുഷൻ 
[പറയുന്ന മണ്ടത്തരങ്ങൾ കേട്ട് വീട്ടിലിരിക്കാൻ പറയുക.  
ഈ കോലാഹലങ്ങൾ നടക്കുമ്പോഴും ശ്രീ അയ്യപ്പൻ 
ശില പോലെ ഇരിക്കുന്നു. ശരണം മനുഷ്യാ. പുരുഷാ.
അയ്യപ്പ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നല്ലേ വാർത്തകൾ 
ബോധിപ്പിക്കുന്നത്. 
വിദ്യാധരൻ 2018-10-04 23:30:53
എന്താണ് സ്ത്രീകളെ നിങ്ങൾക്കൊക്കെ 
എന്താണ് പറ്റിയത് ചൊല്ലിടുമോ ?
പണ്ട് പടിഞ്ഞാറ് ഐക്യനാട്ടിൽ 
അടിമയ്ക്ക് സ്വാതന്ത്യം കിട്ടിയപ്പോൾ 
സ്വാതന്ത്ര്യം എന്ന പദത്തിനർത്ഥം 
അടിമകൾക്കറിയില്ലായിരുന്നു
ദൈവം അവരെ സൃഷ്ടിച്ചപ്പോൾ,  
സൃഷ്ടിച്ചതടിമപ്പണിക്കായിട്ടെന്നും  
യജമാനന്മാർ അവരുടെ മണ്ടേൽ  അടിച്ചുകേറ്റി.
അയ്യപ്പനെ നിങ്ങൾ ദർശിച്ചിടീൽ 
ബ്രഹ്മചര്യം ആയപ്പന് പോകുമെന്നും 
നിങ്ങടെ ആർത്തവ രക്തം കണ്ടാൽ  
അയ്യപ്പൻ തലചുറ്റി വീഴുമെന്നും 
അയ്യപ്പന്റെ ചാരിത്ര്യ സൂക്ഷിപ്പുകാർ 
നിങ്ങടെ ചകിരി തലയിൽ അടിച്ചുകേറ്റി 
നിങ്ങടെ ശത്രുക്കൾ നിങ്ങൾ തന്നെ 
രക്ഷപ്പെടാൻ പഴുതുകൾ കാണുന്നില്ല 
അറിയാം നിങ്ങടെ ഭർത്താക്കന്മാർ 
സ്ത്രീ സ്വാന്ത്ര്യത്തെ എതിർപ്പോരെന്ന് 
കൊണ്ട് തരില്ല സ്വാതന്ത്യം നിങ്ങൾക്കാർക്കും 
ശണ്ഠകൂടാതത് കിട്ടാൻ  സാധ്യതേം കമ്മിയത്രെ
എന്താണ് സ്ത്രീകളെ നിങ്ങൾക്കൊക്കെ 
എന്താണ് പറ്റിയത് ചൊല്ലിടുമോ ?
നിങ്ങടെ കയ്യിൽ കിട്ടിയ സ്വാതന്ത്ര്യത്തെ 
കൈവിടാ പോയി പടപൊരുതു 
എത്രനാളായയ്യപ്പൻ കാത്തരിപ്പൂ 
സ്ത്രീകളെ എതിരേല്ക്കാൻ മല മുകളിൽ 
അയ്യപ്പനല്ലേ മനുഷ്യനല്ലേ 
നിങ്ങളെപ്പോലങ്ങേർക്കും മോഹമില്ലേ ?

'യാ കുചഗുർവി മൃഗശിശുനയനാ 
പീന നിതംബ മദകരി ഗമനാ 
കിന്നരകണ്ഠി സൂരുചിര ദശനാ 
സാ തവ സൗഖ്യം വിതരുതു ലലനാ'

വലിയ സ്തനങ്ങളൂം മാൻകിടാവിന്റെ നയനങ്ങളും തടിച്ച അരക്കെട്ടും കണ്ഠനാദവും  ഭംഗിയുള്ള പല്ലുകൾ ഉള്ളവരുമായ സ്ത്രീകളെ നിങ്ങളെ കാണാൻ അയ്യപ്പൻ മലമുകളിൽ കാത്തിരിക്കുന്നു . ഈ അറു ബോറൻ അയ്യപ്പന്മാരെ കണ്ട അയ്യപ്പൻ മടുത്തിരിക്കുകയാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക