Image

സണ്ണി സ്മൃതിയില്‍ രാഗാഞ്ജലി സാന്ദ്രമായി

Published on 13 October, 2018
സണ്ണി സ്മൃതിയില്‍ രാഗാഞ്ജലി സാന്ദ്രമായി

ഡബ്ലിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ പാമേഴ്‌സ്ടൗണ്‍ സെന്റ് ലൊര്‍ക്കന്‍സ് ഹാളില്‍ നടത്തിയ സണ്ണി സ്മൃതിയുണര്‍ത്തിയ രാഗാഞ്ജലി സംഗീത സാന്ദ്രമായി. 

റവ.ഡോ. ജോസഫ് വെള്ളനാല്‍ രചിച്ച 'പാതിവിരിഞ്ഞു കൊഴിഞ്ഞൊരു പൂവിന്റെ ’എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത ഗായകന്‍ സാബു ജോസഫിന്റെ ആലാപനത്തില്‍ സണ്ണിചേട്ടന്റെ ജാജ്ജല്യമായ ഓര്‍മകളെ ഉണര്‍ത്തിയപ്പോള്‍ സദസ് ഒന്നടങ്കം മൂകമായി. അയര്‍ലന്‍ഡിലെ പ്രശസ്ത ഗായകര്‍ തീര്‍ത്ത മെലഡി സംഗീതം രാവേറെ നീണ്ടെങ്കിലും ഓരോ ഗാനത്തിനുമായി ഉദ്വേഗത്തോടെ ജനങ്ങള്‍ കാതോര്‍ത്തിരുന്നു.

രാഗാഞ്ജലിയില്‍ പ്രവാസിരത്‌ന, കലാരത്‌ന പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഏഷ്യാനെറ്റ് ടിവി യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയര്‍മാനും രണ്ട് പതിറ്റാണ്ടിലേറെയായി വിദേശ മലയാളികളുടെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ സദാനന്ദന്‍ ശ്രീകുമാറിനും (യുകെ), എന്റെ ഗ്രാമം ചെയര്‍മാനും മലയാളി അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ സെക്രട്ടറിയും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമായ സജി മുണ്ടയ് ക്കലിനും വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി തടത്തിലിനും (ജര്‍മനി) പ്രവാസിരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു.

നാടകകൃത്തുംനടനും സംവിധായകനും ഗാന രചയിതാവുമൊക്കെയായി കലാരംഗത്തു തിളങ്ങുന്ന റവ.ഡോ.ജോസഫ് വെള്ളനാലിന് ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാനും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായ ജോസ് കുന്പിളുവേലില്‍ കലാരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു.

പ്രശസ്ത നര്‍ത്തകിയും ഡബ്ലിന്‍ കൂന്പ് ഹോസ്പിറ്റലിലെ ലൊക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ മീന പുരുഷോത്തമന് മുന്‍ റ്റിഡി ജോന ടഫി കലാരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ചെയര്‍മാന്‍ ദീപു ശ്രീധര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച് പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. പിആര്‍ഒ രാജു കുന്നക്കാട്ട് നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി ബിജു പള്ളിക്കര, ജയ്‌സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു 

സാബു ജോസഫ്, ബിനു കെ.പി, ജോഷി കൊച്ചുപറന്പില്‍, ശ്യാം എസാദ്, മംഗള രാജേഷ്, ജാസ്മിന്‍, ഷീബ ഷാറ്റ്‌സ്, രാധിക ബാലചന്ദ്രന്‍, ബെന്നി ജോസഫ്, ലിജു ജോസഫ്, ഷിജോ പുളിക്കല്‍, അജിത് കേശവന്‍, ആദില്‍ അന്‍സാര്‍, മിന്നു ജോര്‍ജ് പുറപ്പന്താനം, ഗ്രേസ് മരിയ ബെന്നി, കരോളിന്‍ അബ്രഹാം, ലെവിന്‍ ഷാജുമോന്‍, ഗ്ലെന്‍ ജോര്‍ജ് ജിജോ, ഈഫ ഷിജിമോന്‍, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ജിജോ പീടികമല, ടോം എന്നീ പ്രശസ്തരായ അയര്‍ലന്‍ഡിലെ 22 ഗായകര്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ എക്കാലത്തേയും ഓള്‍ഡീസ് ഹിറ്റ് ഗാനങ്ങളുടെ കലവറ തുറന്നത് സംഗീതപ്രേമികളെ ആസ്വദിപ്പിച്ചു. ബിനു കെ.പി,ഷൈബു ജോസഫ്,ജോഷി കൊച്ചുപറന്പില്‍ എന്നിവര്‍ അവതാരകരായിരുന്നു. 

പിആര്‍ഒ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജണ്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ഷൈബു കൊച്ചിന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ ജിജോ പീടികമല,ജോര്‍ജ്കുട്ടി പുറപ്പന്താനം, ബിനോയ് കുടിയിരിക്കല്‍, റോയ് പേരയില്‍,ജോണ്‍സന്‍ ചക്കാലക്കല്‍, സുനില്‍ മുണ്ടുപാല,സിറില്‍ തെങ്ങുംപള്ളില്‍,സുരേഷ് സെബാസ്റ്റ്യന്‍, മാത്യൂസ് ചേലക്കല്‍,പ്രിന്‍സ് മാപ്പിളപറന്പില്‍,സാബു കുഞ്ഞച്ചന്‍, ഡൊമിനിക് സാവിയോ,ജയന്‍ തോമസ്,സെബാസ്റ്റ്യന്‍ കുന്നുംപുറം തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക