Image

സ്‌ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന്‌ പറയുന്നത്‌ അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തലാണ്‌; എം.ലീലാവതി

Published on 05 October, 2018
സ്‌ത്രീകളെ കണ്ടാല്‍  ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന്‌ പറയുന്നത്‌ അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തലാണ്‌;  എം.ലീലാവതി

കോഴിക്കോട്‌: ശബരിമല വിധിക്കെതിരെ ജാഥ നടത്തുന്നവര്‍ക്ക്‌ രാഷ്ട്രീയലക്ഷ്യമാണുള്ളതെന്ന്‌ എഴുത്തുകാരി ഡോ. എം.ലീലാവതി. സുപ്രീംകോടതി വിധിയോട്‌ പൂര്‍ണ്ണായും യോജിക്കുന്നുവെന്നും ലീലാവതി പറഞ്ഞു.

`വിധി മതവിശ്വാസത്തിലുള്ള ഇടപെടലല്ല. ഒമ്പത്‌ വയസ്സു മുതല്‍ അമ്പത്‌ വയസ്സുവരെയുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌ എന്ന്‌ പറയണമെങ്കില്‍ ഭരണഘടനയില്‍ സ്‌ത്രീകള്‍ക്ക്‌ തുല്യതയ്‌ക്ക്‌ അവകാശമില്ല എന്നുണ്ടാകണം. തുല്യത നിലനില്‍ക്കുന്ന കാലത്തോളം ഇങ്ങനെയേ വിധിക്കാനാവൂ.'

കേരളത്തിലെ മറ്റ്‌ അയ്യപ്പക്ഷേത്രങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ട്‌ ശബരിമലയിലായിക്കൂടായെന്നും ലീലാവതി ചോദിക്കുന്നു. `മനുഷ്യ ബ്രഹ്മചാരികള്‍ സുന്ദരികളായ സ്‌ത്രീകളെ കാണുമ്പോള്‍ ചഞ്ചലചിത്തരാകുന്നതുപോലെ മനുഷ്യസ്‌ത്രീകളെ കണ്ടാല്‍ അയ്യപ്പന്‌ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന്‌ പറയുന്നത്‌ അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തലാണ്‌.'

പണ്ടുള്ള ആചാരങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കണമെന്ന്‌ പറയുന്നത്‌ ശരിയല്ല. താഴ്‌ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്ര ചൈതന്യവും ദേവചൈതന്യവും നഷ്ടപ്പെടുമെന്നായിരുന്നു മുമ്പ്‌ മേല്‍ജാതിക്കാരുടെ നിലപാട്‌. എന്നാല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്‌ മുമ്പും ശേഷവും ഗുരുവായൂരില്‍ പോയ്‌ക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ ഈ വാദം ശരിയല്ലെന്നാണ്‌ തന്റെ അഭിപ്രായമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നുണ്ട്‌. ആര്‍ത്തവ കാലമാണോ എന്ന്‌ ആരും അവരെ പരിശോധിക്കുന്നില്ല. അതിന്‌ കാരണം ഈ അവസ്ഥയില്‍ ഒരു സ്‌ത്രീയും അതിന്‌ മുതിരുകയില്ല എന്ന വിശ്വാസമാണ്‌. ശബരിമലയുടെ കാര്യത്തില്‍ മാത്രം സ്‌ത്രീകളെ വിശ്വാസത്തിലെടുക്കാത്ത നിലപാടിനോട്‌ യോജിക്കാനാവില്ലെന്നും ലീലാവതി പറഞ്ഞു.
Join WhatsApp News
വിദ്യാധരൻ 2018-10-05 12:56:15
'ദശാപ്തങ്ങളായി 'സമൂഹബോധമനസ്സിനുള്ളിൽ' *
പൂർവ്വികപരമ്പരയുടെ അസ്തിത്വങ്ങളിൽ' 
വാർത്തെടുത്ത ആചാരനാചാരനുഷ്ഠാനങ്ങളെ 
തല്ലിയുടയ്ക്കാൻ എളുതല്ല ഒരു രാവുകൊണ്ട് 
നൂറ്റാണ്ടായി വീടിന്റെ ഉള്ളിൽ അകത്തളത്തിൽ
സ്ത്രീകൾ അസ്വാതന്ത്ര്യ ചങ്ങലപൂട്ടുകളിൽ 
ബന്ധിതാരായി ദ്യുതി കാണാതെ കിടന്നിരുന്നു 
അവർക്കായി നാട്ടിലെ നീതിപീഠം 
ഒരു ചെറുവാതിൽ തീർത്തു കൊടുത്ത നേരം 
അവർ പറയുന്നു ഞങ്ങടെ കാലിലെ ചങ്ങലകൾ 
ഞങ്ങൾക്കഴകേകും   കണങ്കാലിൻ  കാപ്പാണെന്ന് 
നട്ടെല്ലുള്ള സാഹിത്യകാരികൾ  നിങ്ങളൊക്കെ 
കൈരളിക്കിന്നുമുണ്ടെന്നത് അഭിമാനം തന്നെ 
നിങ്ങളെപ്പോലുള്ളൊരെ കണ്ടെങ്കിലും 
അമേരിക്കൻ സ്ത്രീകൾ ഉണർന്നിടട്ടെ 
എത്രനാൾ അവരിങ്ങനെ ഒതുങ്ങിക്കൂടും 
ആടിമകളായി പാരമ്പര്യ ചങ്ങലകളിൽ ?
സ്ത്രീയും പുരുഷനും തുല്യമായി 
അവരുടെ കർമ്മങ്ങൾ ചെയ്തിടുമ്പോൾ 
ഇവിടെ ഈ പ്രപഞ്ചം ധന്യമാകും 
അഭിനന്ദനം എഴുത്തുകാരി അഭിനന്ദനം 
അഭിമാനം ഉണ്ട് നിങ്ങളെ ഓർത്തെനിക്ക് 
*സമൂഹബോധമനസ്സും ആതിപ്രരൂപങ്ങളും -ഡോ. എം ലീലാവതി )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക