Image

ധര്‍മ്മസങ്കടങ്ങള്‍ (കഥ- ഭാഗം: 2 )-എന്‍.കെ.കണ്ണന്‍മേനോന്‍

എന്‍.കെ.കണ്ണന്‍മേനോന്‍ Published on 08 October, 2018
ധര്‍മ്മസങ്കടങ്ങള്‍ (കഥ- ഭാഗം: 2  )-എന്‍.കെ.കണ്ണന്‍മേനോന്‍
ശരി- ഞാന്‍ സമ്മതം മൂളി. ഫ്രാന്‍സിസ് നടന്നു. പള്ളി മേധാവികള്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം ഞാന്‍ പാടെ വിസ്മയിച്ചു. ചൂഷണത്തിനും മര്‍ദ്ദനത്തിനും ഇരകളായി സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടവരുടെ ഇടയില്‍ ക്രിസ്തുമത വിശ്വാസം പ്രചരിപ്പിക്കുന്നതിനും, ആവുന്നത്ര ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുവാനുമായിരുന്നു എന്നില്‍ അര്‍പ്പിതമായ ദൗത്യം. അതിന് എനിക്ക്  എല്ലാ മാസവും സാമ്പത്തിക സഹായവും ലഭിച്ചുകൊണ്ടിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലാക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. 

പള്ളി പണിയുന്നതിലും മതപരിവര്‍ത്തനം നടത്തുന്നതിലും വിശിഷ്ഠമായ സേവനം നിര്‍ദ്ധനരും നിരക്ഷകുകഷികളും പട്ടിണിപാവങ്ങളുമായ ആദിവാസികളുടെ അടിയന്തിര ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിലാണെന്ന ഉത്തമ വിശ്വാസമാണ് എനിക്കുണ്ടായിരുന്നത്. സേതു, അവരുടെ ജീവിതം ഒന്നു കണ്ടാലെ നിനക്കത് ബോധ്യമാകൂ. ഞാന്‍ ആരേയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചില്ല. മറ്റു മതങ്ങളേയും വിശ്വാസങ്ങളേയും ഇടിച്ചു താഴ്ത്തുവാനോ ക്രിസ്തുമത വിശ്വാസങ്ങളെ പ്രകീര്‍ത്തിക്കുവാനോ ഞാന്‍ മുതിര്‍ന്നില്ല. പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ മതപരിവര്‍ത്തനം നടത്തണമെന്ന് ക്രിസ്തുമതം അനുശാസിക്കുന്നില്ല. സ്‌നേഹിക്കുക. സേവിക്കുക. സഹായിക്കുക. 

ഇതാണ് ക്രിസ്തുമതം അനുശാസിക്കുന്നത്. ഇതാണ് ഞാന്‍ ചെയ്യുന്നതു. പക്ഷെ ഇത് എന്റെ മുകളിലിരിക്കുന്നവര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഒരു മുന്നറിയിപ്പുമില്ലാതെ അവരെന്നെ വടക്കെ മലബാറിലെ ഒരു ചെറിയപള്ളിയിലേക്ക് മാറ്റി. എന്റെ സ്ഥാനത്തേക്ക് മറ്റൊരാള്‍ വന്നു. ഫാദര്‍ മാത്യു. എന്റെ പരിചയക്കാരനായിരുന്നു. ഞാന്‍ ധിക്കാരിയും സഭാവിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കുന്നവനുമാണെന്നാരോപിച്ചു കൊണ്ടുള്ള ബിഷപ്പ് തിരുമേനിയുടെ നീണ്ട ശാസനയും എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഇതിനകം ചില ഉറച്ച തീരുമാനങ്ങള്‍ കൈ കൊണ്ടിരുന്നു.

ഫ്രാന്‍സിസ് നിറുത്തി എന്റെ മുഖത്തു നോക്കി ആരാഞ്ഞു: നിനക്ക് ബോറാവുന്നുണ്ടോ?
ഇല്ല.ഇല്ല. തണുപ്പ് മാറ്റാന്‍ ഒരു പെഗ്ഗ് വേണ്ടോടാ ഞാന്‍ അലമാരിയില്‍ കരുതിയിരുന്ന വിസ്‌ക്കിയെടുത്തു.

ഫ്രാന്‍സിസ് എഴുന്നേറ്റഅ മൂരി നിവര്‍ത്തി, അടുത്തുള്ള ടോയ്‌ലറ്റിലേക്ക് കയറുന്നതിനിടെ പറഞ്ഞു:
വേണ്ട. ഞാന്‍ കുടീം വലീം എല്ലാം നിര്‍ത്തി.
മടങ്ങിവന്ന് ഫ്രാന്‍സിസ് തുടങ്ങി. ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ പിന്‍തിരിയില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിന് എന്ത് ശിക്ഷ അനുഭവിക്കാനും ഞാന്‍ തയ്യാറായിരുന്നു.

ഫാ. മാത്യു താഴ് വരയില്‍ ചന്തക്കു സമീപം ഒരു ചെറിയ പള്ളി പണിതു. പള്ളിയോട് തൊട്ടുരുമി കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു പ്രാഥമിക വിദ്യാലയം ആദിവാസി കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുകയായിരുന്നു ഉദ്ദേശം. ആദിവാസി കോളനികളില്‍ ഫാ.മാത്യൂ സന്ദര്‍ശനം നടത്തു. ക്രിസ്തുമതം  അവര്‍ക്ക് വിവരിച്ചു കൊടുത്തു. പുതപ്പുകളും റൊട്ടിയും, പാല്‍ക്കട്ടികളും സമ്മാനിച്ചു. ക്രിസ്തുമതം സ്വീകരിക്കുവാന്‍ അവരെ നിരന്തരം പ്രേരിപ്പിച്ചു. ചുരുക്കം ചിലരൊഴിച്ച് മറ്റാരും അതിനു തയ്യാറായില്ല. അവര്‍ക്ക് അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും പ്രമാണങ്ങളുമുണ്ടായിരുന്നു.

ആരാധനരീതിയുണ്ടായിരുന്നു. ദൈവങ്ങളുണ്ടായിരുന്നു. പ്രാര്‍ത്ഥനകളുണ്ടായിരുന്നു. പൂജാരികളുണ്ടായിരുന്നു. നാമജപങ്ങളുണ്ടായിരുന്നു. ഉത്സവങ്ങളുണ്ടായിരുന്നു. അവയൊന്നും കൈവെടിയുവാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ഫാ.മാത്യുവിന്റെ പ്രവര്‍ത്തനം സംഘര്‍ഷത്തിന് തിരികൊളുത്തി. ആദിവാസികള്‍ എന്തെല്ലാം പ്രകോപനങ്ങളുണ്ടായാലും ക്രിസ്തുമതം സ്വീകരിക്കരുതെന്നും മതം മാറിയവര്‍ ഉടനെ അത് ഉപേക്ഷിച്ച് തിരികെ ഗോത്രവര്‍ഗ്ഗ വിശ്വാസത്തിലേക്ക് തന്നെ തിരിച്ചുവരണമെന്നും ഗോത്ര ആദിവാസി തലവന്മാര്‍ കോളനികള്‍ തോറും യോഗം വിളിച്ച് നിര്‍ദ്ദേശിച്ചു. ക്രിസ്തുമതം  സ്വീകരിച്ചവര്‍ ഒറ്റപ്പെട്ടു. മറ്റുള്ളവര്‍ അവരെ ബഹിഷ്‌കരിച്ചു. അവര്‍ക്ക് ഭ്രൃഷ്ട് കല്പിക്കപ്പെട്ടു. അവര്‍ കുടിലുകളില്‍ നിന്നും ആട്ടി ഓടിക്കപ്പെട്ടു. ഭയ വിഹ്വലരായി അവര്‍ പള്ളിയില്‍ അഭയം പ്രാപിച്ചു.

സംഘര്‍ഷത്തിന് അയവു വരുത്തുവാനുള്ള ദൗത്യവുമായി ഞാന്‍ കോളനികള്‍ തോറും കയറിയിറങ്ങി. ഞാന്‍ സമാധാനത്തിന്റെ സന്ദേശവാഹകനായി. അവരെല്ലാം എന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു. ആരും നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി മതം മാറേണ്ടതില്ലയെന്ന എന്റെ വാക്കുകള്‍ അവര്‍ക്ക് എന്നിലുള്ള വിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. എല്ലാ കോളനികളിലും ഞാന്‍ സ്വീകാര്യനായിരുന്നു. സംഘര്‍ഷത്തിന് അയവു വന്നു. സമാധാനാന്തരീക്ഷം ഉടലെടുത്തു.

സംഘര്‍ഷത്തിന് പിന്നില്‍ ഞാനാണെന്ന കള്ളവാര്‍ത്ത ഫാദര്‍ മാത്യു സഭാനേതൃത്വത്തെ അറിയിച്ചു. ഒരു വിശദീകരണവും തേടാതെ അവര്‍ എന്നെ സഭാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കി.

ഒരു പ്രഭാതത്തില്‍ എന്റെ കുടിലിന്റെ മുറ്റത്ത് നട്ടു വളര്‍ത്തിയ കാട്ടു ജമന്തിയില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളില്‍നിന്ന് തേന്‍ കുടിക്കുന്ന പൂപാറ്റകളെ നോക്കി ഞാന്‍ നില്‍ക്കുമ്പോഴാണ് ഡോ.സെന്നും മറ്റു രണ്ടു മൂന്നു പേരും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഞാന്‍ സ്വല്പമൊന്നമ്പരന്നു. ഡോക്ടര്‍ എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തിതന്നു. മൂന്നു പേരും പാറ്റ്‌നയില്‍ നിന്നും വന്ന പത്രപ്രവര്‍ത്തകരായിരുന്നു. ഞാന്‍ തിരിച്ചു എല്ലാവരെയും സ്വാഗതം ചെയ്തു. അതിലൊരാള്‍ ബാക്ക്പാക്കില്‍ സൂക്ഷിച്ചിരുന്ന വീഡിയൊ ക്യാമറയെടുത്ത് എന്റെയും ഞാന്‍ താമസിക്കുന്ന കുടിലിന്റെയും അതിനുള്ളിലെ പരിമിതമായ സൗകര്യങ്ങളുടെയും ചിത്രങ്ങള്‍ വീഡിയൊവില്‍ പകര്‍ത്തി. അവര്‍ അഭിമുഖസംഭാഷണം നടത്തി.

 എന്റെ മനസ്സിലെ ആശയങ്ങള്‍ ഞാന്‍ അവരുടെ മുന്നില്‍ നിരത്തി. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞു. സന്ധ്യമയങ്ങുംവരെ ഞങ്ങള്‍ ഒന്നിച്ചു കഴിച്ചുകൂട്ടി. ആദിവാസി പെണ്‍കുട്ടികള്‍ അവര്‍ക്ക് പാലും തേനും പഴവര്‍ഗ്ഗങ്ങളും സമ്മാനിച്ചു. പാറ്റ്‌നയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രധാന ദിനപത്രത്തിന്റെ മുന്‍ പേജില്‍ തന്നെ ഈ റിപ്പോര്‍്ട്ടും പടങ്ങളും പ്രത്യക്ഷപ്പെട്ടു. പത്രത്തിന്റെ കോപ്പി ഡോ.സെന്നാണ് എനിക്ക് കാണിച്ചുതന്നത്. ഈ വാര്‍ത്ത വന്നതിനുശേഷം ദേശീയദിന പത്രങ്ങളുടെയും ദേശീയ വിദേശടെലിവിഷന്‍ ചാനലുകളുടെയും ലേഖകര്‍ ഇടയ്ക്കിടെ എന്നെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കത്തോലിക്കാ പാതിരിയെന്നാണ് എല്ലാവരും എന്നെ വിശേഷിപ്പിച്ചത്. ഈ വിശേഷണം എനിക്ക് ഒട്ടും യോജിച്ചതായിരുന്നില്ല. ഞാന്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനായി. അതോടെ അപകടങ്ങളുടെ സൂചനകളും കണ്ടുതുടങ്ങി.

സമയം പന്ത്രണ്ടോടടുത്തു. ഞാനെഴുന്നേറ്റു.
ഇനി നമുക്ക് വല്ലതും കഴിച്ചിട്ടിരിക്കാം.
ഫ്രാന്‍സിസ് തലയാട്ടി.
ചോറും ചപ്പാത്തിയുമൊന്നുമില്ല. റൊട്ടി, മുട്ട, പാല്‍, പിന്നെ ആപ്പിളോ, ഓറഞ്ചോ, അതുപോരെ?
ഓ, ധാരാളം മതി.
ഞങ്ങള്‍ ഭക്ഷണത്തിന്നിരുന്നു. ആദിവാസികളുടെ ഭക്ഷണത്തെക്കുറിച്ച്് പറയുമ്പോള്‍ അവന്‍ വാചാലനായി.

ഇനി നമുക്ക് കുറച്ചു നടക്കാം. പുറത്ത് ചെറിയ ചൂടു കലര്‍ന്ന തണുപ്പാണ്. നടക്കാന്‍ സുഖമാണ്. ഇരുന്ന് എന്റെ വയറു നിറയെ കാറ്റാണ്. എന്റെ നിര്‍ദ്ദേശം ഫ്രാന്‍സിസ് സ്വീകരിച്ചു. ഞങ്ങള്‍ തെരുവിന്റെ അരുക് ചേര്‍ന്ന് നടന്നു. ഒഴിവു ദിവസമായതുകൊണ്ട് നഗരം ഏറെക്കുറെ ശൂന്യമായിരുന്നു. ഫ്രാന്‍സിസ് കഥ തുടര്‍ന്നു. ഡിസംബര്‍ മാസത്തിലെ അതിശൈത്യമുള്ള ഒരു രാത്രിയില്‍, റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ ഡോ.സെന്‍ തന്ന പത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്തോളം വരുന്ന ചെറുപ്പക്കാര്‍ എന്റെ കുടില്‍ വളഞ്ഞത്. അവരുടെ ആക്രോശവും അട്ടഹാസവും കേട്ട് ഞാന്‍ ഞെട്ടി ചാടി എണീറ്റു. 

അവര്‍ എന്റെ കുടിലിന്റെ പനമ്പു വാതില്‍ ചവുട്ടി പൊളിച്ച് ഉള്ളില്‍ കടന്നു. തലയില്‍ മഞ്ഞ തലപ്പാവു കെട്ടിയിരുന്ന യുവാവ് എന്റെ മേല്‍ ചാടിവീണു. കഴുത്തില്‍ പിടിച്ച് കുലുക്കി ഹിന്ദിയില്‍ അലറി; അപ്പൊ നീയാണല്ലെ ഇതിന്റെയെല്ലാം നേതാവ്? ഞങ്ങളുടെ ആദിവാസി സഹോദരി സഹോദരന്മാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റണമല്ലെ. പിശാചെ. നീയെത്രപേരെ മാറ്റി? സത്യം പറ. അല്ലെങ്കില്‍ നിന്റെ കഴുത്തറത്ത് ആദിവാസി ദേവതകള്‍ക്ക് ഞങ്ങള്‍ കാഴ്ച വക്കും.

ഞാന്‍ ഭയന്നു വിറച്ചു. ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ ഞാന്‍ വിഷമിച്ചു. ഒടുവില്‍ ഒരു വിധം കൈകൂപ്പി വിറച്ചുവിറച്ച് ഞാന്‍ പറഞ്ഞു: ഇല്ല, ഞാനാരേയും മതംമാറ്റിയിട്ടില്ല, പട്ടിണികൊണ്ടും ദീനംകൊണ്ടും പൊറുതിമുട്ടിയ ആദിവാസികള്‍ക്ക് ആഹാരവും മരുന്നു ചികിത്സയും നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. അവരെ അജ്ഞതയില്‍ നിന്നും വിജഞാനത്തിന്റെ ലോകത്തേക്ക് നയിക്കുവാന്‍ മൂന്നു വിദ്യാലയങ്ങള്‍ ആരംഭിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്ന് യുവാക്കളെ മോചിപ്പിച്ചു. തോട്ടങ്ങളില്‍ അടിമ വേല ചെയ്തിരുന്നവര്‍ക്ക് നിഷേധിക്കപ്പെട്ട മിനിമം കൂലി വാങ്ങിക്കൊടുത്തു. തരിശുഭൂമി കൃഷി യോഗ്യമാക്കാനും വിളകള്‍ ഇറക്കാനും ആദിവാസികളെ പഠിപ്പിച്ചു. ഞാനൊരു മതത്തിന്റെയും പ്രചാരകനല്ല. 

പാവങ്ങളില്‍ പാവങ്ങളായ ഈ ആദിവാസികള്‍ക്ക് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യുക മാത്രമാണ് എന്റെ ഉദ്ദേശം. എന്റെ ഈ വാക്കുകള്‍ അവരെ തൃപ്തിപ്പെടുത്തിയില്ല. സംഘനേതാവ് വീണ്ടും  ഹിന്ദിയില്‍ ഉറക്കെ ആജ്ഞാപിച്ചു: എല്ലാം ചുട്ട് ചാമ്പലാക്ക്. നിമിഷങ്ങള്‍ക്കകം അഗ്നിഗോളങ്ങള്‍ എന്റെ കുടില്‍ വിഴുങ്ങുന്നത് എന്റെ ദൃഷ്ടിയില്‍പെട്ടു. പ്രാണരക്ഷാര്‍ത്ഥം ഞാന്‍ പുറത്തേക്കോടി. അഗ്നി പടരുന്നത് കണ്ട് ആദിവാസി കുടിലുകള്‍ ഉണര്‍ന്നു. അവര്‍ കുടത്തില്‍ വെള്ളവുമേന്തി കൂട്ടത്തോടെ ആര്‍ത്തു വിളിച്ച് എന്റെ കുടിലിലേക്ക് ഓടിയടുത്തു. അക്രമികളെ അവര്‍ തല്ലി ഓടിച്ചു. വെള്ളമൊഴിച്ച് അവര്‍ തീക്കെടുത്തി. ഇതിനകം എന്റെ കുടില്‍ കത്തിചാമ്പലായി കഴിഞ്ഞിരുന്നു. തീയണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ എനിക്ക് ഏറെ നേരം പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ ബോധ മറ്റ് നിലംപതിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ താഴ് വരയിലെ ആസ്പത്രിയിലായിരുന്നു. ഡോ.സെന്നും ഭാര്യയും കോളേജ് വിദ്യാര്‍ത്ഥികളായ സഹായികളും എന്റെ ചുറ്റും കൂടി നിന്നിരുന്നു. ഞാന്‍ എല്ലാവരോടുമായി പറഞ്ഞു: നന്ദി വളരെ വളരെ നന്ദി.
(തുടരും....)

Part 1


ധര്‍മ്മസങ്കടങ്ങള്‍ (കഥ- ഭാഗം: 2  )-എന്‍.കെ.കണ്ണന്‍മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക