Image

പോള്‍ ആറാമനും റൊമേറോയും ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധരുടെ ഗണത്തില്‍

Published on 14 October, 2018
പോള്‍ ആറാമനും റൊമേറോയും ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധരുടെ ഗണത്തില്‍

വത്തിക്കാന്‍ സിറ്റി: പോള്‍ ആറാമന്‍ മാര്‍പാപ്പ, എല്‍സാല്‍വദോറിലെ രക്തസാക്ഷിയായ ആര്‍ച്ച്ബിഷപ് ഓസ്‌കര്‍ അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ദിവ്യബലി മധ്യേ പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം.

 ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പകൂടിയായ പോള്‍ ആറാമന്‍ 1963 മുതല്‍ 78 വരെയാണ് സഭയെ നയിച്ചത്. ദരിദ്രരുടെ വക്താവായിരുന്ന ആര്‍ച്ച് ബിഷപ് റൊമേറോയെ എല്‍സാല്‍വദോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വാടകക്കൊലയാളികള്‍ 1980 മാര്‍ച്ച് 24ന് ദിവ്യബലി മധ്യേ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 

 സിസ്‌റ്റേഴ്‌സ് അഡോറേഴ്‌സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയന്‍ വൈദികന്‍ ഫ്രന്‍ചെസ്‌കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിള്‍സില്‍നിന്നുള്ള ഫാ. വിന്‍ചെന്‍സോ റൊമാനോ (1751-1831), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദ പുവര്‍ ഹാന്‍ഡ് മെയ്ഡ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജര്‍മന്‍കാരി മരിയ കാതറീന കാസ്പര്‍ (1820-1898), സ്‌പെയിനില്‍ ജനിച്ച് അര്‍ജന്റീനയില്‍ മരിക്കുകയും മിഷനറി ക്രൂസേഡേഴ്‌സ് ഓഫ് ദ ചര്‍ച്ച് എന്ന സഭ  സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്‌നാസിയ (1886-1943), രോഗപീഡകള്‍ക്കടിപ്പെട്ട് 19 വര്‍ഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരന്‍ നുണ്‍സിയോ സുള്‍പ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. 

സമ്പത്ത് വര്‍ജിച്ച് ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പോള്‍ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 

 വെടിയേറ്റുവീണ റൊമേറോയുടെ അരയില്‍ക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോള്‍ ആറാമന്റെ വടിയും ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചത്. വിശുദ്ധരെ അനുകരിച്ച് പണവും സന്പാദ്യവും ഉപേക്ഷിക്കാത്തവര്‍ക്ക് ദൈവത്തെ കണ്ടെത്താനാവില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. പണത്തോടുള്ള സ്‌നേഹമാണ് എല്ലാ തിന്‍മയുടെയും വേര്. പണം കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് ദൈവത്തിനു സ്ഥാനമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.

Join WhatsApp News
JOHN 2018-10-15 07:20:10
കാലം ചെയ്തില്ല എന്ന സാങ്കേതിക കാരണം മാറ്റിവച്ചു ഫ്രാങ്കോ പിതാവിനെ കൂടെ അങ്ങ് വഴിക്കാമായിരുന്നു. കേസിൽ നിന്നും ഊരാൻ എളുപ്പമായേനെ.        


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക