Image

പഴയ തമ്പുരാനും പുതിയ പ്രജകളും (ഡോ: എസ്. എസ്. ലാല്‍)

Published on 07 October, 2018
പഴയ തമ്പുരാനും പുതിയ പ്രജകളും (ഡോ: എസ്. എസ്. ലാല്‍)
കൈരളി ടെലിവിഷനിലെ ഒരു ചര്‍ച്ചയുടെ വീഡിയോ കാണുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് ആണ് നയിക്കുന്നത്. വിഷയം ശബരിമലയും സുപ്രീം കോടതിയും തന്നെ. ഭേദപ്പെട്ട ചര്‍ച്ച.

ആചാരങ്ങള്‍ ഒരിക്കലും തിരുത്തരുതെന്നൊക്കെ പറയുന്ന ചില 'പുഷ്പം' ചേച്ചിമാരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ജോണ്‍ വൃഥാ ശ്രമിക്കുന്നുണ്ട്. ആചാരം ആരുണ്ടാക്കിയതാ എന്നു ചോദിക്കുമ്പോള്‍ "ആ, അതൊന്നും എനിക്കറിയില്ല, പക്ഷേ തെറ്റിക്കാന്‍ പറ്റില്ല"' എന്നാണ് കോടതി വിധിയെ എതിര്‍ക്കുന്ന മിക്ക ചേച്ചിമാരും (അനിയത്തിമാരും) പറയുന്നത്.

'ഹിന്ദു' അല്ലെങ്കിലും ധൈര്യത്തോടെ തന്നെ ജോണ്‍ കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. അത്ര എളുപ്പമുള്ള കാര്യമല്ല. ഡോക്ടര്‍മാര്‍ പോലും മെഡിക്കല്‍ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അയാളുടെ മതവും ജാതിയും നോക്കി ചിലര്‍ ഭീഷണിപ്പെടുത്തുന്ന ഒരു സമയവുമാണിത്. ഐ.എം.എ.യ്ക്ക് പോലും എല്ലാ മതത്തില്‍ നിന്നും ഓരോ പ്രസിഡന്റ് വേണ്ടി വരുമെന്ന് ഇന്നലെ ഒരാള്‍ തമാശയായി പറയുന്നുണ്ടായിരുന്നു. അത് തമാശ മാത്രമായി എനിക്ക് തോന്നിയില്ല. ബിഷപ്പിന്റെ കൊള്ളരുതായ്മക്കെതിരെ ധൈര്യത്തോടെ പ്രതികരിച്ച ഒരു യുവ 'കൃസ്ത്യാനി' ഡോക്ടര്‍ക്ക് (ഇപ്പോ അങ്ങനെയാണ്. ഹിന്ദു കാര്‍ഡിയോളജിസ്റ്റ്, മുസ്ലീം ഇ.എന്‍.ടി. സര്‍ജന്‍, കൃസ്ത്യന്‍ ന്യൂറോളജിസ്റ്റ്, നായര്‍ ഗൈനക്കോളജിസ്റ്റ്, ഈഴവ സ്കിന്‍ ഡോക്ടര്‍ എന്നിങ്ങനെ. ഒരു പ്രളയം കൊണ്ടൊന്നും നമ്മള്‍ പഠിക്കില്ലണ്ണാ) ശബരിമല വിഷയത്തില്‍ ഒരു അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിനെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് ഫേസ് ബുക്കില്‍ പരസ്യമായി എന്നോടു് പറഞ്ഞു. "സാറേ അവരുടെ വീഡിയോയില്‍ അമ്പലം എന്നൊക്കെ പറയുന്നുണ്ടു്. ഞാനിനി എന്തെങ്കിലും പറഞ്ഞാല്‍ ....". സത്യമാണ്, ആ ഡോക്ടര്‍ക്കും കുടുംബത്തിനും മതേതര കേരളത്തില്‍ തുടര്‍ന്നും ജീവിക്കാനുള്ളതാണ്. ചവിട്ടുന്ന വഴിയിലെല്ലാം രാഹുലന്മാരുടെ നെഞ്ചാണ്.

ടെലിവിഷന്‍ ചര്‍ച്ചക്കിടയില്‍ ജോണ്‍ ഒരാളെ പെട്ടെന്ന് 'തമ്പുരാന്‍ ' എന്ന് സംബോധന ചെയ്യുന്നത് കേട്ടു. ആ വിളി കേട്ടു് ആ തമ്പുരാനും അധിക മുഖപ്രസാദം ഉണ്ടായി. അയാളുടെ പേര് എഴുതിക്കാണിക്കുന്നത് ഞാന്‍ വായിച്ചു നോക്കി. രവി വര്‍മ്മ. രവി വര്‍മ്മ എങ്ങനെ തമ്പുരാനായി?

എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്റെ പേര് രവി വര്‍മ്മ എന്നായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയി. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ ദിനമണി പ്രത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. വലിയ അറിവുള്ള സ്‌നേഹനിധിയായ കമ്മൂണിസ്റ്റുകാരന്‍. അദ്ദേഹത്തെ ഞങ്ങള്‍ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. സഖാവെന്നും രവി സാറെന്നും പലരും വിളിച്ചിരുന്നു. രവി എന്ന് സമപ്രായക്കാരോ മുതിര്‍ന്നവരോ വിളിച്ചിരുന്നു. ഒരാളും തമ്പുരാന്‍ എന്ന് വിളിച്ചു കേട്ടിട്ടില്ല. മക്കള്‍ പോലും. അതുകൊണ്ടാണ് ജോണിന്റെ തമ്പുരാന്‍ വിളിയില്‍ അപാകത തോന്നിയത്.

എന്റെ ചില സുഹൃത്തുക്കള്‍ തിരുവനന്തപൂരത്ത് കവടിയാറുള്ള ചിലരെ ഇതുപോലെ തമ്പുരാനെന്നും തമ്പുരാട്ടിയെന്നുമൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ടു്. ചില സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കി നിര്‍ത്തിച്ചിട്ടുമുണ്ടു്. ജനാധിപത്യ രാജ്യത്തില്‍ ഒരു വോട്ടു വീതം മാത്രമുള്ള നമ്മളില്‍ ഒരാളും മറ്റൊരാളുടെ തമ്പുരാനാകില്ല എന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും മനസിലായി. തെരഞ്ഞെടുപ്പിന് ജയിച്ച് വല്ല മന്ത്രിയൊക്കെ ആര്‍ക്കും ആകാം. പക്ഷേ തമ്പുരാനാകാന്‍ തെരഞ്ഞെടുപ്പോ ബിരുദ കോഴ്‌സോ പി.എസ്.സി. പരീക്ഷയോ ഇല്ലാത്തിടത്തോളം ഇവരൊക്കെ നമ്മളെപ്പോലെ വെറും ശ്രീമാനും ശ്രീമതിയും മാത്രം. അതിന് ഒരു ഗും പോരെങ്കില്‍ മിസ്റ്റര്‍ അല്ലെങ്കില്‍ മിസിസ് (മിസ്സ്) എന്നൊക്കെ വിളിക്കാം. പക്ഷേ, ഭരിക്കപ്പെടാനും തരംതാഴ്ത്തപ്പെടാനും ഉള്ളില്‍ ആഗ്രഹമുള്ള ചിലര്‍ തമ്പുരാന്‍/തമ്പുരാട്ടി വിളികള്‍ തുടരും. തനിക്കും 'താഴെ'യുള്ളവര്‍ തന്നെയും ഇതുപോലെ തമ്പുരാനെന്നോ തമ്പുരാട്ടിയെന്നോ വിളിക്കാന്‍ മനസില്‍ ആഗ്രഹമുളളവരാണിവര്‍. മന്ത്രി മുതല്‍ ശിപായി വരെ പല ശ്രേണികളില്‍ 'സാര്‍' ആകുന്നതു പോലെ. താഴോട്ട് ആരും ആരെയും സാറെന്ന് വിളിക്കില്ല. സാറന്മാര്‍ മേലോട്ടു് മാത്രം.

കവടിയാര്‍ കുടുംബത്തിലെ എല്ലാരോടും എനിക്കും ബഹുമാനമുണ്ടു്. സഹജീവികള്‍ എന്ന നിലയിലുള്ള ബഹുമാനം. മറ്റേതു മനുഷ്യരോടുമുള്ള ബഹുമാനം. രാജ്യ, മത, ജാതി, ജോലി വ്യത്യാസമില്ലാതെയുള്ള സ്‌നേഹ ബഹുമാനം. കവടിയാറിലെയും ചിലരുടെ പ്രായത്തെയും അറിവിനെയുമൊക്കെ പ്രത്യേകം ബഹുമാനിക്കുന്നു. അതിനപ്പുറത്ത് ഒന്നുമില്ല. പാടില്ല.

കൈരളിയും ജോണ്‍ ബ്രിട്ടാസുമൊന്നും ആരെയും വര്‍ത്തമാനകാലത്തിലെ പുതിയ തമ്പുരാന്‍മാരാക്കരുത്. കൂടെയിരിക്കുന്നവര്‍ പെട്ടെന്ന് വളരെ താഴെയുള്ള പ്രജകളായിപ്പോകും. കമ്മൂണിസ്റ്റുകാരല്ലാത്ത എന്നെപ്പോലെയുള്ളവരും പല നാടുകളിലിരുന്ന് കൈരളിയിലെ ചില നല്ല പരിപാടികള്‍ കാണാറുണ്ടു്. നിരാശപ്പെടുത്തരുത്.

പത്തും പത്തും കൂട്ടിയാല്‍ 1010 ?!!!!

കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ശാസ്ത്രവും സത്യവും തെളിവും ഊഹവും വിശ്വാസവും അന്ധവിശ്വാസവും ഒക്കെ പലരോടും ചര്‍ച്ചചെയ്യേണ്ടിവന്നു. ഫേസ്ബുക്കിനകത്തും പുറത്തും. അറിവുള്ള പലരും എഴുതിയതു വായിച്ചു. പറഞ്ഞത് ശ്രദ്ധിച്ചു.

ഈ വ്യത്യസ്ത കാര്യങ്ങള്‍ വ്യക്തതയോടെ അറിയാവുന്നവരാണ് സമൂഹത്തില്‍ കൂടുതല്‍ പേരും. അവര്‍ ഒച്ചവയ്ക്കുന്നില്ല എന്നുമാത്രം. എന്നാല്‍ ഒച്ച വയ്ക്കുന്നത് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാത്തവരാണ്. പ്രത്യേകിച്ചും സയന്‍സ് മനസ്സിലായിട്ടില്ലാത്തവര്‍. സയന്‍സിനേയും അന്ധവിശ്വാസത്തെത്തയും ഒക്കെ ചേര്‍ത്തുകുഴച്ച് ചമന്തിപ്പരുവമാക്കിക്കളഞ്ഞത് അവരില്‍ ചിലരാണ്.

സെക്രട്ടേറിയറ്റിനു മുന്നിലെ ചില അനാവശ്യ സമരവും അതിന്‍റെ ബഹളവും ജലപീരങ്കിയും ലാത്തിചാര്‍ജുമൊക്കെ ടെലിവിഷനില്‍ കാണുമ്പോള്‍ കേരളം മുഴുവനും യുദ്ധക്കളമാണെന്നു നമുക്ക് തോന്നാം. കേരളം മുഴുവന്‍ ആ വിഷയത്തില്‍ കത്തുകയാണെന്ന് തോന്നാം. എന്നാല്‍, സെക്രട്ടേറിയറ്റിന് അടുത്ത ജംഗ്ഷനില്‍, ജനം പുതിയ സിനിമയെപ്പറ്റിയോ അമേരിക്കയിലെ ട്രംപിനെപ്പറ്റിയോ നല്ല ചിക്കന്‍ ബിരിയാണി കിട്ടുന്ന റെസ്‌റ്റോറന്റിനെപ്പറ്റിയോ ഒക്കെയായിരിക്കും ചര്‍ച്ച. അതിനാല്‍ സെക്രെട്ടേറിയറ്റിനു മുന്നിലെ പ്രകടനങ്ങള്‍ക്ക് പലപ്പോഴും അത്ര വിലയേ കാണൂ :)

പത്തും പത്തും കൂട്ടിയാല്‍ 20 എന്ന് പറഞ്ഞാല്‍ അത് ശാസ്ത്രം. എല്ലാവര്‍ക്കും അറിയാം. ലോകത്തിന്‍റെ ഏതു കോണില്‍ ചെന്നാലും അത് ഒരുപോലെ തെളിയിക്കാന്‍ കഴിയും. രണ്ടുപേരുടെ കൈവിരലുകള്‍ തന്നെ തെളിവ്. എന്നാല്‍ പത്തും പത്തും കൂട്ടിയാല്‍ 1010 എന്ന് പറയുന്നത് ഗണിതം മനസ്സിലായിട്ടില്ലാത്തതിന്‍റെ പ്രശ്‌നമാണ്. ചെറിയ ക്ലാസിലെ കുട്ടികള്‍ അങ്ങനെ പറയും. കുറേക്കൂടി വലിയ ക്ലാസില്‍ എത്തുമ്പോള്‍ സാധാരണ ഗതിയില്‍ അത് ശരിയാകും.

എന്നാല്‍ പത്തും പത്തും 1010 എന്നത് ഒരു രസമുള്ള ഭാവന തന്നെയാണ്. പക്ഷേ, ആ ഭാവന ഉപയോഗിച്ച് ബാങ്കില്‍ പണമിടപാട് നടത്താനോ തുമ്പയില്‍ നിന്ന് റോക്കറ്റു വിടാനോ പറ്റില്ല. ആ ഭാവന ഒരു കവിതയായോ തമാശക്കുറിപ്പായോ എഴുതിയാല്‍ ഒരുപാട് പേര്‍ അത് വായിച്ച് രസിക്കും. ആ വരികള്‍ പ്രശസ്തമായെന്നും വരും. എന്നാല്‍ കുറെ വര്‍ഷം കഴിയുമ്പോള്‍ ആ തമാശ ഭാവന ഗണിതത്തിന്‍റെ പാഠപുസ്തകത്തില്‍ ചേര്‍ക്കണമെന്നോ കോടതി അംഗീകരിക്കണമെന്നോ പറഞ്ഞാല്‍ പണി പാളും. അതിന്‍റെ പേരില്‍ നാട് നീളെ ജാഥ നടത്തിയാല്‍ കാല് കഴയ്ക്കുമെന്നു മാത്രം.

എന്നാല്‍, പത്തും പത്തും 1010 എന്ന് ക്രമേണ ചിലര്‍ വിശ്വസിക്കാന്‍ തുടങ്ങും. അതാണ് പ്രശ്‌നം. ലോജിക്കില്ലാത്തവര്‍ക്കാണ് അത് സംഭവിക്കുന്നത്. അതവരുടെ കുറ്റമല്ല. അവരോട് സഹതാപം വേണം. കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കണം. മിക്കവര്‍ക്കും മനസ്സിലാകും. ഇല്ലാത്തവരെ ഒടുവില്‍ വിട്ടുകളയുക.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പത്തും പത്തും 1010 എന്നത് ഞങ്ങളുടെ പാരമ്പര്യമായ വിശ്വാസം ആണെന്ന് ചിലര്‍ പറയും. അവരിലെയും ബോധമുള്ളവരെ പറഞ്ഞുമനസ്സിലാക്കിക്കാന്‍ നമുക്ക് കഴിയണം. പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ആ നിയമം സ്വന്തം വീട്ടില്‍ തുടരുന്നത്തില്‍ നമുക്ക് എതിര്‍പ്പില്ല. പക്ഷേ, അവരുടെ വീടിനു പുറത്തുള്ള, ഗണിതം കൃത്യമായി പഠിച്ചവര്‍, അതെല്ലാം വിശ്വസിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞാല്‍ പോയി പണിനോക്കാന്‍ പറയേണ്ടിവരും.

'പാരമ്പര്യ'മുള്ള കുടുംബം പറയുന്നതിനാല്‍ സംഗതി 1010 തന്നെയാണെന്ന് വിശ്വസിക്കുന്ന നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ സമയമെടുക്കും. പക്ഷേ , നമുക്ക് സത്യം പറയുന്ന പണി ഉപേക്ഷിക്കാന്‍ കഴിയില്ല. അധികാരവും പാരമ്പര്യവുമൊക്കെ ഉണ്ടെന്ന് കരുതിയവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ വിശ്വസിക്കാന്‍ നാട്ടുകാരെ വിട്ടുകൊടുത്തിരുന്നെകില്‍ പല നാടുകളിലും ഇപ്പോഴും ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റുകയാണെന്നും കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചേനെ. (ഇതിനിടയിലും സര്‍ക്കാരിനെ വെട്ടിച്ച് കൊച്ചിയില്‍ ഏതോ സ്കൂള്‍ മതത്തിലെ മണ്ടത്തരങ്ങള്‍ പഠിപ്പിച്ചതായും സര്‍ക്കാര്‍ സ്കൂള്‍ പൂട്ടിച്ചതായും പത്രത്തില്‍ അടുത്തിടെ വായിച്ചു) :)

ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യമാണ് ഇതിലും കഷ്ടം. 20 ആണോ 1010 ആണോ ഇനി മറ്റെന്തെകിലും ആണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥ. പോരെങ്കില്‍ ഡല്‍ഹിയില്‍ 20, കേരളത്തില്‍ 1010.

അവസാനം ഒരുകാര്യം കൂടി പറയാം. ന്യൂയോര്‍ക്കിലെ കാര്ഡിയോളജിസ്‌റ് എന്താണ് ചെയ്തത്?

നാട്ടില്‍ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടന്നു എന്നിരിക്കട്ടെ. വീട്ടുടമസ്ഥര്‍ ഉണര്‍ന്നപ്പോള്‍ ആഭരണങ്ങള്‍ മോഷണം പോയിരിക്കുന്നു. അലമാരകള്‍ തുറന്നു കിടക്കുന്നു. കതകുകള്‍ അറുത്തു മുറിച്ചിരിക്കുന്നു. ഗേറ്റ് ഇളക്കി മാറ്റിയിരിക്കുന്നു. ഇത്രയും സത്യം. ആര്‍ക്കു കണ്ടാലും മനസ്സിലാകും. ഈ വിവരങ്ങള്‍ പോലീസ് രേഖയാക്കും. കോടതി വിശ്വസിക്കും. പക്ഷേ, സംഗതി തീര്‍ന്നില്ല. വീട്ടുടമസ്ഥ പറയുന്നു, മോഷണം നടത്തിയത് അടുത്തവീട്ടിലെ ഗോപാലന്‍ ആണെന്ന്. എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോള്‍ പറയുന്നു അതെനിക്ക് ഉറപ്പാണെന്ന്. എന്താണ് ഉറപ്പിന് കാരണമെന്ന് ചോദിച്ചപ്പോള്‍ പറയുന്നു, എന്‍റെ അമ്മ അമ്മൂമ്മമാര്‍ പറഞ്ഞിട്ടുണ്ട് ഗോപാലന്‍റെ കുടുംബം ശരിയല്ലെന്ന്. എല്ലാ നാട്ടുകാര്‍ക്കും ഗോപാലനെ നല്ല വിശ്വാസമാണല്ലോ എന്ന് ചോദിച്ചപ്പോള്‍ എന്‍റെ വിശ്വാസം മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ അവിശ്വാസികളാണെന്നും പറയുന്നു. സംഭവം നടക്കുമ്പോള്‍ ഗോപാലന്‍ ഗള്‍ഫിലാണല്ലോ എന്ന് ചോദിച്ചപ്പോള്‍ അവിടെയിരുന്നും അയാളത് ചെയ്യുമെന്നായി. അതെങ്ങനെ ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ ഗോപാലന്‍റെ ശരീരത്തിന് ചുറ്റും ചക്രങ്ങള്‍ ഉണ്ടെന്നും ചില ചക്രങ്ങള്‍ ശരിയല്ലെന്നും പറയുന്നു. ഞങ്ങള്‍ കാണാത്ത ചക്രം നിങ്ങളെങ്ങനെ കണ്ടെന്നു ചോദിച്ചപ്പോള്‍ പോലീസിന്‍റെ അറിവ് പൂര്‍ണ്ണമല്ലെന്നും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും പറയുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ചിട്ടും സ്കാന്‍ ചെയ്തു നോക്കിയിട്ടും ഗോപാലന്‍റെ ചക്രങ്ങള്‍ കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സത്യമെല്ലാം പറഞ്ഞു കഴിഞ്ഞു, ഇനി എന്നോട് ആരും തര്‍ക്കത്തിന് വരേണ്ടെന്നും പറഞ്ഞ് വീട്ടമ്മ കതകടച്ച് അകത്തുപോകുന്നു. പോലീസ് ആരായി? ചക്രം വിശ്വസിച്ച ജനം ആരായി?

ഇത്രേയുള്ളൂ. വീട്ടില്‍ മോഷണം നടന്നെന്ന സത്യവും വീട്ടമ്മയുടെ അന്ധവിശ്വാസമായ ഗോപാലന്‍റെ ചക്രവും കൂട്ടിക്കുഴച്ച് ചമ്മന്തിയാക്കി. ആ ചമ്മന്തി തിന്നാനും തിന്നിട്ട് അസ്സലായി എന്ന് പറയാന്‍ ചില ചക്രവിശ്വാസികളും.

നമ്മള്‍ പുതിയ സിനിമയും നല്ല ചിക്കന്‍ ബിരിയാണിയും ചര്‍ച്ചചെയ്യേണ്ട സമയമായി.
Join WhatsApp News
asooya mbbs 2018-10-07 23:07:44
ലാൽ ഡോട്ടറേ , ഒരു സംശയം.  ഡോട്ടർ എന്ന പേരും വച്ച് ഈ വിഴുപ്പൊക്കെ ഇവിടെ വിളമ്പുന്നത് താങ്കളുടെ , താങ്കൾ തന്നെ പറഞ്ഞ ഡോട്ടർ പ്രൊഫഷണൽ എത്തിക്സിന്റെ ഭാഗമാണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക