Image

മീ ടു : മാധ്യമപ്രവര്‍ത്തകനായ സി.പി. സുരേന്ദ്രനെതിരെ പതിനൊന്ന്‌ വനിതാ മാധ്യമ പ്രവര്‍ത്തകര്‍

Published on 16 October, 2018
മീ ടു : മാധ്യമപ്രവര്‍ത്തകനായ സി.പി. സുരേന്ദ്രനെതിരെ പതിനൊന്ന്‌ വനിതാ മാധ്യമ പ്രവര്‍ത്തകര്‍

മീ ടൂ ക്യാംപയിനില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി പി സുരേന്ദ്രനെതിരേ ലൈംഗികാരോപണവുമായി പതിനൊന്ന്‌ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത്‌.
ലൈംഗികച്ചുവയോടെയുള്ള സംസാരവും സഹപ്രവര്‍ത്തകരായ സ്‌ത്രീകളെ ഓഫീസിന്‌ പുറത്തും ക്യാബിനകത്ത്‌ വെച്ചും ലൈംഗികമായി അധിക്ഷേപിക്കുന്നതും സുരേന്ദ്രന്‍റെ പതിവാണെന്ന്‌ പതിനൊന്ന്‌ മാധ്യമപ്രവര്‍ത്തകരും ആരോപിക്കുന്നു.

സി.പി. സുരേന്ദ്രന്‍ 2003 മുതല്‍ 2006 വരെയും, തുടര്‍ന്ന്‌ 2010 മുതല്‍ 2013 വരെയും സേവനമനുഷഠിച്ചിരുന്ന ടൈംസ്‌ ഓഫ്‌ ഇന്ത്യ, 2008 2009 വരെ ഉണ്ടായിരുന്ന ഓപ്പണ്‍ മാഗസിന്‍, 2013 മുതല്‍ 2015 വരെ ഉണ്ടായിരുന്ന ഡി.എന്‍.എ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്‌തിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകരാണ്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

ഇയാള്‍ക്കെതിരേ സ്ഥാപനത്തിലെ ഇന്റേണല്‍ കംപ്ലയിന്റ്‌ കമ്മിറ്റിയിലും ഹ്യൂമന്‍ റിസോഴ്‌സ്‌ വിഭാഗത്തിലുമെല്ലാം പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഡി.എന്‍.എ യില്‍ ഇയാളുടെ കരാര്‍ കാലാവധി തീര്‍ന്നതിന്‌ ശേഷം പുതുക്കി നല്‍കിയിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്നവര്‍ ഇയാളുടെ തമാശ കഥാപാത്രമാണെന്ന്‌ മാധ്യമ പ്രവര്‍ത്തക ജുവാന ലോബോ പറയുന്നു. ഇയാള്‍ക്കെതിരേ പരാതിനല്‍കിയിട്ടും പരാതിയിന്മേല്‍ യാതൊരു നടപടിയും സ്വാകരിക്കാത്തതിനെത്തുടര്‍ന്ന്‌ ജുവാന 2014 മാര്‍ച്ചില്‍ ഡി.എന്‍.എയില്‍ നിന്ന്‌ രാജിവെക്കുകയാണുണ്ടായത്‌.

ആറ്‌ വര്‍ഷത്തോളം ഡി.എന്‍.എ യിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന ജുവാന, ഡി.എന്‍.എയില്‍ സുരേന്ദ്രനൊപ്പം ജോലി ചെയ്‌ത ആറു മാസത്തെ അനുഭവത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഇയാള്‍ മുഴവന്‍ സമയവും ലൈംഗികച്ചുവയുള്ള സംഭാഷണവും സ്‌ത്രീവിരുദ്ധമായ പ്രസ്‌താവനകളുമാണ്‌ പറഞ്ഞിരുന്നതെന്ന്‌ ജുവാന പറയുന്നു.
മാധ്യമപ്രവര്‍ത്തകനായ തരുണ്‍ തേജ്‌പാലിനെതിരേ ഉയര്‍ന്ന 2013ലെ ലൈംഗികാരോപണ കേസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇരക്കെതിരേ ഇയാള്‍ മോശം പരാമര്‍ശം നടത്തിയിരുന്നുവെന്നും ജുവാന ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക