Image

തീവ്ര ധ്രൂവീകരണത്തില്‍ നിന്ന് തിരിച്ചുപോക്ക് ഉണ്ടാകുമോ? : ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 08 October, 2018
തീവ്ര ധ്രൂവീകരണത്തില്‍ നിന്ന് തിരിച്ചുപോക്ക് ഉണ്ടാകുമോ? : ഏബ്രഹാം തോമസ്
വാഷിങ്ടന്‍: നീണ്ട മൂന്നു മാസത്തെ രാഷ്ട്രീയ യുദ്ധങ്ങള്‍ക്കു വിരാമമിട്ട് സുപ്രീം കോടതിയുടെ 114-ാം മത് ജസ്റ്റീസായി ബ്രെറ്റ് കാവനായെ സെനറ്റ് തിരഞ്ഞെടുക്കുകയും കാവനാ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

സെനറ്റ് ജൂഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ നടന്ന വിചാരണയ്ക്കു നാടകീയത പകരുകയും ദൈര്‍ഘ്യം വരുത്തുകയും ചെയ്തത് കാവനായും താനും കൗമാര പ്രായക്കാരായിരുന്നപ്പോള്‍ 36 വര്‍ഷം മുന്‍പ് കാവനാ തന്നെ പീഡിപ്പിച്ചു എന്ന ക്രിസ്റ്റീന്‍ ബ്ലേസി ഫോര്‍ഡിന്റെ ആരോപണമാണ്. സെനറ്റര്‍ ജെഫ് ഫ്‌ലേക്ക് (അരിസോന) ആവശ്യപ്പെട്ടതനുസരിച്ച് നടന്ന എഫ്ബിഐ അന്വേഷണത്തിനുശേഷമാണു സെനറ്റില്‍ തിരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തോടെ (48 നെതിരെ 50) നിയമനം സെനറ്റ് സ്ഥിരപ്പെടുത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിരീകരണ ഭൂരിപക്ഷങ്ങളില്‍ ഒന്നാണ് ഇത്.
വോട്ടിങ് നടക്കുമ്പോള്‍ സന്ദര്‍ശക ഗ്യാലറിയിലിരുന്ന് ചിലര്‍ അത്യുച്ചത്തില്‍ പ്രതിഷേധിച്ചത് കാരണം വോട്ടിങ് പല തവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അധ്യക്ഷത വഹിച്ച വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിര്‍ദേശ പ്രകാരം ബഹളം വച്ച വരെ നീക്കം ചെയ്തു.

സെനറ്റിന്റെ വോട്ടിങ് ഫലം അറിഞ്ഞ ഉടന്‍ പ്രസിഡന്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും കാവനാ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഒരു മികച്ച ന്യായധിപന്‍ ആയിരിക്കും കാവനാ എന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.  53 കാരനായ കാവനായ്ക്ക് ദീര്‍ഘകാലം സുപ്രീം കോടതി ജസ്റ്റീസായി തുടരുവാന്‍ കഴിയും. 12 വര്‍ഷം കീഴ്‌ക്കോടതികളില്‍ ജഡ്ജായിരുന്നു എന്ന അനുഭവപാടവം ഒരു മുതല്‍ക്കൂട്ട് ആയിരിക്കും. എന്നാല്‍ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ മുന്‍ കേസുകളിലെ വിധിയും പലപ്പോഴായി പ്രകടിപ്പിച്ച നിരീക്ഷണ, വീക്ഷണങ്ങളും തലനാരിഴ കീറി പരീക്ഷിക്കപ്പെട്ടു. ഒടുവില്‍ സര്‍വപ്രധാനമായി മാറിയത് ഫോര്‍ഡിന്റെയും മറ്റു മൂന്ന് സ്ത്രീകളുടെയും ആരോപണങ്ങളും അവയില്‍ സെനറ്റിലെ ഭൂരിപക്ഷഅംഗങ്ങള്‍ സ്വീകരിച്ച സമീപനവുമാണ്.

യുഎസ് സുപ്രീം കോടതി ജസ്റ്റീസായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജസ്റ്റീസ് ക്ലാരന്‍സ് തോമസിനും 1991 ല്‍ ഇങ്ങനെ ഒരു ആരോപണവും വിചാരണയും നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ കാവനാ ഒരു തികഞ്ഞ യാഥാസ്ഥിതികനാണ്. ട്രംപ് നിയമിച്ചതാണ്, ഗര്‍ഭച്ഛിദ്രാവകാശം ഇപ്പോഴും സംരക്ഷിച്ചു വരുന്ന റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി തിരുത്തി എഴുതുവാന്‍ അനുകൂലിക്കും എന്നു സൂചന നല്‍കിയിട്ടുണ്ട്. തുടങ്ങിയ ഘടകങ്ങളാണ് കാവനായെ എതിര്‍ക്കുവാന്‍ കാരണമായത്. അഫോഡബിള്‍ കെയര്‍ ആക്ട് റദ്ദി ചെയ്യുകയും അതിനെതിരെ  കേസ് ഉണ്ടാകുകയും ചെയ്താല്‍ കാവനാ റദ്ദ് ചെയ്തതിനെ അനുകൂലിക്കും. ലെസ്ബിയന്‍, ഗേ, ട്രാന്‍സ് ജെന്‍ഡര്‍ കേസുകളില്‍ ഈ വിഭാഗത്തിന് പ്രതികൂലമായ നിലപാട് സ്വീകരിക്കും എന്നെല്ലാം കാവനായെക്കുറിച്ച് ഭയപ്പെടുന്നവരുണ്ട്.

റോ വേഴ്‌സസ് വെയ്ഡിന് സമാന്തരമായ ഒരു കേസ് ഒരു റിപ്പബ്ലിക്കന്‍ സ്റ്റേറ്റില്‍ ഉടനെ ഉണ്ടാവുമെന്നും ഈ കേസ് സുപ്രീം കോടതിയില്‍ എത്തുമെന്നും ജസ്റ്റീസ് കാവനാ നിലവിലുള്ള വിധി തിരുത്തിയെഴുതുവാന്‍ കൂട്ട് നില്‍ക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. പ്രസിഡന്റ് ട്രംപിന് തന്റെ ഭരണത്തിന്റെ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടു സുപ്രീം കോടതി ജസ്റ്റീസുമാരെ നിയമിക്കുവാനും സ്ഥിരപ്പെടുത്തപ്പെടുവാനും കഴിഞ്ഞത് അസാധാരണ നേട്ടമാണ്.

ധ്രൂവീകരണം തീവ്രമായി മാറിയ രണ്ടു വര്‍ഷമാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടിയും സെനറ്റിലെ കഴിഞ്ഞ ദിവസത്തെ വോട്ടിങ് തങ്ങള്‍ക്കു നവംബര്‍ 6 നു നടക്കുന്ന ഇടക്കാല  തിരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. വിചാരണ നടപടികളും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത നിലപാടും പാര്‍ട്ടിയില്‍ കൂടുതല്‍ ഐക്യം സൃഷ്ടിച്ചു എന്നാണ് റിപ്പബ്ലിക്കനുകളുടെ അവകാശവാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക