Image

ഒന്നുമറിയാത്ത ദൈവം (കവിത: മഞ്ജുള ശിവദാസ്‌)

Published on 09 October, 2018
ഒന്നുമറിയാത്ത ദൈവം (കവിത: മഞ്ജുള ശിവദാസ്‌)

ഈശ്വരാ നിന്‍ രക്ഷയൊന്നുമാത്രം-
മര്‍ത്യരാം ഞങ്ങള്‍ തന്‍ ലക്ഷ്യമെന്നും.

ദൈവാവകാശസംരക്ഷകരായ് ,ഞങ്ങള്‍-
സ്വയമവരോധിച്ചിരിക്കയല്ലേ.

ദര്‍ശനമാര്‍ക്കൊക്കെ നല്‍കിടേണം-
നിന്‍ വരമാരിലേക്കെത്തിടേണം

നിശ്ചയിക്കാന്‍ ഞങ്ങളുണ്ടിവിടെ-
നിശ്ചലനായ് നീയിരുന്നാല്‍ മതി.

നിന്നാലയത്തിനു കാവല്‍ നില്‍ക്കാം-
കീഴാളര്‍ നിന്നെ തീണ്ടാതിരിക്കാന്‍.

നാരികള്‍ നിന്നെയശുദ്ധനാക്കാന്‍
ഈ വഴിക്കെങ്ങോ വരുന്നുവത്രെ.

ഒരുവേള നീയൊന്നൊളിച്ചു നില്‍ക്കൂ
ഞങ്ങളൊന്നവരെ തുരത്തിടട്ടെ.

വിശ്വാസരക്ഷകരായ ഞങ്ങള്‍ -
ആശ്വാസനിധിയും സ്വരൂപിച്ചിടാം.

ദുരിതങ്ങളാല്‍ നീ വലഞ്ഞിടുമ്പോള്‍-
കരുതലുകളിന്നേ തുടങ്ങിവക്കാം.

മൂഢനാം മര്‍ത്യന്റെചിന്തയില്‍ പോലുമീ-
ധിക്കാരഭാവം സ്ഫുരിച്ചിടുന്നു.

മനസ്സില്‍ മതങ്ങളാല്‍ മതിലുകെട്ടി-
അതില്‍ പലജാതിയാല്‍ വേലികെട്ടി,

കഥകളനേകം മെനഞ്ഞുകൂട്ടി-
സംശയമില്ലാതെയതു വിഴുങ്ങി.

ദൈവത്തെ ഡമ്മിയായ് നിര്‍ത്തി മുന്നില്‍-
മനുഷ്യരെ പലതായ് തരംതിരിച്ചു.

ചരാചര രക്ഷകനാം വിഭുവിന്‍-
വൈഭവമെന്തെന്നറിഞ്ഞിടാത്തോര്‍,

വാശിക്കു വിശ്വാസം മുതലെടുത്തിന്നിതാ-
വിശ്വത്തിന്‍ സൈ്വര്യം ഹനിച്ചിടുന്നൂ.

ഇനിയെത്രയെന്തു പഠിച്ചിടേണം-
ഭക്തിയെ സ്‌നേഹമെന്നൊന്നറിയാന്‍.

Join WhatsApp News
ദൈവം 2018-10-09 12:30:39
നിങ്ങടെ ഭാവനയ്ക്കുള്ളിലെന്നോ 
പൊട്ടിവിടർന്നൊരു ആശയം ഞാൻ 
എന്തിനെന്നെ  ദൈവമാക്കി നിങ്ങൾ 
അങ്ങോട്ടും ഇങ്ങോട്ടും തട്ടിടുന്ന്‌ 
നിങ്ങൾ കാട്ടും അതിക്രമങ്ങൾ 
എന്റെ തലയിൽ ചാർത്തിടുന്നു 
നിങ്ങടെ അത്യാർത്തി സ്വാർത്ഥത 
നിങ്ങടെ വെറുപ്പും വിദ്വേഷവും 
നിങ്ങടെ ജാതിമതവർഗ്ഗ ചിന്തകളും 
ഭൂമിയിൽ ജീവിതം ദുഷ്‌കരമാക്കിടുന്നു 
ഭൂമിയിൽ പെരുമഴ പെയ്തിടുകിൽ
പ്രളയത്തിൽ നാട് നശിച്ചീടുകിൽ
ഭൂമി ഒന്ന് കുലുങ്ങിടുകിൽ 
കൊടുങ്കാറ്റെങ്ങാൻ അടിച്ചിടുകിൽ 
നിങ്ങൾ പറയുന്നതെന്റെ ശിക്ഷയെന്ന് 
നിങ്ങടെ പള്ളകൾ വീർത്തു ചാടിയിട്ടും 
പിന്നെയും കുത്തി കയറ്റുന്നതിനുള്ളിൽ നിങ്ങൾ 
ഈ ലോകത്തെ പട്ടിണി മാറ്റിടുവാൻ 
നിങ്ങടെ കയ്യിൽ വസ്തുക്കൾ ഉണ്ടായിട്ടും 
പട്ടിണിയാൽ ചാകുന്നനേകായിരങ്ങൾ
നിങ്ങടെ കർമ്മഫലം നിങ്ങൾ തന്നെ 
അനുഭവിച്ചു മരിച്ചു മൺ മറയു 
നിങ്ങടെ ഭാവനയ്ക്കുള്ളിലെന്നോ 
പൊട്ടിവിടർന്നൊരു ആശയം ഞാൻ 
എന്തിനെന്നെ  ദൈവമാക്കി നിങ്ങൾ 
അങ്ങോട്ടും ഇങ്ങോട്ടും തട്ടിടുന്ന്‌ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക