Image

ഇന്റേണ്‍ഷിപ്പ് കാലത്ത് ലൈംഗീകാതിക്രമം: എംജെ അക്ബറിനെതിരെ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും

Published on 12 October, 2018
ഇന്റേണ്‍ഷിപ്പ് കാലത്ത് ലൈംഗീകാതിക്രമം: എംജെ അക്ബറിനെതിരെ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ആരോപണവുമായി വിദേശമാധ്യമപ്രവര്‍ത്തകയും രംഗത്ത്. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയാണ് എംജെ അക്ബറിനെതിരെ ഏറ്റവും ഒടുവിലായി മീടൂവില്‍ രംഗത്തെത്തിയിരിക്കുന്നത്.

എംജെ അക്ബറിന്റെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് ഉപദ്രവിച്ചുവെന്നാണ് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ അക്ബറിനെതിരെ ആരോപണം ഉയര്‍ത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പത്തായി. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം വോഗ്മാഗസിനില്‍ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അന്ന് വിഷയത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. തുടര്‍ന്ന് മീടൂ മുന്നേറ്റത്തിലൂടെയാണ് ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.

ഔദ്യോഗിക് വിദേശയാത്രയിലുള്ള അക്ബര്‍ ആരോപണങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാന്‍ അക്ബറിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയും, കേന്ദ്ര ടെക്‌സ്‌റ്റൈയില്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം മീടൂ ആരോപണങ്ങളില്‍ കേന്ദ്ര ശിശു ക്ഷേമ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതും അക്ബറിന് കൂടുതല്‍ കുരുക്കാകും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക