Image

ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് (അധ്യായം അഞ്ച്: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 13 October, 2018
ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് (അധ്യായം അഞ്ച്: ആന്‍ഡ്രൂ പാപ്പച്ചന്‍)
ജയില്‍ജീവിതവുമായി ആല്‍ഫ്രഡ് പൊരുത്തപ്പെട്ട് തുടങ്ങി. ദിവസം മൂന്നുതവണ സെല്ലില്‍ ഭക്ഷണം ലഭിക്കും. കാലില്‍ ചങ്ങലയോടെ ദിവസവും കുറച്ചുസമയം, ജയിലിന് മുന്‍വശത്തെ പൂന്തോട്ടത്തില്‍ പോയിരിക്കാനും അനുവാദമുണ്ട്. ഒരു പോലിസുകാരനും ഒപ്പമുണ്ടാവും. ആഴ്ചയിലൊരിക്കല്‍ ഒരുമണിക്കൂര്‍ സന്ദര്‍ശനസമയമുണ്ട്. ബെറ്റി ആല്‍ഫ്രഡിനെ കണ്ടുമടങ്ങിയിട്ട് ആറുദിവസം പിന്നിട്ടിരിക്കുന്നു. വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയാണാല്‍ഫ്രഡ്. കഴിഞ്ഞതവണ മമ്മിയുമായി സംസാരിച്ചുപിരിഞ്ഞതനുസരിച്ച് ജയിലധികൃതരോടും മറ്റും വളരെ മാന്യമായി ഇടപെടാന്‍ ആല്‍ഫ്രഡ് ശ്രദ്ധിക്കുന്നുണ്ട്. ജീവിതത്തെ അതായിരിക്കുന്ന അവസ്ഥയില്‍ പ്രതീക്ഷയോടെ കാണാന്‍ ശ്രമിക്കുകയാണയാള്‍.

ഒരുമനുഷ്യനെ കൊല്ലുക- ഒരാള്‍ക്ക് ചെയ്യാവുന്നതില്‍വച്ചേറ്റവും വലിയ തെറ്റാ താന്‍ ചെയ്തിരിക്കുന്നത്. സ്‌നേഹിക്കാന്‍ശ്രമിച്ച സ്ത്രീകളോടെല്ലാം അനീതി കാട്ടി. മദ്യവും മയക്കുമരുന്നുമാണ് തന്റെ ജീവിതത്തിന്റെ സമനില തകര്‍ത്തത്. പപ്പയില്‍ നിന്നിത്തിരി സ്‌നേഹം കിട്ടാന്‍ കൊതിച്ചതാണെല്ലാറ്റിനും കാരണം. കഴിഞ്ഞതെല്ലാം മറന്ന് ഒരുപുതിയ മനുഷ്യനായി വേണം ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍. ഇതുവരെയുള്ള ജീവിതത്തിനൊക്കെയും പ്രായശ്ചിത്തമാകണം ഇവിടെ നിന്നിറങ്ങിയിട്ടുള്ള ജീവിതം. മമ്മിക്കൊരാശ്വാസമാകണം. മനസില്‍ ചിന്തിച്ചുറപ്പിച്ച് അയാള്‍ ദൂരെ പ്രകാശത്തിലേക്ക് നോക്കി. മരച്ചില്ലകള്‍ ഇളംകാറ്റിലാടുന്നു. പ്രകൃതി ശാന്തമാണ്. ആല്‍ഫ്രഡിന്റെ മനസിലും പതിവില്ലാത്ത ശാന്തത നിറഞ്ഞു.

പിറ്റേന്ന് രാവിലെ പത്തുമണിയോടെ ഗാര്‍ഡ് വന്ന് ആല്‍ഫ്രഡിനെ സന്ദര്‍ശകമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുറിയില്‍ ബെറ്റി കാത്തിരുന്നിരുന്നു.
""മമ്മിക്കായി കാത്തിരിക്കുകയായിരുന്നു ഞാനിത്ര ദിവസവും. മറ്റാരുമില്ലല്ലോ എന്നെ കാണാന്‍ വരാനും, ഒരാശ്വാസവാക്ക് പറയാനും. ഒന്നു മിണ്ടാന്‍ പോലുമാവാത്ത അവസ്ഥയല്ലേ ഇവിടെ. മമ്മി വന്നതോടെ ജീവിതത്തോടെനിക്ക് സ്‌നേഹം തോന്നിത്തുടങ്ങുന്നു. ''
""നിനക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും ഞാന്‍ തയാറാ. നീ ഇവിടുന്നിറങ്ങുംവരെ ഞാന്‍ നിന്നെ കാണാനെത്തിക്കോളാം. സമാധാനമായിരിക്ക്. എനിക്കിപ്പോ അയലത്തുകാരൊക്കെയായി അടുപ്പമുണ്ട്. ഏതിനും അവര്‍ സഹായത്തിനെത്തും. നീ എന്നെയോര്‍ത്ത് വിഷമിക്കേണ്ട.'' ബെറ്റി ആശ്വസിപ്പിച്ചു.
""ജാനറ്റ് മമ്മിയെ കാണാന്‍ വരാറുണ്ടോ? അവള്‍ക്കെന്നോട് പൊറുക്കാനാവാത്ത വിധം ദേഷ്യമാണല്ലേ?'' ആല്‍ഫ്രഡ് ചോദ്യഭാവത്തില്‍ മമ്മിയെ നോക്കി.
""ജാനറ്റിനെ കണ്ടപ്പോ, നീ പറഞ്ഞതൊക്കെയും ഞാന്‍ സൂചിപ്പിച്ചിരുന്നു. അവളപ്പോള്‍ പൊട്ടിക്കരഞ്ഞു. ''
""എന്തിന്?.''
""നീ വിചാരിക്കുന്നതു പോലല്ല കാര്യങ്ങള്‍. അവള്‍ പ്രഗ്നന്റാ. നീയൊരഛനാകാന്‍ പോകുന്നൂ.''
""സത്യമാണോ ഞാനീ കേള്‍ക്കുന്നേ?''
""അതേ മോനേ, നീ വിഷമിക്കണ്ട. ഞാന്‍ ജാനറ്റിനോട് പറഞ്ഞിട്ടുണ്ടെന്റൊപ്പം താമസിക്കാമെന്ന്. കുഞ്ഞുണ്ടാകും വരെ അവള്‍ക്ക് പ്രത്യേകം കരുതല്‍ വേണമല്ലോ? നീയുമായുണ്ടായ സംഭവത്തെതുടര്‍ന്ന് അവള് വല്ലാതെ ഭയന്നിരിക്കുകാ'' ബെറ്റി പറഞ്ഞു.
""അതില്‍ കുറ്റം പറയാനില്ല. ഞാനന്നത്രക്ക് ക്രൂരമായാ പെരുമാറിയേ....എനിക്കറിയില്ല അന്നെനിക്കെന്തുപറ്റിയെന്ന്. അല്‍പം സ്വാര്‍ഥത കൂടിപ്പോയി...പിന്നെ മദ്യവും കീഴ്‌പ്പെടുത്തി..ശരിക്ക് പറഞ്ഞാ ഇന്നും ജാനറ്റെന്റെ മനസിലുണ്ട്.'' ആല്‍ഫ്രഡിന്റെ മുഖം വീണ്ടും മ്ലാനമായി.
""കഴിഞ്ഞതൊക്കെയോര്‍ത്തു വിഷമിച്ചിട്ടിനി കാര്യമില്ല. ഇനിയെങ്കിലും നല്ലതു സംഭവിക്കുമെന്ന് ചിന്തിക്ക്.'' ബെറ്റി പറഞ്ഞു.

""ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും അതിന് കഴിയുന്നില്ല.... രാത്രികളില്‍ ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയാ പലപ്പോഴും. ചിലപ്പോ....ചിന്തിച്ച് നേരം വെളുപ്പിക്കും....സുഖമായൊരുറക്കം എനിക്കെന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു.''

""ഞാന്‍ബൈബിളും സങ്കീര്‍ത്തനങ്ങളുടെ പുസ്തകം പ്രത്യേകമായും നിനക്ക് വായിക്കാനായി കൊണ്ടുവന്നിട്ടുണ്ട്. അനുവാദം വാങ്ങിയാല്‍ ഞാനത് തരാം. വായിച്ചാ നിനക്ക് നല്ല സമാധാനം കിട്ടും...'' ബെറ്റി പറഞ്ഞു. ആല്‍ഫ്രഡ് ഗാര്‍ഡിനോടെന്തോ പറഞ്ഞു. ഗാര്‍ഡ് പുസ്തകങ്ങള്‍ കൈയിലെടുത്ത് സൂപ്രണ്ടിനെ കാണാന്‍പോയി.

""നന്നായി മമ്മീ. ഞാനിനി ദിവസവും വായിച്ച് ധ്യാനിച്ചോളാം.'' ആല്‍ഫ്രഡിന്റെ വാക്കുകളിലെ ആല്‍മവിശ്വാസം ബെറ്റി ശ്രദ്ധിച്ചു.

""ശരി മോനേ. നീ നല്ലവനായി പുറത്തിറങ്ങണം..'' യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ബെറ്റി പറഞ്ഞു. ആല്‍ഫ്രഡ് സമാധാനത്തോടെ സെല്ലിലേക്ക് പോയി. മമ്മിക്ക് നല്‍കാവുന്ന ഏറ്റം വലിയ സമ്മാനമായിരിക്കും തന്റെ മാനസാന്തരം. ഇനി അതിനായിട്ടാവും തന്റെ ശ്രമം. ആല്‍ഫ്രഡ് മനസിലുറപ്പിച്ചു.

മിനിട്ടുകള്‍ക്കുള്ളില്‍ ഗാര്‍ഡ്, ബെറ്റി കൊടുത്ത പുസ്തകവുമായെത്തി.
""ഈ ബുക്കുകള്‍ തനിക്കെടുത്ത് വായിക്കാം,.'' ഗാര്‍ഡ് അവ അയാള്‍ക്കുനേരെ നീട്ടി. സന്തോഷത്തോടെ മുറിയിലെത്തി ആല്‍ഫ്രഡ് സങ്കീര്‍ത്തനങ്ങളുടെ പുസ്തകം തുറന്നു.
""ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍
വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍,

ആല്‍ഫ്രഡ് വായിച്ചുതുടങ്ങി. ചെറുപ്പത്തില്‍ മമ്മിക്കൊപ്പം പള്ളിയില്‍ പോകുമ്പോള്‍ സങ്കീര്‍ത്തനങ്ങളെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വായിച്ചിരുന്നില്ല. ബൈബിളിലെ പഴയനിയമത്തിലെ ഏറ്റവും ഹൃദയസ്പൃക്കായ പ്രാര്‍ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങളെന്നാല്‍ഫ്രഡ് വായിച്ചു. സന്തോഷം, സന്താപം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മികവിരസത തുടങ്ങി വിവിധ വികാരങ്ങള്‍ ഈ സ്തുതിഗീതങ്ങളില്‍ പ്രതിഫലിക്കുന്നു. ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രാര്‍ഥനാഗീതങ്ങളാണിവ. 150 അധ്യായങ്ങളിലാണ് സങ്കീര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്.

സങ്കീര്‍ത്തനങ്ങളില്‍ എഴുപതിലേറെയും എഴുതിയത് ദാവീദ് രാജാവാണന്ന് കരുതപ്പെടുന്നു. ദാവീദിനെകുറിച്ച് കൂടുതലറിയാനായി ബൈബിളിലെ പഴയനിയമഭാഗങ്ങളിലൂടെ ആല്‍ഫ്രഡ് കടന്നുപോയി. യൂദായിലെ ബദ്‌ലഹെമില്‍നിന്നുള്ള എഫ്രാത്യനായ ജസെയുടെ എട്ടു മക്കളില്‍ ഇളയവനായിരുന്നു ദാവീദ്. ആടുകളെ മേയ്ച്ചുനടന്ന പാവം ചെക്കന്‍. പവിഴനിറവും മനോഹരനയനങ്ങളുമുള്ള അവന്‍ സുന്ദരനായിരുന്നു. കിന്നരം വായിക്കുന്നതില്‍ അവനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. പോരാത്തതിന് പരാക്രമിയായ യോദ്ധാവും. വാക്ചാതുരിയിലും മിടുമിടുക്കന്‍. ഇസ്രായേല്‍ രാജാവായിരുന്ന സാവൂള്‍ ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതുമൂലം ദുരാത്മാവിനാല്‍ പീഡിപ്പിക്കപ്പെട്ട സമയത്ത് രാജഭൃത്യരാണ് കിന്നരവായനയില്‍ നിപുണനായ ദാവീദിനെ കണ്ടെത്തിയത്. കിന്നരവായന രാജാവിനാശ്വാസമാകുമെന്നവര്‍ കരുതി. പിതാവ് ജസെയുടെ അടുത്തേക്ക് ദൂതനെ അയച്ച് ദാവീദിനെ വിളിപ്പിച്ചു. സാവൂളിന് ദാവീദിനെ ഇഷ്ടപ്പെട്ടു. ദാവീദ് സാവൂളിന്റെ ആയുധവാഹകനായി തീര്‍ന്നു. സാവൂളില്‍ ദുരാത്മാവ് ബാധിക്കുമ്പോഴൊക്കെ ദാവീദ് കിന്നരം മീട്ടി ആശ്വാസമേകും.

ഈ സമയത്ത് ഫിലിസ്ത്യര്‍ ഇസ്രായേല്യര്‍ക്കെതിരെ ഏലാതാഴ്‌വരയില്‍ യുദ്ധത്തിനുവന്നു. ഫിലിസ്ത്യപാളയത്തിലെ ഗത്ത്കാരനായ മല്ലന്‍ഗോലിയാത്തിന്റെ അട്ടഹാസങ്ങള്‍ക്കുമുന്നില്‍ സാവൂളും ഇസ്രായേല്യരും ഭയന്നുനിന്നു. ഈ സമയം, ദാവീദ് മുന്നോട്ടുവന്ന്, ഗോലിയാത്തിനോട് യുദ്ധം ചെയ്യാന്‍ തയാറാണന്ന് സാവൂളിനെ അറിയിച്ചു. യോദ്ധാവായ ഗോലിയാത്തിനോട് യുദ്ധം ചെയ്യുക എളുപ്പമല്ലന്ന് പറഞ്ഞ് സാവൂള്‍ ദാവീദിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദാവീദ് പിന്‍മാറിയില്ല. തോള്‍സഞ്ചിയില്‍ കവിണയും കല്ലുകളും നിറച്ച് വടിയുമായി ദാവീദ് ഗോലിയാത്തിനെ എതിരിടാനെത്തി. വടിയുമായി തനിക്കെതിരെ വന്ന ദാവീദിനെ ഗോലിയാത്ത് പരിഹസിച്ചു. ഇസ്രായേല്‍ സേനകളുടെ കര്‍ത്താവിന്റെ നാമത്തിലാണ് താന്‍ വരുന്നതെന്ന് പറഞ്ഞ് സഞ്ചിയില്‍ നിന്ന് കല്ലെടുത്ത് കവിണയില്‍വച്ച് ദാവീദ് ഗോലിയാത്തിന്റെ നെറ്റിക്ക് തൊടുത്തു. കല്ല് നെറ്റിയില്‍ തറച്ചുകയറി ഗോലിയാത്ത് മുഖംകുത്തി വീണു. ദാവീദ് ഗോലിയാത്തിന്റെ തന്നെ വാളൂരി അയാളുടെ കഴുത്ത് വെട്ടി. ദാവീദിന്റെ കാര്യശേഷിയില്‍ സംതൃപ്തനായ സാവൂള്‍ അവനെ തന്റെ പടത്തലവനാക്കി.

രാജാവിന്റെ മകന്‍ ജോനാഥന്‍ ദാവീദിനെ പ്രാണനുതുല്യം സ്‌നേഹിച്ചു. അവന്‍ തന്റെ മേലങ്കിയൂരി ദാവീദിനു സമ്മാനിച്ചു. ഗോലിയാത്തിനെ സംഹരിച്ച ദാവീദിനെ തപ്പും മറ്റ് വാദ്യങ്ങളുമായി ഇസ്രായേല്‍ ജനം എതിരേറ്റു. സാവൂളില്‍ അസൂയ നിറഞ്ഞു. . സാവൂള്‍ ആയിരങ്ങളെക്കൊന്നു, ദാവീദ് പതിനായിരങ്ങളെയും -ജനം വിളിച്ചുപറഞ്ഞു. രാജാവില്‍ അസ്വസ്ഥതയേറി. ദാവീദിന്റെ വിജയങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. രാജാവിന്റെ അസൂയയും. സാവൂളിന്റെ പുത്രി മിഖാല്‍ ദാവീദിനെ പ്രണയിച്ചിരുന്നു. ദാവീദിനെ കെണിയില്‍ വീഴ്ത്തണമെന്ന മോഹവുമായി, മനസില്ലാമനസോടെയാണങ്കിലും മിഖാലിനെ രാജാവ് അവന്് ഭാര്യയായി നല്‍കി. ദാവീദിന്റെ ജനപ്രിയത ദിനംതോറും വര്‍ധിച്ചുകൊണ്ടിരുന്നു. അസ്വസ്ഥനായ രാജാവ് ദാവീദിനെ വധിക്കാന്‍ പുത്രന്‍ ജോനാഥനെ ചുമതലപ്പെടുത്തി. എന്നാല്‍ ദാവീദിനെ സ്‌നേഹിച്ചിരുന്ന ജോനാഥന്‍ അവനെ ഒളിപ്പിച്ച ശേഷം പിതാവിനോട് ദാവീദിനുവേണ്ടിസംസാരിച്ചു. ദാവീദിനെ താന്‍ വധിച്ചിട്ടില്ലെന്നും അവനെ കൊന്ന് നിഷ്കളങ്കരക്തം ചിന്തരുതെന്നും രാജാവിനോട് ജോനാഥന്‍ കേണുപറഞ്ഞു. ജോനാഥന്റെ വാക്കുകള്‍ കേട്ട സാവൂള്‍ മനസലിഞ്ഞ്, ദാവീദിനെ കൊല്ലുകയില്ലന്ന് കര്‍ത്താവിന്റെ നാമത്തില്‍ ശപഥം ചെയ്തു. ജോനാഥന്‍ അറിയിച്ചതനുസരിച്ച് ദാവീദ് വീണ്ടും രാജസന്നിധിയിലെത്തി സേവനം തുടര്‍ന്നു. വീണ്ടും യുദ്ധമുണ്ടായപ്പോഴും ദാവീദ് ഫിലിസ്ത്യരോട് യുദ്ധംചെയ്തു, വിജയം കൊണ്ടുവന്നു. എന്നാല്‍ ദുരാത്മാവ് ബാധിച്ച സാവൂള്‍, കിന്നരം വായിച്ചിരിക്കുകയായിരുന്ന ദാവീദിനെ കുന്തം കൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭാര്യയുടെ സഹായത്തോടെ ഓടിരക്ഷപ്പെട്ട ദാവീദ് റാമായില്‍ സാമുവലിന്റെ അടുക്കലെത്തി. ദാവീദും സാമുവലും റാമായിലെ നയോത്തില്‍ ചെന്ന് പാര്‍ത്തു.

വീണ്ടും സാവൂള്‍ ദാവീദിനെതേടിച്ചെന്നു. ജോനാഥന്റെ സഹായത്തോടെ ദാവീദ് ഒളിച്ചോടി നോബില്‍ പുരോഹിതനായ അഹിമലെക്കിന്റെ അടുക്കലെത്തി. അവിടെനിന്നും ഗത്ത് രാജാവായ അക്കീഷിന്റെ അടുക്കലെത്തിയെങ്കിലും ഭയന്നോടി അദുല്ലാംഗുഹയിലെത്തി. വീണ്ടും പലസ്ഥലങ്ങള്‍ കടന്ന് കെയ്‌ലായിലും സിഫിലുമെത്തി. സാവൂള്‍ ദാവീദിനെതേടി നടക്കുകയായിരുന്നു, ഇക്കാലമെല്ലാം. ഫിലിസ്ത്യരെ തുരത്തിയശേഷം ദാവീദ് എന്‍ഗേദിയിലെ മരുഭൂമിയിലുണ്ടെന്നറിഞ്ഞതോടെ സാവൂള്‍ തേടിനടന്നു. വഴിയരികിലെ ഒരുഗുഹയില്‍വച്ച് സാവൂള്‍ അപ്രതീക്ഷിതമായി ദാവീദിന് മുന്നില്‍ വന്നുപെട്ടു. കൊല്ലാന്‍ അവസരം ലഭിച്ചെങ്കിലും ദാവീദ് സാവൂളിനെ വെറുതെവിട്ടു..ഗിബെയായിലെ ഹക്കീലാക്കുന്നില്‍വച്ചും സാവൂള്‍ ദാവീദിന്റെ മുന്നില്‍ വന്നുപെട്ടെങ്കിലും ദാവീദ് വധിക്കാതെ വെറുതെവിട്ടു. ഇത്രയുമായിട്ടും സാവൂളിന് തന്നോടുള്ള ദേഷ്യം അവസാനിച്ചിട്ടില്ലന്ന തിരിച്ചറിവ് ദാവീദിനെ അസ്വസ്ഥനാക്കി. സാവൂളിന്റെ കൈകൊണ്ട് വധിക്കപ്പെടുന്നതിലും നല്ലത് ഫിലിസ്ത്യരുടെ നാട്ടിലേക്ക് രക്ഷപ്പെടുന്നതാണന്ന് ദാവീദിന് തോന്നി. ഗത്തിലെ രാജാവായ അക്കീഷിന്റെയടുത്തേക്ക് ദാവീദ് പലായനംചെയ്തു.

ദാവീദ് ഓടിപ്പോയതറിഞ്ഞ സാവൂള്‍ പിന്നെ അവനെ അന്വേഷിച്ചില്ല. ദാവീദ് അപേക്ഷിച്ചപ്രകാരം അക്കീഷ് രാജാവ് തന്റെ കീഴിലുള്ള സിക്ലാഗ് പ്രദേശം ദാവീദിന് കൊടുത്തു. ദാവീദ് ഒന്നരവര്‍ഷത്തോളം അവിടെ താമസിച്ചു. അമലേക്യരെ ദാവീദ് യുദ്ധം ചെയ്ത് തോല്‍പിച്ചു. ഇതിനിടെ ഇസ്രായേല്‍ക്കാര്‍ ഫിലിസ്ത്യരോട് യുദ്ധത്തില്‍ തോറ്റു. ഫിലിസ്ത്യര്‍ സാവൂളിന്റെ മക്കളെ കൊന്ന് സാവൂളിനെ മാരകമായി മുറിവേല്‍പിച്ചു. ഫിലിസ്ത്യരാല്‍ വളയപ്പെട്ട സാവൂള്‍ അവരുടെ കൈകൊണ്ട് വധിക്കപ്പെടുമെന്ന് ഭയന്ന് സ്വന്തം വാളിന്‍മേല്‍ വീണുമരിച്ചു. സാവൂളിന്റെയും പുത്രന്‍മാരുടെയും മരണവാര്‍ത്തയറിഞ്ഞ ദാവീദ് ദുഖാര്‍ത്തനായി വിലപിച്ചുനടന്നു. അമലേക്യരെ യുദ്ധംചെയ്ത് തോല്‍പിച്ചു. കര്‍ത്താവ് നിര്‍ദേശിച്ചപ്രകാരം യൂദായിലെ ഹെബ്രോണിലേക്ക് പോയ ദാവീദ് അവിടെവച്ച് മുപ്പതാം വയസില്‍ രാജാവായി അഭിഷിക്തനായി.

ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനങ്ങളായാണ് സങ്കീര്‍ത്തനങ്ങള്‍ രചിതമായിരിക്കുന്നത്. യുദ്ധത്തിലെ പരാജയം, മഹാമാരികള്‍, വരള്‍ച്ച തുടങ്ങി ദേശീയ അത്യാഹിതങ്ങള്‍ ഉണ്ടായ അവസരങ്ങളില്‍ വ്യക്തികളോ സമൂഹം ഒന്നുചേര്‍ന്നോ ദൈവത്തോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട് ഈ സ്തുതിഗീതങ്ങളില്‍. ആയിരം വര്‍ഷങ്ങള്‍ കൊണ്ടാണ് സങ്കീര്‍ത്തന രചന പൂര്‍ത്തിയായിരിക്കുന്നത്.

""ദുഷ്ടര്‍ക്ക് ന്യായവിധിയെ
നേരിടാന്‍ കഴിയില്ല.
പാപികള്‍ക്ക് നീതിമാന്‍മാരുടെ ഇടയില്‍
ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.
കര്‍ത്താവ് നീതിമാന്‍മാരുടെ
മാര്‍ഗം അറിയുന്നു
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.'' ഒന്നാം അധ്യായം ഇങ്ങനെ തുടരുന്നു.
സങ്കീര്‍ത്തകന്‍ പറഞ്ഞിരിക്കുന്നതെത്രശരി. താന്‍ പാപിയാണ്. ദുഷ്ടനായ തന്റെ മാര്‍ഗം നാശത്തില്‍ അവസാനിച്ചിരിക്കുന്നു. ഈ വചനങ്ങള്‍ നേരത്തേ വായിച്ചിരുന്നെങ്കില്‍. ചെറുപ്പത്തില്‍ പള്ളിയില്‍ വച്ച് ഈ വചനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും മനസിനെ സ്പര്‍ശിച്ചിരുന്നില്ല. എത്ര അര്‍ഥസംപുഷ്ടമായ വചനങ്ങള്‍.
"" ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍
എനിക്കുത്തരമരുളേണമേ!
ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി
കാരുണ്യപൂര്‍വം എന്റെ
പ്രാര്‍ഥന കേള്‍ക്കേണമേ!''
നാലാം അധ്യായം തുടങ്ങുന്നതിങ്ങനെ.
""കോപിച്ചുകൊള്ളുക എന്നാല്‍
പാപം ചെയ്യരുത്
നിങ്ങള്‍ കിടക്കയില്‍വച്ച്
ധ്യാനിച്ച് മൗനമായിരിക്കുക!''
നാലാം അധ്യായം ഇങ്ങനെ തുടരുന്നു.

"" കര്‍ത്താവേ എന്റെ പ്രാര്‍ഥന
ചെവിക്കൊള്ളേണമേ!
എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കേണമേ!
എന്റെ രാജാവേ,എന്റെ ദൈവമേ
എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ!'' എന്നിങ്ങനെ അഞ്ചാം അധ്യായം തുടങ്ങുന്നത് അക്ഷരാര്‍ഥത്തില്‍ തന്റെ മനസിന്റെ നെടുവീര്‍പ്പുകളോടെയാണല്ലോ എന്ന് ആല്‍ഫ്രഡിന് തോന്നി.

"" കര്‍ത്താവേ എന്റെ ശത്രുക്കള്‍ നിമിത്തം
എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ
നയിക്കേണമേ!
എന്റെ മുമ്പില്‍ അങ്ങയുടെ പാത
സുഗമമാക്കേണമേ!'' എട്ടാം വാചകം ഇങ്ങനെ.
ആറാം അധ്യായത്തിന്റെ തുടക്കം
""കര്‍ത്താവേ കോപത്തോടെ എന്നെ
ശകാരിക്കരുതേ!
ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
കര്‍ത്താവേ ഞാന്‍ തളര്‍ന്നിരിക്കുന്നു,
എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ എന്റെ അസ്ഥികള്‍
ഇളകിയിരിക്കുന്നു,
എന്നെ സുഖപ്പെടുത്തേണമേ!
എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു:''എന്ന് യാചനയുടെ സ്വരത്തിലാണ്.
ഏഴാം അധ്യായം 14-ാം വാക്യം പറയുന്നു...
"" ഇതാ ദുഷ്ടന്‍ തിന്‍മയെ ഗര്‍ഭം ധരിക്കുന്നു:
അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു
വഞ്ചനയെ പ്രസവിക്കുന്നു''
പത്താം അധ്യായത്തിലെ എട്ടും ഒമ്പതും വാക്യങ്ങളും ദുഷ്ടരെക്കുറിച്ച് പറയുന്നു
""അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു.
ഒളിച്ചിരുന്ന് അവന്‍ നിര്‍ദോഷരെ
കൊലചെയ്യുന്നു
അവന്റെ കണ്ണുകള്‍ നിസഹായരെ
ഗൂഢമായി തിരയുന്നു.
പാവങ്ങളെ പിടിക്കാന്‍ അവന്‍
സിംഹത്തെപോലെ പതിയിരിക്കുന്നു:
പാവങ്ങളെ വലയില്‍കുടുക്കി
അവന്‍ പിടിയിലമര്‍ത്തുന്നു.''
നന്‍മതിന്‍മകളെകുറിച്ച് താനൊന്നും മനസിലാക്കിയിരുന്നില്ലല്ലോ എന്നാല്‍ഫ്രഡിനു തോന്നി. ദുഷ്ടരുടെ ഗണത്തിലാണ് തനിക്ക് സ്ഥാനം. പക്ഷേ കഴിഞ്ഞതൊന്നും ഓര്‍മിച്ചിട്ടിനി കാര്യമില്ല. ജയിലിലാണ് താമസമെങ്കിലും ഇതിപ്പോള്‍ മാറ്റത്തിനുള്ള സമയമായെന്ന് തോന്നുന്നു. നന്‍മയെന്നാലെന്താണന്നു കൂടുതല്‍ മനസിലാക്കേണ്ടിയിരിക്കുന്നു. താന്‍ പാപിയാണ്, കൊലപാതകി...ദൈവത്തിന്റെ സന്നിധിയില്‍ തന്റെ സ്ഥാനമെന്താകും? ആല്‍ഫ്രഡ് ചിന്തിച്ചു.
പതിനഞ്ചാം അധ്യായം വായിക്കാനെടുത്തു.
""കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍
ആര്‍ വസിക്കും?
അങ്ങയുടെ വിശുദ്ധഗിരിയില്‍
ആര്‍ വാസമുറപ്പിക്കും.?
നിഷ്കളങ്കനായി ജീവിക്കുകയും
നീതിമാത്രം പ്രവര്‍ത്തിക്കുകയും
ഹൃദയം തുറന്ന് സത്യം പറയുകയും
ചെയ്യുന്നവന്‍:
പരദൂഷണം പറയുകയോ
സ്‌നേഹിതനെ ദ്രോഹിക്കുകയോ
അയല്‍ക്കാരനെതിരെ അപവാദം
പരത്തുകയോ ചെയ്യാത്തവന്‍:
ദുഷ്ടനെ പരിഹാസ്യനായി കരുതുകയും
ദൈവഭക്തനോട് ആദരം കാണിക്കുകയും
നഷ്ടം സഹിച്ചും പ്രതിജ്ഞ
നിറവേറ്റുകയും ചെയ്യുന്നവന്‍
കടത്തിനു പലിശ ഈടാക്കുകയോ
നിര്‍ദോഷനെതിരെ കൈക്കൂലി
വാങ്ങുകയോ ചെയ്യാത്തവന്‍
ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.''
വായനയിലൂടെ ലഭിച്ച നന്‍മയുമായി ആല്‍ഫ്രഡ് ഉറങ്ങാന്‍ കിടന്നു, മനസ് അല്‍പം ശാന്തമായതുപോലെ അയാള്‍ക്ക് തോന്നി.

(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക