Image

സുവര്‍ണ പ്രഭയില്‍ 'പൈതൃകം 2018'ന് വേദിയൊരുങ്ങി; ക്‌നാനായ സംഗമം വെള്ളിയാഴ്ച മുതല്‍

Published on 05 October, 2018
സുവര്‍ണ പ്രഭയില്‍ 'പൈതൃകം 2018'ന് വേദിയൊരുങ്ങി; ക്‌നാനായ സംഗമം വെള്ളിയാഴ്ച മുതല്‍

ബ്രിസ്‌ബേന്‍: ആഗോള ക്‌നാനായക്കാര്‍ നെഞ്ചിലേറ്റിയ ഓഷ്യാനയിലെ ക്‌നാനായക്കാരുടെ സ്വപ്‌ന സാക്ഷാല്‍കാരമായ 'പൈതൃകം 2018' ന് പൊന്‍തിരി തെളിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തിന്റെ നാനാദിക്കിലും അധിവസിക്കുന്ന ക്‌നാനായക്കാരുടെ കണ്ണും കാതും ഇനി ഓസ്‌ട്രേലിയായിലെ ലോക പ്രശസ്തമായ ഗോള്‍ഡ്‌കോസ്റ്റ് സീ വേള്‍ഡ് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 5, 6, 7 (വെള്ളി, ശനി, ഞായര്‍) എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായി ഒത്തുചേരുന്‌പോള്‍ അത് ക്‌നാനായ പൈതൃകത്തിന്റെയും പാരന്പര്യത്തിന്റെയും തനിമയും ഒരുമയും വിശ്വാസപ്രഖ്യാപനവും തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്.

കെസിസിഒ നേതൃത്വം നല്‍കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം വരുന്ന ക്‌നാനായക്കാരുടെ ഈ മാമാങ്കത്തിന് സഭാപിതാക്കന്മാരും വൈദീകരും ജന സാമൂദായിക നേതാക്കന്മാരും സാക്ഷ്യം വഹിക്കുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്.

ഒക്ടോബര്‍ 5 ന് കൊടിയേറുന്ന പൈതൃകം 2018 ലെ എല്ലാപരിപാടികളും വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നതും വിവിധ കലാ കായിക മത്സരങ്ങള്‍, ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന റാലി, ഒത്തൊരുമയുടെ പ്രഖ്യാപനമായ പൊതുസമ്മേളനം എന്നിവയുടെ വര്‍ണ്ണപ്പൊലിമയാല്‍ സമ്പന്നവുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പൈതൃക വേദിയില്‍ പ്രാര്‍ഥനാ വര്‍ഷവുമായി ആത്മീയ നേതാക്കളായ ചിങ്ങവനം ആര്‍ച്ചു ബിഷപ്പ് മോര്‍ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്‌നാനായ സമുദായാംഗവമായ മാര്‍ ജോര്‍ജ് പള്ളിപ്പറന്പില്‍, ബ്രിസ്‌ബേന്‍ ആര്‍ച്ചു ബിഷപ് മാര്‍ മാര്‍ക്ക് കോള്‍റിഡ്ജ് , സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയ ആത്മീയ നേതാക്കള്‍ നാലാമത് ഓഷ്യാന ക്‌നാനായ കണ്‍വന്‍ഷന്‍ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു. കൂടാതെ ഫാ. ടോമി പാട്ടുമാക്കില്‍, ഫാ ജോസഫ് കാരുപ്ലാക്കില്‍, ഫാ തോമസ് അരീച്ചറ, ഫാ ബിജോ കുടിലില്‍, ഫാ തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു. 

പൈതൃകത്തിന്റെ വന്‍ വിജയത്തിനായി നിങ്ങളേവരുടെയും പ്രാര്‍ഥന സഹായം വിനീതമായി അഭ്യര്‍ഥിക്കുന്നു. ലോകത്താകമാനമുള്ള ക്‌നാനായക്കാര്‍ക്ക് ഈ സുവര്‍ണ നിമിഷങ്ങള്‍ വീക്ഷിക്കുന്നതിന് ' ലൈവ് ടെലികാസ്റ്റ് ' ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക