Image

ഖത്തര്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ഈമാസം എട്ടുമുതല്‍ ഇന്ത്യ സന്ദര്‍ശിക്കും

Published on 04 April, 2012
ഖത്തര്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ഈമാസം എട്ടുമുതല്‍ ഇന്ത്യ സന്ദര്‍ശിക്കും
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ മൂന്ന്‌ ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്‌ ഈ മാസം എട്ടിന്‌ തുടക്കമാകും. എട്ട്‌, ഒമ്പത്‌, പത്ത്‌ തീയതികളിലാണ്‌ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്‌. പത്‌നി ശൈഖ മൗസ ബിന്‍ത്‌ നാസറും ഉന്നതതല പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കും.

മൂന്ന്‌ ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ എന്നിവരുമായി അമീറും സംഘവും ചര്‍ച്ച നടത്തും. വാതക കയറ്റുമതി, നിക്ഷേപം, വിദ്യാഭ്യാ രംഗത്തെ സഹകരണം, സാംസ്‌കാരിക വിനിമയം തുടങ്ങിയ വിഷയങ്ങള്‍ അമീറിന്‍െറ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ്‌ സൂചന. ഇന്ത്യയും ഖത്തറും തമ്മില്‍ ഏതാനും സുപ്രധാന കരാറുകള്‍ ഒപ്പുവെക്കാനും സാധ്യതയുണ്ട്‌.

ഏഴ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. നേരത്തെ 1999ലും 2005ലും അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇത്‌ രണ്ടാം തവണയാണ്‌ ശൈഖ മൗസ അമീറിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. 2008 നവംബറില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഖത്തറിലും സന്ദര്‍ശനം നടത്തിയിരുന്നു. ഖത്തര്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ്‌ ഡോ. മന്‍മോഹന്‍സിംഗ്‌.
രാജ്യത്തിന്‍െറ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) അനുവദിക്കണമെന്ന്‌ ഇന്ത്യ നേരത്തെ തന്നെ ഖത്തറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അമിറിന്‍െറ സന്ദര്‍ശനവേളയില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. അമീറിന്‍െറ പര്യടനത്തിന്‌ മുന്നോടിയായി ഖത്തര്‍ ഊര്‍ജ , വ്യവസായ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍ സാലിഹ്‌ അല്‍സാദ തിങ്കളാഴ്‌ച ന്യൂദല്‍ഹിയില്‍ കേന്ദ്ര എണ്ണ, വാതക മന്ത്രി എസ്‌. ജയ്‌പാല്‍ റെഡ്‌ഢിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതുസംബന്ധിച്ചും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍ ന്യൂദല്‍ഹയിലെത്തുന്ന ഖത്തര്‍ സംഘത്തെ ധരിപ്പിക്കുമെന്ന്‌ സംസ്ഥാന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം ദോഹയില്‍ അറിയിച്ചിരുന്നു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരത്തില്‍ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ നാല്‌ മടങ്ങ്‌ വര്‍ധനവുണ്ടായതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 2005ല്‍ 1.2 ബില്ല്യണ്‍ ഡോളറിന്‍െറ വ്യാപാരമാണ്‌ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്‌. 2010ല്‍ ഇത്‌ 4.6 ബില്ല്യണ്‍ ഡോളറായി. ആഗോള വാതക ശേഖരത്തിന്‍െറ 15 ശതമാനം ഖത്തറിനാണ്‌. പ്രതിവര്‍ഷം 7.7 ദശലക്ഷം ടണ്‍ വാതകം നിലവില്‍ ഖത്തറില്‍ നിന്ന്‌ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഖത്തറില്‍ നിന്ന്‌ പ്രവാസി ഇന്ത്യക്കാര്‍ പ്രതിവര്‍ഷം നൂറ്‌ കോടി ഡോളര്‍ ഇന്ത്യയിലേക്കയക്കുന്നതായാണ്‌ കണക്ക്‌.
ഖത്തര്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ഈമാസം എട്ടുമുതല്‍ ഇന്ത്യ സന്ദര്‍ശിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക