Image

പൊലീസിനോട് കള്ളം പറഞ്ഞ വനിതാ പൊലീസിന് 15 വര്‍ഷം ജയില്‍ ശിക്ഷ

പി പി ചെറിയാന്‍ Published on 05 October, 2018
പൊലീസിനോട് കള്ളം പറഞ്ഞ വനിതാ പൊലീസിന് 15 വര്‍ഷം ജയില്‍ ശിക്ഷ
ജാക്‌സണ്‍ (ജോര്‍ജിയ): കറുത്ത വര്‍ഗ്ഗക്കാരനും ആറടി ഉയരവും  250 പൗണ്ട് തൂക്കവുമുള്ള ഒരാള്‍ തന്നെ വെടിവച്ചുവെന്നു പൊലീസിനോടു കള്ളം പറഞ്ഞ ജാക്‌സണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത ഓഫിസര്‍ ഷെറി ഹാളിന് (43) 15 വര്‍ഷം ജയില്‍ ശിക്ഷയും തുടര്‍ന്ന് 23 വര്‍ഷം നല്ല നടപ്പും കോടതി വിധിച്ചു.

2016 സെപ്റ്റംബര്‍ 13 നാണു സംഭവം നടന്നതെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് തനിക്കെതിരെ ഇയാള്‍ വെടിയുതിര്‍ത്തതെന്നും  ഉടനെ  പെട്രോള്‍ കാറിനു പുറകില്‍ മറഞ്ഞ് നിന്നു വെടിവച്ചയാള്‍ക്കെതിരെ രണ്ടു റൗണ്ടു വെടിയുതിര്‍ത്തെന്നും ഇവര്‍ അവകാശപ്പെട്ടു.

ഷെറി ധരിച്ചിരുന്ന ബുള്ളറ്റ് ഫ്രൂഫ് വെസ്റ്റില്‍ രണ്ടു വെടിയുണ്ടകള്‍ തറച്ചിരിക്കുന്നത് തെളിവിനായി ഇവര്‍ ഹാജരാക്കുകയും ചെയ്തു.

കാര്‍ വിഡിയോ പരിശോധിച്ചതില്‍ ആകെ രണ്ടു വെടിയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. വിശദമായ അന്വേഷണത്തിനൊടുവില്‍ ഈ രണ്ടു വെടിയുണ്ടകളും ഇവരുടെ സര്‍വ്വീസ്  റിവോള്‍വറില്‍ നിന്നുള്ളതായിരുന്നു എന്നു കണ്ടെത്തി. ഇവരുടെ പരാതി തികച്ചും വ്യാജമാണെന്നായിരുന്നു അന്വേഷണത്തില്‍ നിന്നും മനസ്സിലായതെന്ന് ജാക്‌സന്‍ പൊലീസ് ചീഫ് ജയിംസ് മോര്‍ഗന്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ 11 ക്രിമിനല്‍ ചാര്‍ജുകളാണുണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയം ഷെറി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ഇവരുടെ അറ്റോര്‍ണി കിംബര്‍ലി ബെറി വാദിച്ചിരുന്നു.
പൊലീസിനോട് കള്ളം പറഞ്ഞ വനിതാ പൊലീസിന് 15 വര്‍ഷം ജയില്‍ ശിക്ഷപൊലീസിനോട് കള്ളം പറഞ്ഞ വനിതാ പൊലീസിന് 15 വര്‍ഷം ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക