Image

മേക്ക് മൈസെല്‍ഫ് മാറ്ററും ബ്ലൂവേവും ഹിസ്പാനിക്ക് വോട്ടുകളും (ഏബ്രഹാം തോമസ്)

Published on 09 October, 2018
മേക്ക് മൈസെല്‍ഫ് മാറ്ററും ബ്ലൂവേവും ഹിസ്പാനിക്ക് വോട്ടുകളും (ഏബ്രഹാം തോമസ്)
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കുറച്ചുകൂടി കേന്ദ്രീകൃതമായി കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച് തുടങ്ങി. 2008 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഒബാമയ്ക്കു വേണ്ടി പ്രചാരണം നടത്താന്‍ സംഘടിപ്പിച്ച ബ്ലാക്ക് ലൈവ്‌സ് മാറ്ററിലൂടെ സ്ത്രീകള്‍  കുറെക്കൂടി സജീവമായിരുന്നു. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ 'മേക്ക് മൈസെല്‍ഫ് മാറ്റര്‍' മുദ്രാവാക്യവുമായി വീണ്ടും ശക്തമായി പ്രതികരിക്കുവാനാണ് തീരുമാനം.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി രണ്ടു വര്‍ഷത്തിനുശേഷം വര്‍ഗീയ വിഭാഗീയത കൂടുതല്‍ ശക്തമായി പ്രകടമാവുമ്പോള്‍ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ സംഘടിതമായി നവംബര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പ് വരുത്തുകയാണു 'മേക്ക് മൈസെല്‍ഫ് മാറ്റര്‍' മുദ്രാവാക്യത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം അലബാമയില്‍ സെനറ്റ് മത്സരത്തില്‍ ഡമോക്രാറ്റ് ഡഗ്‌ജോണ്‍സ് വിജയിക്കുവാന്‍ കാരണമായത് 98% കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ അയാള്‍ക്കു വോട്ട് ചെയ്തതുകൊണ്ടാണ്. ഇത് പോലെയുള്ള അട്ടിമറി വിജയങ്ങള്‍ ആവര്‍ത്തിക്കുകയാണ് ലക്ഷ്യം.

ജോര്‍ജിയയിലെ കൊളമ്പസില്‍ ഇമ്മാനുവേല്‍ ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വോട്ടര്‍ റജിസ്‌ട്രേഷന് സഹായിക്കുവാനായി കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ളോറിഡായിലെ പനാമ സിറ്റിയിലെ തെരുവോരങ്ങളില്‍ പ്ലക്കാര്‍ഡും പിടിച്ചു നില്‍ക്കുന്ന കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ കടന്നു പോകുന്നവരോട് വോട്ടു ചെയ്യണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. മിസിസിപ്പിയിലെ ഗ്രീന്‍ വില്ലില്‍ മേയര്‍ തന്നെ മുന്നോട്ടിറങ്ങി വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു.

കറുത്ത വര്‍ഗക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കും, എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത് ഇത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച വോട്ടു ബാങ്കുകള്‍ ആണെന്നാണ്. കറുത്ത വര്‍ഗക്കാരിയായ ഒരു സ്ത്രീയെ പ്രചാരണത്തിലൂടെ സ്വാധീനിക്കുവാന്‍ കഴിഞ്ഞാല്‍ അവര്‍ വീട്ടുകാരെയും പള്ളിക്കാരെയുമെല്ലാം സ്വാധീനിക്കും, കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ നേതൃനിരയില്‍ എത്തിക്കുവാന്‍ പരിശീലനം നല്‍കുന്ന ഹയര്‍ ഹൈറ്റ്‌സിന്റെ സ്ഥാപകരില്‍ ഒരാളായ ഗ്ലിന്‍ഡ കാര്‍ പറയുന്നു.

എന്നാല്‍ ജോണ്‍സ് വിജയിച്ചത് റിപ്പബ്ലിക്കന്‍ എതിരാളി റോയ് മൂറിനെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നതിനാലാണ്. മറ്റു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ ഇതുപോലെ ബലഹീനരായി കാണാനാവില്ല. ദക്ഷിണ അമേരിക്ക ഇപ്പോഴും റിപ്പബ്ലിക്കനാണ്. 2016 ല്‍ വെര്‍ജീനിയയില്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഒരു നീല തരംഗത്തിന്റെ പ്രതീക്ഷയിലാണ് ഡമോക്രാറ്റുകള്‍. എന്നാല്‍ ഏറ്റവും പ്രധാന ന്യൂനപക്ഷ വര്‍ഗമായ ഹിസ്പാനിക് വംശജര്‍ പൊതുവെ നീലയില്‍ വലിയ ആവേശം കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടടുത്ത ന്യൂനപക്ഷം കറുത്ത വര്‍ഗക്കാരെ പോലെ ഇവര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നില്ല. 2015 ല്‍ ട്രംപ് ടവറില്‍ നിന്നു ട്രംപ് മെക്‌സിക്കന്‍ വംശജര്‍ക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ തങ്ങള്‍ക്കെതിരാണു ട്രംപ് എന്നൊരു വികാരും ഉണ്ടായതാണ്.

എട്ടു ലക്ഷം നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുവാനുള്ള തീരുമാനം, കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റിയത്, നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് തിരുത്തിയെഴുതാന്‍ ആവശ്യപ്പെട്ടത്, പുതിയ തീരുവകള്‍ അടിച്ചേല്‍പിച്ചത്, അതിര്‍ത്തിയില്‍ പുതിയ മതില്‍ പണിയുന്നത് എല്ലാം മെക്‌സിക്കന്‍ വംശജരില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ടാവണം.
ഇതൊക്കെയാണെങ്കിലും (ഡമോക്രാറ്റിക്) നീലതരംഗം ലറ്റിനോകളില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടില്ല. ഒരു പ്രധാന കാരണം ഹിസ്പാനിക് വോട്ടര്‍മാരിലേക്ക് ഇറങ്ങി ചെല്ലാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടില്ല എന്നതാണ്.

ഹിസ്പാനിക് വോട്ടുകള്‍ പ്രധാനമായും നിര്‍ണായകമാവുക നാല് സെനറ്റ് മത്സരങ്ങളിലാണ്. ഫ്‌ളോറിഡായില്‍ ഡമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സണ്‍ വീണ്ടും ജനവിധി തേടുന്നു. അരിസോണയിലും നെവാഡയിലും ടെക്‌സസിലും റിപ്പബ്ലിക്കനുകളുടെ കൈവശം ഉള്ള സെനറ്റ് സീറ്റുകള്‍ പിടിച്ചെടുക്കാം എന്ന പ്രതിക്ഷയിലാണ് ഡമോക്രാറ്റുകള്‍. ഈ നാല് സീറ്റുകളിലെ ജനവിധിക്ക് ഡമോക്രാറ്റുകള്‍ പ്രാധാന്യം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക