Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-16: സാംസി കൊടുമണ്‍)

Published on 13 October, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-16: സാംസി കൊടുമണ്‍)
ഒക്കെ ഒന്നൊത്തു വന്നതായിരുന്നു. തരക്കേടില്ലാത്ത ഒരു ജോലി. അക്കൗണ്ട ്‌സ് ക്ലാര്‍ക്ക്. ഒ.പി.യില്‍ തിരക്കു കൂടുതലുള്ള ദിവസം കാഷ്യര്‍ ആന്റണിയെ സഹായിക്കണം. അങ്ങനെ ക്യാഷില്‍ ഇരുന്ന ഒരു ദിവസമായിരുന്നു നളനു പിന്നാലെ കാര്‍ക്കോടകന്‍ എന്നപോലെ വെന്തെരിയുന്ന ഒരാത്മാവിനു മുന്നിലേക്കു ദുരിതങ്ങള്‍ ഇറങ്ങിവരികയാണ്. അവന്റെ കണ്ണില്‍ നിന്നും അതൊഴിഞ്ഞു പോകില്ല. അടിയന്തിരാവസ്ഥയുടെ തീയും പുകയും ഡല്‍ഹിയിലെ തെരുവുകളെ ശുദ്ധീകരിച്ചുകൊണ്ട ിരുന്ന നാളുകള്‍. കമ്മത്ത്! അവന്‍ മുന്നിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. അവന്‍ ഇരയാണ്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഇര. പത്തൊന്‍പത് ഇരുപതു വയസ്സു തോന്നിക്കുന്ന അവന്‍ മലയാളവും കന്നഡയും ചേര്‍ത്തു കരഞ്ഞു. തെരുവില്‍ ഉറങ്ങിക്കിടന്ന ആ കൂട്ടത്തെ ഒരുപറ്റം ആളുകള്‍ ബലമായി ട്രക്കുകളിലേക്ക് അട്ടിയടുക്കുകയായിരുന്നു. പ്രായമായവരെയും കുട്ടികളെയും അജ്ഞാതമായ ഇടങ്ങളിലേക്കു കൊണ്ട ുപോയി. കമ്മത്തിനെപ്പോലെ വിത്തുകള്‍ അവശേഷിച്ചവരെ അവര്‍ ആശുപത്രികളില്‍ തള്ളി.

അവിടെ അവര്‍ വരിയുടയ്ക്കപ്പെട്ടവരായി. ഇനി അവരില്‍ നിന്നും പുതിയ പ്രജകള്‍ ഉല്പാദിപ്പിക്കപ്പെടുകയില്ല. പുതിയ ചേരികള്‍ ഇല്ലാതെയാകും. പുതിയ ഇന്ത്യ. നവ ഭാരത സൃഷ്ടിക്കായി കമ്മത്തിനു കൊടുക്കേണ്ട ിവന്നത് അവന്റെ തലമുറകളെ. അവന്റെ വംശത്തെ മൊത്തമായും ബലി നല്‍കി. വസക്റ്റമിക്ക് വിധേയനായവനെ, വഴിയരുകില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ടു.

അവന്റെ മുറിവില്‍ അണുക്കള്‍ കൂടുവെച്ചു. അവന്റെ വൃഷണങ്ങള്‍ അവന്റെ തലയോളം വലുപ്പത്തിലായി. അവന്റെ കടിഭാഗം പൊട്ടി ഒലിക്കുന്നു. അവനു ചികിത്സ വേണം. അവന്‍ ഗേറ്റില്‍ സെക്യൂരിറ്റിയുമായി തര്‍ക്കത്തിലാണ്. അവന്റെ കരച്ചില്‍ നിഷ്ഫലമായ ആ ദശാസന്ധിയിലാണ്. അവന്‍ തന്റെ കാഴ്ചകളിലേക്കു കടന്നു വന്നത്, കമ്മത്തെന്ന കലി തന്നെ ബാധിക്കുകയും താന്‍ കരുണയുള്ളവനായി മാറുകയും ചെയ്തു. സെക്യൂരിറ്റിയുടെ മുറുമുറുപ്പിനെ വകവെയ്ക്കാതെ ആധികാരികമായി അവനെ ഉള്ളില്‍ കടത്തി.

ദയാനിധിയായ സോഷ്യല്‍ വര്‍ക്കര്‍ ലിസി ഞവരക്കാടന്‍ തന്റെ ഉന്തിയ പല്ലും, കോങ്കണ്ണും കാട്ടി അവനെ ഭയപ്പെടുത്തി. പണം അടയ്ക്കുവാന്‍ നിവൃത്തിയില്ലാത്തവന്റെ കരച്ചില്‍ ലിസിയുടെ മനസ്സലിയിച്ചില്ല. പക്ഷെ ഇതൊരു ചാരിറ്റി സ്ഥാപനമാണെന്നും ചികിത്സ നിഷേധിച്ചാല്‍ നാളെ അതു നാലു പേരറിയുമെന്നുമുള്ള ഭീഷണിക്കു മുമ്പില്‍ കമ്മത്തിനു വാതില്‍ തുറന്നു കിട്ടി.

അടിയന്തിരാവസ്ഥയില്‍ പീഢനമനുഭവിച്ചരുടെയും രക്തസാക്ഷികളുടെയും കൂട്ടത്തില്‍ കമ്മത്തുമാരുടെ പേരു കാണില്ല. അവര്‍ എന്നും മുഖമില്ലാത്തവരല്ലേ? രക്തസാക്ഷികളുടെ പട്ടികയില്‍ തനിക്കിടം കിട്ടുമോ? എവിടെ? ലിസി ഞവരക്കാടന്‍ സംഭവം മുകളില്‍ എത്തിച്ചു. ഹോസ്പിറ്റലിനെ ചോദ്യം ചെയ്യുന്നവന്‍, എല്ലാവരുടെയും കണ്ണിലെ കരടായി. ഒരു മാസത്തെ ശമ്പളം വാങ്ങി പിരിഞ്ഞുപോകാന്‍ തീര്‍പ്പായി. ഒരു മാപ്പു പറച്ചിലില്‍ ഒതുക്കുവാന്‍ അഹന്ത സമ്മതിച്ചില്ല.

കുറ്റബോധമില്ലാതെ പടികള്‍ ഇറങ്ങുമ്പോള്‍, നാളയെക്കുറിച്ചോ ഒരു ജോലിയെക്കുറിച്ചോ വേവലാതി ഒട്ടും ഇല്ലായിരുന്നു. ലോകം വിശാലമാണെന്നൊരു തോന്നല്‍. ശിവന്‍ ജോലി ചെയ്യുന്ന നെഹ്‌റു ഡോള്‍സ് മ്യൂസിയത്തിന്റെ തണുത്ത അകത്തളങ്ങളില്‍ പകല്‍ കറങ്ങി. ലോകത്തിലെ വേഷങ്ങളും സംസ്കാരങ്ങളും പ്രതിഫലിപ്പിക്കുന്ന വിവിധ തരം പാവകള്‍. നെഹ്‌റുവിന്, വിവിധ രാജ്യങ്ങളില്‍ നിന്നും കിട്ടിയ സമ്മാനങ്ങള്‍. ലോകത്ത് മറ്റെവിടെയും പാവകള്‍ക്കു മാത്രമായ ഒരു മ്യൂസിയം ഇല്ല.

ശിവന്‍ പാവകളുടെ പണിപ്പുരയില്‍ നിന്നും ഇറങ്ങുന്നതുവരെയും അവിടൊക്കെ കറങ്ങി. കഥകളി രൂപങ്ങള്‍ ഉണ്ട ാക്കുന്നതിലായിരുന്നു ശിവനു മിടുക്ക്. ഇന്ത്യയുടെ തനതു കലാരൂപങ്ങള്‍ ഉണ്ട ാക്കുന്ന ആറു പേരടങ്ങുന്ന ഒരു പണിപ്പുരയും മ്യൂസിയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. വെളിരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ലക്ഷ്യം. ചില്‍ഡ്രന്‍സു ബുക്കു ട്രസ്റ്റും ലോക നിലവാരമുള്ള കുട്ടികളുടെ പുസ്തകപുരയാണ്. അവിടെ ഒരു ടൈപ്പിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവുണ്ടെ ന്ന് ശിവന്റെ കൂട്ടുകാരന്‍ ശേഖര്‍ പറഞ്ഞിരുന്നു. ശിവന്‍ ശേഖറിനെയും കൂട്ടി വന്നു. അടുത്തുള്ള ഉഡുപ്പി റെസ്റ്റോറന്റില്‍ പോയി സാമ്പാര്‍ റൈസ് കഴിക്കുമ്പോള്‍, ശേഖര്‍ പറഞ്ഞു. ജലജക്ക് ഇഷ്ടപ്പെട്ടാല്‍ കാര്യം നടക്കും.

ജലജ പാലക്കാടന്‍ പട്ടത്തി. നാല്‍പതുകളുടെ പടിയിറങ്ങുന്നു. മുഖത്ത് ഋതുക്കള്‍ കൊഴിഞ്ഞതിന്റെ വരകള്‍. കഴിഞ്ഞ കാലത്തില്‍ ആരുടെയും മനം കവരുവാന്‍ കരുത്തുള്ള ആ കണ്ണുകളില്‍ തിരുശേഷിപ്പ്. അര കവിഞ്ഞ കോലന്‍ മുടി പിന്നിയിട്ടിരിക്കുന്നു. അതില്‍ തിരുകിയിരുന്ന പൂ വാടിയിട്ടുണ്ട ്. നല്ല നീളമുള്ള ആ കറുത്ത ശരീരത്തിനും ഇപ്പോഴും നല്ല അഴക്. “”ടൈപ്പൊക്കെ അറിയാമല്ലോ.’’ അവര്‍ ചോദിച്ചു.

“”അറിയാം.’’

“”നാളെമുതല്‍ പോര്’’ ഇന്റര്‍വ്യൂ കഴിഞ്ഞു.

ശേഖറിന്റെ പരിചയക്കാരന്‍ എന്ന ഔദാര്യം ചോദ്യങ്ങള്‍ കുറച്ചു. പുതു ജോലിയില്‍ ഉത്സാഹിയായിരുന്നു. മഹാഭാരതം കുട്ടികള്‍ക്കായി ലളിതവല്‍ക്കരിച്ചു കൊച്ചു കൊച്ചു കഥകളാക്കുന്ന ഒരു കൂട്ടം എഴുത്തു തൊഴിലാളികള്‍. അവരെഴുതുന്നതു ടൈപ്പു ചെയ്ത് കൊടുക്കണം. ചോദ്യങ്ങളും ഉത്തരങ്ങളും ആവശ്യമില്ല. കച്ചവടത്തിന്റെ മര്‍മ്മറിയാവുന്നവന്റെ ബുദ്ധി. ഇതൊക്കെ വായിച്ചു വളരുന്ന ഒരു തലമുറയെ അതിശയോക്തിയുടെ വെള്ളി വെളിച്ചത്തില്‍ നിര്‍ത്തുക. അവന്റെ ബുദ്ധിയില്‍ ആണിയടിയ്ക്കുക. ദൂരെവ്യാപകമായ കായ് ഫലത്തെക്കുറിച്ച് ആശങ്കപ്പെടന്‍ നീ മറ്റുള്ളവര്‍ക്കായി വിടുക. വരാന്‍ പോകുന്ന തലമുറകള്‍ വര്‍ക്ഷീയതയുടെ വിഷവാഹകരാകുന്നെങ്കില്‍, അതിനുത്തരവാദി ആര്. തന്റെ പങ്ക് എന്ത്. നാനൂറ്റമ്പതു രൂപ മാസം. ഇതു താന്‍ ചെയ്തില്ലെങ്കില്‍ മറ്റൊരാള്‍. അത്രേ ചിന്തിക്കാവു. തനിക്കും ജലജയ്ക്കുമിടയില്‍ ശേഖറും ശിവനും ഉണ്ട ല്ലോ? അവരെ ചീത്തയാക്കാതിരിക്കാനുള്ള മാന്യത. അതവര്‍ പ്രതീക്ഷിക്കുന്നുണ്ട ാവും.

എഴുത്തുതൊഴിലാളി ബംഗാളി ഏതോ ഒരു ഘോഷ് എഴുതുന്ന കഥകള്‍ കാര്‍ബ്ബണ്‍ വെച്ച് രണ്ട ് കോപ്പിയെടുത്തു കൊടുക്കുക. തന്റെ ഉത്തരവാദിത്വം കഴിഞ്ഞു. എല്ലാവരും സന്തുഷ്ടരാണ്. മാനേജര്‍ക്കു കീഴില്‍ ശാരദ. അവരാണ് ആ സെക്ഷന്റെ മേല്‍ വിചാരക. സുന്ദരിയല്ലെങ്കിലും വിരൂപയല്ല. പ്രായം മുപ്പത്തഞ്ചില്‍ കുറയില്ല. പിന്നെ ജോയിക്കുട്ടിയും ഭാര്യ ലില്ലിയും. ലില്ലി നല്ല ചെറുപ്പം. കണ്ണുകളില്‍ കുസൃതിച്ചിരി. കല്യാണം കഴിഞ്ഞ് വന്നിട്ട് വര്‍ഷം രണ്ട ്. ഏതോ ഒരു നാട്ടിന്‍പുറത്തുകാരി. സംശയാലുവായ ജോയിക്കുട്ടിയുടെ ഒരു കണ്ണ് എപ്പോഴും അവളുടെ കണ്ണുകള്‍ പോകുന്ന വഴിയേ ആയിരുന്നു. അവള്‍ക്കെതിരെയുള്ള സീറ്റില്‍, താന്‍ ജോയിക്കുട്ടിയുടെ ആത്മാവില്‍ എപ്പോഴും താളമായിരുന്നു. അയാള്‍ക്ക് ചിരിക്കാന്‍ അറിയില്ലായിരുന്നു. പക്ഷേ അതിനപ്പുറം എപ്പോഴും എന്തിനും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ജോസഫ്. ഇനി രണ്ട ു പേരുകൂടിയുണ്ട ല്ലോ... ഏറ്റവും അവസാനത്തെ സീറ്റില്‍ ആനന്ദം. പേരില്‍ മാത്രം. മുപ്പത്തഞ്ചു കഴിഞ്ഞിട്ടും വിവാഹം ഒത്തുവരാത്ത വേദനയായിരിക്കാം. അതോ എന്തെങ്കിലും ഒക്കെ പ്രശ്‌നങ്ങള്‍... ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നവള്‍, ചതിക്കുഴികള്‍, അവളുള്ളു തുറന്നു ചിരിക്കുന്നതു കണ്ട ിട്ടില്ല. എന്നാല്‍ രാമു മുറിയില്‍ വരുമ്പോള്‍, അവളുടെ കണ്ണുകള്‍ പ്രകാശിക്കും. പ്രതീക്ഷയോടെ....

രാമു അന്‍പതുകള്‍ കഴിഞ്ഞ ഒരു നിത്യ കന്ന്യകന്‍. എഡിറ്റര്‍. എല്ലാവരെയും ഒന്നു നോക്കും. ഒരു പുഞ്ചിരി. കഴിഞ്ഞു. തീര്‍ന്ന ഭാഗങ്ങള്‍ വാങ്ങി സ്വന്തം മുറിയിലേക്ക്. തെറ്റുകള്‍ തിരുത്തി വീണ്ട ും ടൈപ്പു ചെയ്യേണ്ട തെങ്കില്‍, അതു മാത്രം പറയും. ആനന്ദത്തിന്റെ കണ്ണുകളില്‍ വിടരുന്ന പൂ എല്ലാവരും കാണും. ആരും ഒന്നും പറയില്ല. അദ്ദേഹം മുറിയില്‍ നിന്നു പോയാല്‍ ആനന്ദം വീണ്ട ും തന്റെ ടൈപ്പ്‌റൈറ്റുമായി യുദ്ധം തുടങ്ങും. ഇനി ഒരാള്‍ കൂടി. എല്‍സി ഇരുപത്തഞ്ചില്‍ കൂടുതല്‍ കാണില്ല. വെളുത്ത് മെലിഞ്ഞ് നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ. രണ്ട ു കുട്ടികളുടെ അമ്മ. ഭര്‍ത്താവ് ഇപ്പോള്‍ ഗള്‍ഫില്‍. ചില ദിവസങ്ങളില്‍ എല്‍സി ഹാഫ് ഡേ എടുക്കും. ഏതെങ്കിലും ഒരു കുട്ടിക്ക് സുഖമില്ലായ്മ. എല്‍സി അരദിവസത്തെ അവധി എടുക്കുന്ന ദിവസങ്ങളിലൊക്കെ, ആര്‍ട്ടിസ്റ്റു കമല്‍ അരദിവസത്തെ അവധി എടുത്തിറങ്ങിയിട്ടുണ്ട ാകും. കമല്‍ പോയി അഞ്ചു മിനിട്ടു കഴിഞ്ഞ് എല്‍സിയും ഇറങ്ങും. എല്ലാവരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി ഗൂഢമായി ചിരിക്കും. കമല്‍ രാജ രക്തമാണ്. ഇവിടെ ജനിക്കുന്ന കഥകള്‍ക്കൊക്കെ ചിത്രങ്ങള്‍ വരയ്ക്കുന്നത് കമലാണ്. അയാള്‍ വരയ്ക്കുന്ന സുന്ദരിമാരുടെ കണ്ണുകള്‍ക്ക് എല്‍സിയുടെ കണ്ണുകളിലെ തിളക്കം ആ കണ്ണുകള്‍ കമലിനെ അത്ര മാത്രം കൊതിപ്പിക്കുന്നു.

ഒന്‍പതിനും പത്തിനും ഇടയില്‍ ഒരനുഷ്ഠാനംപോലെ എല്ലാ മുറികളുടെയും മുന്നില്‍ക്കൂടി, അതുവരെയും ഒരാളൊഴിച്ച് മറ്റാര്‍ക്കും പ്രവേശനമില്ലാത്ത തന്റെ വരപ്പുരയില്‍ നിന്നും ഉടയോന്‍, കറുത്ത ഏപ്രണും ധരിച്ച് ഇറങ്ങി നടക്കും. ആരുടെയും മുഖത്തു നോക്കില്ല. കാക്ക കണ്ണുകൊണ്ട ് എല്ലാം കാണും. ജലജയില്‍ കൂടി എല്ലാവരെയും അറിയേണ്ട തറിയിക്കും. അങ്ങനെയാണ്. ഒരു ദിവസം ജലജ വിളിച്ചത്. എന്തിനാ ഇത്ര കട്ടിയുള്ള മീശ വെച്ചിരിക്കുന്നത്. അല്പം കുറച്ചുകൂടെ. ഒരു ആഴ്ച തികയുന്നതിനുമുമ്പേ താന്‍ കണ്ണില്‍ പെട്ടിരിക്കുന്നു. ജലജയോട് ഒന്നും പറഞ്ഞില്ല. ഉള്ളില്‍ പ്രതിഷേധത്തിന്റെ ഉറവകള്‍ കിനിയുന്നുണ്ട ായിരുന്നു. സ്വന്തം വ്യക്തിത്വത്തിന്മേലുള്ള ഒരു ഇടപെടല്‍. സ്വയം പ്രകടിപ്പിക്കാനും, പ്രദര്‍ശിപ്പിക്കാനും മറ്റൊന്നും ഇല്ലാത്തവന്റെ ആളത്വം. അതായിരുന്നു ആ മീശ. ഇപ്പോള്‍ അതും ചോദ്യം ചെയ്യപ്പെടുകയാണ്. കുനിഞ്ഞ് കുനിഞ്ഞ് നട്ടെല്ലില്ലാത്ത ഉരഗത്തെപ്പോലെ ഇഴയണമെന്നവര്‍ പറയുകയായിരുന്നു. മനസ്സില്‍ ഒരു തീരുമാനം എടുത്തു. ഇനി ആരുടെയും കീഴില്‍ ജോലി വേണ്ട . സ്വന്തമായി ഒരു തൊഴില്‍. മനസ്സു പിന്നെ അതിനു പുറകെയായിരുന്നു. സ്വതന്ത്ര്യനാകുന്നതുവരെയും പ്രതികരിക്കുന്നില്ല എന്നു തീരുമാനിച്ചു. പകരം താടികൂടി വളര്‍ത്താന്‍ തുടങ്ങി.

വിനായക്, ശങ്കേഴ്‌സ് വീക്കിലിയിലെ ഫോട്ടോഗ്രാഫര്‍. വീക്കിലി നിര്‍ത്തിയെങ്കിലും വിനായക് പിരിച്ചു വിടപ്പെട്ടിട്ടില്ല. വിനായകന്റെ ഉപദേശത്തില്‍ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന ഒരു കോഴ്‌സിനു ചേര്‍ന്നു. സെല്ലുലോയിഡില്‍ ഇരുളും വെളിച്ചവും കൊണ്ട ് എങ്ങനെ ചിത്രം വരയ്ക്കാമെന്നും, ഇരുള്‍ മുറിയില്‍ അതെങ്ങനെ രൂപാന്തരപ്പെടുത്താമെന്നും മൂന്നുമാസംകൊണ്ട ് ശര്‍മ്മാജി പഠിപ്പിച്ചു. ഇനി ഒക്കെ പരിശീലനം കൊണ്ട ് പഠിച്ച് തെളിയണം. ഗുരുവിന്റെ ഉപദേശവുമായി വീണ്ട ും വിനായകത്തെ കണ്ട ു. വിനായക് വസന്ത വിഹാറില്‍ സൈഡ് ബിസിനസ്സായി നടത്തുന്ന സ്റ്റുഡിയോയില്‍ പണി പഠിക്കാന്‍ ഒരവസരം. അധിക കാലം അവിടെ നില്‍ക്കേണ്ട ി വന്നില്ല. ഏതോ ഒരു കല്യാണ ഫോട്ടോയില്‍ തുടങ്ങിയ പ്രശ്‌നം. വാക്കുതര്‍ക്കത്തിലും അടിയിലും കലാശിച്ചപ്പോള്‍ അനാഥമായത് താനും തന്റെ തൊഴില്‍ മോഹവും ആയിരുന്നു.

(തുടരും.....)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക