Image

ബരാക് ഒബാമ: യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്‌നേഹി (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 10 October, 2018
ബരാക് ഒബാമ: യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്‌നേഹി (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
"അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരുവിന്‍ ; നിങ്ങളെ ഞാന്‍ ആശ്വസിപ്പിക്കും !" യഹൂദയിലെ മലനിരകളില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഴങ്ങിക്കേട്ട മനുഷ്യ സ്‌നേഹത്തിന്റെ ആ മഹനീയ ശബ്ദം വീണ്ടും നമ്മള്‍ കേള്‍ക്കുന്നത് അറ്റലാന്റിക് പസഫിക് മഹാ സമുദ്രങ്ങളുടെ ഈ സംഗമ ഭൂമിയില്‍ ബരാക് ഒബാമ എന്ന മെല്ലിച്ച മനുഷ്യനില്‍ നിന്നായിരുന്നു.

സുദീര്‍ഘമായ ഈ കാലഘട്ടത്തിനിടയില്‍ വന്നു പോയ മഹാന്മാരായ മനുഷ്യ സ്‌നേഹികളെ ഇവിടെ വിസ്മരിക്കുന്നില്ല. ലിങ്കണും, ഗാന്ധിയും, മാര്‍ട്ടിന്‍ ലൂഥറും അവരില്‍ ചിലര്‍ മാത്രമായിരുന്നു. അബ്രഹാം ലിങ്കണിലെ സഹാനുഭൂതിയും, മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയിലെ സഹനവും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിലെ ആദര്‍ശ നിഷ്ഠയും ഒരേ ഒരു വ്യക്തിയില്‍ ഒത്തു ചേരുന്‌പോള്‍, കാലം കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്ന വര്‍ത്തമാനത്തിന്റെ മഹാനായ പ്രവാചകനാവുകയായിരുന്നു ബരാക് ഒബാമ എന്ന മനുഷ്യ സ്‌നേഹിയായ മനുഷ്യന്‍.

അച്ഛന്‍ ഉപേക്ഷിച്ചു പോയ അനാഥ ബാല്യത്തിന്റെ വേദനകളില്‍ വളര്‍ന്ന്, സര്‍ക്കാര്‍ സഹായത്താല്‍ അന്നം കണ്ടെത്തിയ അമ്മൂമ്മയുടെ സ്‌നേഹവും, സാന്ത്വനവും നുകര്‍ന്ന്, ലക്ഷ്യ ബോധത്തോടെ പഠിച്ചു മുന്നേറിയ ഈ എലുന്പന്‍ യുവാവ് രാഷ്ട്രമീമാംസയിലും, നിയമത്തിലും കൈവരിച്ച വന്പന്‍ അറിവുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സമകാലീന സാഹചര്യങ്ങളെ സമര്‍ത്ഥമായി വിശകലനം ചെയ്യുന്നതില്‍ ആരെയും പിന്നിലാക്കിയ ബുദ്ധിജീവിയായി വളര്‍ന്നു വലുതാവുകയായിരുന്നു !

ലോക ഗതി വിഗതികളെ സമര്‍ത്ഥമായി സ്വാധീനിക്കാന്‍ കഴിയുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ തലപ്പത്ത് രണ്ടാം തവണയും ഉപവിഷ്ടനാനാവുന്‌പോള്‍ പോലും ഒബാമ എന്ന നല്ല മനുഷ്യന്‍ മാറുന്നില്ല. അധികാരത്തിന്റെ ഗര്‍വും, അഹങ്കാരത്തിന്റെ വെറിവും ഇല്ലാതെ വെറും പച്ച മനുഷ്യനായിത്തന്നെ അദ്ദേഹം ജീവിച്ചു.

അധികാര ഗര്‍വിന് അനിവാര്യമെന്ന് ലോക നേതാക്കള്‍ മുതല്‍ സാധാരണ സെലിബ്രിറ്റികള്‍ വരെ വിശ്വസിക്കുന്ന ആടയാഭരണങ്ങളുടെ പളപ്പും, പുളപ്പും അദ്ദേഹം സ്വീകരിച്ചിട്ടില്ല. വെറും സാധാരണക്കാരന്റെ സാധാരണ വേഷമായ പാന്റ്‌സും, ഷേര്‍ട്ടും മാത്രം ധരിച്ചു കൊണ്ട് വരെ അദ്ദേഹം ഭരണ കാര്യങ്ങളില്‍ പങ്കെടുക്കുകയും, പൊതു ജനങ്ങളോടൊപ്പം ഇടപഴകുകയും ചെയ്തിരുന്നു. ' സാന്‍ഡി ' ദുരന്ത മേഖലകളില്‍ ഔദ്യോഗികമായി അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളില്‍ ലളിതമായ ഈ വേഷത്തിലാണ് അദ്ദേഹത്തെ കണ്ടത്. തണുപ്പുണ്ടായിരുന്നത് കൊണ്ട് ഒരു ചൂട് കുപ്പായം കൂടിയുണ്ട്. റോഡില്‍ സെക്യൂരിറ്റികളുടെ ബഹളമില്ല, മുള വേലികളുടെ ബാരിക്കേഡുകളില്ലാ. ഒരു കേവല പഥികനെപ്പോലെ അദ്ദേഹം റോഡുകളിലൂടെ നടന്നു, തന്റെ സഹ പ്രവര്‍ത്തകരോടും, പൊതു ജനങ്ങളോടും സൗമ്യനായി, എളിയവനും വിനീതനുമായി സംസാരിക്കുന്നു, ഇടപെടുന്നു !

കക്ഷി രാഷ്ട്രീയ സംവിധാനങ്ങളില്‍ കുടുങ്ങിപ്പോയതിനാല്‍, വ്യക്തി എന്ന നിലയില്‍ തന്റെ മനസ്സില്‍ വിരിഞ്ഞു നിന്ന മഹത്തായ സ്വപ്നങ്ങളെ മുഴുവനുമായി പ്രായോഗിക തലങ്ങളില്‍ നടപ്പിലാക്കുവാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി എന്നത് സമകാലീന ലോകാവസ്ഥയുടെ ദാവ്ര്‍ഭാഗ്യമായി മനുഷ്യ സ്‌നേഹികള്‍ വിലയിരുത്തുന്നു.

വംശീയതയുടെ പേരില്‍പ്പോലും അതി കഠിനമായി ആക്ഷേപിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ അപമാനകരമായി തന്നെ ആക്ഷേപിച്ച എതിര്‍ പക്ഷത്തോട് അദ്ദേഹം നിരുപാധികം ക്ഷെമിക്കുകയാണുണ്ടായത്. വിജയത്തിന് ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ തന്നെ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണ പിന്തുണ അഭ്യര്‍ത്ഥിക്കുകയും, അപേക്ഷിക്കുകയും ചെയ്തു കൊണ്ട്, ഒരു വലിയ മനസ്സിന്റെ ഉടമയാണ് താനെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കുകയായിരുന്നു ബരാക് ഒബാമ.!

കറ പുരളാത്ത വ്യക്തി ജീവിതത്തിന് ഉടമയായ അദ്ദേഹം മാന്യനായ ഒരു കുടുംബ നാഥന്‍ കൂടിയാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന സ്വന്തം കുടുംബത്തിന് വേണ്ടി ചിലപ്പോഴെങ്കിലും അടുക്കളയില്‍ അദ്ദേഹം പാചകക്കാരനാവുന്നു. സന്മാര്‍ഗ്ഗത്തിന്റെയും, സദാചാരത്തിന്റെയും പാതയില്‍ സ്വന്തം കുടുംബത്തെ അദ്ദേഹം നയിക്കുന്നു. അയല്‍ക്കാരന്റെ പച്ചപ്പിലേക്ക് ആരും കാണാതെ ഒളികണ്ണ് എറിയുന്നില്ല എന്നതാണ് ആധുനിക ലോകം അദ്ദേഹത്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട വലിയ പാഠം എന്ന് എനിക്ക് തോന്നുന്നു.

സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയതിന്റെ പേരില്‍ വലിയൊരു വിഭാഗം ജനങ്ങളുടെ വിമര്‍ശനം ഏറ്റു വാങ്ങുന്നുണ്ട് അദ്ദേഹം. പ്രഥമ ശ്രവണത്തില്‍ ഈ വിമര്‍ശനങ്ങളെ സാധാരണ മനുഷ്യന്‍ അംഗീകരിച്ചുവെന്നും വരാം. പക്ഷെ ആദ്യന്തികമായ ഒരു വിശകലനത്തിന് ഈ വിഷയം വിധേയമാക്കേണ്ടതുണ്ട്. ആദര്‍ശ ധീരനായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അധികാരം ഒരു മുള്‍ക്കിരീടം തന്നെയാണെന്ന് നാം മനസ്സിലാക്കണം. അമേരിക്കന്‍ പ്രസിഡന്റ് ഇവിടുത്തെ ജനങ്ങളുടെ പ്രസിഡന്റ് ആണ്. ഈ ജനതയിലെ ഒരു വിഭാഗമാണ് ലെസ്ബിയന്‍റുകള്‍. മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാകാത്ത ഒരു ചിന്തയോ, ജീവിത രീതിയോ ഒരാള്‍ക്ക് നിഷേധിക്കുവാന്‍ ഒരു പ്രസിഡന്റിന് സാധ്യമല്ല. അങ്ങിനെ ചെയ്താല്‍ അത് അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കൈകടത്തലായി വായിക്കപ്പെടും. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ വിശാല വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് അത് വഴി തുറക്കും. ഇത്തരം സാഹചര്യങ്ങളുടെ സമഗ്രമായ വിലയിരുത്തലില്‍ കൂടി മാത്രമേ ഒരു പ്രസിഡന്റിന് എങ്ങനെ ലെസ്ബിയന്‍റുകളെ കേള്‍ക്കേണ്ടി വന്നു എന്നത് ഏതൊരാള്‍ക്കും മനസിലാവുകയുള്ളു.

എങ്കിലും തന്റെ ജീവിതത്തിലൂടെ എന്താണ് തന്റെ രീതി എന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുക്കുന്നുണ്ട്. മദ്യ നിരോധനം കൊണ്ട് വ്യാജ മദ്യ വിപണി വളരുകയേയുള്ളു എന്നതിനാല്‍, മദ്യവര്‍ജ്ജനം കൊണ്ടാണ് മദ്യമെന്ന വിപത്ത് ഒഴിവാക്കേണ്ടത് എന്ന പ്രായോഗിക നയം പോലെയാണ് ഇക്കാര്യത്തില്‍ ഒബാമയുടെ വിശാല സമീപനം.

സമാധാന വാദിയും, സന്മാര്‍ഗ്ഗ ചാരിയുമായ ബരാക് ഒബാമയെപ്പോലെ ഒരാളെ രണ്ടു തവണ അധികാരത്തിലേറ്റിയ അമേരിക്കന്‍ ജനതയ്ക്കു അഭിവാദനങ്ങള്‍! അദ്ധ്വാനിക്കുന്നവന്റെയും, ഭാരം ചുമക്കുന്നവന്റെയും വളഞ്ഞു പോയ മുതുകിന് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും, തന്റെ കാഴ്ചപ്പാടുകള്‍ക്കു പൂര്‍ണ്ണ രൂപം കൈവരുത്തുവാന്‍ അദ്ദേഹത്തിനും സാധിച്ചില്ല എന്നത്, കക്ഷി രാഷ്ട്രീയ സംവിധാനങ്ങളിലെ സാധാരണ തടസ്സങ്ങളായി ഇന്നും നില നില്‍ക്കുന്നു.

ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ പ്രദാനം ചെയ്യുവാന്‍ പര്യാപ്തമാവുന്ന ഒരു ജീവിത പരിസരമാണ് ആധുനിക ലോകം അഭിലഷിക്കുന്ന സൈദ്ധാന്തിക വിസ്‌പോടനം. അത് നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതില്‍ ലോകത്താകമാനമുള്ള ഭരണാധികാരികള്‍ക്ക് വലിയ പങ്കുണ്ട്. അതിരുകളുടെ സങ്കുചിത തടവറകളില്‍ നിന്ന് പുറത്തു കടന്ന് ആഗോള മനുഷ്യ രാശിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒബാമയെപ്പോലുള്ള മനുഷ്യ സ്‌നേഹികളെ അധികാരത്തിലേറ്റുവാനുള്ള ആര്‍ജ്ജവം മനുഷ്യ നന്മയില്‍ അഭിരമിക്കുന്ന ലോക ജനതയ്ക്കുണ്ടാവട്ടെ എന്നതാണ് ഈ കാല ഘട്ടത്തിന്റെ പ്രസക്തമായ പ്രാര്‍ത്ഥന.
Join WhatsApp News
വിദ്യാധരൻ 2018-10-10 23:18:50
ഇവരുടെ ചരിത്രം ചികഞ്ഞു നോക്കിൽ
കണ്ടിടും സമാനത നിസംശയം നാം 
താതൻ ഇല്ലാതെ വളർന്നു രണ്ടുപേരും 
സമൂഹം പുച്ഛമായവരെ കണ്ടിരുന്നു
'വരണ്ടദേശത്തെ വേരെന്നപോലെ 
വളർന്നു വന്നവർ രണ്ടുപേരും  
ഇല്ലായിരുന്നവർക്ക് രണ്ടുപേർക്കും 
രൂപഗുണങ്ങളും കോമളത്വോം'
നിന്ദിതരായിരുന്നവർ രണ്ടുപേരും ' (യെശയ്യാ 53 )
പരീശന്മാരും പുരോഹിതരും 
യേശുവിൻ  താതനെ തേടിയെങ്കിൽ 
ട്രമ്പെന്ന പരീശൻ ബരാക്ക് ഒബാമയുടെ 
ജന്മത്തെ ചോദ്യം ചെയ്യ്തിരുന്നു 
കാര്യങ്ങൾ ഇങ്ങനെ ആണെന്നാലും 
കാരുണ്യം അവരിൽ തുളുമ്പിയിരുന്നു 
'നഗ്നരെ അവർ കരുതിയിരുന്നു 
ദാഹിപ്പോർക്കവർ ജലം നൽകി പൊന്നു 
തടവുകാർക്കവർ ആശ്വാസമായി ( അനേകം തടവുകാർക്ക് മാപ്പ് നൽകി )
രോഗികളെ അവർ സന്ദർശിച്ചു (അഫോർഡബൾ കെയർ ആക്ട് )
അതിഥികളെ (ഡാക്ക) അവർ കൈകൊണ്ടിരുന്നു' (മത്തായി 25 )
ഇവിടെ നമ്മൾക്ക് ചേർത്ത് വായിച്ചിടാം 
ഒബാമയുടെ മനുഷ്യ സ്നേഹത്തിൻ പ്രവർത്തികളെ 
യേശുവിൻ നീതിന്യായ കോടതിയിൽ 
മാപ്പില്ലാത്ത കുറ്റങ്ങൾ ഒന്നുമിലായിരുന്നു  
കള്ളന്മാരും വേശ്യകളും
ലെസ്ബിയൻസും സ്വവർഗ്ഗ ഭോഗികളും
സ്വാന്തനം കണ്ടെത്തി അവിടെയെന്നും 
കണ്ടിരുന്നു ഞാൻ ബരാക്ക് ഒബാമയിൽ 
യേശുവിനെ പിൻഗമിപ്പാൻ  ഉദ്യമിപ്പോനെ 
എന്നാൽ പരീശരും  ക്രിസ്ത്യാനികളും 
ട്രംപിനെ രാജാവായി വാഴിച്ചിങ്ങ് 
('വിട്ടു താ വിട്ടു താ ബറാബസിനെ'
എന്ന ശബ്ദം ഇന്നും  കാതിൽ അലയടിപ്പൂ)
ആരെല്ലാം എന്തെല്ലാം ചെയ്തെന്നാലും 
ചരിത്രത്തിൻ ഏടിൽ ഇവർ രണ്ടുപേരും 
മായാതെ മറയാതെ മുന്തി നിൽക്കും 
ലോക ചരിത്രത്തെ വിഭജിച്ചേശുവും 
അമേരിക്കൻ ചരിത്രത്തെ വിഭജിച്ചൊബാമയും  

renji 2018-10-11 21:29:51
Pure unadulterated nonsense! Blood on his hands of thousands died because of his support of Islamic radicals everywhere!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക