Image

വെള്ളക്കാരായ പുരുഷ സ്ഥാനാര്‍ഥികളില്‍ ഗണ്യമായ കുറവ് (ഏബ്രഹാം തോമസ്)

Published on 15 October, 2018
വെള്ളക്കാരായ പുരുഷ സ്ഥാനാര്‍ഥികളില്‍ ഗണ്യമായ കുറവ് (ഏബ്രഹാം തോമസ്)
2018 ലെ തിരഞ്ഞെടുപ്പിലേയ്ക്കുള്ള പ്രൈമറികള്‍ അവസാനിച്ച് യഥാര്‍ത്ഥ വോട്ടിംഗിലേയ്ക്ക് നീങ്ങുകയാണ് അമേരിക്ക. പ്രൈമറികളുടെ അവലോകനത്തില്‍ റിഫ്‌ളക്ടീവ് ഡെമോക്രസി ക്യാംപെയിന്‍ കണ്ടെത്തിയത് ഈ വര്‍ഷം വെളുത്ത വര്‍ഗക്കാരായ പുരുഷ സ്ഥാനാര്‍ഥികളില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും ഇതു തന്നെയാണ് അവസ്ഥ. 2012 നെ അപേക്ഷിച്ച് ദേശീയ തലത്തില്‍ (കോണ്‍ഗ്രസിലേയ്ക്ക്) 13% വും സംസ്ഥാന ലെജിസ്‌ലേറ്റീവ് തലത്തില്‍ 12% വും കുറവ് ഉണ്ടായതായാണ് കണക്കുകള്‍.

ഇതു വ്യക്തമായും കൂടുതല്‍ സ്ത്രീകള്‍ പ്രൈമറികളില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്ന കഥയാണ് പറയുന്നത്. റിഫളക്ടീവ് ഡെമോക്രസി കാമ്പെയിനിന്റെ ഡയറക്ടര്‍ ബ്രെന്‍ഡ ചൊരേസി കാര്‍ട്ടര്‍ പറഞ്ഞു.

ഇതേ കാലയളവില്‍ നിറമുള്ള സ്ത്രീകള്‍ (പ്രത്യേകിച്ചും കറുത്ത വര്‍ഗക്കാര്‍) കോണ്‍ഗ്രസിലേയ്ക്ക് മത്സരിക്കുന്നത് 75% വും വെളുത്ത വര്‍ഗക്കാരായ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ 36% വും വര്‍ധിച്ചു. ആകെ സ്ഥാനാര്‍ത്ഥികളായ സ്ത്രീകള്‍ സെനറ്റിലേക്ക് 42% വും ജനപ്രതിനിധി സഭയിലേക്ക് 39% വും വര്‍ധിച്ചു. കോണ്‍ഗ്രസിലേയ്ക്കുള്ള മത്സരങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ 46% വും റിപ്പബ്ലിക്കന്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ 22% വും വര്‍ധിച്ചു.

2012 മുതല്‍ ന്യൂനപക്ഷങ്ങളും സ്ത്രീകളും വിവിധ സംസ്ഥാന, ഫെഡറല്‍ സംസ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന സംഘടനയാണ് റിഫ്‌ലക്ടീവ് ഡെമോക്രസി കാമ്പെയിന്‍, ആദ്യ രണ്ടു വര്‍ഷങ്ങളില്‍ , വിവരങ്ങളില്‍ വലിയ മാറ്റം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്ന് സംഘടന പറയുന്നു.

2012 മുതല്‍ 2016 വരെ രാജ്യത്തെ ജനസംഖ്യയുടെ 32% മാത്രം വന്നിരുന്ന വെളുത്ത വര്‍ഗപുരുഷന്മാര്‍ മൊത്തം സ്ഥാനാര്‍ത്ഥികളുടെ 65% ആയിരുന്നു. തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരുടെ 65% വും വെളുത്ത വര്‍ഗക്കാരായ പുരുഷന്മാരായിരുന്നു. സംസ്ഥാന ലെജിസ്ലേച്ചറുകളിലേയ്ക്ക് നടന്ന മത്സരങ്ങളില്‍ ഇപ്പോള്‍ ന്യൂനപക്ഷ, സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഗണ്യമായി ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ 14% വര്‍ധിച്ചപ്പോള്‍ നിറമുള്ള സ്ത്രീകള്‍ 75% വര്‍ധിച്ചു. ഇവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരായ സ്ത്രീകളാണ്.

ജോര്‍ജിയയിലെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കുള്ള മത്സരം വലിയ വിവാദത്തിലാണ്.റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബ്രയാന്‍ കെമ്പ് നിലവില്‍ സംസ്ഥാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റാണ്. വോട്ടര്‍ രജിസ്‌ട്രേഷന് എത്തുന്ന അപേക്ഷകള്‍ അതാത് സംസ്ഥാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ഓഫീസാണ് പരിശോധിക്കുന്നത്. കെമ്പിന്റെ ഓഫീസ് 53,000 അപേക്ഷകള്‍ തടഞ്ഞ് വച്ചിരിക്കുന്നതായാണ് ആരോപണം.

തടഞ്ഞ് വച്ചിരിക്കുന്ന അപേക്ഷകളില്‍ ഒരു വലിയ ശതമാനം കറുത്ത വര്‍ഗക്കാരുടേതാണെന്ന് ആരോപണം തുടരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സ്റ്റേസി ഏബ്രാംസ് സംസ്ഥാനത്തെ ആദ്യ കറുത്ത വര്‍ഗക്കാരിയായ ഗവര്‍ണറാകാന്‍ ശ്രമിക്കുന്നു. ഏബ്രാംസിന്റെ പ്രചരണ വിഭാഗം പുറപ്പെടുവിക്കുന്ന പ്രതിഷേധ കുറിപ്പുകളില്‍ അപേക്ഷകള്‍ തടഞ്ഞ് വച്ചിരിക്കുന്ന വിവരം വോട്ടര്‍മാരില്‍ ചിന്താകുഴപ്പം ഉണ്ടാക്കുമെന്നും പുതിയതായി മുന്നോട്ടിറങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നും പറയുന്നു.

കെമ്പിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസ് ആരോപണങ്ങള്‍ നിഷേധിച്ചു. വിശാല മനസ്‌കരായ സംഘങ്ങള്‍ ഉപയോഗിച്ചു വന്നിരുന്ന രജിസ്‌ട്രേഷന്‍ ജോലികളിലെ അപാകതകളാണ് രജിസ്‌ട്രേഷനുകളില്‍ തീരുമാനം എടുക്കാന്‍ വൈകുന്നത്. ഓഫീസ് സ്വീകരിച്ചിരിക്കുന്ന എക്‌സാക്ട് മാച്ച് പരിശോധനയില്‍ ചില വ്യക്തികള്‍ വോട്ടിംഗ് റോളുകളില്‍ നിന്ന് നീക്കം ചെയ്യുവാന്‍ കാരണം അവര്‍ സമര്‍പ്പിക്കുന്ന വിവരങ്ങളും ഗവണ്‍മെന്റിന്റെ പക്കലുള്ള വിവരങ്ങളും തമ്മില്‍ അന്തരം കണ്ടെത്തുന്നതാണ്.

സംഭാവന അഭ്യര്‍ത്ഥിച്ച് കെമ്പ് അയച്ച ഇമെയിലില്‍ തടഞ്ഞു വച്ചിരിക്കുന്ന 53,000 അപേക്ഷകര്‍ക്കും തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാന്‍ കഴിയും, ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുവാന്‍ കഴിയുമെങ്കില്‍ എന്ന് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക