Image

എസ് .എം.എസ് . അച്ചായന്മാരും, (ചാനലുകളുടെ കോടിക്കൊയ്ത്തും: നര്‍മ്മം- ജയന്‍ വര്‍ഗീസ്)

Published on 05 October, 2018
എസ് .എം.എസ് . അച്ചായന്മാരും, (ചാനലുകളുടെ കോടിക്കൊയ്ത്തും: നര്‍മ്മം- ജയന്‍ വര്‍ഗീസ്)
" അച്ചായോ, ഇങ്ങനെ എസ് . എം . എസ് . അയക്കാതെ അച്ചായോ? "

രണ്ടാം ജോലിയും കഴിഞ്ഞു വന്ന ശ്രീമതി കുഞ്ഞേലി കുറ്റിക്കാട്ടില്‍
സ്വന്തം ഭര്‍ത്താവിനോട് അല്‍പ്പം ഈര്‍ഷ്യയോടെ തന്നെ പറഞ്ഞു പോയി. സെല്‍ഫോണില്‍ മിഴിനട്ടിരുന്ന മിസ്റ്റര്‍ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിന് അല്‍പ്പം ദേഷ്യം വന്നെങ്കിലും, സ്വയം അടക്കി. രണ്ടു ജോലി ചെയ്തു സന്പാദിക്കുന്ന കുഞ്ഞെലിയോട് പിണങ്ങുവാന്‍ കന്പനി ജോലിക്കാരനായ തനിക്ക് അത്ര ധൈര്യം പോരാ എന്ന് സ്വയമറിഞ്ഞും, നാട്ടില്‍ ചെല്ലുന്‌പോള്‍ ' ഇനി വലിയ കാര്യങ്ങളില്ലാ, ചെറിയ കളികള്‍ മാത്രം ' എന്ന ബിഗ്‌ബോസ് ' പരിപാടിയുടെ ഓഡിയന്‍സ് സീറ്റുകളിലൊന്ന് തരപ്പെടുത്താം എന്ന് വേണ്ടപ്പെട്ടവരില്‍ നിന്ന് ഓഫര്‍ കിട്ടിയിട്ടുള്ളതിനാലും, വളരെ നയത്തിലും മയത്തിലുമാണ് മിസ്റ്റര്‍ കുറ്റിക്കാട്ടില്‍ മറുപടി പറഞ്ഞത്.

" ആ പെങ്കൊച്ചിന്റെ മൊഖത്ത് നോക്കിയാല്‍ എങ്ങനാടീ അയക്കാതിരിക്കുന്നത് ? അല്ലെങ്കില്‍ ഞാനൊരു കലാഹൃദയം ഇല്ലാത്തവനായിരിക്കണം.

അത് കുഞ്ഞേലിയുടെ കൊള്ളേണ്ടിടത്തു കൊണ്ടു. തന്റെ ഭര്‍ത്താവ് ശ്രീ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടില്‍ 'കെന്നഡി ' യില്‍ വിമാനമിറങ്ങിയതിനു ശേഷമാണല്ലോ തന്റെ സാമൂഹ്യ പദവി ഇത്രയും ഉയര്‍ന്നത് എന്ന് കുഞ്ഞേലിയോര്‍ത്തു. അത് വരെ വെറും കുഞ്ഞേലിയായിരുന്ന താന്‍ ശ്രീമതി ' കുഞ്ഞേലി കുറ്റിക്കാട്ടില്‍ ' ആയതും, അമേരിക്കയിലെ പള്ളികളിലും, മലയാളിപ്പരിപാടികളിലും സ്‌പോണ്‍സറായും, അവതാരകനായും, ഭാരവാഹിയായും, ഓര്‍ഗനൈസറായും, ചെണ്ട മേളക്കാരനായും ഒക്കെ പങ്കെടുക്കുന്ന തന്റെ ഭര്‍ത്താവ് ശ്രീ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിന്റെ സഹധര്‍മ്മിണി എന്ന നിലയില്‍ എത്രയെത്ര തവണയാണ് ചാനലുകളില്‍ തന്റെ മുഖം പതിഞ്ഞിട്ടുള്ളത് എന്നും കുഞ്ഞേലി അഭിമാനത്തോടെ ഓര്‍ത്തെടുത്തു.

" അല്ല, ഞാന്‍ പറഞ്ഞെന്നേയുള്ളൂ. അച്ചായനെ ഞാന്‍ തടയത്തില്ല."

കുഞ്ഞേലി കീഴടങ്ങിയതോടെ മിസ്റ്റര്‍ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിന് ആവേശമായി. കണ്ടാല്‍ കൊള്ളാവുന്ന എല്ലാ പെണ്ണുങ്ങള്‍ക്കും എസ് . എം . എസ് . ന്റെ ഒരു പട തന്നെ അയാള്‍ അയച്ചുകൊണ്ടിരുന്നു. ആണ്‍ പിള്ളാര്‍ക്ക് അധികം എസ് . എം . എസ് . താന്‍ അയക്കാറില്ലെന്നും, തന്നെപ്പോലെ കലാഹൃദയമുള്ള ധാരാളം വനിതകള്‍ രംഗത്തുള്ളതു കൊണ്ട് ആ വിടവ് അവര്‍ നികത്തിക്കൊള്ളുമെന്നും ഒരു ഇന്റര്‍വ്യുവില്‍ ശ്രീ കുറ്റിക്കാട്ടില്‍ പറയുകയുണ്ടായി. ( തന്റെ ഭാര്യ കുഞ്ഞേലി കലാഹൃദയമുള്ളവരുടെ കൂട്ടത്തിലല്ലല്ലോ എന്നും, ജോലിയേ ശരണം എന്നും പറഞ്ഞു നടക്കുന്ന അവളുടെ കൂടെയുള്ള പൊറുതി കൊണ്ട് തന്റെ സാംസ്കാരിക വളര്‍ച്ച മുരടിക്കുകയാണ് ഉണ്ടായതെന്നും ഇത് വരെ പുറത്തു പറഞ്ഞിട്ടില്ലെങ്കിലും, അവളുടെ ഓവര്‍ ടൈമിന്റെ പണമുള്ളതു കൊണ്ടാണ് തന്റെ വെള്ളമടി കൂട്ടായ്മകള്‍ പോലും നടന്നു പോകുന്നത് എന്ന് മിസ്റ്റര്‍ കുറ്റിക്കാട്ടില്‍ സ്വയമറിയുന്നുണ്ട്.)

ഏകാഗ്രതക്കും, തെറ്റ് പറ്റാതിരിക്കുവാനുമായി ബാത്ത്‌റൂമില്‍ കയറി കതകടച്ചിട്ടാണ് ശ്രീ കുഞ്ഞച്ചന്‍ കുട്ടിക്കാട്ടിലിന്റെ എസ് . എം . എസ് . വിക്ഷേപണം. അപ്പൊളാരെങ്കിലും, വിളിക്കുകയോ, ശല്യപ്പെടുത്തുകയോ ഒക്കെ ചെയ്താല്‍ ഭയങ്കര ദേഷ്യമാണ്. ഒരു കലാകാരന്റെ വേദന ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുടുംബമായി കുഞ്ഞെലിയും, ഏക മകളായ അവളുടെ കൂടെ താമസമാക്കിയിട്ടുള്ള അവളുടെ പേരന്റസും സ്വയം മാറി. വര്‍ഷങ്ങള്‍ ആയെങ്കിലും കുട്ടികള്‍ ആവാത്തത് കൊണ്ട് അതും സൗകര്യമായി. മരുമകന്‍ ബാത്‌റൂമിലാണെങ്കില്‍ ഒരു ഈച്ചയനക്കം പോലും ഉണ്ടാവാതെ സൂക്ഷിക്കുവാന്‍ എല്ലാവരും ശ്രദ്ധിച്ചു. ശ്രീ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിന്റെ ' ഇന്‍ലോകള്‍ ' എന്ന നിലയില്‍ തങ്ങള്‍ക്കും പരിപാടികളില്‍ മുന്‍നിര സീറ്റു തന്നെ ലഭിച്ചിരുന്നത് അവര്‍ക്കും അറിയാം.

നാട്ടില്‍ വച്ച് തന്നെ അല്‍പ്പം ' ഗരുഡന്‍ തൂക്കം ' വശമാക്കിയിരുന്നത് കൊണ്ട് കിട്ടുന്ന വേദികളിലെല്ലാം അതവതരിപ്പിക്കുവാന്‍ ശ്രീ കുറ്റിക്കാട്ടില്‍ മറന്നില്ല. നാട്ടില്‍ നിന്ന് വരുന്ന ബുദ്ധിജീവികള്‍ക്ക് കുറ്റിക്കാട്ടില്‍ ഫാമിലി പകര്‍ന്നു കൊടുക്കുന്ന ഷീവാസ് റീഗലിന്റെ ഓര്‍മ്മയില്‍ തനതു കലാരൂപമായ ഗരുഡന്‍ തൂക്കത്തിന്റെ അമേരിക്കന്‍ അംബാസഡറാണ് മിസ്റ്റര്‍ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടില്‍ എന്ന് അവര്‍ തന്നെ നാട്ടു പത്രങ്ങളില്‍ എഴുതുകയുണ്ടായി. എന്തിനു പറയുന്നു, ഒരു സര്‍വകലാ വല്ലഭന്‍ എന്ന നിലയിലുള്ള ശ്രീ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിന്റെ പ്രശസ്തി പസഫിക്കിന്റെയും, അറ്റലാന്റിക്കിന്റെയും ഇടയിലുള്ള മലയാളി ഗലികളിലെല്ലാം ഇടിച്ചു കയറി നിന്നു.

ഒരിക്കല്‍ ശ്രീ കുറ്റിക്കാട്ടിലിന്റെ എസ. യു. വി .യുടെ ഇരുവശങ്ങളിലും മുക്കാലും നഗ്‌നയായ ഒരു മൂന്നാം കിട നടിയുടെ ' ആരെടാ വീരാ പോരിന് വാടാ ' എന്ന പോസിലുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ട് ചീറിപ്പാഞ്ഞു പോകുന്നത് കണ്ടു? പള്ളിയുടെ ധനശേഖരണാര്‍ത്ഥമുള്ള പരിപാടിയില്‍ വിവാഹ ബന്ധത്താല്‍ അമേരിക്കയില്‍ പാര്‍ക്കും നടി ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്നു എന്നതാണ് കാര്യം. പള്ളിപ്പരിപാടി ആയതു കൊണ്ട് വിഷണ്ണനായി അസ്തമയം നോക്കിയിരിക്കുന്ന യേശുക്രിസ്തുവിന്റെ ചെറിയ ചിത്രവും നടിയുടെ പാദത്തിനടിയിലുണ്ട്

ഇതൊക്കെയാണെങ്കിലും, എസ .എം .എസ. അയക്കാന്‍ തുടങ്ങിയതോടെ ആകെ പ്രശ്‌നമായി. റിയാലിറ്റി ഷോകളുടെ ഗ്രാന്റ്ഫിനാലെ ആവുന്നതോടെ മിസ്റ്റര്‍ കുറ്റിക്കാട്ടില്‍ മിക്കവാറും ബാത്‌റൂമില്‍ തന്നെയായി ഇരിപ്പ്. ' ഇനി വലിയ കാര്യങ്ങളില്ലാ, ചെറിയ കളികള്‍ മാത്രം.'എന്ന് അവതാരകനായ സൂപ്പര്‍ സ്റ്റാര്‍ പറയുന്‌പോള്‍ അത് തന്റെ സ്വന്തം വികാരമായി സംവേദിച് നെഞ്ചിലേറ്റിയാണ് കുറ്റിക്കാട്ടില്‍ പ്രതികരിച്ചത്. തിന്നാനൊഴികെ മറ്റൊന്നിനും ബാത്ത് റൂമില്‍ നിന്ന് പുറത്തു വരാതായതോടെ ശ്രീ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടില്‍ അനുദിനം ക്ഷീണിച്ചു ക്ഷീണിച്ചു വന്നു. എന്താ അച്ചായനിങ്ങനെ ക്ഷീണിക്കുന്നതെന്ന് മിസ്സിസ് കുഞ്ഞേലി കുറ്റിക്കാട്ടില്‍ ആരാഞ്ഞുവെങ്കിലും, " ടെന്‍ഷനാടീ " എന്ന ഒറ്റ വാക്കില്‍ മാത്രമായിരുന്നു മറുപടി.

മിസ്റ്റര്‍ കുറ്റിക്കാട്ടില്‍ ആടിവീഴും എന്ന പരുവത്തിലെത്തിയപ്പോള്‍ ' അച്ചായന്‍ ഒരു ഡോക്ടറെ കാണ് ' എന്ന് മിസ്സിസ് കുറ്റിക്കാട്ടില്‍ പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ലന്നു മാത്രമല്ലാ, " എനിക്ക് കുഴപ്പമൊന്നുമില്ലാ " എന്നൊരു പ്രസ്താവന നടത്തുകയും ചെയ്തു. എങ്കിലും കുഞ്ഞേലി കുറ്റിക്കാട്ടില്‍ കഠിനമായി നിര്‍ബന്ധിച് ഭര്‍ത്താവിനെ ഒരു ഡോക്ടറെ കാണിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷം " മുടങ്ങാതെ കഴിക്കണം " എന്ന നിര്‍ദ്ദേശത്തോടെ ഡോക്ടര്‍ ഒരു മരുന്നിന് കുറിച്ച് കൊടുത്തു.

മരുന്ന് താന്‍ വാങ്ങി വരാം എന്ന് കുഞ്ഞേലി കുറ്റിക്കാട്ടില്‍ പറഞ്ഞെങ്കിലും കുഞ്ഞച്ചന്‍ കുറ്റിക്കാട്ടില്‍ അതിനു സമ്മതിക്കുകയോ, എത്ര നിര്‍ബന്ധിച്ചിട്ടും പ്രസ്ക്രിപ്ഷന്‍ കുഞ്ഞേലിയെ കാണിക്കുകയോ ചെയ്തില്ല. ഒരു കലാകാരന്റെ വേദനയായി ഇതിനെയും കാണുന്നതായി പുറമേ ഭാവിച്ചുവെങ്കിലും ശ്രീമതി കുഞ്ഞേലി കുറ്റിക്കാട്ടിലിന് ഉറങ്ങാന്‍ സാധിച്ചില്ല.

രാവിന്റെ യാമങ്ങള്‍ കൊഴിയുകയാണ്. കിടക്കയുടെ ഒരരികില്‍ അട്ടയെപ്പോലെ ചുരുണ്ടുകൂടി തളര്‍ന്നുറങ്ങുകയാണ് മിസ്റ്റര്‍ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടില്‍. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മിസ്സിസ് കുഞ്ഞേലി കുറ്റിക്കാട്ടില്‍ രാത്രി രണ്ടര മാണി കഴിഞ്ഞ നേരത്ത് രണ്ടും കല്‍പ്പിച് ഭര്‍ത്താവിന്റെ അടി വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ആ പ്രസ്ക്രിപ്ഷന്‍ പതിയെ ചൂണ്ടിയെടുത്തു. ബെഡ് ലാന്പിന്റെ അരണ്ട വെളിച്ചത്തില്‍ വളരെ ശ്രദ്ധാപൂവം ആ ദിവ്യ ഔഷധത്തിന്റെ പേര് വായിച്ചെടുത്തു : " വയാഗ്ര "

* കഥയും, കഥാ പാത്രങ്ങളും വെറും സങ്കല്പികങ്ങള്‍ മാത്രം.

അനുബന്ധം : ഇനി വലിയ കാര്യങ്ങളില്ലാ, ചെറിയ കളികള്‍ മാത്രം.!

ഇതുവരെ പറഞ്ഞത് നര്‍മ്മം. ഇനി കാര്യത്തിലേക്കു വരാം. ഏഷ്യാനെറ്റ് എന്ന മലയാളം ചാനലില്‍ ഈയിടെ അരങ്ങേറിയ 'ബിഗ് ബോസ് ' എന്ന റിയാലിറ്റി ഷോയിലേക്കു അഞ്ചു കോടി പന്ത്രണ്ടു ലക്ഷം എസ. എം . എസ .കള്‍ ആണ് മലയാളത്തിലെ തൈക്കിളവക്കൂട്ടവും, ക്ഷുഭിത യൗവനക്കൂട്ടവും കൂടി അയക്കുകയുണ്ടായത് എന്ന് കണക്കുകള്‍ പറയുന്നു. ചട്ടിയും കലവും വരെ വെള്ളം കൊണ്ട് പോയ കേരളത്തില്‍, ബഹുമാനപ്പെട്ട മുഖ്യ മന്ത്രി തന്നെ നേരിട്ടിറങ്ങി സഹായം അഭ്യര്‍ത്ഥിച്ചു കൈ നീട്ടി നടക്കുന്ന ഒരു നാട്ടില്‍, നമ്മുടെ കഥയിലെ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിനെപ്പോലുള്ളവര്‍ അയച്ചു കൊടുത്ത എസ .എം . എസ്സ് ന്റെ കണക്കാണ് അഞ്ചു കോടി പന്ത്രണ്ടു ലക്ഷം.

ഒന്നുകില്‍ നമ്മുടെ കേരളീയര്‍ മഹാ ദാന ശീലര്‍. ( അല്ല ; സര്‍വൈശ്വര്യത്തിന്റെയും പ്രതീകമായിരുന്ന സ്വന്തം കര്‍ണ്ണ കുണ്ഡലങ്ങള്‍ വഴിയില്‍ക്കണ്ട ബ്രാഹ്മിണന് ഊരിക്കൊടുത്തിട്ടാണല്ലോ നമ്മുടെ പാവം കര്‍ണ്ണന്‍ പഠിച്ചത് മറന്ന്, ചളിയില്‍ പുതഞ്ഞ തേര്‍ചക്രം അനക്കാനാവാതെ കണ്ടവന്റെ അന്പ് കൊണ്ട് ചത്തത് എന്നും, ഇതേ ദാനശീലം കൊണ്ട് തന്നെയാണല്ലോ നമ്മുടെ മഹാബലിത്തന്പുരാന്‍ സ്വന്തം തല ആള്‍മാറാട്ടം വാമനന്റെ കാലിനടിയില്‍ വച്ച് കൊടുത്ത് പാതാളത്തിലേക്ക് പടിയിറങ്ങിയത് എന്നും ഇത്തരുണത്തില്‍ ആശ്വസിക്കാം.) അല്ലെങ്കില്‍,തൊള്ളായിരത്തി അറുപതുകളില്‍ തന്നേ നമ്മുടെ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ മുന്നറിയിപ്പ് തന്നിരുന്നതു പോലെ തന്നെ സംഭവിച് പടിഞ്ഞാറന്‍ ബൗദ്ധിക അധിനിവേശത്തിന്റെ അടിമ നുകത്തിനടിയില്‍ സ്വന്തം കഴുത്തുകള്‍ പിണച്ചു കൊടുത്ത മൂന്നാം ലോക രാജ്യങ്ങളിലെ ജനപഥങ്ങളിലൊന്നായി തരം താണു
കൊണ്ട്, ചിന്താ ശേഷിയുടെ വരിയുടക്കപ്പെട്ട ഇന്ത്യന്‍ കാളകളിലെ കേരളാപ്പതിപ്പുകള്‍ ആയിത്തീരുകയായിരുന്നു നമ്മള്‍ മലയാളികള്‍.

വരിയുടച്ച കാളകള്‍ നല്ല ഉഴവുകാരായത് കൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് മൂന്നാംലോക രാജ്യങ്ങളില്‍ നല്ല ഉഴവുകാരെ കിട്ടുന്നു. എല്ലാ കോര്‍പറേറ്റുകളുടെയും അടി വേരുകള്‍ അങ്ങ് പടിഞ്ഞാറന്‍ നാടുകളില്‍ ആണെന്നത് കൊണ്ട് തന്നെ, അന്നേ അവര്‍ വിതച്ച 'എന്‍ജോയ് ദി ലൈഫ് 'എന്ന വിഷവിത്ത് അവിശ്വസനീയമാം വിധം വളര്‍ന്നു പടര്‍ന്ന് ഇന്ന് അറുപതും, നൂറും മേനി വിളഞ്ഞു നില്‍ക്കുന്‌പോള്‍ അതാണ്, അഞ്ചുകോടി പന്ത്രണ്ടു ലക്ഷമായി അവര്‍ കൊയ്‌തെടുക്കുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ തലക്കകത്ത് ആള്‍ താമസം വേണം. അടിപൊളിയന്‍ കേരളീയന് ഇനിയും ഇത് മനസ്സിലാകാതെ പോകുന്നതിന്റെ കാരണം അറുപതുകളുടെ ആദ്യ പാദങ്ങളില്‍ തന്നെ അവര്‍ അവന്റെ ചിന്താ ശേഷിയുടെ വരിയുടച്ചു കളഞ്ഞത് കൊണ്ടാണ് എന്ന് ഇനിയും അവന്‍ തിരിച്ചറിഞ്ഞിട്ടില്ലാ എന്നതാണ് ദയനീയം.!

കലയോടും കലാകാരനോടുമുള്ള ആരാധന കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണു വാദമെങ്കില്‍ യഥാര്‍ത്ഥ കലയും, കലാകാരനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് അന്പലപ്പറന്പുകളിലെ ഊട്ടുപുരകളിലോ, ദാരിദ്ര്യത്തിന്റെ ചളിക്കുളങ്ങളിലോ അസ്തമിച്ചടങ്ങിയ അനേകം അനുഭവങ്ങഉം നമുക്കുണ്ട്. കലയെ ശാസ്ത്രീയവല്‍ക്കരിച്ച വലിയ മാറ്റത്തിന് സിനിമ വഴി തുറന്നതോടെ ' മൈഥുനം പാതി ദര്‍ശനം ' എന്ന പ്രമാണം നടപ്പിലാവുകയും, കലയെക്കാളുപരി അയാളുടെ/ അവളുടെ ശരീരവും ചലനവും പ്രേക്ഷക മനസുകളെ കീഴടക്കുകയും, അതിലൂടെ മനുഷ്യ മനസ്സുകളിലെ മൃദുല വികാരങ്ങള്‍ പരിപോഷിപ്പിക്കപ്പെടുകകയും ചെയ്യപ്പെട്ടപ്പോള്‍ അത്തരം ഇടങ്ങളിലേക്ക് ഇടിച്ചു കയറിയ മനുഷ്യക്കൂട്ടങ്ങള്‍ വാരിയെറിഞ്ഞ നാണയത്തുട്ടുകളുടെ പെരുപ്പത്തിലാണ് സിനിമയും, ടെലിവിഷനുമുള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ മഹാ മലകളായി വളര്‍ന്നു പടര്‍ന്നത്.

മനുഷ്യ മനസ്സുകളില്‍ മാറ്റത്തിന്റെ കാറ്റ് വിതച്ചു കൊണ്ട്, യഥാര്‍ത്ഥ മനുഷ്യനായി അവനെ സ്വയം മാറ്റിത്തീര്‍ക്കാന്‍ സഹായിച്ചു കൊണ്ടിരുന്ന നാടകം എന്ന കലാരൂപം ലോക ചരിത്രത്തിലെ അതിന്റെ രണ്ടായിരത്തി അഞ്ഞൂറ് വര്ഷങ്ങളുടെ പാരന്പര്യം അവസാനിപ്പിച്ചു കൊണ്ട് കെട്ടടങ്ങുകയാണ്. ' ആയാസകരമായ ഒരു വേദനയാണ് ആസ്വാദനം' എന്ന നിലയില്‍ നിന്ന് അല്‍പ്പനേരം രസിക്കാനുള്ള എളുപ്പ വഴിയായി മനുഷ്യന്‍ കലാ രൂപങ്ങളെ കണ്ടു തുടങ്ങി. ഇവിടെയാണ് വളിപ്പന്‍ മിമിക്രികളും, അത് നിറഞ്ഞാടുന്ന വെള്ളി സ്വര്‍ണ്ണ ത്തിരകളും രൂപം കൊള്ളുന്നത്. ചാനലുകള്‍ ഒരു പടി കൂടി കടന്ന് റിയാലിറ്റി ഷോകളിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ തുടങ്ങി. ഇവിടെയെല്ലാം കാട്ടെലി ക്യാമറകള്‍ കരണ്ടു കരണ്ട് പ്രേക്ഷകന്റെ കണ്ണിലെത്തിച്ചത് മനുഷ്യ ശരീരത്തിന്റെ മനോഹരങ്ങളായ നിമ്‌നോന്നതങ്ങളായിരുന്നു. എതിര്‍ ലിംഗത്തോടുള്ള അഭിനിവേശത്തില്‍ അടി പിണഞ്, മൈഥുനം പാതി ദര്‍ശന പ്രമാണത്തില്‍ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലുകള്‍ വാരിയെറിഞ്ഞു കൊടുക്കുകയാണ് തങ്ങളുടെ സന്പാദ്യത്തിന്റെ വിലപ്പെട്ട നാണയത്തുട്ടുകള്‍ എസ് .എം. എസ് . ന്റെ രൂപത്തിലാക്കി.

ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ സൃഷ്ടിക്കുന്നതിനുള്ള സൈദ്ധാന്തിക ഊര്‍ജ്ജം പ്രസരിപ്പിക്കലാണ് ഓരോ കലാരൂപവും ഉല്‍പ്പാദിപ്പിക്കേണ്ട റവന്യൂ എങ്കില്‍, ഒരു ഡസനിലധികം വരുന്ന കൊഴുപ്പും, മുഴുപ്പും നിറഞ്ഞ ആണ്‍ പെണ്‍ യുവാക്കളെ നൂറു ദിവസ്സത്തേയ്ക്ക് ഒരു കാരാഗൃഹത്തില്‍ അടച്ചിട്ടു കൊണ്ട് അവരുടെ തീറ്റയും കുടിയും, ഓട്ടവും ചാട്ടവും, വഴക്കും വാക്കാണവും, ഊണും ഉറക്കവും, പുകവലിയും പരദൂഷണവും ഒക്കെ ( മുള്ളലും തൂറലും കാണിച്ചില്ല, ഭാഗ്യം ! ) നല്ല ക്ലാരിറ്റിയുള്ള ഹൈ ഡെഫനീഷ്യന്‍ ക്യാമറയില്‍ ഒപ്പീയെടുത്തു കാണിച്ചാല്‍ ഇതിലൂടെ സമാജത്തിന് കൈമാറാനാവുന്ന എന്ത് സാമൂഹ്യ മാറ്റമാണ് ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് അവതാരകനായ സൂപ്പര്‍ സ്റ്റാര്‍ അടിയങ്ങള്‍ക്കു പറഞ്ഞു തന്നാലും ഭവാന്‍ ?

മനുഷ്യനെ വടിയാക്കുന്ന പരിപാടികള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണായിരുന്നു കേരളം എന്നതിന് ചരിത്രത്തില്‍ എത്ര തെളിവുകള്‍ വേണമെങ്കിലുമുണ്ട്. സന്പൂര്‍ണ്ണ സാക്ഷരത കൊണ്ട് കടമറ്റത്തു കത്തനാരെയും, കള്ളിയാങ്കാട്ടു നീലിയെയും, ഇളവന്നൂര്‍ ഛക്കിയെയും വരെ പുനര്‍ജ്ജനിപ്പിച്ച നാടാണ് കേരളം. പാലാ സെന്‍ട്രല്‍ ബാങ്ക് മുതല്‍ പൊട്ടിപ്പൊളിഞ്ഞ എത്രയെത്ര ചിട്ടികളുടെയും, നിക്ഷേപക്കന്പനികളുടെയും, ഇരട്ടിപ്പിക്കല്‍ ലീസുകളുടെയും, ആട്, തേക്ക്, മാഞ്ചിയങ്ങളുടെയും കഥകളാണ് നിലവിലുള്ളത് ? നല്ല തൊലി വെളുപ്പുള്ള പെണ്ണുങ്ങളെ വച്ച് പരസ്യം കൊടുത്താല്‍ എന്തും വിറ്റഴിക്കാം എന്നും, ഏത് വിഷവും തീറ്റിക്കാം എന്നും ഉള്ള ഒരു നിലയില്‍ എത്തിയിരിക്കുന്നു ലജ്ജാകരമായി നമ്മുടെ സമൂഹം. നിജസ്ഥിതിയെപ്പറ്റി പഠിക്കാതെ ഏതു തരം വെട്ടിപ്പുകള്‍ക്കും നിരങ്ങാന്‍ വേണ്ടി തങ്ങളുടെ സ്വര്‍ണ്ണ മുഖം തുറന്നു കൊടുക്കുന്ന ചാനല്‍ കോര്‍പ്പറേറ്റുകളാണ് പുതിയ കാലത്തിന്റെ സാമൂഹ്യ ദ്രോഹികള്‍ എന്ന് തുറന്നടിക്കുന്‌പോള്‍ത്തന്നെ ചില മേഖലകളില്‍ അവര്‍ നിര്‍വഹിക്കുന്ന സാമൂഹ്യ സേവനങ്ങള്‍ക്ക് ആദര പൂര്‍വം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

ഇതുവരെ തട്ടിപ്പ് പരസ്യങ്ങള്‍ക്ക് ( ഉദാഹരണം: "എന്റെ ഒന്നാമത്തെ മകന് ചുമയും ജലദോഷവും വന്നപ്പോള്‍ ഒരു വര്‍ഷക്കാലം തുടരെ ഒരു ദിവ്യ ഔഷധം കൊടുത്ത് അത് മാറ്റിയെടുത്തു. ഇപ്പോള്‍ രണ്ടാമത്തെ മകന് കൊടുത്ത് തുടങ്ങാന്‍ പോവുകയാണ് പോലും? ഒരാഴ്ച കൊണ്ട് സ്വയം മാറുന്ന ചുമക്കും, ജലദോഷത്തിനും ഒരു വര്‍ഷക്കാലം തുടരെ മരുന്ന് കൊടുക്കേണ്ടി വന്നുവെങ്കില്‍ ഇതെന്തൊരു തട്ടിപ്പ് ചികിത്സയാണ് സാര്‍? ഇതെന്തൊരു തട്ടിപ്പ് പരസ്യമാണ് സാര്‍??) സ്വന്തം ചാനല്‍ മുഖങ്ങളില്‍ ഇടം കൊടുത്തിരുന്ന ഇക്കൂട്ടര്‍ തന്നെ ഇപ്പോള്‍ വന്‍ തട്ടിപ്പുകാരായി മാറിയിരിക്കുന്നു. സ്റ്റാര്‍ സിംഗര്‍, കോമഡി സ്റ്റാര്‍സ്, കോടീശ്വരന്‍ മുതലായ പരിപാടികളില്‍ കൂടി ഒരു എസ്. എം. എസ് . സംസ്കാരം തന്നെ ഇവര്‍ വളര്‍ത്തി എടുത്തിരിക്കുന്നു. നല്ല മുഖശ്രീയുള്ള പെണ്‍കുട്ടികളുടെ അംഗവടിവ് ഒപ്പിയെടുത്തു കാണിച്ചു കൊണ്ട് എസ്. എം. എസ്. അപേക്ഷിക്കുന്‌പോള്‍ ഏതു കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലും അയച്ചു പോകും പത്ത് എസ് . എം. എസ്. കള്‍. ഇത്തരം 45 ലക്ഷം കുഞ്ഞച്ഛന്മാരുണ്ടെന്ന് സ്റ്റാര്‍ സിംഗര്‍ സമയത്ത് ചാനല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അവരുടെ സംഖ്യ കോടികളാണ്. ഒരു എസ് . എം. എസ്. നു അഞ്ചു രൂപക്കും മുകളിലാണ് മിക്ക ഫോണ്‍ കമ്പനികളുടെയും നിരക്ക്. ഇപ്രകാരം ലഭിക്കുന്ന കോടാനുകോടികളുടെ സന്പത്ത് ചാനലുകളും, ഫോണ്‍ കമ്പനികളും കൂടി വീതിച്ചെടുക്കുകയായിരിക്കണം. കാശ് മുടക്കി കച്ചവടം ചെയ്യുന്നവര്‍ ലാഭം ഉണ്ടാക്കുന്നതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല, അതവരുടെ സ്വാതന്ത്ര്യം. പക്ഷെ. തങ്ങള്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങിത്തിരിച്ച സര്‍വ സംഗ പരിത്യാഗികളാണ് എന്ന് സമൂഹത്തോട് പറയരുത് എന്നൊരപേക്ഷ മാത്രമേയുള്ളു.

ചായക്കടയില്‍ നിന്ന് ബോണ്ട മോഷ്ടിക്കുന്നവന്റെ തലയില്‍ ചൂടുവെള്ളം ഒഴിക്കുന്ന ഒരു സദാചാര സമൂഹമാണ് നമുക്കുള്ളത്. എന്നിട്ടും വായില്‍ പഴം തള്ളപ്പെട്ടതു പോലെ നിശബ്ദമാണ് സമൂഹം. ആയിരം വട്ടം മരിക്കുന്ന ഭീരുവിനെപ്പോലെ നാം സ്വയം മാറിക്കഴിഞ്ഞു. "കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ വരട്ടു കിഴവന്മാരാണ് "എന്ന് ശ്രീ പി. സി. ജോര്‍ജ് പറഞ്ഞത് ഇതൊക്കെ ഉള്‍ക്കൊണ്ടിട്ടാവും എന്ന് കരുതുന്നു.

കലയോടും കലാകാരനോടുമുള്ള ആരാധനയാണ് ഇവിടെ കച്ചവടവല്‍ക്കരിക്കപ്പെടുന്നത്. പുട്ടിനു തേങ്ങാപ്പീര പോലെ ഇടക്കിടക്ക് സെക്‌സ് മസാലകള്‍. സന്പൂര്‍ണ്ണ സാക്ഷരതയല്ലാ, സന്പൂര്‍ണ്ണ ആത്മീയത നേടിയാലും മനുഷ്യനിതൊക്കെ വാങ്ങിച്ചു പോകും. " ഒട്ടു നേരം ഭഗവതി കാലുപൊക്കിക്കളിച്ചപ്പോള്‍, പെട്ട് പോയീ ഭഗവാനും " എന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ ? അത് കൊണ്ട് തന്നെയാണല്ലോ മഹാ തപസ്വിയായ നമ്മുടെ വിശ്വാമിത്രന്‍ വരെ മിസ് മേനകയുടെ മുന്നില്‍ പെട്ട് പോയത് ? പരിപാടിയും കഴിഞ് ചോരക്കുഞ്ഞായ ശകുന്തളാ ബേബിയെ കാട്ടിലുപേക്ഷിച്ചാണല്ലോ തത്ര ഭഗവാ ഉം, ഭഗവതിയും സ്ഥലം വിട്ടത് ?പിന്നെ ഈ പാവം കേരളക്കാരനെ പറയാനുണ്ടോ ? നല്ല മേനിക്കൊഴുപ്പ് കാണിച്ചു പറഞ്ഞാല്‍ അവന്‍ വാങ്ങിപ്പോകും; അവര്‍ പറയുന്നതെന്തും? പാവം മിസ്റ്റര്‍ കുഞ്ഞച്ചന്‍ കുറ്റിക്കാട്ടിലിനെപ്പോലെ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക