Image

നടക്കാതെ പോയ അഭിമുഖം: വി.കെ എന്‍ ഒരു അനുഭവപാഠം (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍: ഫ്രാന്‍സിസ് തടത്തില്‍ - 28)

Published on 11 October, 2018
നടക്കാതെ പോയ അഭിമുഖം: വി.കെ എന്‍ ഒരു അനുഭവപാഠം (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍: ഫ്രാന്‍സിസ് തടത്തില്‍ - 28)
കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ച പ്രകാരം കന്നി ഓസ് യാത്രയുമായി തിരുവില്വാമലയില്‍ എത്തിയ എന്നെ തേടി വന്നത് വീണ്ടും ദൗര്‍ഭാഗ്യങ്ങളുടെ പരമ്പര തന്നെയായിരുന്നു. ബസില്‍ നിന്നു കിട്ടിയ അപമാന ഭാരം സഹിക്ക വയ്യാതെ ബസ് പാസ് ഭാരതപ്പുഴയിലേക്കു വലിച്ചെറിഞ്ഞപ്പോള്‍ മനസിനൊരല്‍പ്പം ആശ്വാസം ലഭിച്ചതായിരുന്നു. തന്നെ ഭരമേല്‍പ്പിച്ച ഭരിച്ച ഉത്തരവാദിത്ത്വമായ വി. കെ. എന്‍. എന്ന സാഹിത്യ ഭീഷ്മാചാര്യനുമായി അഭിമുഖം നടത്തുക അത് മാത്രമായിരുന്നു മനസ്സിലപ്പോള്‍ . തിരുവില്വാമലയില്‍ എത്തിയപാടെ ഒരു ഓട്ടോ റിക്ഷ കയറി വി.കെ. എന്നിന്റെ വീട്ടിലേക്കു യാത്രയായി. അവിടെ എത്തിയ ശേഷം കന്നി ഓസുയാത്രയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിച്ച എന്നെത്തേടി വീണ്ടും വരാനിരുന്നത് അപമാനത്തിന്റെ തുടര്‍ക്കഥയായിരുന്നു.

ഇവിടെ വില്ലന്‍ മറ്റാരുമായിരുന്നില്ല. നമ്മുടെ നായകന്‍ തന്നെയായിരുന്നു വില്ലനും. സാക്ഷാല്‍ വി.കെ.എന്‍ എന്ന വടക്കേക്കൂട്ടാല നാരായണന്‍ കുട്ടി നായര്‍ എന്ന ആക്ഷേപസാഹിത്യ കുലപതി. ഇവിടെ അദ്ദേഹം എന്നെ ആക്ഷേപിക്കുകയല്ല അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഒരല്‍പ്പം അതിമോഹം കൂടിപോയെന്നു പറഞ്ഞാല്‍ മതിയല്ലോ. തിരുവില്വാമല ലേഖകന്‍ ശശികുമാറിനെപ്പോലും അറിയിക്കാതെയായിരുന്നു എന്റെ യാത്ര. പതിനൊന്നര മണിക്ക് വി.കെ. എന്നിന്റെ വീട്ടിലെത്തി. ഉമ്മറപ്പടിയില്‍ അരമണിക്കൂറോളം കാത്തുനിന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഇറങ്ങി വന്നു. ഞാന്‍ ദീപികയില്‍ നിന്ന് അഭിമുഖത്തിനു വന്നതാണെന്ന് അറിയിക്കാന്‍ പറഞ്ഞു.

അവര്‍ അകത്തുകയറി വീണ്ടും അരമണിക്കൂറിനുശേഷം മടങ്ങി വന്നു. ഇപ്പോള്‍ പറ്റില്ല. പിന്നീട് വരാന്‍ പറഞ്ഞുവെന്ന്് അറിയിച്ചു. എപ്പോള്‍ എന്നു ചോദിച്ചപ്പോള്‍ നാളെയോ മറ്റന്നാളോ എന്നു പറഞ്ഞു. ഞാന്‍ തൃശൂരില്‍ നിന്നു വരികയാണ് ഇന്നു തന്നെ വേണം. വേണമെങ്കില്‍ ഇന്നു മുഴുവന്‍ കാത്തിരിക്കാമെന്നു പറഞ്ഞു. അവര്‍ വീണ്ടും അകത്തുപോയി. മറുപടി വീണ്ടും നിരാശപ്പെടുത്തുന്നതായിരുന്നു. ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ അവര്‍ എന്നെ അകത്തേക്കു ക്ഷണിച്ചു.

കര്‍ക്കശക്കാരനും മുന്‍കോപിയുമായ വി.കെ.എന്നിന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് സഹധര്‍മ്മിണി വിവരിക്കാന്‍ തുടങ്ങിയപ്പോഴെ കാര്യങ്ങള്‍ ബോധ്യമായി. തന്റെ നിസഹായതയെ ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.

അരമണിക്കൂറിനുള്ളില്‍ അകത്തു നിന്നൊരാള്‍ ആടിയാടി ഇറങ്ങിവന്നു. രണ്ടു വരി കവിതകള്‍ ഈമിട്ടുകൊണ്ട്.' അത് മറ്റാരുമായിരുന്നില്ല കവി മുല്ലനേഴി. അപ്പോള്‍ തന്നെ അകത്ത് നടന്നതെന്താണെന്നു ബോധ്യമായി. ഒരു മണി ആയപ്പോഴേക്കും ഊണു സമയമായെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അകത്തു കയറി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞു അവര്‍ പുറത്തുവന്നപ്പോഴും സ്വീകരണ മുറിയില്‍ ഇരിയ്ക്കുകയായിരുന്ന എന്നെകണ്ടപ്പോള്‍ ഇതുവരെ പോയില്ലെ എന്നു ചോദിച്ചു. അദ്ദേഹം ഉറങ്ങുകയാണ്, മൂന്നു മണി കഴിഞ്ഞു വന്നാല്‍ മതി എന്നു പറഞ്ഞു. ഞാന്‍ പോയിട്ടു മടങ്ങിവരാം എന്നെ നിരാശപ്പെടുത്തരുത് . ഒരു അര മണിക്കൂര്‍ സമയം അനുവദിച്ചാല്‍ മതി. ഞാന്‍ പെട്ടെന്ന് കാര്യങ്ങള്‍ ചോദിച്ചു മടങ്ങിപോയ്‌ക്കൊള്ളാമെന്നു പറഞ്ഞു. മോനറിയാമല്ലോ... അവരുടെ നിസഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

എന്തായാലും ഞാന്‍ മടങ്ങി വരുമെന്നു പറഞ്ഞു നടന്ന് തിരുവില്ലാമല അങ്ങാടിയിലേക്ക് നടത്തം ആരംഭിച്ചു. ഒരു കിലോമീറ്റര്‍ ദൂരം നടന്നപ്പോഴാണ് അങ്ങാടിയിലെത്തിയത്. അങ്ങാടിയില്‍ എത്തിയ ഉടന്‍ ലേഖകന്‍ ശശികുമാറിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ തൃശൂര്‍ക്കു പോയിരിക്കുകയാണെന്നന്നറിഞ്ഞു. തൃശൂരില്‍ നിന്നു മടങ്ങി എത്തിയ ഉടന്‍ അയാള്‍ എന്നെ തേടിക്കണ്ടുപിടിച്ചു. വി.കെ.എന്‍ എന്ന കര്‍ക്കശക്കാരനെ വീഴ്ത്തിക്കാന്‍ ഒരു ഉപായവും പറഞ്ഞു തന്നു. ശശികുമാറിന്റ ഉപദേശ പ്രകാരം ഏതാണ്ട് 70 രൂപ മുടക്കി ഒരു പൈന്‍ഡ് ബ്രാന്‍ഡി വാങ്ങി. കൃത്യം മൂന്നു മണിക്ക് വീട്ടില്‍ എത്തിയപ്പോള്‍ കോലായിലെ ചാരുകസേരയില്‍ ഒരു ഇംഗ്ലീഷ് പത്രവും വായിച്ചിരിക്കുന്നു സാക്ഷാല്‍ വി.കെ.എന്‍. മുറ്റത്ത് നിന്നു കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ മുഖം ഉയര്‍ത്തി ഒന്നു പാളി നോക്കിയശേഷം യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പത്ര പാരായണം തുടര്‍ന്നു.

ഞാന്‍ ദീപിക പത്രത്തില്‍ നിന്ന് വന്നതാണ്.

'അതിന്' ഒറ്റവാക്കില്‍ മറുചോദ്യം. ഒരു അഭിമുഖം വേണം. സണ്ടേ സപ്ലിമെന്റിനു വേണ്ടിയിട്ടാണ് . പറഞ്ഞു തീരും മുന്‍പ് 'സാധ്യമല്ലെന്നു പറഞ്ഞതല്ലെ. പിന്നെന്തിനാ വീണ്ടും വന്നത്?'

എടുത്തടിച്ചതുപോലെ അത്തരമൊരു മറുപടി കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഒന്ന് പതറി. പിന്നെ കൈയ്യിലിരുന്ന ബ്രാണ്ടിക്കുപ്പിയുടെ പാക്കറ്റ് അദ്ദേഹം കാണുമാറ് ഒരല്‍പ്പം കൈ ഉയര്‍ത്തി പ്രദര്‍ശിപ്പിച്ചു. എന്റെ കയ്യിലെ പൊതി ശ്രദ്ധയില്‍ പെട്ട അദ്ദേഹം നെറ്റി ചുളിച്ച് ചോദിച്ചു. എന്താ കൈയില് ബ്രാ .ആ ..ണ്ടി.. 'ബ്രാന്‍ഡി' ഞാന്‍ അല്‍പ്പം പതറിക്കൊണ്ട് പറഞ്ഞു. ഇങ്ങു തന്നേക്കൂ. അദ്ദേഹം ഇരു കൈയ്യും നീട്ടി വാങ്ങി. എന്നിട്ട് അകത്തേക്കു പോയി മുറിയില്‍ കൊണ്ടുവച്ചു മടങ്ങിവന്നു..

ഗൗരവം വിടാതെ, പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു. എത്രകാലമായി പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട്? എന്നെക്കുറിച്ച് എന്തറിയാം. എന്ത് വിഷയത്തിലാണ് ചോദ്യങ്ങള്‍ എന്നിവ ഒറ്റവാക്കില്‍ ചോദിച്ചപ്പോള്‍ അത്ര അനുഭവ സമ്പത്തൊന്നുമില്ലാത്ത ഞാന്‍ ആകെ പതറിപ്പോയി. അദ്ദേഹം ഒരു സാഹിത്യകാരനാണെന്നു മാത്രം അറിയാവുന്ന ഞാന്‍ മറ്റു ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടിപ്പോയി. പിന്നീട് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളേക്കുറിച്ചും മറ്റും നിരവധി ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് എന്റെ അജ്ഞത ഞാന്‍ പോലും അറിയുന്നത്. വി. കെ. എന്നിനെ പ്പോലുള്ള ഒരു വലിയ സാഹിത്യകാരനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ കുറഞ്ഞത് അദ്ദേഹത്തിന്റെ ഒരു പുസ്തകമെങ്കിലും വായിക്കണമെന്ന ഒരു സാമാന്യ ബോധം പോലുമില്ലാതെയായിരുന്നു ഞാന്‍ ആ ദൗത്യത്തിനു ഇറങ്ങി പുറപ്പെട്ടത്.

ആദ്യമായി കിട്ടിയ ബസ് പാസ് ഉപയോഗിച്ച് ഒരു സൗജന്യ യാത്ര ചെയ്യുക. ഒപ്പം വി.കെ.എന്നിനെക്കൂടി ഇന്റര്‍വ്യൂ ചെയ്യുക. ഒരല്‍പം പോലും ഹോം വര്‍ക്ക് നടത്താതെ വി. കെ. എന്നിന് മുന്‍പില്‍ എത്തിയ എന്റെ അവസ്ഥ ഒരു പുലിയുടെ മുന്‍പില്‍ പെട്ടുപോയ ഇരയെപ്പോലെയായിരുന്നു. ഒരു ദയാദാക്ഷണ്യവുമില്ലാതെ അദ്ദേഹം എന്നെ മടക്കി അയച്ചു. ആദ്യം എന്നെക്കുറിച്ച് പഠിച്ചിട്ടു വരൂ. കുറഞ്ഞത് ഞാന്‍ എഴുതിയ 'ആരോഹണം' എങ്കിലും വായിച്ചിട്ടു വരൂ. കൂടുതലൊന്നും പറയാതെ അദ്ദേഹം വീടിനുള്ളിലേക്ക് പോയി. രാവിലെ കണികണ്ടത് ആരെയെന്നോര്‍ത്ത് ശപിച്ചുകൊണ്ട് ഞാന്‍ മടങ്ങി.

തിരുവില്വാമലയിലെത്തിയപ്പോള്‍ ശശികുമാറിനോട് ഒരു ആഗ്രഹം അറിയിച്ചു. തിരുവില്വാ മല പുനര്‍ജനി നൂഴല്‍ നടത്തുന്ന ഗുഹ കാണണം. സിറ്റിയില്‍ നിന്നും അധിക ദൂരമില്ലാത്ത സ്ഥലത്ത് ശശികുമാറിനൊപ്പം യാത്രയായി. വൈകുന്നേരമായിട്ടും അവിടെ സന്ദര്‍ശകര്‍ക്ക് ഒരു കുറവില്ലായിരുന്നു. ശശികുമാറിന്റെ വാര്‍ത്തകളില്‍ എന്നും നിറഞ്ഞു നിന്നിരുന്നത് ഈ പുണ്യ സ്ഥലത്തെക്കുറിച്ചായിരുന്നതിനാല്‍ പറ്റുമെങ്കില്‍ ഇതൊന്നു കണ്ടിട്ടുപോകണമെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഭാരതപ്പുഴയോടു ചേര്‍ന്നുള്ള ഒരു വലിയ കുന്നിന്റെ മുകളില്‍ ഉള്ള ഗുഹയാണ് പുനര്‍ജനി നൂഴലിനായി ഹൈന്ദവര്‍ ബലിതര്‍പ്പണത്തിനെത്തിയിരുന്നത്.

തിരുവില്ല്വാമല പുനര്‍ജനി നൂഴുക എന്നുപറഞ്ഞാല്‍ ഹൈന്ദവാചാരപ്രകാരം ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുക എന്നതാണ്. ചെയ്തുപോയ സമസ്ത അപരാധങ്ങള്‍ക്കും മാപ്പപേക്ഷിച്ചശേഷം തിരുവില്ല്വാമലയിലുള്ള പുനര്‍ജനി ഗുഹയിലൂടെ തിങ്ങിഞ്ഞൊരുങ്ങി പ്രദക്ഷിണം വയ്ക്കുക വഴിയാണ് ആത്മാക്കള്‍ക്ക് മോക്ഷം കിട്ടുക എന്ന വിശ്വാസം രൂപപ്പെട്ടത്. പ്രത്യേകിച്ച് കര്‍ക്കിട വാവുബലിക്ക് ഇവിടെ ബലിയിടാന്‍ ആയിരങ്ങള്‍ എത്താറുണ്ട്. പുനര്‍ജനി ഗുഹയിലൂടെ നൂഴുന്നതിനു ശേഷം തൊട്ടടുത്തുള്ള നിളാനദിയില്‍ (ഭാരതപ്പുഴ) കുളിച്ചീറനണിയുന്നതിലൂടെ ദേഹിയും ആത്മാവും ശുദ്ധമാക്കപ്പെടുന്നു.

അങ്ങനെ അവിശ്വാസിയായ ഞാനും പുനര്‍ജനി നൂഴ്ന്നു ദേഹിയും ദേഹവും ശുദ്ധീകരിച്ചു 'ഓസു പാസ് ' എന്ന മാരകപാപം പുനര്‍ജനി ഗുഹയിലൂടെ നൂഴ്ന്നിറങ്ങി പരിഹരിച്ചു. ഒരാള്‍ക്ക് മാത്രം നൂഴ്ന്നിറങ്ങാവുന്ന ഗുഹയുടെ ഒത്ത നടുക്ക് എത്തിയപ്പോള്‍ കൂരിരിട്ട്. എനിക്കും മുമ്പും പിമ്പും നൂഴ്ന്നവര്‍ തോര്‍ത്തു മുണ്ടുടുത്താണ് പുനര്‍ജനി നൂഴ്ന്നത്. പിന്നീടവര്‍ നിളാ നദിയില്‍ പോയി കുളിച്ചീറനണിഞ്ഞു. അതോടെ പൂര്‍വ്വജന്മത്തിലും ഈ ജന്മത്തിലും ചെയ്ത പാപങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് വിശ്വാസം. ഞാനാകട്ടെ പാപഹേതുവായ 'ബസ്പാസ്' നേരത്തേ തന്നെ നദിയില്‍ ഒഴുക്കികളഞ്ഞതിനാല്‍ പാപമുക്തി പ്രാപിച്ചു കഴിഞ്ഞിരുന്നു.

തൃശൂരില്‍ മടങ്ങിയെത്തിയ ഞാന്‍ വി.കെ.എന്നിനെക്കുറിച്ച്് കൂടുതല്‍ പഠിച്ചു. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ 'ആരോഹണം' വായിച്ചു. ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുമെഴുതിയ പിതാമഹന്‍ വായിച്ചപ്പോള്‍ കൂടുതല്‍ ആദരവു തോന്നി. ഒ.വി.വിജയന്‍, എം.മുകുന്ദന്‍, കാക്കനാടന്‍, എം.പി. നാരായണപിള്ള എന്നിവര്‍ക്കൊപ്പം 1960 കളില്‍ ഇന്ദ്രപ്രസ്ഥത്തിലിരുന്നുകൊണ്ട് മലയാള സാഹിത്യത്തെ നിയന്ത്രിച്ചിരുന്ന സാഹിത്യ മഹാരഥമാരിലൊരാളായിരുന്നു വടക്കേകൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെക്കുറിച്ച് ഒന്നുമറിയാതെ നടത്തിയ ആ യാത്ര പാഴായിപ്പോയത് ഒരു നിമിത്തമായെന്ന് കരുതി ഞാന്‍ സമാധാനിച്ചു. അന്ന് മലയാള സാഹിത്യത്തിലെ പ്രധാന രചനകള്‍ രൂപം കൊണ്ടത് ഈ സാഹിത്യകാരന്മാരുടെ ശൃംഖലയില്‍ നിന്നായിരുന്നുവെന്ന തിരിച്ചറിവും ഒരു പുതിയ അനുഭവമായി.

എന്നെപ്പോലെതന്നെ ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. ഏതാണ്ട്. 10 വര്‍ഷക്കാലം ഡല്‍ഹിയില്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനം നടത്തിയ വി.കെ.എന്‍. പത്രപ്രവര്‍ത്തനകാലത്തു തന്നെ ഒട്ടേറെ വിപ്ലവകരമായ വാര്‍ത്തകള്‍ എഴുതി വിസ്‌ഫോടങ്ങള്‍ സൃഷ്ടിച്ച വ്യക്തിയായിരുന്നു. ഇംഗ്ലീഷ് ജേര്‍ണലിസത്തിനൊപ്പം മലയാള സാഹിത്യത്തിലും സജീവമായിരുന്ന വി.കെ.എന്‍. തന്റെ രചനകളിലൂടെ രാഷ്ട്രീയ പൊറോട്ടു നാടകങ്ങളെ ഹാസ്യ രൂപേണ ആക്ഷേപിച്ച് എഴുതി രാഷ്ട്രീയക്കാരുടെ അപ്രീതികള്‍ക്കും പാത്രമായി. അദ്ദേഹത്തിന്റെ പല കൃതികളും പാഠപുസ്തകങ്ങളാവുകയും പിന്നീടത് പല രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. കാരണം പല സമകാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഹാസ്യാത്മകമായ ആവിഷ്ക്കാരമായിരുന്നു ഈ സൃഷ്ടികളുടെ രത്‌നചുരുക്കം.

വി.കെ. എന്നിനെ ഇന്റര്‍വ്യൂ ചെയ്യുക എന്ന എന്റെ മോഹം ഒരിക്കലും സാധിച്ചില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ വായിച്ചറിയുവാനുള്ള നിമിത്തമായി ആ സംഭവം മാറി. 2004ല്‍ അദ്ദേഹം അന്തരിക്കുന്നതിനു മുമ്പ് ഒരിക്കല്‍ മാത്രം കാണുവാനുള്ള ഭാഗ്യം മാത്രമെ എനിക്കുണ്ടായിട്ടുള്ളൂ.

വി.കെ.എന്നിനെ പോലെ കര്‍ക്കശക്കാരനായ മറ്റൊരു സാഹിത്യകാരനായിരുന്നു കോവിലന്‍. 1998 ല്‍ കോവിലന്റെ തട്ടകം എന്ന നോവലിന് കേന്ദ സാഹിത്യ അക്കാദമി അവര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹവുമായി അഭിമുഖം നടത്താന്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകനായിരുന്ന പരേതനായ പി. ഇ. സുതന്റെ കൂടെ പോയത് മറക്കാനാവില്ല. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കോവിലന്‍ പില്‍കാലത്തു ഇന്ത്യന്‍ സേനയുടെ ഭാഗമാവുകയും പട്ടാളത്തിലെ തന്റെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ രചനയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ബഷീറിന്റ അടുത്ത ചങ്ങാതിയായിരുന്ന മുണ്ടശ്ശേരി മാഷിന്റെ സ്‌റ്റെനോഗ്രാഫര്‍ ആയിട്ടാണ് ആദ്യം ജോലിയില്‍ പ്രവേശിക്കുന്നത്.

പിന്നീട് മിലിറ്ററിയില്‍ ചേര്‍ന്ന അദ്ദേഹം എഴുതിയ ആദ്യ കാല കൃതികള്‍ എല്ലാം തന്നെ പട്ടാളജീവിതവുമായി ബദ്ധപ്പെട്ടതായിരുന്നു. ഹിമാലയ, താഴ്വാരങ്ങള്‍ എബി (അ ആ )എന്നി കൃതികള്‍ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം 1975ല്‍ എഴുതിയ തോറ്റങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടിയ നോവല്‍. കോവിലന്റെ പ്രസിദ്ധമായ നോവല്‍ ആയിരുന്നു 1995 ഇറങ്ങിയ തട്ടകം

തട്ടകത്തിലെ ധിക്കാരിയായ കോവിലനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകും മുന്‍പ് സുതന്‍ നടത്തിയ ഒരുക്കങ്ങള്‍ ഇന്നും ഓര്‍മ്മിക്കുന്നു. ഡി. സി. ബുക്‌സില്‍ നിന്ന് തട്ടകത്തിന്റെ കോപ്പി വാങ്ങി അന്ന് പകല്‍ ഒറ്റ ഇരിപ്പിനു സുതന്‍ വായിച്ചു തീര്‍ത്തു. പിറ്റേന്ന് കോവിലിന്റെ കണ്ടാണശേരിയിലുള്ള വീട്ടിലേക്കുള്ള യാത്രയില്‍ വച്ചാണ് ഞാന്‍ തട്ടകം വായിക്കുന്നത്. അങ്ങോട്ടുപോകുമ്പോള്‍ പകുതി മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളു. കോവിലനെറെ വീട്ടില്‍ എത്തിയപ്പോഴാണ് അദ്ദേഹം അത്രയ്ക്കും കര്‍ക്കശക്കാരനായ ഒരാളാണെന്ന് മനസിലായത്. വിരമിച്ച ശേഷവും പട്ടാള ചിട്ടയില്‍ ജീവിതം തുടര്‍ന്ന അദ്ദേഹം അധികമാര്‍ക്കും അഭിമുഖം നല്‍കിയിരുന്നില്ല. നേരിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന അദ്ദേഹം തെറ്റുകണ്ടാല്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു. എനിക്കൊരു ചോദ്യം പോലും ചോദിക്കേണ്ടി വന്നില്ല. കാരണം സുതന്‍ അത്രയേറെ ഒരുക്കത്തോടെയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. കര്‍ക്കശക്കാരനായ കോവിലന്റെ തട്ടകത്തിലെ കഥകളിലൂടെ സഞ്ചരിച്ച സുതന്‍ അദ്ദേഹത്തെ അനായാസം കൈയിലെടുക്കുന്നതു കണ്ടപ്പോള്‍ ഒരു പുതിയ പാഠം പഠിക്കുകയായിരുന്നു ഞാന്‍.

മലയാള കവിതക്ക് പുതിയ രൂപവും ഭാവവും നല്‍കിയ മഹാനായ കവി പ്രൊഫ. ഓ.എന്‍.വി. കുറുപ്പുമായി കടുത്ത പിണക്കവും അടുത്ത ഇണക്കവുമുണ്ടായ ഒരു സംഭവവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് അടുത്ത അധ്യായത്തില്‍
നടക്കാതെ പോയ അഭിമുഖം: വി.കെ എന്‍ ഒരു അനുഭവപാഠം (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍: ഫ്രാന്‍സിസ് തടത്തില്‍ - 28)
Join WhatsApp News
Joseph 2018-10-11 12:23:40
ഫ്രാൻസിസ് തടത്തിലിന്റെ ലേഖനം വളരെയധികം കൗതുകത്തോടെ വായിച്ചു. ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ ശ്രീ തടത്തിലിനോടാണ് എനിക്ക് കൂടുതൽ ബഹുമാനം തോന്നിയത്. അറിവു കൂടുംതോറും എളിമ വർദ്ധിക്കുകയാണ് വേണ്ടത്. ഈ ലേഖനം വായിച്ചതിൽ നിന്നും ശ്രീ കോവിലനിൽ നിന്നോ ശ്രീ വി.കെ.എൻ എന്ന എഴുത്തുകാരനിൽനിന്നോ അങ്ങനെ ഒരു സവിശേഷത കണ്ടില്ല. എന്നിട്ടും സ്വന്തം ഉത്തരവാദിത്വങ്ങൾക്ക് മങ്ങലേൽക്കാതെ പ്രസിദ്ധരായ ഈ എഴുത്തുകാരെ ഇന്റർവ്യൂ ചെയ്യാൻ പോവുന്ന അദ്ദേഹത്തിൻറെ ഈ ലേഖനം വായനക്കാരനിൽ കൗതുകം ഉണർത്തുന്നു. ഈ ചെറു പ്രായത്തിൽ തന്നെ ശ്രീ ഫ്രാൻസീസ് തടത്തിൽ നേടിയ നേട്ടങ്ങളെ അഭിനന്ദിക്കാതെ വയ്യ! അദ്ദേഹത്തിൻറെ ഭാഷ, ശൈലി, എഴുതുന്ന രീതി എന്നിവകൾ, ലേഖനങ്ങൾ ഏതു വായനക്കാരനെയും ആകർഷിക്കുന്നു. അദ്ദേഹത്തിൻറെ ക്ഷമയും വകവെച്ചുകൊടുക്കേണ്ടതാണ്. അടുത്ത ലക്കവും വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു. 

ഞാൻ തിരുവനന്തപുരത്ത് കോളേജിൽ പഠിച്ചിരുന്ന കാലത്ത് കോളേജ് യുണിയനോടനുബന്ധിച്ച് പ്രസിദ്ധ എഴുത്തുകാരൻ കേശവദേവിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കോളേജിൽ പ്രസംഗം നടത്താൻ ക്ഷണിച്ച ഓർമ്മകളാണ് ഈ ലേഖനം വായിച്ചപ്പോൾ മനസ്സിൽ വന്നത്. എത്ര നല്ല പെരുമാറ്റം, സ്നേഹം, കേശവദേവിന്റെ സംസാരം മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവുന്നില്ല. അന്ന് പ്രഭാത ഭക്ഷണവും ഞങ്ങൾക്ക് നൽകിയാണ് അദ്ദേഹം അയച്ചത്. 

അഹങ്കാരികളായ എഴുത്തുകാരെ വളർത്തുന്നതും വായനക്കാരാണ്. അങ്ങനെയുള്ള സത്യങ്ങളും ഇന്നും ജീവിച്ചിരിക്കുന്ന കോവിലാന്മാരും വി.കെ.എൻ മാരും മനസിലാക്കുന്നത് നന്ന്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാളും മെച്ചമല്ല. കേരളത്തിന്റെ ഒരു കോണിൽനിന്ന് കുറച്ചു സാഹിത്യ കൃതികൾ തൊടുത്തുവിട്ടതുകൊണ്ട് അഹങ്കരിക്കാൻ മാത്രം അവർ ഒന്നുമാകുന്നില്ലെന്നുള്ള സത്യം അത്തരം എഴുത്തുകാർ മനസിലാക്കുന്നതും നന്ന്. അത്തരക്കാരോട് പുച്ഛമാണ് തോന്നുന്നത്. 
വി. കെ. എൻ 2018-10-11 18:24:47
പടന്നമാക്കൽ വി.കെ.എൻ. വായിക്കുക. പലപ്രാവശ്യം വായിക്കുക.
സുധീർ 2018-10-12 00:00:44
അഹങ്കാരം ബ്രാണ്ടി കുപ്പി കണ്ടപ്പോൾ പമ്പ കടന്നില്ലേ !!! ഹാ. ഹാ... കുറെ വായനക്കാർ 
തോളിലേറ്റുന്ന ഒരു എഴുത്തുകാരനെ റൊട്ടി കഷ്ണം കണ്ട നായയെപോലെ വാലാട്ടിച്ചതിനു . ശ്രീ ഫ്രാൻസിസ് തടത്തിൽ നിങ്ങൾ അഹങ്കരിക്കു ,
ഒരു അമേരിക്കൻ മലയാളി എഴുത്തുകാരൻ അയാളുടെ പുസ്തകം നാട്ടിലെ  ഒരു പ്രശസ്ത 
എഴുത്തുകാരന് അയച്ചു. (പുസ്തകം മാത്രം)  അയാൾ കിട്ടിയെന്നു  പോലും അറിയിച്ചില്ല.  അതിനിടയിൽ വേറൊരു  എഴുത്തുകാരനെക്കുറിച്ച പ്രസ്തുത എഴുത്തുകാരൻ 
ഫെയ്‌സ് ബുക്കിൽ എഴുതുന്നു, ഇമെയിൽ  അയക്കുന്നു. രഹസ്യം " രണ്ടാമത്തെ എഴുത്തുകാരൻ  നക്കാൻ കൊടുത്തിരുന്നു."  ഈ മാതിരി ശവങ്ങളെ  ഇങ്ങോട്ടു കെട്ടിയിടുക്കരുതെന്നു ഞാൻ  ഇ മലയാളിയിൽ എഴുതാറുണ്ട്. നിങ്ങളുടെ 
എഴുത്ത് നന്നായാൽ ജനം ശ്രദ്ധിക്കും. അതിനു  ഒരു പ്രശസ്തൻ തൊട്ടു ശുധ്ധമാക്കണ്ട. ശ്രീ തടത്തിൽ  നിങ്ങളുടെ പരമ്പര നന്നാകുന്നു.  പേരും വീട്‍ട്ടുപേരും കേട്ടപ്പോൾ താങ്കൾ തൃശ്സൂർ കരാനാണെന്നു സംശയിച്ചു .അഭിനന്ദനങ്ങൾ.  ശ്രീ പടന്നമാക്കലിനോട് യോജിക്കുന്നു. 
വിദ്യാധരൻ 2018-10-12 00:01:48
 "അഹങ്കാരികളായ എഴുത്തുകാരെ വളർത്തുന്നതും വായനക്കാരാണ്. അങ്ങനെയുള്ള സത്യങ്ങളും ഇന്നും ജീവിച്ചിരിക്കുന്ന കോവിലാന്മാരും വി.കെ.എൻ മാരും മനസിലാക്കുന്നത് നന്ന്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാളും മെച്ചമല്ല. കേരളത്തിന്റെ ഒരു കോണിൽനിന്ന് കുറച്ചു സാഹിത്യ കൃതികൾ തൊടുത്തുവിട്ടതുകൊണ്ട് അഹങ്കരിക്കാൻ മാത്രം അവർ ഒന്നുമാകുന്നില്ലെന്നുള്ള സത്യം അത്തരം എഴുത്തുകാർ മനസിലാക്കുന്നതും നന്ന്. അത്തരക്കാരോട് പുച്ഛമാണ് തോന്നുന്നത്."

ശ്രീ ജോസഫ് പറഞ്ഞതാണ് സത്യം . ഒരു മനുഷ്യ സ്നേഹിയായ സാഹിത്യകാരന് ഒരിക്കലും അഹങ്കാരി ആകാൻ കഴിയില്ല . 

ഞാനെന്നഭാവമത് തോന്നയ്ക് വേണമെന്ന്  ഹരിനാമ കീർത്തനം 

ജ്ഞാനം മനസ്സിലുദിക്കുന്ന നേരത്ത് 
ഞാനെന്ന ഭാവം നശിക്കും കുമാരക ! (ധ്രൂവചരിത്രം ) 

ഫ്രാൻസിസ് തടത്തിലിന്റെ ലേഖനം എല്ലാവര്ക്കും ഒരു പാടമാണ് 

കുസ്‌ഥാനസ്യ പ്രവേശന 
മാനഹാനിഃ പദേ പദേ
വൈശ്വാനരോ പി ലോഹസ്ഥേ
മുദ്‌ ഗൈരഭിഹന്യതേ 

വേണ്ടാത്തിടത്ത് ചെന്നാൽ അഭിമാനത്തിന് ക്ഷതം അടിക്കടിയുണ്ടാകും .ലോഹത്തിൽ പ്രവേശിക്കുന്ന അഗ്നിപോലും ചുറ്റികയാൽ താഡിക്കപ്പെടുന്നു 

ഇന്നത്തെ പല മലയാളികളും ഇതേ അനുഭവത്തെ അൽപ്പം കൂടി പൊടിപ്പും തൊങ്ങലും വച്ച് കെട്ടി വി കെ എൻ നേക്കാൾ അഹങ്കാരത്തോടെ എഴുതുമായിരുന്നു . പക്ഷെ ശ്രീ  ഫ്രാൻസിസ് അഹങ്കാരം അല്പം പോലും തീണ്ടാതെ അനുഭവം പഠിപ്പിച്ച വിനയത്തോടെ എഴുതിയപ്പോൾ അത് വി കെ എൻ എന്ന വ്യക്തിയുടെ വ്യക്തിത്വത്തിനപ്പുറം തല ഉയർത്തി നിൽക്കുന്നു  
കോരസൺ 2018-10-12 08:59:43

എഴുത്തുകാരനും മാധ്യപ്രവർത്തകനും തമ്മിൽ മാനസീകമായ അകലം ഉണ്ട്. മാധ്യപ്രവർത്തകൻ എഴുത്തുകാരന്റെ കുപ്പായം അണിയുമ്പോൾ മാധ്യമപ്രവർത്തകന്റെ കുപ്പായം അഴിച്ചുവെയ്ക്കേണ്ടിവരും. ശ്രീ. ഫ്രാൻസിസ് തടത്തിലിന്റെ കുറിപ്പികൾ അസ്സലാകുന്നുണ്ട്.

എഴുത്തുകാരൻ ഗൗരവമായ സൃഷ്ട്ടിയുടെ പണിപ്പുരയിൽ ആയിരിക്കുമ്പോൾ, അലോരസപ്പെടുത്തുന്ന ഏതു നീക്കവും പ്രതികരിക്കാതെ പറ്റില്ല. അത് മറ്റുള്ളവർ ഉൾക്കൊള്ളണമെന്നു അയാൾക്ക്നിർബന്ധവുമില്ല. അയാൾക്ക്ജനങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ ശാന്തനായിരിക്കാനുമാവില്ല.

എല്ലാവരെയുംപോലെ അയാൾക്കും ബലഹീനതകൾ ഉണ്ടാവാം . അയാളുടെ ഉള്ളിനെ ശാന്തമാക്കാനുള്ള എന്തെകിലും അയാൾ സ്വീകരിച്ചെങ്കിൽ കുറ്റപ്പെടുത്താനുമാവില്ലഇരയുടെ അടിയിൽ ഒളിച്ചിരിക്കുന്ന കൂർത്ത ചൂണ്ടയിൽ അയാൾ പെട്ടുപോയാൽ കുറ്റപ്പെടുത്താനാവില്ല, നല്ല എഴുത്തുകാർക്കു കാപട്യം ഒളിപ്പിച്ചു , സുഖിപ്പിച്ചു പറയാൻ കഴിയില്ല.

ചില സമ്മേളങ്ങൾ തനിക്കു സമ്മാനിച്ച തീക്ത അനുഭവങ്ങളും പ്രതികരണത്തിന്റെ ഘടകമാകാംമുൻ വാശി തീർക്കാൻ ഭക്ഷണത്തിൽ വയർ ഒഴിയാനുള്ള മരുന്ന് കയറ്റിയതും, സമ്മേളനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ ഏതോ ചെറുപ്പക്കാരുടെ പിറകിൽ ഇരുന്നു വീട്ടിൽ കൊണ്ട് തട്ടിയിട്ട് പോയതും ഒക്കെ ചിലർ ആരോടും പറയാൻ മടിക്കുന്ന അനുഭവങ്ങൾ കേൾക്കാൻ ഇടവന്നിട്ടുണ്ട്

മുഖാമുഖത്തിനു ഒരു മാനസീക ഒരുക്കം , തയ്യാറെടുപ്പു ഒക്കെ വേണം എന്ന സത്യം ശ്രീ. തടത്തിൽ അനുഭവം കൊണ്ട് പറയുന്നുണ്ട്. പ്രതിഷ്ടയാണ് പ്രധാനം, ശാന്തിക്കാരനല്ല.

കോരസൺ

George 2018-10-12 04:01:59
ലേഖനം നന്നായിട്ടുണ്ട്. ഏകദേശം ഇതുപോലൊരു അനുഭവം അഴീക്കോടിനെ ഇന്റർവ്യു ചെയ്യാൻ പോയപ്പോൾ ആർക്കോ ഉണ്ടായതായി ചെറിയൊരു ഓര്മ. പ്രത്യേകിച്ച് വി കെ എന്നിന്റെ വീട്ടിൽ എത്തുമ്പോഴുള്ളവ. ഇനി ശ്രി ഫ്രാൻസിസ് തന്നെ ആണോ എന്നോര്മ ഇല്ല. എഴുത്തിൽ ചെറിയ ആവർത്തന വിരസ്സതയൊക്കെ വരാം, ഒരു വിമർശനം മാത്രമായി കണക്കാക്കുക.  ഒരു പക്ഷെ എനിക്ക് തെറ്റിയതും ആവാം. ശ്രി ഫ്രാൻസിസ് എല്ലാവിധ ആശംസകളും. 
ഞാന്‍ ഒരു സംഭവം 2018-10-12 06:19:55

അഹംകാരി ആര് ആയാലും അവഗണിക്കുക!!

Salutations to a well-narrated article!  [I read this before, but don’t remember when and where]

Egoistic writers, journalists, singers, priests, politicians, poets- are seen everywhere and there are many here too. I totally ignore them. Most of them are under a false doom of complexes and ‘ I am something’ attitude. It is in fact not a product of intelligence or Wisdom. Those egoists are trying to impress us proclaiming – I am not just an individual but an incident, a big one- ‘ഞാന്‍ ഒരു വലിയ സംഭവം തന്നെ എന്ന തോന്നല്‍’.

 They are not alright; mentally and physically. Egoism is a shadow-play of ignorance and inferiority. We don’t need those type of people, in fact, they are a burden, they even had triggered world wars and mass murder.

 So, ignore them, never praise them. Tell them what they are- then they will disappear. They won’t survive without praise.

andrew

 

ആധുനികൻ 2018-10-12 11:32:56
വായിക്ക വായിക്ക പടന്നമാക്കലെ
വീകെൻ  സാഹിത്യം വായിച്ചിടു നീ  
വായിച്ചു നീയൊരൊഹങ്കാരിയടുക
കൂട്ടിന്  മദ്യവും ആയിക്കൊള്ളൂ
സ്ത്രീകളുമായി ആകാം ബന്ധം 
(കേട്ടില്ലേ വൈരമുത്തുവിൻ കഥകളൊന്നും 
സ്ത്രീയാണവന്റെ എഴുത്തിൻ ശക്തിയെന്ന് 
മദ്യവും മതിരാക്ഷീം ഒത്തുചേർന്നാൽ 
സാഹിത്യം പൊടിപൊടിക്കും )
അഹംഭാവം ഈ നൂറ്റാണ്ടിനാവശ്യമാ 
ഇല്ലെങ്കിൽ നീ വെറും കഴിവുകെട്ടൊൻ 
അഹംഭാവം സാഹിത്യത്തിൽ മാത്രമല്ല 
മത രാഷ്ട്രീയ രംഗത്തെല്ലാം വേണം 
ഇവിടെ ആത്മാർത്ഥകൊണ്ടെന്ത് നേടാൻ 
പൊയ്മുഖമാണീ കാലത്തിൻ യഥാർത്ഥ മുഖം  
നിനക്കൊരു നല്ല സാഹിത്യകാരനായിടേണോ 
ഇടയ്ക്കിടെ പോകണം  കേരളനാട്ടിൽ 
പുകഴ്പപെറ്റെഴുത്തുകാരെ  പോയ് കണ്ടിടേണം 
അവരൊപ്പം പല പോസിൽ ചിത്രം എടുത്തിടേണം
വേണെങ്കിൽ ഒരാമുഖം നിൻ പുസ്തകത്തിന് കുറിച്ചിടേണം     
ഇവിടെ വന്നാലുടൻ പടം പബ്ലിഷ് ചെയതിടേണം 
ഒരു ടിക്കെറ്റുടൻ  ബുക്ക് ചെയ്തിടേണം 
നിൻ പ്രിയ സാഹിത്യക്കാരനെ വരുത്തിടേണം 
ഞെട്ടണം സർവ്വരും നിങ്ങടെ സൗഹൃദത്തിൽ 
ഞെട്ടിയവർ അവരുടെ എഴുത്തു നിറുത്തിടേണം
കാലത്തിനൊത്തു നീ കോലം കെട്ടിടേണം 
അല്ലെങ്കിൽ നിൻ കാര്യം കട്ടപുകയാണ് തീർച്ച  
ഡോ.ശശിധരൻ 2018-10-12 12:29:26

മുൻകൂട്ടി അനുമതി വാങ്ങാതെ വി കെ എൻന്റെ   വീട്ടിൽ പോയി അദേഹത്തിന്റെ ഭാര്യ സാധ്യമല്ല എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും  അവിടെ കുത്തിയിരുന്ന് അദ്ദേഹത്തിന്റെ അടുക്കളയിലും മറ്റും നടന്ന കാര്യങ്ങൾ പൊതുജനത്തോട് വിളിച്ചു പറയുന്നതാണോ  പത്രപ്രവർത്തനം?എത്ര ഹീനമായാണ് ബ്രാണ്ടിക്കുപ്പിയുമായി അദ്ദേഹത്തെ വീണ്ടും കാണാൻ  പോയത്!അതും ഒരു പത്രപ്രവർത്തകൻ!ഇതിൽ കൂടുതൽ മരിച്ചു പോയൊരു

എഴുത്തകാരനെ അപമാനിക്കാൻ കഴിയില്ല .മുല്ലനേഴിയെയും വെറുതെ വിട്ടില്ല!നവപത്രപ്രവർത്തനം നീതിബോധമില്ലാതെ അസത്യത്തിന്റെ അങ്ങേയറ്റത്തെ ആക്രമണത്തിൽ അകപ്പെട്ട് ഗതിയില്ലാതെ വിഗതിയിലേക്ക്  പ്രായേണ മാറികൊണ്ടിരിക്കുന്നുവെന്നുള്ള നല്ലൊരു തെളിവാണ് ഫ്രാൻസിസിന്റെ ലേഖനം.പത്രധർമ്മത്തിന്റെ പൊരുൾ നെല്ലും പതിരും വേർതിരിച്ചു  നല്ലത്പ്രചരിപ്പിക്കുന്നതിന് പകരം  പതിര്മാത്രം പ്രസിദ്ധികരിക്കുന്ന ഈകൂട്ടർ പത്രപ്രവർത്തകരല്ല  മറിച്ചു കേവലം വർത്തകർമാത്രം.

(ഡോ.ശശിധരൻ)

വിദ്യാധരൻ 2018-10-12 15:57:54
പത്രകർമ്മം പലവിധത്തിൽ 
ഉള്ളതങ്ങറിഞ്ഞിടേണം  
'അഭിമുഖം' പോലെതന്നെ
'അനേഷണവും' അതിലുള്ളതാ 
കാണുന്നതൊക്കെ തന്നെ 
വാർത്തയാണ് ലേഖകന് 
കണ്ടകാര്യം അപ്പോൾ തന്നെ 
നാട്ടാർക്കായി കുറിച്ചിടേണം 
ചിലപ്പോളവർ ആടുക്കളേലും 
നൂന്നുകേറും കിടക്കറേലും
വായിച്ചതൊക്കെ നമ്മൾ 
ചേർത്തു വച്ച് ചിന്തിച്ചിടിൽ 
വി കെ എന്റ ഭാര്യയ്ക്കൊട്ടും
മദ്യസേവേം അഹങ്കാരവും 
എഴുത്തുകാർക്ക് നല്ലതല്ല 
സ്വാതന്ത്ര്യം ഇല്ലായിരുന്നു 
ഇവിടെ പല എഴുത്തുകാരും 
വീട്ടിലൊന്നു നാട്ടിലൊന്ന് 
വീട്ടിലവൻ ഹിറ്റ്ലറാണേൽ   
നാട്ടിലവൻ ഗാന്ധിജിയും
നാട്ടാർക്കവൻ ബിഷപ്പാണേൽ 
രാവിലവൻ കാമദേവൻ 
പത്രക്കാരും എഴുത്തുകാരും 
നിന്നിടേണം സത്യത്തിനായി 
സത്യവാനാം എഴുത്തുകാരൻ 
മരിച്ചെന്നാലും ജീവിച്ചിടും 

വിദ്യാധരൻ 
ജല്പനം 2018-10-12 19:41:37
സാഗരസ്രാവുകളെ കണ്ടിട്ടില്ലാത്ത കൂപമണ്ഡൂകങ്ങളുടേ ജല്പനങ്ങൾ
Jack Daniel 2018-10-12 23:05:18
ഇപ്പോഴല്ലേ കാര്യം മനസിലായത് . അമേരിക്കയിലെ സാഹിത്യകാരന്മാർക്ക് (സാഗര സ്രാവുകൾക്ക് ) ആരാണ് മദ്യം സപ്പ്ളൈ ചെയ്യുന്നതെന്ന് , നല്ല സ്വയമ്പനാണെങ്കിൽ ഞാനും വാങ്ങിച്ചോളാമേ 

കുരയ്ക്കുന്ന സാഗരസ്രാവ് 2018-10-12 23:38:10
അന്ന് ആ മനോഹര സായാഹ്നത്തിൽ 
ഞാൻ നഗ്‌നനായി വെള്ളത്തിൽ 
ചാടാൻ കായൽ തീരത്ത്‌ നിന്നപ്പോൾ 
ചതിയനായ സാഹര സ്രാവേ നീ 
അനങ്ങാതെ ങ്ങാതെ വെള്ളത്തിൽ 
ചുറ്റി കറങ്ങുകയായിരുന്നു 
ചതിയനായ നീ പലരുടെയും 
കയ്യും കാലും കടിച്ചു മുറിച്ചു തിന്നിട്ടുണ്ട്   
ഞാൻ വെള്ളത്തിൽ എടുത്തു 
ചാടിയപ്പോൾ നീ എന്നെ അക്രമിച്ചു 
പക്ഷെ നിനക്ക് എന്നിൽ നിന്ന് 
കാര്യമായി ഒന്നും കിട്ടിയില്ല 
ഒരു ബേബി സോസേജ് പോലുള്ള 
എന്റെ പീനസ് നീ അടിച്ചു കൊണ്ടുപോയി 
നീ മിടുക്കനാണെന്നാണ് നിന്റെ ധാരണ 
നീയാണ് ഇപ്പോൾ ജല്പിക്കുന്നത് 
നിനക്കിട്ട് ഞാൻ വച്ചിട്ടിട്ടുണ്ട് 
നിനക്കായി ഞാൻ ഒരു സ്പെഷ്യൽ 
ചൂണ്ട തയാറാക്കിയിട്ടുണ്ട് 
അതിൽ നിന്നെ പിടിച്ച്‌ നിന്നെ 
ഞാൻ വന്ധീകരിക്കുന്നുണ്ട് 
അന്നേ നിനക്ക് മനസിലാകുള്ളൂ
എന്റെ സോസേജിന്റ് വില  
അതുവരെ സാഗര സ്രാവായ നീ 
ജല്പിച്ചുകൊള്ളും ഇഷ്ടംപോലെ 
FRANCIS THADATHILf 2018-10-13 10:30:31
ഡോ .ശശിധരൻ. 

താങ്കൾ ഒരു അദ്ധ്യാപകനും സാഹിത്യത്തിൽ അൽപമെങ്കിലും താത്പര്യമുള്ള വ്യക്തിയുമായിരുന്നുവെങ്കിൽ ഈ ലേഖനം പൂർണമായും വായിച്ച ശേഷമാകണം ഒരു കമന്റ് എഴുതെണ്ടിയിരുന്നത്. താങ്കൾ നവ പത്ര പ്രവത്തനത്തെക്കുറിച്ചു പറഞ്ഞു. താങ്കൾക്കു പത്രപ്രവർത്തനതേക്കുറിച്ചു എന്തറിയാം? ഈ ലേഖനത്ത്തിനാസ്പദമായ സംഭവം നടക്കുന്നത് 1996ത് ആണ്. അന്നെനിക്ക് കേവലം 25 വയസുമാത്രം.ട്രെയിനിയായ  ഒരു പത്രപ്രവര്ത്തകന് പറ്റിയ തെറ്റായിരുന്നു എനിക്കും പറ്റിയത്. വേണ്ടത്ര ഗൃഹപാഠമില്ലാതെ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പോയ കാര്യം ഞാൻ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും ഞാൻ മദ്യം നൽകിയതും അടുക്കള രഹസ്യം പരസ്യമാക്കിയെന്നുമൊക്കെയുള്ള താങ്കളുടെ ജല്പനങ്ങള്ക്കു എന്ത് മറുപടി പറയണമെന്നറിയില്ല.

മദ്യം കൊടുത്തും മദിരാശികൊടുത്തും വൻ സ്രാവുകളെ വീഴിച്ച പത്രപ്രവർത്തന ചരിത്രം ആദ്യകാല പത്രപ്രവർത്തനത്തിലുമുണ്ട്. വാട്ടർ ഗേറ്റ് എന്ന പ്രസിദ്ധമായ വാർത്ത സ്കൂപ്പിനെക്കുറിച്ചു കേട്ടിട്ടില്ലെങ്കിൽ ഒന്നു ഗൂഗിൾ ചെയ്‌തു നോക്കൂ.  മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ നിരവധി സാഹിത്യകാരന്മാർ മദ്യപിക്കുകയും മറ്റു ഏർപ്പാടുകൾ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. അതിനു യാതൊരു മറയും കൂടാതെ വിളിച്ചു പറഞ്ഞ ഒരു മഹനായ സാഹിത്യകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.

സാഹിത്യകാരന്മാരും മനുഷ്യരാണ്. അവരും വിമര്ശിക്കപ്പെടുന്നതിൽ തെറ്റില്ല. അന്ന് ഞാൻ ചെയ്‌തത്‌ തെറ്റായിപ്പോയെന്ന് പിന്നീട് തോന്നി. കാരണം, അദ്ദേത്തിന്റെ കൃതികൾ വായിക്കാതെ പോയത് ഒന്നാമത്തെ തെറ്റ്. രണ്ടു മദ്യകുപ്പിയുമായി വീണ്ടും സ്വാധീനിക്കാൻ ശ്രമിച്ചത് രണ്ടാമത്തെ തെറ്റ്. പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ താൻ  പോയി പണി നോക്ക് എന്ന് പറയാൻ കഴിയാതെ പോയത് മൂന്നാമത്തെ തെറ്റ്. മൂന്നാമത്തെ കാര്യം മുഖത്തു നോക്കി പറഞ്ഞിരുന്നുവെങ്കിൽ ഒരു മുൻ പത്രപ്രവത്തകനായിരുന്ന വി.കെ.എൻ എന്നെ അകത്തു കഷണിച്ചിരുത്തി അഭിമുഖം നൽകുമഖ്‌യിരുന്നു എന്നെനിക്കു ഉറപ്പാണ്.മുതിർന്ന പത്രപ്രവർത്തകനായതിനു ശേഷം ജാഡ കാണിച്ച  പലരെയും മുഖത്തുനോക്കി പണി നോക്കാൻ പറഞ്ഞപ്പോൾ നല്ല കുട്ടികളെപ്പോലെ മര്യാദകാട്ടിയിട്ടുള്ള അഹങ്കാരികളെ  ഞാൻ അനുഭവത്തിലൂടെ കണ്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ ഒരിക്കൽ പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്നപ്പോൾ സിനിമ സ്റ്റൈലിൽ പത്രപ്രവർത്തകരെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തുകൊണ്ടിരുന്നു. എഴുന്നേറ്റുനിന്നു ഒരൊറ്റവാക്കെപറയേണ്ടി വന്നുള്ളൂ. അദ്ദേഹം മര്യാദക്കാരനായി എന്ന് മാത്രമല്ല പറഞ്ഞ വാക്കുകൾ പിൻവലിച്ചു മാപ്പുപറഞ്ഞു. അതെന്താണെന്നു വരും  അധ്യായങ്ങളിൽ വിശദീകരിക്കുന്നുണ്ട്. എന്നുവെച്ചു മമ്മൂട്ടിയോടുള്ള എന്റെ ആദരവ് ഒരിക്കൽ പോലും കുറഞ്ഞിട്ടില്ല. അതുപോലെതന്നെയാണ് വി. കെ എന്നും.  ഇതിനു  സമാനമായ സംഭവമാണ് ഓ.എൻ.വി യുമായുള്ള എൻെറ ചില അനുഭവങ്ങൾ. അടുത്ത അദ്ധ്യായത്തിൽ എഴുതുന്ന ഈ കാര്യങ്ങൾ ശരിക്കും വായിച്ചു നോക്കിയ ശേഷം പ്രതികരിക്കുക എന്നൊരു അപേക്ഷയുണ്ട് ഡോ. ശശിധരൻ.

താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.

ഫ്രാൻസിസ് തടത്തിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക