Image

ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് നവ നേതൃത്വം

തോമസ് കൂവള്ളൂര്‍ Published on 06 October, 2018
ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് നവ നേതൃത്വം
ന്യൂയോര്‍ക്ക്, കുറെക്കാലമായി മന്ദീഭവിച്ചു കിടന്നിരുന്ന ജെസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) എന്ന മനുഷ്യാവകാശ സംഘടന പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 20-ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സമൂഹത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകരായ ന്യൂയോര്‍ക്കില്‍ നിന്നുമുള്ള കുഴിവേലില്‍ നൈനാനെയും, ബോസ്റ്റണില്‍ നിന്നുമുള്ള മാറ്റ് വര്‍ഗീസിനെയും നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

കാര്യക്ഷമതയുള്ള ഒരു ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ തികച്ചും നിര്‍ജ്ജീവമായിരുന്ന സംഘടനയുടെ ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ യുണൈറ്റഡ് നേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗത്തില്‍ വരെ പ്രവര്‍ത്തിച്ചു തന്റെ മികവു തെളിയിച്ച കുഴിവേലില്‍ നൈനാന്‍ തയ്യാറായി മുമ്പോട്ടു വന്നു. ഇനി മുതല്‍ ജെ.എഫ്.എ.യുടെ ജനറല്‍ സെക്രട്ടറി അദ്ദേഹമായിരിക്കും.

മനുഷ്യാവകാശ പ്രവര്‍ത്തകനായ മാറ്റ് വര്‍ഗീസ് സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സ്വയം കൈകാര്യം ചെയ്ത് തഴക്കവും, പഴക്കവുമുള്ള ഒരു വ്യക്തിയാണ്. 150-ല്‍ പരം കുടുംബാംഗങ്ങളുള്ള കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ ടെലികോണ്‍ഫറന്‍സ് മീറ്റിംഗുകള്‍ കൃത്യമായി നടത്തി പരിചയമുള്ള അദ്ദേഹം ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തെ അടുക്കും ചിട്ടയുമുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ തീരുമാനമെടുത്തു മുമ്പോട്ടു വന്ന വ്യക്തിയാണ്. കൃത്യമായി ഓരോ മാസവും ജെ.എഫ്.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടേണ്ടതാണെന്നും, എങ്കില്‍ മാത്രമേ സമൂഹത്തിലെ കാതലായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, അവയ്ക്ക് നിവാരണ മാര്‍ഗ്ഗങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ എന്നും കമ്മറ്റിയെ ധരിപ്പിച്ചു. അതനുസരിച്ച് ഇനി മുതല്‍ എല്ലാ മാസവും ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുന്നതുമായിരിക്കും. പ്രസ്ഥാനത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറുമായി മാറ്റ് വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു.

ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ചെയര്‍മാനുമൊത്തു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും, അതിനുള്ള അവസരം ലഭിച്ചാല്‍ തങ്ങളാല്‍ കഴിയുന്നവിധം സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും അറിയിച്ചതനുസരിച്ച് സംഘടനയില്‍ മെമ്പര്‍മാരായി ചേര്‍ന്നശേഷമാണ് ഇവര്‍ നേതൃത്വസ്ഥാനത്തേയ്ക്കു കടന്നുവന്നത്.

2005 കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ ആദ്യകാല ക്രൈസ്തവ കുടുംബാംഗങ്ങളെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിലൂടെ കൂട്ടിയിണക്കി അവരില്‍ നിന്നും പണം സ്വരൂപിച്ച്, അവരുടെ പണം കൊണ്ട് ടെക്‌സാസിലെ റോയിസിറ്റിയില്‍ 432 ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും വാങ്ങി കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് എന്ന കമ്പനിയുണ്ടാക്കി. ഒടുവില്‍ 13 വര്‍ഷങ്ങള്‍ക്കു ശഷം പണം മുടക്കിയ ഉടമകളുടെ അനുമതി പോലും കൂടാതെ മൊത്തം സ്ഥലം മറ്റുളളവര്‍ക്കു കൈമാറ്റം ചെയ്തു എന്നു മനസ്സിലാക്കിയപ്പോള്‍ ആ പ്രസ്ഥാനത്തില്‍ പണം മുടക്കിയ ഉടമകളെ സംഘടിപ്പിച്ച് പ്രസ്ഥാനത്തെ പിടിച്ചുനിര്‍ത്താന്‍ ജെ.എഫ്.എ. ചെയര്‍മാനോടൊപ്പം പ്രവര്‍ത്തിച്ചവരാണ് നൈനാനും മാറ്റും. പ്രസ്തുത കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ പ്രസിഡന്റു കൂടിയായ ജെ.എഫ്.എ. ചെയര്‍മാനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് രണ്ടുപേരും പറയുകയുണ്ടായി

അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലേക്ക് ജെ.എഫ്.എ. യുടെ സന്ദേശം എത്തിക്കുന്നതിനും, വിവിധ സ്റ്റേറ്റുകളില്‍ നിന്നും ജെ.എഫ്.എ. യില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള പ്രതിനിധികളെ സംഘടനയിലേക്ക് കൊണ്ടുവരുന്നതിനും സമൂഹത്തില്‍ നീതി ലഭിക്കാതെ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കാനും സംഘടനയെ പുതിയൊരു തലത്തിലേയ്ക്ക് വളര്‍ത്തിയെടുക്കാനും തങ്ങള്‍ തയ്യാറാണെന്നും മാറ്റും നൈനാനും വ്യക്തമാക്കി.

കാലഹരണപ്പെട്ടുപോയ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നീതി ലഭിക്കാത്തവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും, വേണ്ടിവന്നാല്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ റാലികളും, സമരങ്ങളും സംഘടിപ്പിച്ച് ഗവണ്‍മെന്റിന്റെയും അധികാരികളുടെയും ശ്രദ്ധയാകര്‍ഷിച്ച് നീതി നടപ്പാക്കാന്‍ ശ്രമിക്കുക എന്ന തന്ത്രമാണ് ജെ.എഫ്.എ.യുടെ മാര്‍ഗ്ഗങ്ങളിലൊന്ന്.

യുണൈറ്റഡ് നേഷന്‍ മുതല്‍ ലോക ഗവണ്‍മെന്റുകള്‍ വരെ ഇന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ നോബല്‍ സമ്മാനം വരെ നല്‍കി ലോകം ആദരിക്കുന്നുണ്ട്. അതിന് ഉദാഹരണങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള കൈലാഷ് സത്യാര്‍ത്ഥിയും, പാക്കിസ്ഥാനില്‍ നിന്നുള്ള മലാല യൂസഫ് സായിയും. അവരുടെ പേരില്‍ ഇന്ന് കോടിക്കണക്കിന് ഡോളര്‍ ഫണ്ട് ശേഖരണം വരെ ലോകമെമ്പാടും നടക്കുന്നു. ശരിക്കുള്ള പ്രവര്‍ത്തകരുടെ അഭാവത്തില്‍ മിനിമം ബാലന്‍സ് വരെ ഇല്ലാത്ത അവസ്ഥയാണ് ഇന്നു ജെ.എഫ്.എ.യ്ക്കുള്ളത് എന്നകാര്യം തുറന്നുപറഞ്ഞാല്‍ സംഘടനയുടെ കെട്ടുറപ്പ് എത്രമാത്രമുണ്ടെന്ന് വ്യക്തമാണല്ലോ. ഇതിനെല്ലാം ഒരു മാറ്റം വരുത്തി സംഘടനയെ കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ പുതിയ നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു.

ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലെയും, മണ്ടേലയെപ്പോലെയും, കൈലാഷ് സത്യാര്‍ത്ഥിയെപ്പോലെയും മലാലയെപ്പോലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്നുള്ളത് ജെ.എഫ്.എ.യുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. ഈ പ്രസ്ഥാനത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവാരണെങ്കില്‍ പോലും ജെ.എഫ്.എ. അവരെ സ്വാഗതം ചെയ്യുന്നു. ചെറുപ്പക്കാര്‍ക്കും, കുട്ടികള്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നതിന് സെമിനാറുകളും, ഇടയ്ക്കിടെ മത്സരങ്ങളും, പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി അവരെ ആദരിക്കാനും സംഘടന തീരുമാനിച്ചു.

2010-ല്‍ ലോകപ്രശസ്ത ഫാഷന്‍ ഡിസൈനര്‍ എന്നു പേരുകേട്ട ആനന്ദ് ജോണ്‍ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റിലെ ജയിലില്‍ ആരോരുമറിയാതെ, ഒരു വക്കീലിനെ പോലും വയ്ക്കാന്‍ നിര്‍വ്വാഹമില്ലാതെ തടവറയ്ക്കുള്ളില്‍ കിടന്നിരുന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസവുമായി മുമ്പോട്ടിറങ്ങിയത് ഇന്നത്തെ ജെ.എഫ്.എയുടെ ആരംഭകാല പ്രവര്‍ത്തകരാണ് എന്നുള്ള സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അന്ന് പല മലയാളി നേതാക്കളും ആനന്ദ് ജോണ്‍ റൈക്കേഴ്‌സ് ഐലന്റില്‍ നിന്നും പുറത്തുവരികയില്ല എന്ന് എന്നോട് പറഞ്ഞതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. അന്ന് എന്നോടൊപ്പം റൈക്കേഴ്‌സ് ഐലന്റില്‍ വന്ന ചിലര്‍ ഇന്ന് ഇഹലോകവാസം വെടിഞ്ഞു.

റൈക്കേഴ്‌സ് ഐലന്റില്‍ നിന്നും തന്നെ ഒന്നിറക്കാന്‍ സഹായിച്ചാല്‍ ബാക്കി കാര്യങ്ങളെല്ലാം ആനന്ദ് ജോണ്‍ തന്നെ നോക്കിക്കൊള്ളാമെന്ന് ഈ ലേഖകനോട് പറഞ്ഞകാര്യം ഇപ്പോഴും ഓര്‍ക്കുന്നു. ഇ മലയാളിയുടെ ജോര്‍ജ്ജ് ജോസഫ് ഈ ലേഖകനോടൊപ്പം റൈക്കേഴ്‌സ് ഐലന്റില്‍ ആനന്ദ് ജോണിനെ സന്ദര്‍ശിക്കാന്‍ വന്നവരില്‍ ഒരാളാണ്. എത്രമാത്രം കഷ്ടതകള്‍ സഹിച്ചാണ് റൈക്കേഴ്‌സ് ഐലന്റിലെ തടവുപുള്ളിയെ സന്ദര്‍ശിക്കാന്‍ കഴിയുക എന്ന് എന്നോടൊപ്പം വന്നിട്ടുള്ള ജെ.എഫ്.എ.യിലെ സജീവാംഗങ്ങളായിരുന്ന സണ്ണി പണിക്കര്‍, യു.എ. നസീര്‍ എന്നിവരോടു ചോദിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

ആനന്ദ് ജോണിനെ റൈക്കേഴ്‌സ് ഐലന്റില്‍ നിന്നും പുറത്തിറക്കാന്‍ സഹായിച്ചതിനു പുറമെ സമൂഹത്തെ കൂട്ടിയിണക്കി ആനന്ദ് ജോണ്‍ മൂവ്‌മെന്റ് ഉണ്ടാക്കിയതും, അയാള്‍ക്ക് വക്കീലിനെ വയ്ക്കാനുള്ള ഫണ്ടു ശേഖരണം നടത്തിയതുമെല്ലാം ജെ.എഫ്.എ. പ്രവര്‍ത്തകരായിരുന്നു എന്നുതന്നെ പറയാം. പക്ഷേ അതെല്ലാം ഇന്നു കാലഹരണപ്പെട്ടുപോയിരിക്കുന്നു. ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ കേസ് തീരുന്നതുവരെ ജെ.എഫ്.എ. പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം നിന്നിരുന്നു.

ജയിലില്‍ എത്തിയിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആനന്ദ് ജോണ്‍ ഇന്നും കാലിഫോര്‍ണിയയിലെ ജയിലുകളില്‍ മാറിമാറി കഴിഞ്ഞുകൂടുന്നു. ശരിയായ രീതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്‍തുണ തേടാതെ സ്വയം പണം മുടക്കി പോയതിനാലാണ് ഇന്നും ആനന്ദ് ജോണിന് ജയിലില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാത്തത് എന്നു പറയുന്നതില്‍ തെറ്റില്ല. എന്താണെങ്കിലും, ഈയിടെ കാണാനിടയായ ചിത്രങ്ങള്‍ കണ്ടിട്ട് ആനന്ദ് ജോണ്‍ കാലിഫോര്‍ണിയായിലെ ജയിലില്‍ത്തന്നെ ജീവിതം അവസാനിപ്പിച്ചേക്കും എന്നു തോന്നിപ്പോയി. കാരണം മെലിഞ്ഞുതൊലിഞ്ഞ് അസ്ഥിപഞ്ജരമായി, ഒരു കൈ ഒടിഞ്ഞതുപോലെ കാണപ്പെട്ടു. ന്യൂയോര്‍ക്കിലായിരുന്നപ്പോള്‍ ജെ.എഫ്.എ. പ്രവര്‍ത്തകരെ കണ്ട് അദ്ദേഹം ഉന്മേഷവാനായിരുന്നു എന്നതാണ് സത്യം. ഇത്തരക്കാര്‍ക്കാണ് വാസ്തവത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആവശ്യം കൂടുതലായി വേണ്ടത്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായമുണ്ടെങ്കില്‍ കൂടുതല്‍ പണം മുടക്കാതെ തന്നെ ജനകീയ ശക്തിയുപയോഗിച്ച് എളുപ്പത്തില്‍ നീതി നടപ്പാക്കാന്‍ കഴിയും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ആനന്ദ് ജോണിനെപ്പോലെതന്നെ ചിക്കാഗോയില്‍ നീതി നിഷേധിക്കപ്പെട്ട പ്രവീണ്‍ വറുഗീസിന്റെ മാതാപിതാക്കള്‍ക്കും നീതി ലഭിക്കണമെങ്കില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ സഹായം അനിവാര്യമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ എടുക്കുന്നതിന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങളുണ്ട് എന്നുള്ളതാണ് സത്യം. സാധിക്കുമെങ്കില്‍ രണ്ടുകൂട്ടരെയും സഹായിക്കണമെന്നു ഞങ്ങള്‍ വിചാരിക്കുന്നു.

ജെ. എഫ്.എ.യുടെ പ്രസിഡന്റ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രേമ ആന്റണി, വൈസ് പ്രസിഡന്റ് ന്യൂയോര്‍ക്കില്‍ നിന്നുള്ള വര്‍ഗീസ് മാത്യു (മോഹന്‍), ട്രഷറാര്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഫിലിപ്പ് മാരേട്ട്, വൈസ് ചെയര്‍മാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള അജിത് നായര്‍, ടെക്‌സാസിലെ ഹ്യൂസ്റ്റണില്‍ നിന്നുള്ള എ.സി. ജോര്‍ജ്ജ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗോപിനാഥ കുറുപ്പ്, യു.എ. നസീര്‍, അരിസോണയില്‍ നിന്നുള്ള ചെറിയാന്‍ ജേക്കബ്, എന്നിവര്‍ ഡയറക്ടര്‍മാരായും, ബോസ്റ്റണില്‍ നിന്നുള്ള അറ്റോര്‍ണി ജേക്കബ് കല്ലുപുര ലീഗല്‍ അഡൈ്വസര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോര്‍ജ്ജ് ജോസഫ് ഓഡിറ്റര്‍. ഇവരെല്ലാം ഇപ്പോഴും സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇനി മുതല്‍ രേഖാമൂലം സംഘടനയില്‍ ലഭിക്കുന്ന കേസുകളില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും, അങ്ങിനെ ലഭിക്കുന്ന കേസുകള്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം നീതി ലഭിക്കേണ്ടതാണെന്ന് കമ്മറ്റി തീരുമാനിക്കുന്നപക്ഷം കേസ് ഏറ്റെടുത്തു നടത്തിയാല്‍ മതി എന്ന് കമ്മറ്റി തീരുമാനിച്ചു.

ജെ.എഫ്.എ. എന്ന സംഘടനയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
കുഴിവേലില്‍ നൈനാന്‍ : 516-965-2156
മാറ്റ് വര്‍ഗീസ് : 508-740-2281
തോമസ് കൂവള്ളൂര്‍; 914-409-5772
Website : www.jfamerica.com

വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍, ചെയര്‍മാന്‍- ജെ.എഫ്.എ.
Email:tjkoovalloor@live.com

ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് നവ നേതൃത്വംജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് നവ നേതൃത്വംജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് നവ നേതൃത്വംജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് നവ നേതൃത്വം
Join WhatsApp News
THOMAS KOOVALLOOR 2018-10-07 11:39:29
CONGRATULATIONS TO THE NEW LEADERS OF JFA. WE ARE PLANNING TO MAKE JFA ONE OF THE BEST HUMAN RIGHTS ORGANIZATIONS IN THE U.S.
Roy Abraham 2018-10-07 12:04:47
Anand John is a criminal.  You want to save  abusers and criminals?
That is what JFA wants to do?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക