Image

അഭിലാഷ്‌ ടോമി ഇന്ന്‌ ഇന്ത്യയിലെത്തിയേക്കും

Published on 06 October, 2018
അഭിലാഷ്‌ ടോമി ഇന്ന്‌ ഇന്ത്യയിലെത്തിയേക്കും


ഗോള്‍ഡന്‍ ഗ്ലോബ്‌ പായ്‌ വഞ്ചി മല്‍സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ്‌ ടോമി ഇന്ന്‌ ഇന്ത്യയിലെത്തിയേക്കും. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷ്‌ ടോമിയെ വിശാഖപട്ടണത്ത്‌ എത്തിക്കുമെന്നാണ്‌ നാവിക സേന നല്‍കുന്ന വിവരം. നാവികസേനാ കപ്പല്‍ ഐ.എന്‍.എസ്‌ സത്‌പുരയിലായിരിക്കും അഭിലാഷ്‌ ടോമിയെ എത്തിക്കുക.

ഇന്നലെയാണ്‌ അഭിലാഷ്‌ ടോമിയുമായി ഐ.എന്‍.എസ്‌ സത്‌പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന്‌ പുറപ്പെട്ടത്‌. മുംബൈയിലേക്ക്‌ പോകാനാണ്‌ ആദ്യം തീരുമാനിച്ചത്‌. പിന്നീട്‌ വിശാഖപട്ടണത്തേക്ക്‌ കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു.

നേരത്തെ രക്ഷിച്ച എല്ലാവര്‍ക്കും നാവികസേനയ്‌ക്കും അഭിലാഷ്‌ ടോമി നന്ദി അറിയിച്ചിരുന്നു. നാവികസേനാ വക്താവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണു സന്ദേശം പങ്കുവെച്ചത്‌. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രവും പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഗോള്‍ഡന്‍ ഗ്ലോബ്‌ പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ്‌ ടോമിയെ കഴിഞ്ഞ മാസം 24 ന്‌ ഫ്രാന്‍സിന്റെ മത്സ്യബന്ധന കപ്പലായ ഒസിരിസാണ്‌ രക്ഷപ്പെടുത്തിയത്‌. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ്‌ അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്‌.
പെര്‍ത്തില്‍ നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ്‌ അപകടമുണ്ടായത്‌. പായ്‌മരം തകര്‍ന്ന്‌ വീണ്‌ നടുവിന്‌ ഗുരുതരമായി പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക