Image

ഓര്‍മ്മകളിലുടെ ഇന്നും ജീവിക്കുന്ന ശ്രീ. രാജന്‍ മാരേട്ട്‌

ഫിലിപ്പ്‌ മാരേട്ട്‌ Published on 03 April, 2012
ഓര്‍മ്മകളിലുടെ ഇന്നും ജീവിക്കുന്ന ശ്രീ. രാജന്‍ മാരേട്ട്‌
ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന മഹത്‌ വ്യക്തികളിലൊരാളാണ്‌ ശ്രീ. രാജന്‍ മാരേട്ട്‌ . തിരുവല്ലയ്‌ക്കടുത്ത കല്ലൂപ്പാറയില്‍ ജനിച്ച അദ്ദേഹം ഗുജറാത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . തുടര്‍ന്ന്‌ അമേരിക്കയിലെത്തിയ രാജന്‍ മാരേട്ട്‌ അമേരിക്കന്‍ മലയാളി മാധ്യമ രംഗത്ത്‌ ആര്‍ക്കും
വിസ്‌മരിക്കാന്‍ കഴിയാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

പതിനാറു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിപ്പോയ രാജന്‍ മാരേട്ട്‌ 2001 ഏപ്രില്‍ 5 ന്‌ നിര്യാതനായി. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ട്‌ 11 വര്‍ഷം തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സ്‌മരണ എന്റെ മനസ്സിലേക്ക്‌ ഓടിയെത്തുന്നു.

മധ്യതിരുവിതാംകൂറില്‍ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണകാലത്ത്‌ അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കല്ലൂപ്പാറദേശത്ത്‌ പ്രമുഖ കുടുംബങ്ങളിലൊന്നിലായിരുന്നു രാജന്‍ മാരേട്ട്‌ ജനിച്ചത്‌. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ യുണിവേഴ്‌സിറ്റിയില്‍ പി.എച്ച്‌ ഡി ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ അമേരിക്കയില്‍ വരാന്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചത്‌. അമേരിക്കയിലെ ആദ്യത്തെ മലയാള പ്രസിദ്ധികരണമായ `അശ്വമേധം' എന്ന മാഗസിന്‍ ആരംഭിച്ചത്‌. ശ്രീ. രാജന്‍ മാരേട്ടാണ്‌ പിന്നീട്‌ ആ പ്രസിദ്ധികരണം ഒരു വാര്‍ത്താ പത്രമായി വളര്‍ന്നു.

സ്വന്തമായി പത്രം നടത്തുന്നതിനിടയില്‍ മറ്റുള്ളവര്‍ക്ക്‌ പ്രോത്സാഹനവും സഹായവും നല്‍കാന്‍ രാജന്‍ മാരേട്ട്‌ എന്നും സന്നദ്ധനായിരുന്നു. ഇക്കാലയളവില്‍ `അമേരിക്കന്‍ മലയാളി' എന്ന മാസികയുടെ റസിഡന്റ്‌ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന `എന്റെ ലോകം' മാസികയില്‍ `എഴുതാപ്പുറം' എന്ന കോളം എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു .

നാട്ടില്‍ മടങ്ങിയെത്തിയ രാജന്‍ മാരേട്ട്‌ അവിടെ ഒരു പ്രിന്റിംഗ്‌ പ്രസ്‌ നടത്തിയിരുന്നു. അതിനിടെ തികച്ചും യാദൃശ്ചികമായി അദ്ദേഹം മരണമടഞ്ഞു. ഹൃദയസ്‌തംഭനമായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ഭാര്യ തങ്കമണി രാജന്‍, മക്കള്‍ ജമീല, അബു എന്നിവര്‍ കൂട്ടുകുടുംബമായി അമേരിക്കയില്‍ താമസിക്കുന്നു.

ഈ അവസരത്തില്‍ ശ്രീ. രാജന്‍ മാരേട്ട്‌ അമേരിക്കന്‍ മലയാളി സമൂഹത്തിനു നല്‍കിയ മഹത്തായ സംഭാവനകള്‍ ഞാന്‍ നന്ദിപൂര്‍വം ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനം കൊണ്ടാവാം മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യാ പ്രസ്‌ക്ല്‌ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയിലെ ഒരു പ്രവര്‍ത്തകനാകാന്‍ എനിക്ക്‌ സാധിച്ചത്‌ എന്നു ഞാന്‍ കരുതുന്നു. എന്റെ അപ്പാപ്പന്‍ കൂടിയായ ശ്രീ. രാജന്‍ മാരേട്ടിനെപോലെ ഈ രംഗത്ത്‌ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന്‌ ഞാനും ആഗ്രഹിക്കുന്നു.
ഓര്‍മ്മകളിലുടെ ഇന്നും ജീവിക്കുന്ന ശ്രീ. രാജന്‍ മാരേട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക