Image

ധര്‍മ്മസങ്കടങ്ങള്‍- (ഭാഗം: 3- എന്‍.കെ.കണ്ണന്‍മേനോന്‍)

എന്‍.കെ.കണ്ണന്‍മേനോന്‍ Published on 09 October, 2018
ധര്‍മ്മസങ്കടങ്ങള്‍- (ഭാഗം: 3-  എന്‍.കെ.കണ്ണന്‍മേനോന്‍)

മൂന്ന് 
പാതയോരത്തെ ബഞ്ചിലിരുന്ന്   ഞങ്ങള്‍ കുറച്ചുനേരം വിശ്രമിച്ചു. തിരികെ ഞങ്ങള്‍ നടക്കുമ്പോള്‍ ഫ്രാന്‍സിസ് കഥ തുടര്‍ന്നു: ആശുപത്രിയില്‍ എനിക്ക് നല്ല പരിചരണം ലഭിച്ചു. ശരിക്കും പറഞ്ഞാല്‍ വി.ഐ.പി. ട്രീറ്റ്‌മെന്റ് ചെറിയ ആശുപത്രി ആയിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ എന്നിലായിരുന്നു. ഗ്രാമപഞ്ചായത്തദ്ധ്യക്ഷനും സാമാജികരും മുടങ്ങാതെ നിത്യവും  എന്നെ സന്ദര്‍ശിച്ച് ക്ഷേമമന്വേഷിച്ചു. സുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളും പഴവര്‍ഗ്ഗങ്ങളും ഇടയ്ക്കിടെ അവര്‍ എനിക്ക് സമ്മാനിച്ചു. എനിക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്ത ദേശീയ പത്രങ്ങളില്‍ ഇടം പിടിച്ചു. എന്നെ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായി അവരെല്ലാം പ്രകീര്‍ത്തിച്ചു. എന്റെ പൊള്ളി വെന്ത മാംസ പേശികള്‍ ഉണങ്ങാന്‍ രണ്ടു മാസത്തിലേറെ എടുത്തു. മുഖത്തും കൈത്തണ്ടയിലും വെന്ത് കരിഞ്ഞ മാംസപേശികള്‍ എന്നെ വികൃതരൂപനാക്കി. പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി മുഖകാന്തി വീണ്ടെടുക്കാമെന്നു ഡോ.സെന്നിന്റെ അഭിപ്രായം ഞാന്‍ വിനയപുരസ്‌കരം നിരസിച്ചു. സേവനം നടത്തുന്നവര്‍ക്ക് സൗന്ദര്യത്തിന്റെ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ വനാന്തരങ്ങളിലെ ആദിവാസി കോളനിയിലേക്ക് തന്നെ തിരിച്ചു പോകാന്‍ തയ്യാറെടുത്തു. എന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന യുവാക്കളുമൊത്ത് ഞാന്‍ പുറപ്പെട്ടു. കീഴ്ക്കാംതൂക്കായ മലകയറുവാനുള്ള ആരോഗ്യം എനിക്ക് തിരികെ കിട്ടിയിരുന്നില്ല. ഞാനത് കൂട്ടാക്കിയില്ല. എന്നെ അനുഗമിച്ചിരുന്ന യുവാക്കളുടെ ഫലിതങ്ങളും ഗാനങ്ങളും എന്നില്‍ ഉത്സാഹം പകര്‍ന്നു. ഞങ്ങള്‍ വന്‍ മരങ്ങളുടെ വേരുകളില്‍ ഇടയ്ക്കിടെയിരുന്ന് വിശ്രമിച്ചു. യുവാക്കള്‍  കരുതിയിരുന്ന ഭക്ഷണം കഴിച്ചു. കുപ്പിവെള്ളം കുടിച്ച് ദാഹശമനം വരുത്തി.

കത്തിചാമ്പലായ എന്റെ കുടിലിന്റെ സ്ഥാനത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള മനോഹരമായ ഒരു പുല്‍കുടില്‍ ഉയര്‍ന്നിരുന്നു. എന്നെ സ്വീകരിക്കുവാന്‍ ആദിവാസികള്‍ കുടുംബസമേതം എത്തിയിരുന്നു. ഉടുത്തൊരുങ്ങിയ ആദിവാസി പെണ്‍കുട്ടികള്‍ താലമെടുത്ത് എന്നെ വരവേറ്റു. ചുകന്ന പുഷ്പഹാരം എന്നെ അണിയിച്ചു. മുതിര്‍ന്ന സ്ത്രീകള്‍ വായ്ക്കുരവയിട്ടു. ഗ്രാമത്തലവന്മാരാ# ചേര്‍ത്ത് കുടിടിലേക്ക് എന്നെ ആനയിച്ചു. ചൂടുള്ള കട്ടന്‍ കാപ്പിയും ആവിപൊന്തുന്ന കപ്പയും കാച്ചിലും അവര്‍ എനിക്ക് തയ്യാറാക്കിയിരുന്നു.

കുടിലിനുള്ളിലെ കാഴ്ചകള്‍ എന്നെ വിസ്മയപ്പെടുത്തി. മുളകൊണ്ടുതീര്‍ത്ത കട്ടില്‍, പുല്‍കിടക്ക, പെട്രോമാക്‌സ്, പുതിയ മണ്‍പാത്രങ്ങള്‍. ചുറ്റും നിന്നിരുന്നവരോട് ഞാന്‍ പറഞ്ഞു: ഇതൊന്നും എനിക്ക് വേണ്ട. എനിക്ക് നിങ്ങളില്‍ ഒരാളാകാനാണിഷ്ടം. മണ്‍പാത്രങ്ങളും കാട്ടില്‍ നിന്നു ശേഖരിക്കുന്ന വിറകും മതി. ഞാന്‍ നിങ്ങളെപ്പോലെ നിലത്ത് പായ വിരിച്ച് കിടക്കുവാന്‍ ഇഷ്ടപ്പെടുന്നു. ദയവുചെയ്ത ഇതെല്ലാം നീക്കം ചെയ്യൂ. എന്റെ വാക്കുകള്‍ കേട്ട് സ്ത്രീകളുടെ കണ്ണുകള്‍ ഈറനാകുന്നത് എനിക്ക് കാണാമായിരുന്നു. ആഢംബരങ്ങളുടെ ലോകത്തേക്ക് ഇനി ഒരിക്കലും മടങ്ങില്ലെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്തുകഴിഞ്ഞിരുന്നു. അതിനുശേഷം എന്റെ സേവനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. എന്നെ ആക്രമിക്കുവാന്‍ വന്നവര്‍ക്കെതിരെ പരാതിയില്ലെന്ന് അധികാരികള്‍ക്ക് എഴുതികൊടുത്തത് ആദിവാസികോളനിയിലും ഗ്രാമത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചു. പ്രതികാരം ഒരു പരിഹാരമല്ലെന്ന് ഞാനെല്ലാവരോടും പറഞ്ഞു. അവരില്‍ പലരും എന്റെ കൂടെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ സന്നദ്ധരായി മുന്നോട്ടു വന്നു.

ഫ്രാന്‍സിസ് എഴുന്നേറ്റ് മുറിക്കുള്ളില്‍ രണ്ടുമൂന്നു വട്ടം നടന്ന് എന്റെ നേരെ തിരിഞ്ഞു: നീ അറിഞ്ഞൊ, നമ്മുടെ ആനി വലിയൊരപകടത്തില്‍ ചെന്നുപെട്ടത്?
അവള്‍ക്കെന്തുപറ്റി? തെല്ലൊരു അതിശയത്തോടെ ഞാന്‍ തിരക്കി.
തറവാടിയും ഉന്നത വിദ്യാഭ്യാസം ലഭിച്ചവനും സുശീലനും അമേരിക്കയിലെ ഭീമന്‍ അറ്റോര്‍ണി ഗ്രൂപ്പിന്റെ മേലധികാരിയുമായിരുന്ന ആനിയുടെ ഭര്‍ത്താവ് മുഴുകുടിയനും സ്ത്രീലമ്പടനുമായിരുന്നു. ഭാര്യയെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരു പ്രത്യേകതരം മാനസികരോഗം അയാള്‍ക്കു പിടിപെട്ടിരുന്നു. അയാള്‍ കുടിച്ച് ബോധം കെടുമായിരുന്നു. ആനിയെ ദോഹോപദ്രവമേല്‍പിക്കുമായിരുന്നു. ഞാനുമായി ഇപ്പോഴും രഹസ്യബന്ധം പുലര്‍ത്തുന്നുണ്ടെന്നാരോപിച്ച് അസഭ്യങ്ങള്‍ പുലമ്പുമായിരുന്നു. അശ്ലീലപദങ്ങള്‍ ഉറക്കെ വിളിച്ചു പറയുവാന്‍ അയാള്‍ക്ക് മടി ഉണ്ടായിരുന്നില്ല.

ഇതെല്ലാം നീയെങ്ങനെയറിഞ്ഞു? എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.
കുറച്ചു ക്ഷമിക്ക്, എല്ലാം ഞാന്‍ വിസ്തരിച്ചുപറയാം: ഫ്രാന്‍സിസ് വീണ്ടും വിവരണം തുടങ്ങി: വിവാഹാനന്തരം അവര്‍ ലോസ് ആഞ്ചലീസിലേക്കാണ് വന്നത്. അയാള്‍ മേധാവിയായിരുന്ന ഗ്രൂപ്പിന്റെ കേന്ദ്ര ഓഫീസ് അവിടെയായിരുന്നു. അയാള്‍ ഹോളിവുഡ് നഗരത്തിലെ അറിയപ്പെടുന്ന അറ്റോര്‍ണിയായിരുന്നു. കോടീശ്വരനായിരുന്നു. നഗരഹൃദയത്തില്‍ തന്നെ പൂന്തോട്ടങ്ങളും നീന്തല്‍ കുളവും ഉള്ള കൊട്ടാരസദൃശമായ കൂറ്റന്‍ ബംഗാവ് അയാള്‍ക്ക് സ്വന്തമായിരുണ്ടായിരുന്നു. പൂ്‌ന്തോട്ടക്കാരും ഭൃത്യരും ആയമാരുമുണ്ടായിരുന്നു. സമ്പന്നതയുടെ സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ ജീവിതം പക്ഷെ ഈ പരിഷ്‌ക്കാരങ്ങളൊന്നും വ്യക്തിജീവിതത്തില്‍ ഒട്ടും നിഴലിച്ചില്ല.
വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ച് പരസ്ത്രീകളെ പ്രാപിച്ച കഥകള്‍ ആനിയോട് അയാള്‍ വിവരിക്കുമായിരുന്നു. കിടപ്പറയില്‍ അശ്ലീല വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമൊത്ത് വാരാന്ത്യങ്ങളില്‍ അയാള്‍ നക്ഷത്ര ഹോട്ടലുകളില്‍ പാര്‍ക്കുമായിരുന്നു. അഞ്ചുകൊല്ലം ആനി ഇതെല്ലാം കണ്ടും കേട്ടും സഹിച്ചുംകഴിച്ചുകൂട്ടി.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പാതിരകഴിഞ്ഞാണ് അയാള്‍ വീട്ടില്‍ വന്നത്. പതിവില്ലാത്തവിധം അയാള്‍ കോപാകുലനായിരുന്നു. കോട്ടഴിച്ചിട്ട് നേരെ കട്ടിലില്‍ മയങ്ങികിടന്നിരുന്ന ആനിയുടെ അടുത്ത് അയാളോടി അടുത്തു. ഞെട്ടിയുണര്‍ന്ന് കിടക്കയില്‍ എഴുന്നേറ്റിരുന്ന ആനിയുടെ ചെകിടത്ത് ആഞ്ഞടിച്ചുകൊണ്ട് അയാള്‍ അലറി: നീ ലോകോളേജിലുണ്ടായിരുന്ന കാമുകനുമൊത്ത് കൊടയ്ക്കനാലിലേക്ക് ഉല്ലാസയാത്ര പോയിട്ടുണ്ടൊ: വേശ്യ, പറ, സത്യ പറ, നിന്റെ കൂടെ ലൊകോളേജില്‍ പഠിച്ച ഒരുത്തനുമായി ഇന്ന് ക്ലബില്‍ വച്ച് ഞാന്‍ പരിചയപ്പെട്ടു. അവനെല്ലാ കഥകളും എന്നോടു പറഞ്ഞു. സത്യ പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ തുണ്ടുതുണ്ടായി അരിയും. ഒരു പെട്ടിയിലാക്കും. നിനക്കറിയാല്ലൊ, പതിനഞ്ചു മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ശാന്തസമുദ്രത്തിന്റെ തീരത്തെത്താം, അവിടെ സ്രാവുകളെ സൂക്ഷിക്കുക' എന്ന് മുന്നറിയിപ്പ് എഴുതിയ ബോര്‍ഡു കണ്ടിട്ടില്ലെ, അവിടെ കൊണ്ടുപോയി നിന്നെ തള്ളും. നിമിഷങ്ങള്‍ക്കകം വമ്പന്‍ സ്രാവുകള്‍ വന്ന് നിന്നെ വിഴുങ്ങു. ആരും അറിയില്ല. ആരും എന്നോട് ചോദിക്കുകയുമില്ല. ഈ നഗരത്തിലെ ഷെറിഫും മറ്റും ഉന്നതരായ പോലീസുദ്യോഗസ്ഥരും എന്റെ ഉറ്റമിത്രങ്ങളാണ്. നഗരത്തിലെ വനിതയായ സിറ്റി മേയറും എന്റെ ആത്മ സുഹൃത്താണ്. എനിക്കെതിരെ ആരും ഒരു ചെറുവിരല്‍ പോലും അനക്കില്ല.
അടിയുടെ ആഘാതത്തില്‍ ആനി നിലത്ത് വീണ് കിടക്കുകയായിരുന്നു. അയാള്‍ അവളെ ചവിട്ടുവാന്‍ കാലോങ്ങിയടത്തു അവള്‍ ഞൊടിയിടകൊണ്ട് ചാടി എണീറ്റ് അലറി: അതെ. കേട്ടതെല്ലാം ശരിയാണ്. ഞാന്‍ നിഷേധിച്ചാലും നിങ്ങളത് വിശ്വസിക്കില്ല. അതെല്ലാം വിവാഹത്തിനു മുമ്പുള്ള കാര്യങ്ങളാണ്. വിവാഹത്തിനു മുമ്പുള്ള കാര്യങ്ങളാണ്. വിവാഹാനന്തരം നിങ്ങളെപോലെ ജീവിതപങ്കാളിയെ ഞാന്‍ വഞ്ചിച്ചിട്ടില്ല. എന്റെ ദേഹം ഞാന്‍ കളങ്കപ്പെടുത്തിയിട്ടില്ല. എത്ര വേശ്യകളെ പ്രാപിച്ചാലും തൃപ്തിവരാത്ത മനുഷ്യാധമനാണ് നിങ്ങള്‍. എന്നെ തൊട്ടുപോകരുത്. ഇനി എനിക്കത് പൊറുക്കാനും സഹിക്കാനും പറ്റില്ല. ജീവനില്‍ കൊതിയുണ്ടെങ്കില്‍ മാറി നിന്നൊ. അല്ലെങ്കില്‍ നിന്ന്െ ഞാന്‍ വകവരുത്തു. ഞാന്‍ പഠിച്ചതും പ്രാക്ടീസു ചെയ്തതും ക്രിമിനല്‍ ലൊ ആണ്. നിന്നെ വകവരുത്തിയാല്‍ രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗം എനിക്ക് നന്നായറിയാം. 

മനുഷ്യനന്മകളൊന്നും നിന്നില്‍ അവശേഷിക്കുന്നില്ല. നീചനും നികൃഷ്ടനും ക്രൂരനുമായ നീ ഈ ലോകത്ത് ജീവിക്കുവാന്‍ അര്‍ഹനല്ല. എന്നെ വകവരുത്തിയാല്‍ മറ്റൊരുത്തിയെ നീ ഈ സ്ഥാനത്ത് കൊണ്ടുവരും. അവള്‍ക്കും എന്റെ ഗതി തന്നെ ഉണ്ടാകും. അതുകൊണ്ട് നിന്റെ കഥ ഇന്നുതന്നെ തീരണം. ഇപ്പോള്‍ തന്നെ തീരണം. ഇതു കേട്ടപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ച് അവളെ കടന്നുപിടിക്കുവാന്‍ അടുത്തു. ആനി കട്ടിലിന്റെ മറുഭാഗത്തേക്ക് ഓടിമാറി. അയാള്‍ വിട്ടില്ല. അയാള്‍ ആനിയെ പിടികൂടി. അയാളുടെ കയ്യുകള്‍ അവളുടെ കഴുത്തില്‍ അമര്‍ന്നു. പെട്ടെന്നാണഅ ആനിയുടെ ദൃഷ്ടിയില്‍ കയ്യെത്തും ദൂരത്ത് ഇരിക്കുന്ന മദ്യകുപ്പിപ്പെട്ടത്. നിമിഷങ്ങള്‍ക്കകം അവളത് കയ്യിലാക്കി. കുപ്പി അയാളുടെ നെറുകയില്‍ ആഞ്ഞുപതിഞ്ഞു. ഒരലര്‍ച്ചയോടെ അയാള്‍ മറിഞ്ഞു വീണു. കിടപ്പറ രക്തക്കളമായി. ആനിയുടെ കഴുത്തില്‍ നഖം അമര്‍ന്ന മുറിവുകളില്‍ നിന്നും രക്തം ഒലിച്ചുകൊണ്ടിരുന്നു.

ആനി. 911 വിളിച്ചു. ഒച്ചപ്പാടോടെ പോലീസും ആംബുലന്‍സും ഓടിയെത്തി. കൊലക്കുറ്റം ചുമത്തി പോലീസ് ആനിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. രണ്ടു കൊല്ലം നീണ്ട നിയമയുദ്ധത്തിന്റെ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. ആ സമയത്ത് ഞാന്‍ കോടതിയിലുണ്ടാകണമെന്ന ആനിയുടെ ആഗ്രഹം നിറവേറ്റാണ്, നാളെ വൈകുന്നേരം ഞാന്‍ ലോസ് ആഞ്ചലസിലേക്ക് പോകുന്നത്. ടിക്കറ്റ് ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിസ് നിര്‍ത്തി എന്റെ നേരെ തിരിഞ്ഞു! അമ്പത് പേജു വരുന്ന ഒരു നീണ്ട കത്തിലൂടെയാണ് അവള്‍ ഇതെല്ലാം എന്നെ അറിയിച്ചത്. ഞാനെവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും അവള്‍ക്കറിയാമായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ കത്ത് എന്നെ വല്ലാതെ വ്യാകുലപ്പെടുത്തി.

ഞാനും എഴുന്നേറ്റു: അപ്പോള്‍ നീ.... ഞാന്‍ പറഞ്ഞു തീരും മുമ്പെ ഫ്രാന്‍സിസ് ഇടപട്ടെു: ഞാന്‍ തെരഞ്ഞെടുത്ത ജീവിതം ഉപേക്ഷിക്കുവാന്‍ പോകുകയാണെന്നല്ലെ നീ ചോദിക്കുവാന്‍ മുതിര്‍ന്നത്? ഇല്ല. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഈ മാര്‍ഗ്ഗം ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യാറല്ല. കണ്ടുമുട്ടുമ്പോള്‍ ഞാനവളോട് തുറന്നു പറയും. അവളോടും ഈ പാത സ്വീകരിക്കുവാന്‍ ഞാനപേക്ഷിക്കും. അവളെന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്.
ഫ്രാന്‍സിസ് വീണ്ടും തന്റെ സീറ്റില്‍ ചെന്നിരുന്നു. അവന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം തളം കെട്ടി നിന്നിരുന്നു.

(അവസാനിച്ചു)

Part-1

see part-2 


ധര്‍മ്മസങ്കടങ്ങള്‍- (ഭാഗം: 3-  എന്‍.കെ.കണ്ണന്‍മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക