Image

ഒരു പ്രണയകാലത്തില്‍... ഒരു പ്രളയകാലത്തില്‍.... (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

Published on 14 October, 2018
ഒരു പ്രണയകാലത്തില്‍... ഒരു പ്രളയകാലത്തില്‍.... (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
യാത്ര പോയവരേതോ
വിദൂരമാം ഗോത്രമൊന്നില്‍
മറഞ്ഞു പോയീടുന്നു..
സാഗരം, സന്ധ്യ,
അസ്തമയത്തിനെ
തേരിലേറ്റി മടക്കം
പ്രദക്ഷിണപാതയില്‍
കാത്തിരിക്കുന്ന നക്ഷത്ര
ഗോപുരങ്ങള്‍, തിളങ്ങും
ഗ്രഹങ്ങളും..

ദ്വാരപാലകാ! നിന്റെ
ശിലാരൂപമോര്‍മ്മയുണ്ട്
മഴക്കുളിര്‍ തൂവിയ
ധ്യാനമണ്ഡപം നിശ്ശബ്ദമെങ്കിലും
ജീവശ്വാസം നിലയ്ക്കാതെ
നീ ഭദ്രമാക്കിയോരെന്റെ
സ്വപ്നക്കുരുന്നുകള്‍!
നീകരത്താലുയര്‍ത്തയോരാ
ജലഹോമപാത്രങ്ങള്‍,
പ്രാണന്റെ സ്പന്ദനം.
പാതിയൂട്ടിയ കൈകളില്‍
അമ്മതന്‍ സ്‌നേഹമുണ്ട്
മറക്കാത്തൊരോര്‍മ്മപോല്‍

ഏകമെങ്കിലും ഇന്ന്
നദികള്‍ തന്‍ ഭാവമെല്ലാം
പ്രളയാര്‍ദ്രമെങ്കിലും
വാവു തോറും ബലിച്ചോറുമായ്
വന്ന് ഞാനിരുന്നു,
വിശക്കും പിതൃക്കളെ
കാണുവാനായിതില്ല
പുഴയുടെ ഗൂഢ ഭിക്ഷ
ജലാതലതര്‍പ്പണം.

സൂര്യനെ നുകര്‍ന്നിന്ന്
മഴപോയ പൂര്‍വ്വസന്ധ്യ,
നിനക്കെഴുതീടുവാന്‍.
ജാലകപ്പടിവാതിലില്‍
വന്നിരുന്നായിരത്തൊന്നു
രാവിന്‍ കഥയിലെ
സ്‌നേഹമെന്ന് പറഞ്ഞ
നിലാവിന്റെ താമരക്കുളം
പൊട്ടിയടര്‍ന്നു പോയ്,
ഗ്രാമമിന്നുരുള്‍ തിന്നു മരിച്ചുപോയ്,
നീയുറക്കമുണരാതകന്നു പോയ്!
കാണുവാനുണ്ടിനിയുമെന്നും
പടിവാതിലേറി പുഴ പറഞ്ഞീടവേ
ഞാനുണര്‍ന്നെഴുതുന്നു
ബലിക്കല്ലിലോളമായ് വന്ന്
നീയിരുന്നീടുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക