Image

വാഷിങ്ടന്‍ ഡിസിയില്‍ പ്രതിഷേധ പ്രകടനം നടത്തണമെങ്കില്‍ ചെലവ് വഹിക്കേണ്ടി വരും (ഏബ്രഹാം തോമസ്)

Published on 16 October, 2018
വാഷിങ്ടന്‍ ഡിസിയില്‍ പ്രതിഷേധ പ്രകടനം നടത്തണമെങ്കില്‍ ചെലവ് വഹിക്കേണ്ടി വരും (ഏബ്രഹാം തോമസ്)
മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും നേരിട്ടിട്ടില്ലാത്ത പ്രതിഷേധ പ്രകടനങ്ങളാണ് ഡോണള്‍ഡ് ട്രംപ് നേരിടുന്നത്. ആയിരക്കണക്കിനു വനിതകള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ വൈറ്റ് ഹൗസിനു മുന്നിലും ചുറ്റിലും ഉള്ള ഫെന്‍സിന് മുകളിലും തമ്പടിക്കുന്നത് നിത്യേനയുള്ള കാഴ്ചകളാണ്.
ഇപ്പോള്‍ ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിന്റെ വടക്ക് വശത്തുള്ള നടപ്പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനും വേണ്ടി വന്നാല്‍ ആ വഴി അടയ്ക്കുവാനും ഉള്ള ഫലപ്രദമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും വീണ്ടും പുല്ല് വളര്‍ത്തുന്നതിനും ഉള്ള ചെലവ് പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുവാനുമുള്ള നിര്‍ദേശവുമായി നാഷണല്‍ പാര്‍ക്ക് സര്‍വീസ് മുന്നോട്ട് പോവുകയാണ്.

പ്രതിഷേധ പ്രകടനങ്ങളും സാംസ്‌കാരിക പരിപാടികളും പരമ്പരാഗതമായി അരങ്ങേറുന്ന വേദിയാണ് ഇത്. ഇവിടെ നിന്നാണ് 1963 ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ തന്റെ ചരിത്ര പ്രസിദ്ധമായ എനിക്കൊരു സ്വപ്നമുണ്ട്. പ്രഭാഷണം നടത്തിയത്. ലഫയേറ്റ് സ്‌ക്വയറും ട്രംപ് ഇന്റര്‍ നാഷണല്‍ ഹോട്ടലിന് മുന്നിലുള്ള പെന്‍സില്‍വാനിയ അവന്യുവിന്റെ നടപ്പാതകളും ഈ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

ജനക്കൂട്ട ഭരണം (മോബ് റൂള്‍) എന്ന റിപ്പബ്ലിക്കന്‍ നേതാക്കളുടെ വാക്‌ധോരിണിയുടെയും ബ്രെറ്റ് കാവനായെ സുപ്രീം കോടതി ജസ്റ്റീസായി നിയമിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങളുടെയും ചുവടു പിടിച്ചാണ് ഈ നടപടിക്ക് മുതിരുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി എതിര്‍ക്കുന്ന ട്രംപ് തങ്ങളെ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍ക്ക് സാമൂഹിക സ്വീകാര്യത നല്‍കുകയാണ് എന്ന് ആരോപിച്ചിട്ടുണ്ട്.

നിങ്ങളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ഗവണ്‍മെന്റിനെ സമീപിക്കാന്‍ തലസ്ഥാനത്തേക്ക് വരാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രംപ് ഭരണകൂടം ഇത് അനുവദിക്കാതിരിക്കുകയും പ്രതിഷേധങ്ങള്‍ നിയമ വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നു. എതിരഭിപ്രായം നിശ്ശബ്ദമാക്കുവാനും സ്വതന്ത്ര സംസാരം തടയുവാനുമുള്ള ശ്രമമാണിത്. പാര്‍ട്ടണര്‍ഷിപ്പ് ഫോര്‍ സിവില്‍ ജസ്റ്റിസ് ഫണ്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര വെര്‍ ഹെയ്ഡന്‍ ഹില്ലിയാര്‍ഡ് പറഞ്ഞു.

നിര്‍ദേശം ഓഗസ്റ്റില്‍ വിജ്ഞാപനമാക്കിയിരുന്നു. തിങ്കളാഴ്ച വരെ പൊതുജനാഭിപ്രായം സ്വീകരിച്ചു. പ്രകടനങ്ങള്‍ ഫെഡറല്‍ ഗവണ്‍മെന്റിന് മേല്‍ ഭാരിച്ച ചെലവുകള്‍ അടിച്ചേല്‍പിക്കും.

സ്മാരകങ്ങള്‍ക്ക് സമീപം ശാന്തതയും സമാധാനവും പരിപാലിക്കുക കൂടിയാണ് പുതിയ നിര്‍ദേശങ്ങളുടെ ഉദ്ദേശം. നാഷണല്‍ മാള്‍ ഗ്രാസ് ചവിട്ടിമെതിച്ച് കളയുന്നതില്‍ നിന്ന് രക്ഷിക്കുവാനും പ്രകടനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ പാര്‍ക്ക് സര്‍വീസിന് കൂടുതല്‍ സമയം നല്‍കുവാനും നിര്‍ദേശങ്ങള്‍ സഹായിക്കും എന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രകടനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് പ്രതിഷേധങ്ങള്‍ ചെലവേറിയ പ്രക്രിയയാക്കി മാറ്റും. കോണ്‍ഗ്രസ് നാഷണല്‍ പാര്‍ക്ക് സര്‍വീസിന് ഫണ്ട് നല്‍കുന്നത് അമേരിക്കന്‍ ജനങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്. ഇതു പ്രകടനക്കാരാകാം, സന്ദര്‍ശകരാകാം. പാര്‍ക്ക് സര്‍വീസിന് പണ ഞെരുക്കം ഉണ്ടാകാം. പക്ഷെ കമ്മി നികത്താന്‍ തങ്ങളുടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്പിക്കരുത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ലീഗല്‍ ഡയറക്ടര്‍ ആര്‍തര്‍ സ്പിറ്റ്‌സര്‍ പറഞ്ഞു.

തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തണമെങ്കില്‍ ഫീസ് നല്‍കണം എന്ന നിര്‍ദേശം നിയമമായാല്‍ അതിനെതിരെയും പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകും. പ്രതിഷേധക്കാരെ ഫീസ് പിന്‍ തിരിപ്പിക്കും എന്ന കണക്കുകൂട്ടല്‍ വിജയിക്കാനിടയില്ല. എന്നാല്‍ നിയമം നടപ്പില്‍ വന്നാല്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ വരുമാനം കൂടും എന്നുറപ്പാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക