Image

ആചാരത്തിന് കടഞ്ഞാണിടുമ്പോള്‍ (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)

ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ Published on 17 October, 2018
ആചാരത്തിന് കടഞ്ഞാണിടുമ്പോള്‍ (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
ശബരിമലയില്‍ സ്ത്രീപ്രവേശത്തിന് അനുമതി നല്‍കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാരിന് അതിട്ടൊരു പണിയാകുമെന്ന് ഇടതുപക്ഷ മുന്നണിയും അവരുടെ സര്‍ക്കാരും ഒരിക്കല്‍ പോലും കരുതിയില്ല. വിധി പ്രഖ്യാപിച്ചപ്പോള്‍ ജനകീയ സര്‍ക്കാരിന്റെ പുരോഗമനം തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയാകുമെന്നായിരുന്നു. കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ പുരോഗമന ഗര്‍ഭത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് അതില്‍ അഭിമാനം കൊള്ളുകയും അത് അയവിറക്കികൊണ്ട് നടക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാര്‍ ചിന്തിച്ചത് ഇതും ഒരു പൊന്‍തൂവലാക്കാമെന്നായിരുന്നു. എന്നാല്‍ അത് ചക്കിനുവെച്ചത് കൊക്കിനു കൊണ്ടെന്ന പോലെയായിപ്പോയി. സുപ്രീം കോടതിയുടെ വിധിയുമായി ശബരിമലയില്‍ ഒരു കൈ നോക്കാമെന്ന ധാരണയില്‍ സര്‍ക്കാര്‍ ശ്രമം നടത്താനൊരുങ്ങുമ്പോഴാണ് വിശ്വാസികളായ സ്ത്രീകള്‍ കൊടുങ്കാറ്റുപോലെ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. അവകാശങ്ങള്‍ നേടിയെടുക്കാനും അവ സംരക്ഷിയ്ക്കാനുമായി നിരത്തിലിറങ്ങി പോരാട്ടം നയിച്ച നാട്ടില്‍ ഒരു വേറിട്ട സമരമാണ് അതില്‍ കൂടി കേരളം കണ്ടത്.
സ്ുപ്രീം കോടതിയുടെ വിധിയിലും സര്‍ക്കാരിന്റെ പിടിവാശിയിലും പ്രതിഷേധിച്ചുകൊണ്ട് വിശ്വാസികളായ സ്ത്രീകള്‍ നിരത്തിലിറങ്ങിയപ്പോള്‍ അത് ഇത്രമേല്‍ ശക്തമാകുമെന്ന് സര്‍ക്കാരും ഇടതുമുന്നണിയും കരുതിയില്ല. കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചത് ഒരു പൊട്ടലും ചീറ്റലും ആയിരുന്നു. എന്നാല്‍ സംഭവിച്ചത് ഒരു സ്‌ഫോടനമായിരുന്നു. അതിനെ നേരിടാന്‍ സര്‍്ക്കാര്‍ രംഗത്തിറക്കിയതാകട്ടെ പുരോഗമനാശയത്തിന്റെ കുപ്പായമിട്ട ചില സ്ഥിരം കക്ഷികളെയും അവസരത്തിനൊത്ത് വാക്ക് മാറ്റി പറയുന്ന ചില സമദായ നേതാക്കളെയും. അവരുടെ പുരോഗമന വാചക കസര്‍ത്തുകള്‍ സ്ഥിരമായി കേള്‍ക്കുകയും അവസരത്തിനൊത്ത് കളം മാറ്റിച്ചവുട്ടുന്ന രീതിയും  കണ്ടിട്ടുള്ള ജനം അതിനെ ഗൗനിച്ചതെയില്ല. അതുകൊണ്ടു തന്നെ അതൊരു നനഞ്ഞ പടക്കമായി മാറിയെന്നു വേണം കരുതാന്‍.

തോക്കേന്തിയ പോലീസ് സേനയക്കു മുന്നിലേയ്ക്ക് പ്രത്യേയ ശാസ്ത്രത്തിന്റെ ആവേശം ഉള്ളില്‍ നിറച്ച് വാരി കുന്തവുമായി സമരമുഖത്തേയ്ക്ക് ഇറക്കി വിട്ട കാലം കഴിഞ്ഞു അതിന്റെ ഉള്ളിലെ പൊള്ളയായ യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാത്തവര്‍ ഇന്ന് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. തോക്കിനേക്കാള്‍ ശക്തി വാരിക്കുന്തത്തിനാണെന്ന് അനുയായികളെ  പഠിപ്പിച്ചവര്‍ക്കും മുന്നില്‍ രക്തസാക്ഷികളാകാനെ യോഗമുണ്ടായുള്ളൂ. ആ രക്ത സാക്ഷികളില്‍ കൂടി അധികാരത്തിലെത്തിയവര്‍ അകത്തളത്തിലിരിക്കാന്‍ ക്ഷണിച്ചതോ വര്‍ഗ്ഗശത്രുവിനെ. അവരാണ് ഇന്ന് സ്തുതിപാഠകരായി രംഗത്തു വന്നിരിക്കുന്നത്. പ്രതിഷേധത്തെ നേരിടാന്‍ ഇറക്കിയ തന്ത്രം ഫലിക്കാതെ പോയതും അതുകൊണ്ട്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഒരു വിധിയാണ് സുപ്രീം കോടതി ശബരിമല പ്രവേശനത്തില്‍ കൂടി പ്രസ്താവിച്ചത്. ഇന്ത്യയുടെ പരമോന്നത നീതി പീഠം വിധി പ്രസ്താവിച്ചത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ അത് എത്രമാത്രം ഭവിഷ്യത്ത് ഉളവാക്കുമെന്ന് സര്‍ക്കാര്‍ ചിന്തിക്കേണ്ടതായിരുന്നു. എടുത്ത് ചാടിക്കൊണ്ട് ഒരു നീക്കം നടത്തി ദൂരവ്യാപകമായ ഭവിഷ്യത്ത് വരുത്തികൊണ്ട് ഒരു നടപടിയെന്നതിനെക്കാള്‍ അത് പരാമവധി ഒഴുവാക്കികൊണ്ട് നടപടിയെടുക്കാമായിരുന്നു. ഭൂരിഭാഗം വരുന്ന വിശ്വാസികളുടെ എതിര്‍പ്പിനെ സര്‍ക്കാര്‍ എങ്ങനെ നേരിടും. ഏത് ആയുധവുമായി നേരിട്ടാല്‍ അതിനെ പ്രതിരോധിയ്ക്കാന്‍ കഴിയും. അങ്ങനെ പ്രതിരോധിച്ചാല്‍ അതിനെ കീഴടക്കാന്‍ കഴിയുമോ. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്തിടത്തോളം ഈ  എതിര്‍പ്പിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വരുമെന്നതാണ് സത്യം.
സതിയും മാറുമറക്കലും ക്ഷേത്രപ്രവേശന വിളംബരവുമെല്ലാം ഒരു രാത്രി കൊണ്ട് നേടിയെടുത്തതല്ല. ഒരു ഉത്തരവില്‍ കൂടിയാണെങ്കിലും നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട് അതിന്. അത് മാത്രമല്ല ജനകീയ ബോധവല്‍ക്കരണത്തില്‍ കൂടി അതിന്റെ ആവശ്യകതയെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. അങ്ങനെ ശക്തമായതും ബുദ്ധിപൂര്‍വ്വമായതുമായ ബോധവല്‍ക്കരണത്തില്‍ കൂടി ജനങ്ങളെ ബോധവല്‍ക്കരിച്ചപ്പോള്‍ ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതെയായിയെന്നു തന്നെ പറയാം. അങ്ങനെ എതിര്‍ത്തിരുന്ന ഭൂരിഭാഗത്തെ ന്യൂനപക്ഷമാക്കി മാറ്റാന്‍ ആ മുന്നേറ്റങ്ങള്‍ക്കു കഴിഞ്ഞു. അങ്ങനെ എതിര്‍പ്പിന്റെ മുനയൊടിച്ച് ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞുയെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഉദ്ദ്യേശ ശുദ്ധിയോട് പരിവര്‍ത്തനം ലക്ഷ്യമിട്ടുകൊണ്ട് ഒരു ദുരാചാരത്തെ അല്ലെങ്കില്‍ ഒരു വിവേചനത്തെ തുടച്ചു നീക്കാന്‍ അതിനു നേതൃത്വം നല്‍കിയ നേതാക്കള്‍ക്ക് കഴിഞ്ഞു.

സതി നിര്‍ത്തലാക്കിയതിന്റെ പശ്ചാത്തലം തന്നെ അതിനുദാഹരണമാണ്. തന്റെ ജേഷ്ഠന്റെ ചിതയിലേക്ക് ഭാര്യ ചാടാതെ ഭയന്നു നിന്നപ്പോള്‍ അതിലേക്ക് യഥാസ്ഥിതികരായ കുടുംബക്കാരും മത നേതാക്കളും ആസ്ത്രീയെ തള്ളിവിട്ടപ്പോള്‍ മോഹന്‍ റോയുടെ മനസ്സ് ആ ദുരാചാരത്തെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്തു. അതിനദ്ദേഹം ആദ്യം ചെയ്തത് ഭരണാധികാരികളുടെ അടുത്തെത്തി ഉത്തരവാങ്ങുകയായിരുന്നില്ല.
യഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പും ജനങ്ങളുടെ നിസ്സകരണവും അധികാരികളുടെ തണ്ണുപ്പന്‍ സമീപനവുമായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അതില്‍ തളരാതെ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ചെന്ന് അവരെ ബോധവല്‍ക്കരിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഉദ്ദ്യേശ ശുദ്ധി  അവര്‍ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ തങ്ങളുടെ നിലപാട് മാറ്റി അദ്ദേഹത്തിനൊപ്പം കൂടി. തങ്ങളുടെ ഇടയിലെ ആചാരം ഒരു ദുരാചാരമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ പ്രധാനം. അതിനു സമാനമാണ് ക്ഷേത്രപ്രവേശന വിളംബരത്തിലും മാറുമറയ്ക്കല്‍ സമരത്തിലുമുണ്ടായത്.

ശബരിമല സ്ത്രീപ്രവേശനത്തിലും ജനങ്ങളുടെ ഇടയില്‍ അങ്ങനെയൊരു ബോധവല്‍ക്കരണമോ അഭിപ്രായ സമുന്നയമോ ഉണ്ടായിട്ടുണ്ടോ. നൂറ്റാണ്ടുകളായി വിശ്വാസികള്‍ ആചരിച്ചുപോകുന്ന രീതി ഒരു സുപ്രഭാതത്തില്‍ മാറ്റുമ്പോള്‍ അത് പെട്ടെന്ന് അംഗീകരിക്കാന്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് സാധിച്ചുയെന്ന് വരികയില്ല. അതില്‍ പ്രതികാരത്തിന്റെയും പിടിവാശിയുടെയും അംശം കൂടിയുള്ളപ്പോള്‍ അവര്‍ അതിനെതിരെ പ്രതികരിക്കുന്നത് അതിശക്തമായ രീതിയിലായിരിക്കും. 
തങ്ങളുടെ മതത്തിന്റെ ആചാരങ്ങളെയും രീതികളെയും മാറ്റിമറിയ്ക്കുന്ന നടപടി ഭരണകര്‍ത്താക്കളില്‍ നിന്നോ മറ്റോ ഉണ്ടായാല്‍ അതിനെതിരെ ആ ആചാരങ്ങളെ പിന്‍തുടരുന്നവര്‍ എതിര്‍ക്കുക സ്വാഭാവികമായിരിക്കും. അത് പെട്ടെന്ന് അംഗീകരിയ്ക്കാന്‍ സാധിക്കാറില്ല. അതിനെതിരെ നിരത്തിലിറങ്ങി അത് സംരക്ഷിയ്ക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിയ്ക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന മമതനേതാക്കളായിരിക്കും. പുരോഗമനം വേണമെന്ന്  വാദിക്കുന്നവര്‍ പോലും തങ്ങളുടെ മതാനുഷ്ഠാനങ്ങള്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ രംഗത്തുവരുമെന്ന് കാലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഞായറാഴ്ച അവധി ദിവസം ഇന്ത്യയില്‍ മാറ്റുമെന്ന് ബി.ജെ.പി. സര്‍ക്കാര്‍ ഒരിക്കല്‍ അനൗദ്യോഗികമായി പറഞ്ഞപ്പോള്‍ തന്നെ അതിനെതിരെ ക്രൈസ്തവ മതത്തില്‍പ്പെട്ട ചില മതാധ്യക്ഷന്‍മാര്‍ രംഗത്തു വരികയുണ്ടായി. ആഗോള കത്തോലിക്കാ സഭയിലെ ഇന്ത്യയിലെ വൈദീകര്‍ക്ക് വിവാഹം കഴിയ്ക്കാമെന്ന് ഒരു നിയമം കൊണ്ടു വന്നാലത്തെ സ്ഥിതിയെന്താകും. എന്തിന് തദ്ദേശ സഭകളായ ഓര്‍ത്തഡോക്‌സ് യാക്കോബായ തുടങ്ങിയ സഭകളില്‍ സ്ത്രീകള്‍ക്ക് വൈദീക പട്ടം നല്‍കണമെന്ന് ഒരു നിയമം പാസ്സാക്കുകയോ ഒരു ഉത്തരവുകൊണ്ടുവരികയോ ചെയ്താല്‍ അതിനെതിരെ സഭാ നേതൃത്വം പ്രതികരിക്കാതിരിക്കുമോ. അതാണ് സഭകളും മതങ്ങളും അതിലെ വിശ്വാസി സമൂഹങ്ങളും.

എന്തിനേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും കാലങ്ങളായി പിന്‍തുടരുന്ന രീതികള്‍ക്ക് ഭരണാധികാരികള്‍ മാറ്റം വരുത്തിയാല്‍ അണികളെ  ഇറക്കി പ്രതിഷേധിക്കാറുണ്ട്. വിപ്ലവ പാര്‍ട്ടികള്‍ പോലും ആ മാറ്റത്തിനെതിരെ പ്രതികരിച്ചിട്ടില്ലെ. 86-ല്‍ കരുണാകരന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പ്പെടുത്തി സ്‌കൂളിലാക്കാന്‍ ഒരു നീക്കം നടത്തിയപ്പോള്‍ അതിനെതിരെ എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയുണ്ടായത് ഇന്ന് പലരും ഓര്‍ക്കുന്നുണ്ടാകുമെന്ന് കരുതാം. ഇന്ന് ഭരണത്തിലിരിക്കുന്നത് ആരാണെന്നു കൂടി ചിന്തിക്കുക. ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനത്തിന് മാറ്റം വരുത്തണമെന്നും കൂടുതല്‍ സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്തിയവരാണ് അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. അങ്ങനെ കലാകാലങ്ങളായുള്ള രീതി മാറ്റുമ്പോള്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് എവിടെയും കാണുന്ന ഒരു പ്രക്രിയയാണ്. അത് അംഗീകരിക്കാന്‍ കാലങ്ങളെടുത്തേയ്ക്കാം. എന്നാല്‍ അതിനെ അടിച്ചമര്‍ത്തി അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.

വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കാത്ത രീതിയില്‍ തുറന്ന സമീപനത്തില്‍ കൂടി ശബരിമല ക്ഷേത്രത്തിന് അവകാശമുള്ളവരുമായി ആലോചിച്ച് ഒരു പൊതു അഭിപ്രായത്തില്‍ കൂടി പരിഹാരം കാണാന്‍ ശ്രമിക്കുന്നതാണ് സര്‍ക്കാരിന് ഏറെ ഉചിതം. അതിനായി സമയമെടുത്താല്‍ പോലും. കോടതിയില്‍ നിന്ന് സാവകാശം ആവശ്യപ്പെടാം. മാറ്റങ്ങള്‍ ആവശ്യമാണ് അത് അടിച്ചേല്‍പ്പിക്കുന്നതിനെക്കാള്‍ അംഗീകരിച്ചെടുക്കുകയാണ് നല്ലത്.

ആചാരത്തിന് കടഞ്ഞാണിടുമ്പോള്‍ (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
Tom abraham 2018-10-17 08:02:19
144 being declared in shabarimala area to ensure religious freedom. 144 sharanam enteyappa, police mathram sharanam enteyappa, 
പീലിപ്പോസ് 2018-10-17 11:04:05
അയ്യപ്പനെ വെറുതെ കൊച്ചാക്കല്ലേ ... ഇത് വെറും രാഷ്ട്രീയ മുതലെടുപ്പ്... അമ്പതു വയസ്സ് കഴിഞ്ഞാൽ ആർത്തവം നിൽക്കും എന്നുറപ്പില്ലല്ലോ ... ആ പ്രായത്തിലും സ്ത്രീയുടെ സൗന്ദര്യം നിലനിർത്താമല്ലോ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക