Image

ജഡ്ജി സ്വന്തം വിധിയെ ന്യായീകരിച്ച് പൊതു വേദിയില്‍ സംസാരിക്കാമോ ?

ബാലഗോപാല്‍ ബി. നായര്‍ Published on 05 October, 2018
ജഡ്ജി സ്വന്തം വിധിയെ ന്യായീകരിച്ച് പൊതു വേദിയില്‍ സംസാരിക്കാമോ ?
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് കൊണ്ട് താന്‍ പ്രസ്താവിച്ച വിധികളെ കുറിച്ച് പരാമര്‍ശിച്ചത് ഇങ്ങനെ 

'ശബരിമല വിധിയെപ്പറ്റി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറയുന്നു:

ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല. സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണുള്ളത്. സ്ത്രീകള്‍ ജീവിതത്തില്‍ തുല്യതയുള്ള പങ്കാളികള്‍ ആകണം. ലിംഗ നീതിയുടെ പോരാളി എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ സന്തോഷമുണ്ട്.

ഹാദിയ കേസില്‍ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെപ്പറ്റിയാണ് ചോദ്യം ഉയര്‍ന്നത്. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹിതര്‍ ആയാല്‍ അവരെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം. ഭരണഘടനാപരമായ ധാര്‍മ്മികത ആ തീരുമാനം മാനിക്കാന്‍ നമ്മളെ നിര്‍ബന്ധിതര്‍ ആക്കുന്നുണ്ടെന്നും ജസ്റ്റിസ് മിശ്ര'.

(ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് എനിക്ക് ഫോള്ളോ ചെയ്യാന്‍ സാധിച്ചില്ല അത് കൊണ്ട് എന്റെ സുഹൃത്ത് Unni യുടെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നാണ് ഈ വിവരം കോപ്പി ചെയ്തത്)

-----------------------------------

ഒരു ന്യായാധിപന്‍ താന്‍ പ്രസ്താവിച്ച വിധികളെ ന്യായീകരിച്ച് കോടതിക്ക് പുറത്ത് പൊതു വേദികളില്‍ സംസാരിക്കാമോ ? ജസ്റ്റിസ് ദീപക് മിശ്ര താന്‍ എഴുതിയ രണ്ട് വിധികളെ പൊതു വേദിയില്‍ ന്യായീകരിച്ച് സംസാരിച്ചു എന്നാണ് മനസിലാക്കേണ്ടത്. ജസ്റ്റിസ് മിശ്ര ചെയ്തത് ശരി ആണോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ആണ്.

ഏതാണ്ട് ആറു വര്‍ഷം മുമ്പ് സമാനം ആയ ഒരു വിവാദം ഉണ്ടായിട്ടുണ്ട്. 2 ജി കേസില്‍ വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് എ കെ ഗാംഗുലി, വിരമിച്ചതിന്റെ മൂന്നാം ദിവസം ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ 2 ജി കേസില്‍ താന്‍ ഉള്‍പ്പടെ ഉള്ള ബെഞ്ച് എഴുതിയ വിധിയെ ന്യായീകരിച്ച് ലേഖനം എഴുതി. ജസ്റ്റിസ് ജി എസ് സിംഘ്വിയും ജസ്റ്റിസ് ഗാംഗുലിയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു 2 ജി കേസില്‍ വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഗാംഗുലി വിരമിക്കുന്ന ദിവസം ആണ് വിധി പ്രസ്താവം നടത്തിയത്.

2 ജി കേസിലെ വിധിയെയും സുപ്രീം കോടതിയെയും വിമര്‍ശിച്ച് ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിധി വന്നതിന്റെ പിറ്റേ ദിവസം ടെലിഗ്രാഫ് ദിനപത്രത്തില്‍ ഒരു ലേഖനം എഴുതി. സുപ്രീം കോടതി സുപ്രീം ആണെങ്കിലും സര്‍ക്കാരിന്റെ നയപരം ആയ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരം ഇല്ലെന്ന ചാറ്റര്‍ജിയുടെ ലേഖനം ടെലിഗ്രാഫ് ദിനപത്രം ഒന്നാം പേജില്‍ നല്‍കി.

ചാറ്റര്‍ജിയുടെ ലേഖനം പ്രസിദ്ധീകരിച്ച് രണ്ടാം ദിവസം ഗാംഗുലി മറുപടിയും ആയി രംഗത്ത് എത്തി. മറുപടി പറയാന്‍ ഗാംഗുലി തെരഞ്ഞെടുത്തതും ടെലിഗ്രാഫ് ദിനപത്രം ആയിരുന്നു. 2 ജി കേസിലെ തന്റെ വിധിയെ ഗാംഗുലി ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ന്യായീകരിച്ചു. പിന്നീട് ആ ന്യായീകരണം പല ദൃശ്യ മാധ്യമങ്ങളിലും തുടര്‍ന്നു. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റില്‍ അദ്ദേഹം കോടതിക്ക് ലഭിച്ച രഹസ്യമായ പല വിവരങ്ങള്‍ പോലും പങ്ക് വച്ചു.

ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് തന്റെ വിധികളെ ന്യായീകരിച്ച് പൊതു വേദിയില്‍ സംസാരിച്ചു എന്ന ഉണ്ണിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നത് ജസ്റ്റിസ് ഗാംഗുലി പരസ്യ പ്രതികരണവും തുടര്‍ന്ന് അത് മായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ മേഖലയില്‍ ഉണ്ടായ ചര്‍ച്ചകളും ആയിരുന്നു.

വിധികളാണ് സംസാരിക്കേണ്ടത് അല്ലാതെ വിധി പ്രസ്താവിച്ച ന്യായാധിപന്‍മാര്‍ അല്ല എന്നാണ് ഇന്ത്യന്‍ ജുഡിഷ്യറിയിലെ പൊതു തത്വം. രാഷ്ട്രീയകാരെ പോലെ തങ്ങളുടെ പ്രവര്‍ത്തികള്‍ പൊതു മണ്ഡലത്തില്‍ വിളിച്ച് പറഞ്ഞ് നടക്കേണ്ട വ്യക്തികള്‍ അല്ല ജഡ്ജിമാര്‍. ഇത് ഇന്ത്യന്‍ ജുഡിഷ്യറിയിലെ മാത്രം പൊതു തത്വം അല്ല. പ്രശസ്ത അമേരിക്കന്‍ ജൂറിസ്റ്റ് ഫെലിക്‌സ് ഫ്രാങ്ക് ഫര്‍ട്ടര്‍ പോലും 1940 കളില്‍ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്.

വിരമിച്ച ഒരു ന്യായാധിപന് ഏതു വിഷയത്തിലും പ്രതികരിക്കാന്‍ ഉള്ള അവകാശം ഉണ്ട്. അത് സ്വാഗതാര്‍ഹവും ആണ്. എന്നാല്‍ സ്വന്തം വിധിയെ ന്യായീകരിച്ച് നടക്കുന്നത് ഒരു ന്യായാധിപന് യോജിച്ച പ്രവര്‍ത്തി അല്ല. വിധി പ്രസ്താവിച്ച് കഴിഞ്ഞാല്‍ ന്യായാധിപന് ആ കേസുമായി ഉള്ള ബന്ധം അവസാനിച്ചു (functus officio). പിന്നെ വിധി ആണ് സംസാരിക്കേണ്ടത് ആണെന്നാണ് പൊതു തത്വം.
ജഡ്ജി സ്വന്തം വിധിയെ ന്യായീകരിച്ച് പൊതു വേദിയില്‍ സംസാരിക്കാമോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക