Image

പൗരോഹിത്യ അതിക്രമങ്ങള്‍ക്കു പരിഹാരം കുറ്റിച്ചൂലോ ചാട്ടവാറോ? (പൊന്നോലി)

Published on 07 October, 2018
പൗരോഹിത്യ അതിക്രമങ്ങള്‍ക്കു പരിഹാരം കുറ്റിച്ചൂലോ ചാട്ടവാറോ? (പൊന്നോലി)
പൗരോഹിത്യ അതിക്രമങ്ങള്‍ എന്ന വാക്കുകള്‍ക്കു ഒരു നിഷേധാത്മകതയുടെ ചുവയുണ്ട്. പ്രത്യേകിച്ച് ഈ സമീപ കാലത്തെ പല സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നമ്മള്‍ വിരല്‍ ചൂണ്ടുന്നത് വ്യക്തികളിലേക്കാണ്. അത് വിവാദങ്ങളിലേക്ക് വഴി തെളിക്കുന്നു. ഈ വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പ് വിദ്യാഭ്യാസ മേഖലയിലും ആതുര സേവന രംഗത്തും, മറ്റു സാമൂഹ്യ സേവന രംഗങ്ങളിലും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന പുരോഹിതരെയും സന്യാസിനികളെയും അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

ഞാന്‍ ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ഈ വിഷയത്തിന്റെ സാമൂഹ്യശാസ്ത്രപരമായ ഒരു വിശകലനവും അപഗ്രഥനവും ആണ്.

പ്രത്യേകിച്ച് ക്രിമിനോളജി യുടെ (കുറ്റ കൃത്യങ്ങളെ പറ്റിയുള്ള ശാസ്ത്രത്തിന്റെ) വെളിച്ചത്തില്‍ ഇത് ഒരു കുറ്റകൃത്യമായും, സാമൂഹ്യ പ്രശ്‌നമായും വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. അടിസ്ഥാന പരമായി ഈ പ്രശ്‌നം അധികാര ദുര്‍വിനിയോഗത്തിന്റെ ഒരു ഭാഗമായി, സാമൂഹ്യ സുരക്ഷക്കുവേണ്ടി നിയമത്തിനു വിധേയമാക്കപ്പെടേണ്ട കുറ്റകൃത്യമായി കാണാം. ഇവിടെ നമ്മള്‍ വിശകലനം ചെയ്യേണ്ടത്: എന്തുകൊണ്ട് ഈ അതിക്രമങ്ങള്‍ നടക്കുന്നു? ഇവിടെ വ്യവസ്ഥിതി, സംവിധാനങ്ങള്‍ (സിസ്റ്റം) എങ്ങനെ പരാജയപ്പെടുന്നു? ഇതിന് പരിഹാര മാര്ഗങ്ങള് എന്ത്? ഇവയാണ് പ്രസക്തമായ ചോദ്യങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു….

പൗരോഹിത്യ അതിക്രമങ്ങള്‍… എന്തുകൊണ്ട്… പരിഹാരം എന്ത് ?

ഡി സി. കിഴക്കേമുറി 1955 ല്‍ എഴുതിയ 'മെത്രാനും കൊതുകും' എന്ന ആക്ഷേപ സാഹിത്യ കഥയില്‍ മെത്രാന്റെ മുറിയില്‍ മൂളിപ്പാട്ട് പാടി ശല്യമുണ്ടാക്കുന്ന കൊതുക് മെത്രാനോട് ഇങ്ങനെ പറയുന്നുണ്ട്: " നമ്മുടെയെല്ലാം തൊഴില്‍ ഒന്നു തന്നെയാണ്; മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കല്‍." ഹാസ്യ രൂപത്തില്‍ കിഴക്കേമുറി മത പുരോഹിതരുടെ അധികാര ദുര്‍വിനിയോഗത്തിലേക്കു വിരല്‍ ചൂണ്ടാന്‍ അന്ന് മടിച്ചില്ല. എത്ര എഴുത്തുകാര്‍ക്ക് ആ ധൈര്യം ഇന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് മത വിശ്വാസ, രാഷ്ട്രീയ തത്വ സംഹിതകളെ ചോദ്യം ചെയ്യുന്നവരുടെ ജീവന്‍ പോലും അപകടത്തിലാണ് എന്നുള്ളതാണ് സത്യം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതും, അതിനു ശേഷം സ്വന്തം ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യവും ഇന്നും നമ്മുടെ സാമൂഹ്യ മനസാക്ഷിയുടെ ഒരു തേങ്ങലായി നിലകൊള്ളുന്നു.

അധികാരവും അധികാര ദുര്‍വിനിയോഗവും

സാമൂഹ്യ ജീവിയായ മനുഷ്യന്‍ മറ്റുള്ളവരുടെ അധികാരത്തിനു വിധേയമായി ജനനം മുതല്‍ മരണം വരെ ജീവിക്കേണ്ടി വരുന്നു. ഏകാധിപത്യ വ്യവസ്ഥിതിയില്‍ അധികാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. അതു് അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നു. എന്നാല്‍ ജനാതിപത്യ വ്യവസ്ഥിതിയില്‍ നമ്മള്‍ ചില ചുമതലകളും അധികാരവും നമ്മള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കു കൈ മാറുന്നു.

അധികാരത്തിന്റെ അന്തസത്ത ഉത്തരവാദിത്വവും സേവനവുമാണ്. ഓരോരുത്തരിലും നിയോഗിക്കപ്പെടുന്ന ചുമതല നിറവേറ്റാന്‍ ആവശ്യത്തിനുള്ള അധികാരം ആവശ്യമാണ്. അതുകൊണ്ടു തന്നെ മനുഷ്യ സമൂഹത്തിന്റെ ഏതു തലത്തിലും കുടുംബജീവിതം, രാഷ്ട്രീയ സംവിധാനം, തൊഴില്‍ മേഖല, മതസംവിധാനം , ഇവിടെയെല്ലാം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അധികാരം ഓരോ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും നിക്ഷിപ്തമാകുന്നു. ഉത്തരവാദിത്തത്തില്‍ അധിഷ്ഠിതമായ അധികാരം സേവനത്തിനുള്ള ഒരു ഉപാധിയാണ്…

പക്ഷേ അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാനും വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടാനും സാദ്ധ്യതയുണ്ട് എന്നത് ഒരു ദുഃഖ സത്യമാണ്. അധികാരം ധാര്‍ഷ്ട്യത്തിന്റെയും അഹന്തയുടെയും ചൂഷണത്തിന്റെയും പര്യായമായി മാറുന്നത് നമുക്കു ചുറ്റും ഏതു മേഖലയിലും ഇന്നു കാണാം.

"അധികാരം മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുന്നു. ഏകാധിപത്യം സമ്പൂര്‍ണ്ണ അഴിമതിയിലേക്കു നയിക്കുന്നു." എന്ന് ലോര്‍ഡ് ആക്ടന്‍ ബ്രിട്ടീഷ് പാര്‌ലമെന്റില് പറഞ്ഞത് ഇന്നും അന്വര്ഥമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് അഴിമതി, വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ലൈംഗീകാക്രമങ്ങള്‍, അക്രമം, കൊലപാതകം എന്നിവയില്‍ ഏര്‍പ്പെടുന്നത് വിരളമല്ല.
മത പുരോഹിത അതിക്രമങ്ങള്‍

അധികാരം മത ആത്മീയ മേഖലയില്‍ മനുഷ്യ മനസ്സിനെ വളരെ അധികം സ്വാധീനിക്കുന്നു. പുരോഹിതന്‍ എന്ന വാക്കുകൊണ്ട് ഒരു മതത്തിന്റെയോ, മത വിഭാഗത്തിന്റെയോ പ്രതിനിധിയായി കാണേണ്ടതില്ല. . ആത്മീയാചാര്യന്മാര്‍, പൂജാരികള്‍, മൗലവികള്‍, ഇവരെല്ലാം പുരോഹിതര്‍ തന്നെ. അവരെല്ലാം ആദ്ധ്യാത്മികതയെയും ദൈവീകതയെയും പ്രതിനിധീകരിക്കുന്നവര്‍ ആണ്. അവര്‍ പൊതുജനത്തിന്റെ ആദരവും, സ്‌നേഹവും, വിശ്വാസവും, പ്രതീക്ഷയും, വിധേയത്വവും പിടിച്ചു പറ്റുന്നു. അവ തച്ചുടക്കപ്പെടുമ്പോള്‍ മനുഷ്യ ജീവിതങ്ങളോട് അവര്‍ ചെയ്യുന്ന വഞ്ചന വര്ണനാതീതമാണ്.

മത പുരോഹിത അതിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. , ആത്മീയതയുടെ കാവല്‍ ഭടന്മാര്‍ ധാര്‍മ്മികത വെടിയുമ്പോള്‍, മത സംവിധാനങ്ങളുടെ ജീര്ണതയും അരാജകത്വവുമാണ് സൂചിപ്പിക്കുന്നത്. അവര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ആയി മാറുന്നു. നസ്രായനായ യേശുവിന്റെ ഭാഷയില്‍ "വെള്ളയടിച്ച കുഴിമാടങ്ങള്‍.'
സാമ്പത്തിക ചൂഷണം

ആദ്ധ്യാത്മികതക്കു പകരം ഭൗതീകതയിലും ലൗകീകതയിലും മുഴുകിയ പുരോഹിതര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു പണത്തിനും, സ്വത്തിനും വേണ്ടിയുള്ള ആര്‍ത്തി കാണിക്കുന്നതു കാണാം. ആഡംബര ജീവിതം, ഭക്തി ഉപയോഗിച്ചുള്ള ചൂഷണം സാമ്പത്തിക ചൂഷണത്തിലേക്കു വഴി തെളിക്കുന്നു. വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളില്‍ അഡ്മിഷന്‍, ജോലി ഇവയ്‌ക്കെല്ലാം സംഭാവന (ഡൊനേഷന്‍) എന്ന പേരില്‍ വസൂലാക്കുന്ന പണം കണക്കില്‍ കാണിക്കപ്പെടാതെ പോകുന്നു. അതുപോലെ കല്യാണത്തിനും, ശവ സംസ്കാരത്തിനും, പള്ളികള്‍ അമ്പലങ്ങള്‍ മദ്രസ പണിയാനും എല്ലാം നടത്തുന്ന പിരിവ് സാമ്പത്തിക ചൂഷണത്തിന്റെ ഭാഗമാകുന്നു.

ലൈംഗീക ചൂഷണം

സമീപ കാലത്തു നമ്മുടെ ശ്രദ്ധ ആകര്‍ഷിച്ചതു അധികാര ദുര്‍വിനിയോഗത്തിന്റെയും പുരോഹിത ജീര്ണതയുടെയും വേറൊരു ദുഷിച്ച മുഖമാണ് ലൈംഗീക ചൂഷണം. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പല സംഭവങ്ങളും. അതും ആദ്ധ്യാത്മിക മേഖലയില്‍. ഉയര്‍ന്ന അധികാര മേഖലയില്‍ വിഹരിക്കുന്ന പല വ്യക്തികളും അവരുടെ അധികാര സീമയിലുള്ള കുട്ടികളെയും, സ്ത്രീകളെയും ലൈംഗീകമായി ചൂഷണം ചെയ്ത് അവരുടെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തി നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും രക്ഷപ്പെടുന്നത് നമ്മള്‍ നിസ്സംഗരായി, നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നു. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും മൂടി വയ്ക്കപ്പെടുന്നു. കുറ്റവാളികള്‍ രക്ഷപെടുന്നു. ഇരകള്‍ നിശബ്ദരാക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു.

പല ഉദാഹരങ്ങളും ഇവിടെ ചൂണ്ടിക്കാണിക്കാം:

അമേരിക്കയിലും ഓസ്‌ട്രേലിയയിലും വ്യാപകമായി നടന്ന ചൈല്‍ഡ് സെക്‌സ് ലൈംഗീക ദുരുപയോഗ കേസുകള്‍.

* ജലന്ധര്‍ ബിഷപ്പ് കേസ്
* ഫാ. റോബിന്‍ കേസ്
* ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാരുടെ കേസ്
* സിസ്റ്റര്‍ അഭയ കൊലക്കേസ്
* ഗുര്‍മീത് റാം റഹിം കേസ്
* ആശാറാം ബാപ്പു കേസ്
* കാത്തുവായിലെ നിര്‍ഭയ 8 വയസ്സുള്ള പെണ്‍കുട്ടിയുടെ നിഷ്ടൂരമായ ബലാത്‌സംഗവും കൊലയും
* കുട്ടികളെ പീഡിപ്പിച്ച മൗലവിയുടെ കേസ്

സിസ്റ്റര്‍ ജെസ്മിയുടെ അനുഭവങ്ങളുടെ കഥ അവരുടെ 'അമ്മേന്‍' എന്ന പുസ്തകത്തില്‍ അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്‍ മേരി ചാണ്ടിയുടെ അനുഭവ കഥകളും മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കുന്നവയാണ്. അവര്‍ എഴുതി: " അവിഹതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നൊടുക്കി. പള്ളി വികാരിമാരുടെ നിരവധി കുട്ടികള്‍ സഭയുടെ അനാഥാലയങ്ങളില്‍ വളരുന്നുണ്ട്."
കുറ്റകൃത്യങ്ങള്‍

ക്രിമിനോളജിയുടെ പശ്ചാത്തലത്തില്‍ 'കുറ്റകൃത്യങ്ങള്‍' ചെയ്യാനുള്ള വാസന എല്ലാവരിലും ഉറങ്ങി കിടപ്പുണ്ട്. സാഹചര്യങ്ങള്‍, ജീവിതത്തിലെ പല സ്വാധീനങ്ങള്‍, വ്യക്തിയുടെ മൂല്യങ്ങള്‍ ഇവ കുറ്റകൃത്യങ്ങള്‍ തടയാനോ പരിപോഷിപ്പിക്കാനോ സാധിക്കും. പുരോഹിതരുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ വെളിച്ചത്തു വരുമ്പോള്‍ ഒരു വിരോധാഭാസം എന്നവണ്ണം പുരോഹിതര്‍, ആത്മീയാചാര്യര്‍ ബലഹീനരാണ് എന്നുള്ള ന്യായീകരണം നമ്മള്‍ കേള്‍ക്കുന്നു.
മാറ്റുവിന്‍ ചട്ടങ്ങളെ

ആത്മീയതുടെ മറവില്‍ നടക്കുന്ന ചൂഷണം ഒരു അടിമത്ത സംവിധാനത്തില്‍ നിന്നും ഉടലെടുക്കുന്നു. ഒരു ഫ്യുഡലിസ്‌റ് വ്യവസ്ഥിതി, അടിമത്തം, അടിച്ചേല്‍പ്പിക്കപ്പെടുന്ന വിശ്വാസങ്ങളും ആചാരങ്ങളും, ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും, ചോദ്യം ചെയ്യുന്നവരെ ദ്രോഹികളായി മുദ്ര കുത്തി പുറന്തള്ളുകയും ദ്രോഹിക്കുകയും, കരി തേച്ചു കാണിക്കുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥ.. ഇവയെല്ലാം ഒരു ജീര്‍ണിച്ച വ്യവസ്ഥിതിയുടെ ഘടകങ്ങളായി കരുതാം. കേരളത്തിലെ ബ്രാഹ്മണ മേധാവിത്വവും, മേല്‍ക്കോയ്മയും അവയുടെ ജീര്ണതയും, അധഃപതനവും ഒരു ദൃഷ്ടാന്തമായി കാണാം. മത മൗലികതയും, തീവ്രവാദവും മാനസിക അടിമത്തത്തില്‍ നിന്നും ഉത്ഭവിക്കുന്നതായും കാണാം.

അമിതമായ ആദരവ്, വിധേയത്വം, അനുസരണ, ഇവ പുരോഹിത ലൈംഗീക ചൂഷണങ്ങളില്‍ ഉടനീളം കാണാം. കുട്ടികള്‍ പ്രത്യേകിച്ച് അള്‍ത്താര ശുശ്രൂഷികള്‍, പെണ്‍കുട്ടികള്‍, ഗായകസംഘം അംഗങ്ങള്‍, മതാദ്ധ്യാപകര്‍, സന്യാസിനികള്‍, ഇവര്‍ പുരുഷ മേധാവിത്വത്തിനും, മാനസികവും, ശാരീകവുമായ അടിമത്തത്തിനും ലൈംഗീക ചൂഷണങ്ങള്‍ക്കും ഇരകള്‍ ആയി തീരുന്നു.

മത സംവിധാനങ്ങളില്‍ അന്ധമായ വിധേയത്വവും അനുസരണയും കൂടുതലാണ്. അവിടെ ചൂഷണങ്ങളും കൂടാന്‍ സാധ്യത വലുതാണ്. ചോദ്യം ചെയ്യപ്പെടാത്ത ആചാരങ്ങളും, വിശ്വാസ, തത്വ സംഹിതകളും, മനുഷ്യ മനസ്സുകളെ മാനസിക അടിമത്തത്തിലേക്കു തള്ളി വിടുന്നു. മത മൗലികത ജനിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും, തീവ്രവാദവും മനുഷ്യ മനുഷ്യനെ മാനസിക അടിമകളാക്കി മാറ്റും. സ്വതന്ത്രമായ മനസ്സിന് മാത്രമേ പൂര്‍ണ സ്വാതന്ത്രം അനുഭവിക്കാനാവൂ. അവിടെയാണ് ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി.
കുമ്പസാരത്തിന്റെ മറവില്‍

ഏറ്റവും ദുഖകരമായ അവസ്ഥയാണ് ഒരു സ്ത്രീയെ അവരുടെ കുമ്പസാര രഹസ്യം ഉപയോഗിച്ച് പല വൈദീകരും ചേര്‍ന്ന് ഈ അടുത്ത കാലത്തു കേരളത്തില്‍ പീഡിപ്പിച്ചത്. വിശ്വാസത്തിന്റെയും മത ചടങ്ങുകളുടെയും ചങ്ങലകള്‍ മനുഷ്യ മനസ്സുകളെ എങ്ങനെ ബന്ധിപ്പിക്കുന്നു, അവ ചൂഷണങ്ങള്‍ക്ക് വഴി തെളിക്കുന്നു എന്നുള്ളതിന്റെ ഒരു ഉദാഹരണമാണ് ഈ കേസ്.

ഈ കേസും മറ്റു പല കേസുകളും കുമ്പസാരം സ്ത്രീകളെ പീഡിപ്പിക്കാന്‍ കുറ്റവാസനയുള്ള പുരോഹിതര്‍ക്ക് സഹായമാകും എന്നുള്ള സൂചനയാണ് നല്‍കുന്നത്.

പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കത്തോലിക്കാ സഭയില്‍ നിര്ബന്ധമാക്കിയ ഒരു ആചാരമാണ് രഹസ്യത്തില്‍ പുരോഹിതനോടുള്ള ആണ്ടു കുമ്പസാരം അല്ലെങ്കില്‍ പാപങ്ങള്‍ ഏറ്റു പറയല്‍. കുമ്പസാരം വഴി സ്ത്രീകളെ പുരോഹിതര്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് കുമ്പസാര കൂട് പതിനാറാം നൂറ്റാണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്നത്. 1910 ല്‍ പോപ്പ് പയസ് പത്താമന്‍ ഏഴു വയസ്സുള്ള കുട്ടികള്‍ മുതല്‍ കുമ്പസാരിക്കണമെന്നും തുടര്‍ച്ചയായ കുമ്പസാരം വേണമെന്നും സഭയില്‍ നിയമം കൊണ്ടു വന്നതോടു കൂടി കുട്ടികളുടെ ചൂഷണത്തിനും സാധ്യത വന്നു. പോപ്പ് പോള്‍ ആറാമന്‍ പൊതുവായ രഹസ്യ കുമ്പസാരം അനുവദിച്ചെങ്കിലും പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അത് എടുത്തു കളഞ്ഞു. ജോണ്‍ കോണ്‍വെല്ലിന്റെ 'ദി ഡാര്‍ക്ക് ബോക്‌സ് ' (2014 ) എന്ന പുസ്തകത്തില്‍ കുമ്പസാരത്തിന്റെ ചരിത്രവും അതിന്റെ നല്ല വശവും മോശ വശങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

പരിഹാരം എന്ത് ?

മാനവികതയിലും ധാര്മികതയിലും മൂല്യങ്ങളിലും അച്ചടക്കത്തിലും അധിഷ്ഠിതമായ വിശ്വാസ സംഹിതയും, ആത്മീയതയും, സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാക്കണം. ധര്‍മ്മം, നീതി, സത്യസന്ധത, സേവനം ഇവ അധികാരത്തിന്റെ മുഖമുദ്രയാകണം.

മദര്‍ തെരേസയെപ്പോലെ ദയാബായി എന്ന സാമൂഹ്യ പ്രവര്‍ത്തക സംഘടിത സഭയെയും, അതിന്റെ അധികാര ശ്രേണികളെയും ഉപേക്ഷിച്ചു മാനവികതയില്‍ അധിഷ്ഠിതമായ സാമൂഹ്യ സേവനത്തിനു വേണ്ടി സ്വന്തം ജീവിതം അര്‍പ്പിച്ചത് ഒരു ദൃഷ്ടാന്തമായി ചൂണ്ടി കാണിക്കാം.

മനുഷ്യന്‍ സ്വതന്ത്രരായി ചിന്തിക്കാന്‍ തുടങ്ങിയാല്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത് കുറയ്ക്കാം.
ലൈംഗീകത:

പുരുഷ മേധാവിത്വം ലൈംഗീകാതിക്രമങ്ങള്‍ക്കു ഒരു പ്രധാന കാരണമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കുക, പുരുഷ സ്ത്രീ സൗഹൃദം പരിപോഷിപ്പിക്കുക, ഉത്തരവാദപ്പെട്ട ലൈംഗീക ബന്ധങ്ങള്‍, കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്ന ഒരു സംസ്കാരം, ബലാത്സംഗം, പീഡനം, ഇവയെ നിഷ്കരുണം ശിക്ഷിക്കുന്ന ഒരു സാമൂഹ്യ, നിയമ സംവിധാനം. … ഇവയെല്ലാം സാമൂഹ്യ ജീവിതത്തിന്റെ ഭാഗമല്ലെങ്കില്‍ ലൈംഗീക അരാജകത്വവും ചൂഷണങ്ങളും കൂടും.
സാമൂഹ്യ സുരക്ഷ

കുറ്റ കൃത്യങ്ങള്‍ ചെറുക്കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങളുടെയും, നീതി ന്യായ വ്യവസ്ഥിതിയുടെയും കാര്യക്ഷമത തുടര്‍ച്ചയായി പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങള്‍, കുറ്റാന്വേഷണ സംവിധാനം, പ്രോസിക്യൂഷന്‍, കോടതികള്‍, ശിക്ഷാ സംവിധാനം, ജയില്‍ സംവിധാനം ഇവയെല്ലാം ഇതിന്റെ പരിധിയില്‍ പെടും. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് നീതിന്യായ സംവിധാനത്തിന് എക്കാലവും ആവശ്യം. കുറ്റകൃത്യങ്ങളുടെ ഇരകളെ സംരക്ഷിക്കേണ്ട കടമയും സമൂഹത്തിനുണ്ട്.

കുറ്റവാളികള്‍ അതായത് സാമൂഹ്യ വിരുദ്ധതയുള്ളവര്‍ സമൂഹത്തില്‍ ഒരു ന്യൂന പക്ഷമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുമ്പോള്‍, സമൂഹത്തിലെ നിയന്ത്രണങ്ങള്‍ കുറയുകയും, കുറ്റ കൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കൂടുകയും ചെയ്യുമ്പോള്‍, കടിഞ്ഞാണില്ലാത്ത അധികാരത്തിന് നമ്മള്‍ വിധേയരാകുമ്പോള്‍, നീതിന്യായ സംവിധാനത്തിലെ ഓരോ ഉദ്യോഗസ്ഥനും തന്റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കുമ്പോള്‍, സാമൂഹ്യ നീതിക്കു കോട്ടം വരുമ്പോള്‍, കുറ്റ കൃത്യങ്ങള്‍ കൂടുന്നു.

ചൂഷണത്തിനെതിരെയുള്ള പ്രതികരണം

അധികാര ശക്തിയെയും, ചൂഷണത്തെയും നേരിടാന്‍ വളരെ അധികം ധൈര്യം വേണം. സിസ്റ്റര്‍ ജെസ്മിയുടെ ജീവിതം തന്നെ ഇതിന് ഉദാഹരണമാണ്. ഭ്രാന്തിയായും, വേശ്യയായും അവരെ ചിത്രീകരിച്ചു. അമൃതാനന്ദമയിയുടെ മഠങ്ങളിലെ ചൂഷണങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുവാന്‍ ഗെയില്‍ ട്രെഡ്‌വെല്‍ എന്ന വിദേശ വനിതക്ക് വളരെയധികം സഹിക്കേണ്ടി വന്നു. 'ഹോളി ഹെല്‍ വിശുദ്ധ നരകം: വിശ്വാസം, ഭക്തി, പിന്നെ ശുദ്ധ ഭ്രാന്ത് അനുസ്മരണകള്‍ ' എന്ന അവരുടെ പുസ്തകം വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകളുടെ ഒരു വെളിപ്പെടുത്തലാണ്.

പുരോഹിതന്മാരുടെ അധികാരത്തിനു നിയന്ത്രണം വേണം . പുരോഹിതന്മാര്‍ ആദ്ധ്യാത്മികതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അധികാര ദുര്‍വിനിയോഗം തടയാന്‍ ഒരു നിഷ്പക്ഷ നിരീക്ഷണ വിജിലന്‍സ് ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. യേശുവിന്റെ ജീവിതവും പ്രബോധനങ്ങളും ഉള്‍ക്കൊണ്ടു് ആദിമ സഭയുടെ കൂട്ടായ്മയുടെ രീതിയില്‍ ക്രിസ്തീയ സഭകള്‍ സ്വയം രൂപാന്തരപ്പെടുത്തണം. വിശ്വാസ സംഹിതകളിലും ആചാരങ്ങളിലും മാറ്റങ്ങള്‍ വരുത്തണം. സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യാന്‍ ഇവൗൃരവ അര േനിലവില്‍ വരണം. മറ്റു മതങ്ങളിലും സമാനമായ മാറ്റങ്ങള്‍ ആവശ്യമാണ്. ഫ്യൂഡലിസ്‌റ് സംവിധാനങ്ങള്‍ എവിടെയും ജനാധിപത്യവത്കരിക്കണം. മനുഷ്യര്‍ സ്വതന്ത്രരായി ചിന്തിക്കാന്‍ തുടങ്ങണം.
സാഹിത്യ ധര്‍മ്മം

ആത്മീയതയുടെ കാവല്‍ ഭടന്മാര്‍ ധാര്‍മ്മികത വെടിയുമ്പോള്‍, സേവനത്തിനു പകരം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ അതിന്റെ ഇരയായിട്ടുള്ളവര്‍ പ്രതികരിക്കാന്‍ ശക്തി ഇല്ലാതായി തീരുമ്പോള്‍, സ്വതന്ത്ര ചിന്തകര്‍, എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ ഇരകളുടെ ശബ്ദമായി നീതിക്കു വേണ്ടി, മാനവികതക്കുവേണ്ടി, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി, മുന്നോട്ടു വരേണ്ടിയിരിക്കുന്നു. അവരുടെ ശബ്ദവും, തൂലികയും (സൈബര്‍ തൂലികയാണെങ്കിലും മതി) ചലിപ്പിക്കേണ്ടിയിരിക്കുന്നു.

എഴുത്തുകാര്‍ മാറ്റത്തിന്റെ, സാമൂഹ്യ പരിവര്‍ത്തനത്തിന്റെ വ്യക്താക്കള്‍ ആണ്. സാഹിത്യ സൃഷ്ടികള്‍ സാമൂഹ്യ വിപ്ലവത്തിന് വഴി തെളിച്ചിട്ടുണ്ട്. അലമാരികളില്‍ അസ്ഥിപഞ്ജരം കണ്ടേക്കാം. ആദ്ധ്യാത്മികതയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങളില്‍ നിന്നും മാനവ രാശിയെ രക്ഷിക്കാന്‍ നിങ്ങള്‍ തീരുമാനിക്കൂ കുറ്റിച്ചൂലു വേണോ, ചാട്ടവാര്‍ വേണോ എന്ന്.

ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ മലയിലെ പ്രസംഗം ഇവിടെ പ്രസക്തമാണ് : "നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. എന്തു കൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു. "

ചുരുക്കത്തില്‍

മത പുരോഹിത സാമ്പത്തിക ലൈംഗീക അതിക്രമങ്ങള്‍ അധികാര ദുര്‍വിനിയോഗവും കുറ്റകൃത്യങ്ങളുമാണ് ചൂണ്ടിക്കാണിക്കുന്നത്. അവ ഒരു ഫ്യൂഡലിസ്‌റ് അടിമത്ത വ്യവസ്ഥിതിയുടെ ഭാഗമായി വേണം കരുതാന്‍.

പരിഹാരം എന്ത്? ഫ്യൂഡലിസ്‌റ് വ്യവസ്ഥിതി ജനാധിപത്യവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. ഈ ശാസ്ത്ര യുഗത്തില്‍ പല അനാചാരങ്ങളും വിശ്വാസങ്ങളും മാറ്റേണ്ടിയിരിക്കുന്നു. അധികാരത്തിനു നിയന്ത്രണം വേണം. മാറ്റങ്ങള്‍ വരുത്താന്‍ കുറ്റിച്ചൂലു വേണോ, ചാട്ടവാര്‍ വേണോ? വിശ്വാസികള്‍ സ്വയം തീരുമാനിക്കട്ടെ.

(ഈ ലേഖനം ഒക്ടോബര്‍ 6, 2018 നു അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ അവതരിപ്പിക്കുകയുണ്ടായി).
Join WhatsApp News
വിദ്യാധരൻ 2018-10-07 22:44:03
എഴുത്തുകാരാ ഞാനീ 
                 തുറുങ്കിൽ കിടന്നോട്ടെ 
കുഴപ്പം സൃഷിടിക്കാതെ 
                 പോവുക ദൂരത്തെങ്ങാൻ 
ഇവിടെ സുഖമാണ് 
                  സ്വർഗ്ഗവും ഉറപ്പാണ് 
പിന്നെ ഞാൻ എന്തിനായി 
                   നിങ്ങളെ ശ്രവിക്കേണം ?
ഞങ്ങടെ പുരോഹിതർ 
                   ആധ്യാത്മ ഗുരുക്കന്മാർ 
ഞങ്ങളെ കൊണ്ടുപോകും 
                    സ്വർഗ്ഗത്തിൽ ഉടലോടെ 
അവിടെ കന്യകമാർ 
                     വിളക്കും തെളിയിച്ചു 
നഗ്നരായിരിക്കുന്നു 
                    ഞങ്ങളെ എതിരേൽക്കാൻ 
പാപം ചെയ്യാത്തൊരായി 
                    ആരുണ്ടീ ധരണിയിൽ 
പാവമാ ഫ്രാൻകോ കാണും 
                    കാവനാ കൂടെ കാണും 
കല്യാണം കഴിക്കാത്ത 
                     വൈദ്യക ശ്രേഷ്ടന്മാരും 
മനുഷ്യരല്ലേ അവർ 
                     കാണില്ലേ കാമചിന്ത 
എത്രനാൾ അമർത്തീടും 
                      പുകയും എരിമല 
ഇവിടെ പുരോഹിതർ 
                     കല്യാണം കഴിക്കണം 
വേണെങ്കിൽ കുടിക്കേണം  
                         കടുക്കാ വെള്ളം കൂടെ 
പൊളിച്ചു മാറ്റിടേണം 
                       കാന്യസ്ത്രീ മടങ്ങളൂം 
പള്ളിക്ക് സമീപത്തെ 
                        അനാഥ ആലയവും 
അവിടെ കാണും തീർച്ച 
                         അച്ചന്മാർ ഒളിപ്പിച്ച 
 തൊണ്ടി സാധനങ്ങൾ 
                       കൂടാതെ അതിൻ രേഖേം 
ഞാനിതു പറയുമ്പോൾ 
                         കോപിച്ചിടേണ്ട നിങ്ങൾ 
സത്യം പറഞ്ഞില്ലെങ്കിൽ 
                         ചത്തുപോം നെഞ്ചുപൊട്ടി 
മതങ്ങൾ കുലുക്കുന്ന 
                        ചങ്ങല കിലുക്കങ്ങൾ 
അടുത്തു വന്നീടുന്നു 
                        പൂട്ടുവാൻ സമയമായി 
 എഴുത്തുകാരാ ഞാനീ 
                 തുറുങ്കിൽ കിടന്നോട്ടെ 
  കുഴപ്പം സൃഷിടിക്കാതെ 
                 പോവുക ദൂരത്തെങ്ങാൻ 

ലേഖനം ഉജ്ജ്വലമായിരിക്കുന്നു 


 

Thomas K Varghese 2018-10-09 13:21:31
It is a very good article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക