Image

സുഖ്‌ദേവ് (കഥ: നാരായണന്‍ രാമന്‍)

Published on 14 October, 2018
സുഖ്‌ദേവ് (കഥ: നാരായണന്‍ രാമന്‍)
നഗരം ഏറെക്കുറെ വിജനമാണു്. പ്രധാന റോഡുകളിലൂടെ ട്രക്കുകളിലും ജീപ്പിലും റോന്തുചുറ്റുന്ന പട്ടാളക്കാര്‍. കത്തിയമര്‍ന്ന ചേരികളില്‍ നിന്നു് പിടഞ്ഞോടിയ കുറേ മനുഷ്യജീവികള്‍ കടത്തിണ്ണകളിലും അടഞ്ഞു കിടന്ന വീടുകളുടെ മുന്നിലും പര്യമ്പുറത്തും ചേക്കേറിയിരിക്കുന്നു. ഒരു കലാപത്തിന്റെ ശേഷിപ്പുകളായി അവിടവിടെ പാതി കത്തിയതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങള്‍. കുത്തിത്തുറന്ന കടകള്‍. കണ്ണുകളടച്ച് നിദ്രപൂ കിയ വ്യാപാര സ്ഥാപനങ്ങള്‍. വിച്ഛേദിക്കപ്പെട്ട വൈദ്യുതി അവിടവിടെതിരിച്ചെത്തി കണ്ണു ചിമ്മി തുറക്കുന്നു '

സുഖ്‌ദേവ് സുഷുപ്തിയിലായിരുന്നു. അച്ഛന്റെ റിക്ഷാക്കൈ പിടിച്ച് തഴമ്പുള്ള തണുത്ത വിരലുകള്‍ അവന്റെ നെറുകയിലും നെറ്റിയിലും തഴുകിക്കൊണ്ടിരുന്നു. മുഷിഞ്ഞ ധോത്തിയിലും വരകളുള്ള ചുളിഞ്ഞ വിയര്‍പ്പിലൊട്ടിയ കുപ്പായത്തിലുമല്ലാതെ അവന് അച്ഛനെ കണ്ട ഓര്‍മ്മയില്ല. ക്ഷയം പിടിച്ച് രക്തം ഛര്‍ദിച്ച് മരിച്ചതിനു ശേഷം പക്ഷെ കിനാവുകളില്‍ എപ്പോഴും അവന്റെ അച്ഛന്‍ വെള്ള പൈജാമയും കുര്‍ത്തയും ധരിച്ചാണു് വരിക. അച്ഛന്‍ അവനെ ദേഹത്ത് ചാരിയിരുത്തി റൊട്ടിയും ദാലില്‍ മുക്കിയ ചോറും വായില്‍ വച്ചു കൊടുത്ത് ഊട്ടി. മതിയെന്നു പറഞ്ഞിട്ടും സബ്ജിയില്‍ മുക്കിയ റൊട്ടി മുഖത്തോടടുപ്പിച്ച് അച്ഛന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു.

"മോനേ ഇതു കൂടി "

"ഒന്നു കൂടി."

അതിനു ശേഷം അച്ഛനുമവനും ടൗണിലെ പുതിയ കൊട്ടകയില്‍ സിനിമ കണ്ടു. അലറുന്ന കടല്‍ക്കരയില്‍ അച്ഛനെ ഒട്ടിയിരുന്നു് കടല കൊറിച്ചു.

ഞെട്ടിയുണര്‍ന്നതും ഇളംവെയിലിന്റെ കിരണങ്ങളേറ്റ് കണ്ണു മഞ്ഞളിച്ചു. വീണ്ടും ഇറുക്കിയടച്ച കണ്ണുകളിലെ ഇരുട്ടിലും ചുറ്റിത്തിരിഞ്ഞുയരുന്ന മഞ്ഞഗോളങ്ങള്‍. തലയിലൊരു പെരുപ്പും വേദനയും കൂടി ചേര്‍ന്ന അസ്വസ്ഥത. തെല്ലുനേരം അങ്ങനെ കിടന്നു അയാളുടെ മുന്നില്‍ തലേ രാത്രിയിലെ ഭീദിതമായ ഓര്‍മ്മകള്‍ ചുരുള്‍ നിവര്‍ന്നു. ഇരുഭാഗത്തു നിന്നും കത്തു പിടിച്ച നിര നിരയായ ചേരികളില്‍ നിന്നുയര്‍ന്ന നിലവിളികള്‍. പുകച്ച മാളത്തില്‍ നിന്നു് രക്ഷപെട്ടോടുന്ന എലികളെന്നോണം പായുന്ന മനുഷ്യരില്‍ അയാളുമുണ്ടായിരുന്നു. വാളുകളുടെ സീല്‍ക്കാരങ്ങളേയും അട്ടഹാസങ്ങളേയും നിലവിളികളേയും ബഹു ദൂരം പിന്നിലാക്കി ഓടിത്തളര്‍ന്നു് കിതച്ച് വന്നു വീണതിവിടെയായിരിക്കും. സന്ധ്യക്കു കഴിച്ച റാക്കും ഓട്ടത്തിന്റെ ക്ഷീണവും അയാളെ ബോധക്ഷയത്തോളം പോന്ന തളര്‍ച്ചയിലേക്കെത്തിച്ചിരുന്നു.

അയാള്‍ പണിപ്പെട്ടു കണ്ണു തുറന്നു എഴുന്നേറ്റിരുന്നു് ചുറ്റും നോക്കി. ഒരു വലിയ തുണിക്കടയുടെ ടൈല്‍ വിരിച്ച വരാന്തയായിരുന്നു അത്. തെല്ലകലെ കൂനി ക്കൂടിയിരിക്കുന്ന ഒരു വൃദ്ധയും രണ്ടു കുട്ടികളും.
സുഖ്‌ദേവ് അവരെ നോക്കി യൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. വൃദ്ധ അതത്ര ഗൗനിക്കാതെ ഒന്നുകൂടി മൂലയിലേക്കൊതുങ്ങി കുട്ടികളെ കീറിമുഷിഞ്ഞ രജായി കൊണ്ട് പൊതിഞ്ഞ് മെലിഞ്ഞുണങ്ങിയ കൈത്തണ്ടയാല്‍ ചേര്‍ത്തു പിടിച്ച് ദൂരെ വഴിയിലേക്കു് നോക്കിയിരുന്നു. ആരേയും സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ കുഞ്ഞുങ്ങളെ പോലും നഗരജീവിതം പഠിപ്പിച്ചു കഴിഞ്ഞുവെന്നു് തെല്ല സ്വസ്ഥതയോടെ സുഖ്‌ദേവോര്‍ത്തു.

തെല്ലകലെ നീന്നും
ഉച്ചത്തില്‍ ചീത്ത വിളിച്ച് തിരിഞ്ഞു നോക്കി നോക്കി ഓടി വന്ന യുവതി വൃദ്ധയുടെ മടിയില്‍ വീണു കിതച്ചു. അവളുടെ കയ്യില്‍ ഒരു പാക്കറ്റ് ബ്രഡ്ഡും ഒരു കുപ്പിയില്‍ വെള്ളവുമുണ്ടായിരുന്നു. വിഹ്വലമായ മിഴികളാല്‍ തിരിഞ്ഞു നോക്കിയ അവളുടെ പിന്നില്‍ വേട്ടനായയെ പോലെ ഓടി വന്ന തടിയന്‍ സുഖ്‌ദേവിനെ കണ്ടിട്ടാകണം ഒന്നു നിന്നു് വേഗം തിരിഞ്ഞു നടന്നു.
വൃദ്ധ ബ്രെഡ്ഡുകളെടുത്ത് കുഞ്ഞിക്കൈകളിലേക്കു വച്ചു കൊടുക്കുന്നു. ആര്‍ത്തിയോടെ അവരത് ചവച്ചരച്ചു തിന്നുന്നത് നോക്കിയിരുന്നപ്പോള്‍ സുഖ്‌ദേവിനും വിശപ്പിന്റെ ജ്വാലയേറ്റുതുടങ്ങി. ഇന്നലെ ഉച്ചക്ക് കഴിച്ച രണ്ടു റൊട്ടിക്കും ഒരു മുട്ടക്കറിക്കും നല്‍കാവുന്ന ഊര്‍ജ്ജത്തിനൊരു പരിധിയൊക്കെയുണ്ടല്ലോ എന്നപ്പോളാണയാളോര്‍ത്തത്.

ഒടുവില്‍ വൃദ്ധ സഹജാവബോധത്തോടെ അയാള്‍ക്കു നേരെ വച്ചുനീട്ടിയ ഒരു ബ്രെഡിനു നേരെ നീളുന്ന കുഞ്ഞിക്കണ്ണുകള്‍ കണ്ട് അത് നിരസിച്ചയാള്‍ പുറത്തേക്കിറങ്ങി നടന്നു.

അതൊരു മൂന്നു നിലയുള്ള അധികം പഴക്കം തോന്നാത്ത കെട്ടിടമായിരുന്നു. താഴെ കടമുറികളും മുകളിലെ രണ്ടു നിലകളില്‍ താമസ സൗകര്യമുള്ള ഫ്‌ളാറ്റുകളും. പോലീസിന്റെ ദൃഷ്ടിയില്‍ പെടാതെ ശ്രദ്ധിച്ച് അയാള്‍ ഒന്നാം നിലയിലെ ഇടതു വശത്തെ ഫ്‌ളാറ്റിനു മുന്നിലേക്കിഴഞ്ഞു കയറി വരാന്തയിലിരുന്നു ദീര്‍ഘമായി നിശ്വസിച്ചു.

ഫ്‌ളാറ്റുകളിലെ താമസക്കാരെല്ലാം കിട്ടിയ വാഹനങ്ങളില്‍ സ്ഥലം വിട്ടിട്ടുണ്ടാകും. കഴിഞ്ഞ 3 ദിവസമായി ഈ നഗരത്തിലെ ജനങ്ങള്‍ നെട്ടോട്ടത്തിലായിരുന്നല്ലോ. പോകാനിടമില്ലാത്ത ചേരിക്കാരും യാചകരും അശരണരും ബാക്കിയായ നഗരത്തില്‍ പട്ടാളവും പോലീസും റോന്തുചുറ്റാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ലഹളക്കാര്‍ കവര്‍ച്ച തുടങ്ങിക്കഴിഞ്ഞിരുന്നു.

പെട്ടെന്നാണു് ഫ്‌ളാറ്റിന്റെ തുറന്നു കിടന്ന ജനാലയിലൂടെ പുറത്തേക്ക് നീണ്ടു കിടന്ന ഒരു കൈ സുഖ്‌ദേവിന്റെ ദുഷ്ടിയില്‍ പെട്ടത്. വെളുത്തു മെലിഞ്ഞ് ദുര്‍ബ്ബലമായ ഒരു കൈ. ഒന്നു പകച്ചെങ്കിലും അവന്‍ വരാന്തയിലൂടെ മുട്ടുകുത്തി ജനലിനരികിലെത്തി മുട്ടിലുയര്‍ന്നു് മുറിക്കുള്ളിലേക്ക് നോക്കി. മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ ജനലിനോട് ചേര്‍ത്തിട്ടിരുന്ന കട്ടിലില്‍ കിടന്നിരുന്നത് ഒരു വൃദ്ധനായിരുന്നു. മെലിഞ്ഞ ശരീരവും നീണ്ടു വളര്‍ന്ന താടിയും. കുഴിയിലാണ്ട ആര്‍ദ്രമായ മിഴികളില്‍ പീള കെട്ടിക്കിടന്നു. ആളനക്കമറിഞ്ഞ വൃദ്ധന്‍ സുഖ്‌ദേവിനെ നോക്കി ക്ഷീണിതമായ ഇടം കൈ കൊണ്ട് മാടി വിളിച്ചു. ഒന്നു മടിച്ചെങ്കിലും അരികിലെത്തിയപ്പോള്‍ ഇടറിയ ദുര്‍ബലമായസ്വരം അവനു കേള്‍ക്കാനായി.

"വെള്ളം "

വരണ്ട ചുണ്ടുകളും മുഖത്തെ പരവേശവും കണ്ടിലാണ്ട കണ്ണുകളിലെ
ദൈന്യവും സുഖ്‌ദേവിനെ തട്ടിയുണര്‍ത്തി കര്‍മ്മനിരതനാക്കി. താഴെയിറങ്ങി ഒരൊഴിഞ്ഞ പ്‌ളാസ്റ്റിക്ക് കുപ്പിയെടുത്ത് കാര്‍ഷെഡിലെ ഒരു ബക്കറ്റിലിരുന്ന വെള്ളം നിറച്ച് അവന്‍ ജനലഴികളിലൂടെ വൃദ്ധന്റെ നീട്ടിയ ഇടംകയ്യില്‍ വച്ചു കൊടുത്തു. പാതിയും തൂവി പോയെങ്കിലും ബാക്കി വെള്ളം വിറയാര്‍ന്ന ഒറ്റ ക്കൈ കൊണ്ട് വരണ്ടചുണ്ടോടടുപ്പിച്ച് ഇറക്കുമ്പോള്‍ തൊണ്ട മുഴകള്‍ ഉയര്‍ന്നു താഴുന്നത് സുഖ്‌ദേവ് നോക്കി നിന്നു.

വൃദ്ധന്‍ വാതിലിനു നേരെ കൈകാട്ടി അവ്യക്തമായി പുലമ്പിക്കൊണ്ടിരുന്നു. സുഖ്‌ദേവ് വാതില്‍ക്കലെത്തി. ഒന്നാഞ്ഞു തള്ളിയപ്പോള്‍ അതു പിന്നിലേക്ക് തുറന്നു.

മൂന്നു മുറികളുള്ള ഒരു ഫ്‌ളാറ്റായിരുന്നു അത്. ഇടത്തരം സമ്പന്നരാണ തിന്റെ ഉടമയെന്നു് സുഖ്‌ദേവ് ഊഹിച്ചു. കവര്‍ച്ചക്കാര്‍ വാതില്‍ കുത്തിത്തുറന്നു് വില പിടിപ്പുള്ളതെല്ലാമെടുത്ത് കടന്നുകളഞ്ഞതാകണം. വൃദ്ധന്റ കട്ടിലിനരികിലെത്തിയ അവന് വല്ലാത്ത ദുര്‍ഗ്ഗന്ധമനുഭവപ്പെട്ടു. ധരിച്ചിരുന്ന ഡയപ്പറും കവിഞ്ഞ് കിടക്കയില്‍ പരന്നൊഴുകിയ മൂത്രത്തിലാകെ നനഞ്ഞു അയാളവനെ ദയനീയമായി നോക്കി. ജനല്‍ക്കമ്പികളില്‍ മുറുകെ പിടിച്ച ഇടതു കയ്യിന്റെ ബലത്തില്‍ പക്ഷാഘാതത്തില്‍ തളര്‍ന്ന വലതു ഭാഗം പണിപ്പെട്ടു വലിച്ച് നനവില്ലാത്ത ഭാഗത്തേക്ക് നീങ്ങാന്‍ പാവം പാടുപെടുന്നുണ്ടായിരുന്നു.

കാലങ്ങള്‍ക്കപ്പുറത്തു നിന്നു് യോജനകള്‍ താണ്ടി ഒരു റിക്ഷയുടെ കുടമണിയൊച്ച അവനെ തഴുകി കടന്നു പോയി. ഇളം കാറ്റിലൊഴുകി വന്ന മുഷിഞ്ഞ വരയന്‍ കുപ്പായത്തിന്റെ വിയര്‍പ്പു മണം അവനെ ചുറ്റിപ്പറ്റി നിന്നു.

സുഖ്‌ദേവ് വൃദ്ധനെ എഴുന്നേല്‍പ്പിച്ചിരുത്തി വസ്ത്രമെല്ലാമഴിച്ചു മാറ്റി. ഡയപ്പറും ദുര്‍ഗ്ഗന്ധം വമിക്കുന്ന തുണികളുമെല്ലാം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പുറത്തേ വരാന്തയിലിട്ടു. ബാത്‌റൂമില്‍ ടാപ്പില്‍ വെള്ളമുണ്ടായിരുന്നു. ബക്കറ്റില്‍ വെള്ളവും ടവ്വലുമായി വന്നു് വൃത്തിയായി കഴുകിത്തുടച്ചു. കസേരയിലിരുത്തി. കുത്തിത്തുറന്നു കിടന്ന അലമാരയില്‍ നിന്നു് ഷീറ്റെടുത്ത് വിരിച്ചു. കയ്യില്‍ കിട്ടിയ വെളുത്ത കുര്‍ത്തയും പൈജാമയും ധരിപ്പിക്കുമ്പോള്‍ വൃദ്ധ നയനങ്ങളിലെ അവിശ്വസനീയതയോടവന്‍ പുഞ്ചിരിച്ചു. പാതി തളര്‍ന്ന നാവില്‍ നിന്നുതിര്‍ന്ന കൊഞ്ഞപ്പുള്ള വാക്കുകള്‍ പക്ഷെ അവനു തീരെ മനസ്സിലാവുന്നില്ലായിരുന്നു.
ആളെ കിടക്കയില്‍ കിടത്തി സുഖ്‌ദേവ് വൃത്തിയായി കുളിച്ചു. മുഷിഞ്ഞു നാറിയ പാന്റും ഷര്‍ട്ടും കഴുകിയിട്ടു. കയ്യില്‍ കിട്ടിയ ലുങ്കിയെടുത്തുടുത്തു.

വൃദ്ധനപ്പോഴേക്കും ഉഷാറായിത്തുടങ്ങിയിരുന്നു. ഉയര്‍ന്നു താഴുന്ന നെഞ്ചിനു കീഴെ ഒട്ടിയവയറു കണ്ട് സുഖ്‌ദേവ് ചോദിച്ചു.

"വിശക്കുന്നുണ്ടോ?

വൃദ്ധന്‍ ഉവ്വെന്നു തലയാട്ടി.

സുഖ്‌ദേവിനു് കാര്യങ്ങള്‍ തിരിഞ്ഞു വരുന്നുണ്ടായിരുന്നു. ലഹള പൊട്ടിപ്പുറപ്പെട്ട ദിവസം വീട്ടുകാര്‍ സ്ഥലം വിട്ടതാകണം. ഒരു വശം തളര്‍ന്ന തന്തയെ ഡയപ്പറും ധരിപ്പിച്ച് കിടത്തി ഫ്‌ളാറ്റു പൂട്ടിയാവും പോയിരിക്കുക.

അടുക്കളയിലെത്തി. ഗ്യാസടുപ്പ് കത്തിച്ച് കിട്ടിയ പാത്രത്തില്‍ വെള്ളം വച്ചു. തിളച്ചപ്പോള്‍ അരിയിട്ടു . വേറൊന്നില്‍ പരിപ്പ് കഴുകിയിട്ട് തിളപ്പിച്ചു.

ചൂടു ചോറും ദാലുമായി അവന്‍ വീണ്ടും കട്ടിലിനരികിലെത്തി.

വൃദ്ധനെ വിളിച്ചുണര്‍ത്തി തലയിണ ചാരിയതില്‍ തലയുയര്‍ത്തി വച്ച് ദാലില്‍ കുഴച്ച ചോറുരുളകള്‍ അവന്‍ വായില്‍ കൊടുത്തു കൊണ്ടിരുന്നു. അദ്ദേഹം വിലക്കിയിട്ടും അവന്‍ പറഞ്ഞു കൊണ്ടിരുന്നു.

"ഇതു കൂടി "

"ഒന്നു കൂടി "

വൃദ്ധന്റെ കുണ്ടിലാണ്ടമിഴികളിലെ നനവ് വെളിച്ചത്തില്‍ നക്ഷത്രം പോലെ മിന്നി നിന്നു. സ്വാധീനമുള്ള ഇടതുകൈയിലെ മെലിഞ്ഞ വിരലുകള്‍ അവന്റെ തലയിലും മുഖത്തും ഒഴുകി നടന്നു. അവനതില്‍ മുഗ്ധനായി മിഴിപൂട്ടി ആ നെഞ്ചില്‍ മുഖം ചേര്‍ത്ത് വച്ചു. അകലെയെവിടെയോ നിന്നു് നീണ്ട ചുമയുടെ ശബ്ദവീചികളോടൊപ്പം വരയന്‍ കുപ്പായത്തിന്റെ വിയര്‍പ്പുഗന്ധം അവനെ ചൂഴ്ന്നു നിന്നു.

പരിപ്പും ചോറും ആവോളം കഴിച്ച് സുഖ്‌ദേവ് സോഫയില്‍ വൃദ്ധനെ നോക്കിക്കിടന്നു. തലേ രാത്രിയിലെ ഓട്ടപ്പാച്ചിലിന്റെ തളര്‍ച്ചയും നിറഞ്ഞ വയറും അവന്റെ കണ്ണുകളില്‍ ഉറക്കത്തെ ഊഞ്ഞാലില്‍ കെട്ടിയാട്ടി.

ഉണര്‍ന്നപ്പോള്‍ സന്ധ്യയായിരുന്നു. കണ്ണു തുറന്നു് അവനെത്തന്നെ നോക്കിക്കിടന്നിരുന്ന വൃദ്ധന്‍ അവനൊരു ചിരി സമ്മാനിച്ചു. സുഖ്‌ദേവ് അവന്റെ വസ്ത്രങ്ങളെടുത്തു ധരിച്ച് ജനാലയിലൂടെ നോക്കി. കൂടുതല്‍ വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. കടകളൊക്കെ അടഞ്ഞുതന്നെ കിടക്കുന്നു. കുറവാണെങ്കിലും വാഹനങ്ങളോടിത്തുടങ്ങിയിട്ടുണ്ട്.

ഉറക്കെ സംസാരിച്ചുകൊണ്ട് ആരൊക്കെയോ ഗോവണി കയറി വരുന്ന ശബ്ദം കേട്ട് സുഖ്‌ദേവ് ഞെട്ടി ഞൊടിയിടയില്‍ പുറത്തുചാടി കോണിലെ ചുവര്‍ചാരി നിന്നു. അരണ്ട വെളിച്ചത്തില്‍ ബാഗും സഞ്ചികളുമായി ഒരാള്‍ ഗോവണി ഓടിക്കയറിവരുന്നു. പുറകെ ഒരു തടിച്ച സ്ത്രീയും കുട്ടിയും. അതിനിടയിലൂടെ ഓടിക്കയറുന്ന തുടലില്‍ ഒരു ചെറിയ പട്ടിയും. അയാള്‍ വല്ലാതെ ആധിപിടിച്ചാണു് മുന്നില്‍ ഓടിക്കയറുന്നത്. ഇടയ്ക്ക് കിതപ്പോടെ അയാള്‍ അസ്വസ്ഥനായി തിരിഞ്ഞു നോക്കുന്നുണ്ട്.

" കിളവനിപ്പോ അവിടെ മുഴുവന്‍ നാറ്റിയിട്ടുണ്ടാകും"
സ്ത്രീയുടെ ശബ്ദം സുഖ്‌ദേവിനു കേള്‍ക്കാമായിരുന്നു.

"നീയൊന്നു വേഗം കേറി വരുന്നുണ്ടോ?

അയാള്‍ തിരിഞ്ഞു നിന്നു് ഒച്ചയെടുത്തു.
സ്ത്രീയെന്തോ പറഞ്ഞത് പട്ടിയുടെ കുരയില്‍ മുങ്ങിപ്പോയി. സുഖ്‌ദേവ് പരമാവധി ഇരുട്ടിലേക്ക് മാറി ഭിത്തിയുടെ പിന്നിലേക്കൊതുങ്ങി നിന്നു.

തുറന്നു കിടന്ന വാതില്‍ കണ്ട് അന്ധാളിച്ച് അവര്‍ അകത്തേക്ക് പാഞ്ഞുകയറി യതിന്റെ പിന്നാലെ സുഖ്‌ദേവ് വേഗം പടികളിറങ്ങി. പിന്നെ സാവധാനം തെരുവിലേക്കിറങ്ങി റോഡ് മുറിച്ചു കിടന്നു് ആ ജനാലയിലേക്ക് നോക്കി.

അതടഞ്ഞു കിടന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക