Image

കേരളനാട് അന്നും ഇന്നും. (ചാക്കോ ഇട്ടിച്ചെറിയ)

Published on 13 October, 2018
കേരളനാട് അന്നും ഇന്നും. (ചാക്കോ ഇട്ടിച്ചെറിയ)
അന്ന്.

കേരളമെന്നൊരുനാടുണ്ടതിനുടെ
പേരിനുപോലും കൌതുകമേ
ആരുംകണ്ടാലൊന്നല്ലൊത്തിരി
നേരംനോക്കും കേരളമേ!

കണ്ണിനുകൌതുകമേറുംപലവിധ
സ്വര്‍ണ്ണം വിളയുന്നോരിടമേ
മണ്ണുംവിണ്ണും കവിയുംമാനസ്സ
വര്‍ണ്ണം പകരുന്നോരിടമേ

കാടുകളും വന്‍മേടുകളും
കാട്ടാറുകളും നിറയുന്നിടമേ
കാവുകളും നല്‌ചോലകളും
കുളിര്‍മാരുതനും പുണരുന്നിടമേ

ജാതികള്‍പലതുണ്ടെങ്കിലുമവരുടെ
നീതികള്‍ നിറയുന്നോരിടമേ
ആദിയുമന്തവുമേതാണെങ്കിലു
മേദനിലും പരമായിടമേ!

പാടിടുവാനുണ്ടനവധി നിന്നുടെ
പാവനമാം പലമാതിരികള്‍
പാരാവാരപരപ്പിനൊരമൃതം
പകരുംപാരം കേരളമേ!

ഇന്ന്.

കേരളമെന്നൊരു നാടുണ്ടതിനുടെ
പേരിനുപോലും ദുര്ഗ്ഗതിയെ
ആരുംകണ്ടാലൊന്നേനോക്കൂ
ചോരക്കളമാം കേരളമേ!

കണ്ണിനുകൌതുകമേകുന്നൊരുവക
കാണ്മാനില്ലാ കേരളമേ
ഉണ്മാനൊരുവകയില്ലാ മണ്ണില്‍
പണിചെയ്വാനില്ലാളുകളും

സ്വര്‍ണ്ണംവിളയും വയലേലകളും
ഉണ്ണാന്‍വിഭവം വിളയിക്കും
നമ്മുടെനല്ലനിലങ്ങള്‍ പാഴ്‌നില
മമ്മേപട്ടിണി പട്ടാളം

ജാതികള്‍ പലതുണ്ടവരെല്ലാവരു
മോതിനടക്കുന്നൊരു "വേദം"
ജാതിസ്പര്‍ധവളര്‍ത്തി പലവിധ
ഭീതിയുണര്‍ത്തുന്നഖിലരിലും!

പാര്ട്ടികള്‍പലതുണ്ടവരുടെകൂത്തുകള്‍
കണ്ടുമടുത്തൊരു കേരളമേ
യൂടി,എല്ടി ഏതാണേലും
കാടികുടിക്കും കേരളമേ !

പാടിടുവാനുണ്ടനവധി നിന്നുടെ
പരിതാപകരം മാതിരികള്‍
പാരാവാരപരപ്പിനു പാരം
പാരകള്‍പണിയും കേരളമേ ! !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക