Image

ശബരിമലയിലെത്തുന്ന തീര്‍ഥാടകരെ തടയാന്‍ അനുവദിക്കില്ലെന്ന്‌ ദേവസ്വം മന്ത്രി

Published on 17 October, 2018
ശബരിമലയിലെത്തുന്ന തീര്‍ഥാടകരെ തടയാന്‍ അനുവദിക്കില്ലെന്ന്‌ ദേവസ്വം മന്ത്രി


ശബരിമലയിലേക്ക്‌ എത്തുന്ന തീര്‍ഥാടകരെ തടയാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ശരണം വിളിയെ മുദ്രാവാക്യമായി പരിവര്‍ത്തനം ചെയ്യുന്നവര്‍ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

ദേശീയ മാധ്യമപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയടക്കം വലിച്ചിറക്കി പ്രാകൃതമായ രീതിയിലാണ്‌ കയ്യേറ്റം ചെയ്‌തത്‌. സുരക്ഷയുമായി ബന്ധപ്പെട്ട്‌ ആവശ്യം വരുന്നമുറയ്‌ക്ക്‌ വനിതാ പൊലീസിനെ നിയമിക്കും.

ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടനം നടത്താനുള്ള ഭക്തരുടെ ആവശ്യം നിറവേറ്റുക എന്നതാണ്‌ സര്‍ക്കാരിന്റെ കടമ. വിധിയില്‍ അഭിപ്രായവ്യത്യാസമുള്ള വിശ്വാസികളെ അനുരഞ്‌ജനത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കും. സുപ്രീംകോടതി വിധി അടിച്ചേല്‍പ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ അക്രമികളെ വേണ്ടവിധത്തില്‍ തന്നെ കൈകാര്യം ചെയ്യും.

കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ നടത്തുന്നത്‌ രാഷ്ട്രീയമായ നീക്കമാണ്‌. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സുപ്രീംകോടതിവിധി നടപ്പിലാക്കേണ്ട എന്ന്‌ ഒരു കോണ്‍ഗ്രസ്‌ നേതാവോ ബിജെപി നേതാവോ പറഞ്ഞിട്ടില്ല.

പ്രായഭേദമന്യേ ശബരിമലയില്‍ സ്‌ത്രീകള്‍കക്‌ പ്രവേശനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്‌ ആര്‍എസ്‌എസ്‌ അനുഭാവികളാണ്‌. 12 വര്‍ഷക്കാലം നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കക്ഷി ചേര്‍ന്നിരുന്നുമില്ല. ഇവരുടെയെല്ലാം നിലപാട്‌ സ്‌ത്രീപ്രവേശനം ആകാമെന്നതാണ്‌. ഇതെല്ലാം ഇപ്പോള്‍ മറച്ചുവെച്ചാണ്‌ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സമരത്തിനിറങ്ങിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക