Image

റഫേല്‍ ഇടപാട്‌: മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന്‌ കോടതി

Published on 10 October, 2018
റഫേല്‍ ഇടപാട്‌: മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന്‌ കോടതി


റഫേല്‍ ഇടപാടില്‍ നടന്ന വന്‍ സാമ്പത്തിക അഴിമതിയെ കുറിച്ച്‌ ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച്‌ നില്‍ക്കുമ്പോള്‍,മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സുപ്രീം കോടതിയും. റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു.

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗഗോയ്‌ അധ്യക്ഷനായ ബഞ്ചാണ്‌ കേന്ദ്രസര്‍ക്കാരിന്‌ തിരിച്ചടിയായ ഉത്തരവിട്ടത്‌. റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട്‌ മനസിലാക്കാമെന്നും എന്നാല്‍വിവരങ്ങള്‍ കോടതിക്ക്‌ കൈമാറിക്കൂടെയെന്നും കോടിതി ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാല്‍ നോട്ടീസ്‌ അയക്കരുതെന്ന്‌ കേന്ദ്രം ആവശ്യപ്പെട്ടു.

ഈ മാസം 29 നകം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറാനാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. റഫേല്‍ ഇടപാടിന്‌ പിന്നിലെ തീരുമാനമെടുത്തതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണം.

ഇതിന്റെ വിലയിലേക്കോ യുദ്ധ വിമാനങ്ങളുടെ ആവശ്യകതയിലേക്കോ കോടതി കടക്കുന്നില്ല. പക്ഷെ ഇടപാട്‌ നടത്തുവാന്‍ എടുത്ത തീരുമാനത്തിലേക്ക്‌ എത്തിച്ച നടപടികള്‍ അറിയേണ്ടതുണ്ട്‌-കോടതി പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന്‌ 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ 59000 കോടിയുടെ അഴിമതിയുണ്ടെന്നാണ്‌ പാരാതിക്കാരന്റെ വാദം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക