Image

ഡബ്ല്യുസിസി: ജഗദീഷിന്റെ പ്രസ്‌താവന തള്ളി സിദ്ധിഖ്‌

Published on 15 October, 2018
ഡബ്ല്യുസിസി: ജഗദീഷിന്റെ പ്രസ്‌താവന തള്ളി സിദ്ധിഖ്‌


വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആരോപണങ്ങള്‍ നേരിടുന്ന കാര്യത്തില്‍ താരസംഘടനയില്‍ അവ്യക്തത. നേരത്തെ ഡബ്ല്യുസിസിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര ജനറല്‍ ബോഡി വിളിക്കുമെന്ന വക്താവായ ജഗദീഷ്‌ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഇതേ നിലപാട്‌ തന്നെയാണ്‌ കഴിഞ്ഞ ദിവസം ബാബുരാജും മാധ്യമങ്ങളെ അറിയിച്ചത്‌. അതേസമയം ഇവയെ തള്ളിക്കളയുന്ന രീതിയിലാണ്‌ അമ്മയുടെ സെക്രട്ടറി കൂടിയായ സിദ്ധിഖ്‌ ഇന്ന്‌ പ്രതികരിച്ചത്‌.

നിലവില്‍ അത്തരമൊരു തീരുമാനമില്ല. ജനറല്‍ ബോഡി ഇനി കൂടുന്നത്‌ 2019 ജൂണിലായിരിക്കുമെന്ന്‌ സിദ്ധിഖ്‌ പറഞ്ഞു. ആര്‌ പറഞ്ഞിട്ടാണ്‌ ജഗദീഷ്‌ അത്തരം ഒരു വിവരം മാധ്യമങ്ങളെ പത്രക്കുറിപ്പിലൂടെ അറിയിച്ചത്‌ എന്ന കാര്യം തനിക്ക്‌ അറിയില്ലെന്നും സിദ്ധിഖ്‌ കൂട്ടിച്ചേര്‍ത്തു.

താന്‍ ഈ വിവരങ്ങള്‍ പറയുന്നത്‌ പ്രസിഡന്റ്‌ മോഹന്‍ലാലും, ഇടവേള ബാബു ഉള്‍പ്പടെയുള്ള പ്രധാന ഭാരവാഹികളുമായി സംസാരിച്ച ശേഷമാണ്‌. നിലവില്‍ സംഘടനയില്‍ ആശയക്കുഴപ്പമൊന്നുമില്ലെന്ന്‌ സിദ്ധിഖ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.


സിദ്ധിഖിന്റെ പത്രസമ്മേളനത്തിനു പിന്നാലെ ജഗദീഷും വിശദീകരണവുമായി രംഗത്തുവന്നു. രാവിലെ പത്രക്കുറിപ്പ്‌ നല്‍കിയത്‌ താരസംഘടന പ്രസിഡന്റ്‌ മോഹന്‍ലാലുമായി സംസാരിച്ചതിന്‌ ശേഷമാണെന്ന്‌ ജഗദീഷ്‌ പറഞ്ഞു. ഇതോടെയാണ്‌ വിഷയത്തില്‍ സംഘടനയ്‌ക്കുള്ളില്‍ രണ്ടു തരത്തിലുള്ള അഭിപ്രായമുണ്ടെന്ന വിവരം പരസ്യമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക