Image

കാഞ്ഞിരപ്പള്ളി രൂപത 11-ാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു ദൈവത്തില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് വെല്ലുവിളികളെ നേരിടാന്‍ കരുത്തുണ്ട് :മാര്‍ മാത്യു അറയ്ക്കല്‍

Published on 15 October, 2018
                                                        കാഞ്ഞിരപ്പള്ളി രൂപത 11-ാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു ദൈവത്തില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക്  വെല്ലുവിളികളെ നേരിടാന്‍ കരുത്തുണ്ട് :മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: ദൈവത്തിലാശ്രയിച്ച്  ജീവിക്കുന്ന വിശ്വാസിസമൂഹത്തിന് വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുണ്ടെന്നും ആക്ഷേപിച്ചും അവഹേളിച്ചും സഭാസമൂഹത്തെ തളര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കുടുംബങ്ങളാണ് സഭയുടെ അടിസ്ഥാനം.  കുടുംബങ്ങളില്‍ നിന്നാണ് സഭ വളരുന്നത്. പ്രേഷിത ചൈതന്യമുള്ള അല്മായരും വൈദികരും സന്യസ്തരും രൂപപ്പെടുന്നതും കുടുബങ്ങളില്‍ നിന്നാണ്. കുടുംബങ്ങള്‍ ചേര്‍ന്നുള്ള കൂട്ടായ്മകള്‍ ആത്മീയ ഭൗതിക വളര്‍ച്ചയുടെ കേന്ദ്രങ്ങളായി രൂപപ്പെടണം. മാതാപിതാക്കള്‍ കാണപ്പെട്ട ദൈവങ്ങളാണ്.  സ്‌നേഹം പങ്കുവെയ്ക്കുന്ന, സമാധാനം നിറഞ്ഞുതുളുമ്പുന്ന, സൗരഭ്യം പരത്തുന്ന പൂന്തോപ്പായി കുടുംബങ്ങള്‍ സജീവമാകുമ്പോള്‍ സഭ ശക്തിപ്പെടും.  ദീര്‍ഘവീക്ഷണവും ഉറച്ചതീരുമാനവും അക്ഷീണപരിശ്രമവും സര്‍വ്വോപരി ദൈവപരിപാലനയുമുണ്ടെങ്കില്‍ ഈ ലോകത്ത് അസാധ്യമായത് യാതൊന്നുമില്ല.  പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആക്ഷേപ അവഹേളനങ്ങളുമുണ്ടാകാം.  പക്ഷേ, ദൈവത്തിലാശ്രയിച്ച്, അവിടുത്തെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ദൈവമക്കളെ ഇത്തരം വെല്ലുവിളികള്‍ തളര്‍ത്തുകയില്ല.  ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് ഭൗതിക ശക്തികളെയൊന്നും ഭയപ്പെടേണ്ടതായിട്ടില്ല.  സഭയുടെ സംരക്ഷകരായി, വിശ്വാസത്തിന്റെ കാവല്‍ഭടന്മാരായി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മാറണമെന്ന് മാര്‍ അറയ്ക്കല്‍ ഉദ്‌ബോധിപ്പിച്ചു.  

സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാസഭ നൂറ്റാണ്ടുകളായി പൊതുസമൂഹത്തിന് നല്‍കുന്ന അതിശ്രേഷ്ഠമായ സേവന നന്മകളെ വിസ്മരിച്ചുകൊണ്ട് ന്യൂനതകള്‍ മാത്രം നിരന്തരമുയര്‍ത്തിക്കാട്ടിയുള്ള മാധ്യമവിചാരണയും വിമര്‍ശനങ്ങളും ആസൂത്രിത നീക്കങ്ങളും വിശ്വാസിസമൂഹവും ജനങ്ങളൊന്നാകെയും തിരിച്ചറിയണം.  സഭയുടെ അമരത്ത് കര്‍ത്താവാണുള്ളത്.  മിശിഹാ മൂലക്കല്ലായിരിക്കുന്ന അടിയുറച്ച അടിസ്ഥാനത്തിന്മേലാണ് സഭ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നതെന്നും ഛിദ്രശക്തികള്‍ക്ക് സഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാവില്ലെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.  

പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രൂപതാ പാസ്റ്ററള്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നിയമിതനായി.  പാസ്റ്ററല്‍ കൗണ്‍സിലിലെ വിവിധ സമിതികള്‍ക്കും രൂപം നല്‍കി. വികാരിജനറാള്‍മാരായ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ.കുര്യന്‍ താമരശേരി, ഫാ.ജോര്‍ജ് ആലുങ്കല്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി എന്നിവര്‍ സംസാരിച്ചു.  തോമസ് വെള്ളാപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.  രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടില്‍ വെള്ളിയാംകുളം, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ നേതൃത്വം നല്‍കി.  

 ഫാ. മാത്യു പുത്തന്‍പറമ്പില്‍ 
പി.ആര്‍.ഒ.
9447564084

                                                        കാഞ്ഞിരപ്പള്ളി രൂപത 11-ാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു ദൈവത്തില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക്  വെല്ലുവിളികളെ നേരിടാന്‍ കരുത്തുണ്ട് :മാര്‍ മാത്യു അറയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക