Image

ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്‌ നവനേതൃത്വം

ബി. അരവിന്ദാക്ഷന്‍ Published on 02 July, 2011
ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്‌ നവനേതൃത്വം
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പുതിയ ഭരണസമിതിയെ ഡോ. കരണ്‍സിങ്‌ നിയമിച്ചു. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി (എഐസിസി) യുടെ അംഗീകാരത്തോടെ അമേരിക്കയില്‍ 1998 മുതല്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്‌ഥാനമാണ്‌ ഐഎന്‍ഒസി.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും പ്രവാസി ഇന്ത്യക്കാരുേെടയും പ്രതിഛായയ്‌ക്ക്‌ മാറ്റുകൂട്ടുന്ന പ്രവര്‍ത്തനമാണ്‌ ഐഎന്‍ഒസിയിലൂടെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി ലക്ഷ്യമിടുന്നത്‌. ഭരണതലത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരം എഐസിസി വിദേശകാര്യവകുപ്പ്‌ അധ്യക്ഷന്‍ ഡോ. കരണ്‍സിങ്‌ എംപി നിയമിച്ച അമേരിക്കയിലെ ഐഎന്‍ഒസിയുടെ പുതിയ ഭരണസമിതി അംഗങ്ങള്‍:

ഡോ. സുരീന്ദര്‍ മല്‍ഹോത്ര (പ്രസിഡന്റ്‌), ഷുഡ്‌ പര്‍കാഷ്‌ സിങ്‌ ജസുമ്മു (വൈസ്‌ പ്രസിഡന്റ്‌), ജോര്‍ജ്‌ ഏബ്രഹാം (സെക്രട്ടറി ജനറല്‍), വരീന്ദര്‍ ബല്ല (ട്രഷറര്‍) കളത്തില്‍ വര്‍ഗീസ്‌ , ഡോ. നജ്‌മ സുല്‍ത്താന, മഹേഷ്‌ , രാജീവ്‌ ഖന്ന, പാഠ ക്വാത്ര നാഗേന്ദര്‍ റാവു, മാധവറാം, എറിക്‌ കുമാര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ആണ്‌.

11 അംഗ കമ്മിറ്റിയില്‍ സ്‌ഥാപക ജനറല്‍ സെക്രട്ടറിയായ ജോര്‍ജ്‌ ഏബ്രഹാം, കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ എന്നിവര്‍ ഉണ്ടെന്നുള്ളത്‌ ശ്രദ്ധേയമാണ്‌.

കണക്കുകളുടെ സുതാര്യതയും പ്രവര്‍ത്തന റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നതിനുള്ള ചുമതല സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ ഏബ്രഹാം പ്രസിഡന്റ്‌ സുരീന്ദര്‍ മല്‍ഹോത്ര എന്നിവര്‍ക്കാണെന്ന്‌ ഡോ. കരണ്‍സിങ്‌ പുറപ്പെടുവിച്ച നിയമന ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഐഎന്‍ഒസി രാജ്യാന്തര കമ്മിറ്റിയെ എഐസിസി നേരിട്ട്‌ നിയമിക്കുകയാണ്‌ പാര്‍ട്ടി കീഴ്‌വഴക്കം. വിദേശ സംസ്‌ഥാന തല ചാപ്‌റ്ററുകള്‍ ഐഎന്‍ഒസിയുടെ നിബന്ധനകള്‍ക്ക്‌ വിധേയമായി രൂപീകരിച്ചശേഷം എഐസിസി വിദേശകാര്യ വകുപ്പ്‌ അധ്യക്ഷന്റെ അംഗീകാരം നേടിയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. ഈ കീഴ്‌വഴക്കങ്ങള്‍ പാലിക്കുക എന്നത്‌ നിയമിതരായ 11 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ ചുമതലയാണ്‌.

ഐഎന്‍ഒസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ കേരള ചാപ്‌റ്റര്‍ പ്രസിഡന്റായി കളത്തില്‍ വര്‍ഗീസിനെ നിയമിച്ചത്‌. കാല്‍നൂറ്റാണ്ടായി അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്ത്‌ നിറസാന്നിധ്യമായ കളത്തില്‍ വര്‍ഗീസ്‌ ന്യൂയോര്‍ക്കിലെ നാസ്സാവ്‌ കൗണ്ടി ഡമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാനും ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മിഷണറും ഡമോക്രാറ്റിക്‌ പാര്‍ട്ടി നാഷനല്‍ കണ്‍വന്‍ഷന്‍ ഡെലിഗേറ്റും ആണ്‌.

ഐഎന്‍ഒസിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും കൂട്ടായി പ്രവര്‍ത്തിക്കുന്നതിനും കോണ്‍ഗ്രസ്‌ പാര്‍ട്ടി അനുഭാവികളോടും സംഘടനകളോടും ചര്‍ച്ചയ്‌ക്ക്‌ തയാറാണെന്ന്‌ സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും പ്രവാസി ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറുള്ളവര്‍ക്കെല്ലാം ഐഎന്‍ഒസിയിലേക്ക്‌ കടന്നുവരാമെന്നും അദ്ദേഹം അറിയിച്ചു.

കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മകള്‍ ഇന്ന്‌ അമേരിക്കയില്‍ ഉണ്ട്‌. ഈ പ്രസ്‌ഥാനങ്ങള്‍ക്ക്‌ എഐസിസിയോ കെപിസിസിയോ അംഗീകാരം നല്‍കിയിട്ടില്ല. ഇക്കൂട്ടരുടെ പ്രവര്‍ത്തനം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ശക്‌തിപകരുന്നതിന്‌ ഉപയുക്‌തമാക്കാന്‍ ശ്രമിക്കുമെന്ന്‌ ജോര്‍ജ്‌ ഏബ്രഹാം ന്യൂയോര്‍ക്കില്‍ നടത്തിയ മുഖാമുഖ ചര്‍ച്ചയില്‍ ഈ ലേഖകനോട്‌ പറഞ്ഞു.
ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്‌ നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക