Image

ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുമ്പോള്‍: സാജന്‍ തോമസ്

സാജന്‍ തോമസ് Published on 04 April, 2012
ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുമ്പോള്‍: സാജന്‍ തോമസ്
പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിപദത്തിന് വേണ്ടിയുള്ള കേരള കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗത്തിന്റെ അവകാശവാദങ്ങള്‍ക്കിടെയാണ് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിക്ക് വേണ്ടിയുള്ള പ്രസ്താവനകള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കേരള നിയമസഭയിലെ പ്രഗത്ഭ സാമാജികനെന്നറിയപ്പെട്ടിരുന്ന മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. മദ്ധ്യ തിരുവിതാംകൂറിലെ ചില സ്ഥലങ്ങളില്‍ മാത്രം വേരോട്ടമുള്ള ജേക്കബിന്റെ പാര്‍ട്ടിക്ക് ലഭിച്ച ഏക നിയമസഭാംഗത്തിന്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് കാരണം കേരളത്തിലെ യാക്കോബായ വിഭാഗത്തെ കൂടെനിര്‍ത്തുക എന്ന ഉദ്ദേശമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം മുസ്ലീംലീഗിന്റെ അധികാരക്കൊതി വര്‍ദ്ധിപ്പിച്ചു. അഞ്ചാം മന്ത്രിപദത്തിന് പുറമെ ഒരു രാജ്യസഭാഗത്വം കൂടി വേണമെന്നാണ് കഴിഞ്ഞ ദിവസം പാണക്കാട് ഹൈദരാലി ശിഹാബി തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു.ഡി.എഫിലെ മറ്റൊരു വര്‍ഗ്ഗീയ കക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും രാജ്യസഭാസ്ഥാനത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ്. ഒരു എം.എല്‍.എയുടെ കേവല ഭൂരിപക്ഷവുമായി ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഘടക കക്ഷികളുടെ വിലപേശലുകള്‍ തലവേദനയായിരിക്കുകയാണ്. വര്‍ഗ്ഗീയ കക്ഷികള്‍ കേരളത്തെവച്ച് വിലപേശുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നെങ്കില്‍, അവര്‍ പറയുന്നതിലും കഴമ്പുണ്ടെന്ന് വാര്‍ത്തവായിക്കുന്ന സാധാരണ ജനങ്ങള്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.

2011-ലെ ജനസംഖ്യാ കണക്കനുസരിച്ച് 3.3 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 56 ശതമാനം ഹിന്ദുക്കളും 25 ശതമാനം മുസ്ലീങ്ങളും 19 ശതമാനം ക്രിസ്ത്യാനികളുമാണ്. മുഖ്യമന്ത്രിയടക്കം ഇരുപതംഗ മന്ത്രിസഭയില്‍ ഘടക കക്ഷികള്‍ക്കായി കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നത് പത്ത് മന്ത്രിസ്ഥാനങ്ങളാണ്. സംവരണസ്ഥാനങ്ങളായ വനിതാ മന്തിക്കും പട്ടിജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വേറെയും കോണ്‍ഗ്രസിന് തന്നെ നീക്കിവക്കേണ്ടിവന്നു. ശേഷിച്ചത് വെറും ഏഴെണ്ണം. കേരളാ കോണ്‍ഗ്രസ്സുകള്‍ക്കും മുസ്ലീംലീഗിനും കൂടി ആകെ നീക്കി വച്ചിരിക്കുന്നത്. ഏട്ട് മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ്. ഇതിന് പുറമെയാണ് പുതിയ മന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മുറവിളി.

ഏ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാശ്രയ കോളേജുകളുടെ പ്രവേശനം സംബന്ധിച്ച് നടന്ന സമരങ്ങള്‍ കേരളീയര്‍ മറന്നിട്ടുണ്ടാവില്ല. സ്വകാര്യ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് 50:50 അനുപാതത്തില്‍ സീറ്റുകള്‍ വിഭജിച്ചു നല്‍കണമെന്ന് ആന്റണി, പറഞ്ഞപ്പോള്‍ ആരും ചെവികൊണ്ടില്ല. കേരളത്തിലെ ക്രൈസ്തവ മാനേജ്‌മെന്റും മുസ്ലീംമാനേജ്‌മെന്റും എടുത്ത കടുത്ത തീരുമാനങ്ങളാണ് സ്വാശ്രയ കോളേജുകളെ ആശ്രയിച്ച പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ തൂങ്ങാന്‍ കാരണമായത്. അന്ന് ആന്റണി പറഞ്ഞ ഒരു കാര്യം ഏറെ വിവാദമുയര്‍ത്തിയിരുന്നു. കേരളത്തിലെ സംഘടിതരായ ന്യൂനപക്ഷങ്ങള്‍ ഭരണത്തില്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന ആന്റണിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വലതുപക്ഷ-ഹിന്ദു പ്രീണന ന
മായും ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. ഇത് കേരളത്തില്‍ വലിയ ചര്‍ച്ചയാകാതെ പോയതിന് പിന്നില്‍ ന്യൂനപക്ഷകുത്തകകളായ മാധ്യമസിന്‍ഡിക്കേറ്റുകളാണെന്നാണ് മാര്‍ക്കിസ്റ്റ് നേതാക്കള്‍ അന്ന് ആക്ഷേപിച്ചത്. ഭൂരിപക്ഷ സമുദായത്തിന് അവകാശപ്പെട്ട വിഭവസമാഹരണവും അതിന്റെ വിതരണവും ന്യൂനപക്ഷങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം ആരോപണങ്ങളും അസംതൃപ്തിയും ഒരു വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നാല്‍ , അടുത്ത കാലത്ത് മതമേലദ്ധ്യക്ഷന്‍മാര്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളും മന്ത്രി ലബ്ദിക്കായി വര്‍ഗ്ഗീയ പാര്‍ട്ടികളുടെ വിലപേശലുകളും സമാധാന കാംക്ഷികളായ കേരളത്തിലെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ അലോസരം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. ഇത് കണക്കിലെടുക്കാതെ ഘടകകഷികള്‍ നടത്തുന്ന അധികാരത്തിനുവേണ്ടിയുള്ള വിലപേശലുകള്‍ സമുദായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും എന്നത് വസ്തുതയാണ്. ഇതുമൂലം കേരളത്തിലെ സാമുദായിക ഘടനയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും ഫലം.
ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുമ്പോള്‍: സാജന്‍ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക