Image

എസ്.എം.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു

Published on 12 October, 2018
എസ്.എം.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) കോറല്‍സ്പ്രിംഗ്‌സ് ചാപ്റ്ററിന്റെ പുതിയൊരു സംരംഭത്തിനു തിരിതെളിഞ്ഞു.

വായനയിലൂടെ ലഭിക്കുന്ന വിജ്ഞാനത്തിന്റെ അതിരുകള്‍ അനന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. തിരക്കു നിറഞ്ഞ ഈ പ്രവാസജീവിതത്തില്‍ പലപ്പോഴും മാറ്റിവയ്ക്കപ്പെടുന്നതും പുസ്തകവായന തന്നെയാണ്. എന്നാല്‍ അറിവു നല്‍കുന്ന ആനന്ദം ആസ്വദിക്കുവാന്‍ ഏതൊരു മലയാളിയും ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവാണ് എസ്.എം.സി.സി കോറല്‍സ്പ്രിംഗ് ചാപ്റ്റിനു ഈ സംരംഭത്തിനു മുന്നിട്ടിറങ്ങുവാന്‍ പ്രചോദനമായത്.

കോറല്‍സ്പ്രംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവക സമൂഹത്തെ സാക്ഷിനിര്‍ത്തി ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പട്ട് പുതിയ ലൈബ്രറി ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഈ ലൈബ്രറിയിലേക്കു തന്റെ പക്കലുള്ള വിശ്വ വിജ്ഞാനകോസ പുസ്തക സമാഹാരം സംഭാവനയായി നല്‍കുമെന്നറിയിച്ചപ്പോള്‍ വലിയ ശബ്ദ കരഘോഷത്തോടെയാണ് കാണികള്‍ ഇത് എതിരേറ്റത്.

സമ്മേളനത്തില്‍ രൂപതാ ചാന്‍സിലര്‍ ജോണിക്കുട്ടി പുലിശേരി, ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫാ. ജോസ് കളരിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രായഭേദമെന്യേ ഏവര്‍ക്കും ഈ ലൈബ്രറിയില്‍ അംഗമാകുന്നതിനും, പുസ്തകങ്ങള്‍ എടുത്തു വായിക്കാവുന്നതുമാണ്. എല്ലാ ഞായറാഴ്ചയുമാണ് ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കുന്നത്.

മലയാളഭാഷാ സാഹിത്യവിഭാഗത്തിലെ ഒട്ടുമുക്കാല്‍ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ ഈ ലൈബ്രറിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നോവല്‍, ചെറുകഥ, ലേഖന സമാഹാരങ്ങള്‍, സഞ്ചാരസാഹിത്യം, കവിതാ സമാഹാരങ്ങള്‍, ആത്മീയഗ്രന്ഥങ്ങള്‍, പ്രഭാഷണങ്ങള്‍, വിവര്‍ത്തന ഗ്രന്ഥങ്ങള്‍, പത്രം, മാസികകള്‍ തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തിലെ ഈടുറ്റ ഗ്രന്ഥങ്ങളും ഈ ലൈബ്രറിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ചവരുടേയും, സീനിയര്‍ സിറ്റിസണ്‍സിന്റേയും ആവശ്യപ്രകാരവും, സീനിയര്‍ ഗ്രൂപ്പിനെ കമ്യൂണിറ്റിയില്‍ സജീവമാക്കുന്നതിനും കൂടിയാണ് ഇങ്ങനെ ഒരു ലൈബ്രറിക്ക് തുടക്കംകുറിക്കാന്‍ ഇടയായതും, സീനിയര്‍ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള ചാക്കോ ചാക്കോ, കുര്യാക്കോസ് പൊടിമറ്റത്തില്‍ എന്നിവരാണ് ലൈബ്രേറിയന്മാരായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളതെന്നും എസ്.എം.സി.സി പ്രസിഡന്റ് മാത്യു പൂവനും, സെക്രട്ടറി ജിമ്മി ജോസും അറിയിച്ചു.

വാര്‍ത്ത: ജോയി കുറ്റിയാനി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക