Image

തന്നെ ആക്രമിക്കാനെത്തിയ പ്രതിഷേധകരുടെ കൂട്ടത്തെ പതറാതെ പ്രതിരോധിച്ച്‌ മാധ്യമപ്രവര്‍ത്തക

Published on 18 October, 2018
 തന്നെ ആക്രമിക്കാനെത്തിയ പ്രതിഷേധകരുടെ കൂട്ടത്തെ പതറാതെ പ്രതിരോധിച്ച്‌ മാധ്യമപ്രവര്‍ത്തക


ശബരിമലയില്‍ സ്‌ത്രീകളുടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ഭക്തരെന്ന്‌ അവകാശപ്പെടുന്ന പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തുടരുകയാണ്‌. വിധി വന്ന പിന്നാലെ ശബരിമല നട തുറന്ന ബുധനാഴ്‌ച മലയില്‍ എത്തിയ യുവതികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കടുത്ത ആക്രമണങ്ങളാണ്‌ ഇക്കൂട്ടര്‍ അഴിച്ചുവിട്ടത്‌.

ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നേരെ ഇക്കൂട്ടര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

സ്‌ത്രീകള്‍ ഉള്‍പ്പെടെ എട്ട്‌ മാധ്യമപ്രവര്‍ത്തകരാണ്‌ പ്രതിഷേധകരുടെ ആക്രമണത്തില്‍ ഇരയായത്‌. എന്നാല്‍ തന്നെ ആക്രമിക്കാനെത്തിയ പ്രതിഷേധകരുടെ കൂട്ടത്തെ പതറാതെ പ്രതിരോധിച്ച മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ ആണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌.

ശബരിമല സമരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ  പ്രത്യേകിച്ച്‌ സ്‌ത്രീകളായ മാധ്യമപ്രവര്‍ത്തകരെയാണ്‌ പ്രതിഷേധകര്‍ ഉന്നം വെയ്‌ക്കുന്നത്‌.

കഴിഞ്ഞ ദിവസം ന്യൂസ്‌ മിനുറ്റിന്‍റെ റിപ്പോര്‍ട്ടറായ സരിതയേയും റിപബ്ലിക്‌ ചാനല്‍ റിപ്പോര്‍ട്ടറേയും ഇക്കൂട്ടര്‍ ആക്രമിച്ചിരുന്നു. റിപ്പോര്‍ട്ടിങ്ങിന്‌ എത്തിയതാണെന്ന്‌ ആവര്‍ത്തിച്ചിട്ടും ഇരുവരേയും പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

കൂടാതെ കാമറകളും വാഹനങ്ങളും തല്ലിതകര്‍ക്കകയും ചെയ്‌തിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തക്‌ ആരും തന്നെ പേടിച്ച്‌ പിന്‍മാറാന്‍ തയ്യാറായിരുന്നില്ലെന്ന്‌ മാത്രമല്ല പ്രതിഷേധത്തേയും ആക്രമത്തേയും പ്രതിരോധിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യാ ടുഡേയുടെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങ്ങാണ്‌ ആക്രമിക്കാനെത്തിയ പ്രതിഷേധകരെ പറപ്പിക്കുന്നത്‌.

മലചവിട്ടാന്‍ എത്തിയ 40കാരിയായ മാധവിയെ പ്രതിഷേധകര്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ അവര്‍ കുടുംബത്തോടൊപ്പം തിരിച്ചിറങ്ങിയിരുന്നു. ഇവരെ തിരിച്ചു കൊണ്ടുപോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ വെച്ചാണ്‌ മൗസമി ഈ സംഭവങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

എന്നാല്‍ മൗസമി റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ ബസ്സില്‍ കയറിയ ഒരു സംഘം  നീ ഒന്നും പറയേണ്ടെന്ന്‌ ആക്രോശിച്ച്‌  മൗസമിക്ക്‌ നേരെ തിരിയുകയായിരുന്നു.കൂട്ടത്തില്‍ ഒരാള്‍ മൈക്ക്‌ തട്ടി മാറ്റികയും ചെയ്‌തു

പിന്നീട്‌ കാമറാ മാനേയും റിപ്പോര്‍ട്ടറേയും ആക്രമിച്ച ഇവര്‍ അവരെ വണ്ടിയില്‍ നിന്ന്‌ ഇറക്കിവിടുകയും മൗസമിയെ തടഞ്ഞ്‌ വെച്ച്‌ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. പിന്നീട്‌ കാമറ തിരിച്ചു വാങ്ങാനും ദൃശ്യങ്ങള്‍ ഡിലീറ്റ്‌ ചെയ്യാനും ഇക്കൂട്ടര്‍ ശ്രമിച്ചു.

പിന്നീട്‌ ആക്രമികള്‍ ഇവര്‍ക്കെതിരെ അസഭ്യം പറയുകയും കൂകിവിളിക്കുകയും ചെയ്‌തു. പോലീസ്‌ എത്തി ഇവരെ മാറ്റുന്നത്‌ വരെ ഇത്‌ തുടര്‍ന്നു. എന്നാല്‍ പോലീസ്‌ വാഹനത്തില്‍ കയറി ശബരിമലയിലെ നിലവിലെ അവസ്ഥയെകുറിച്ച്‌ പറഞ്ഞ ശേഷമാണ്‌ അവര്‍ റിപ്പോര്‍ട്ടിങ്ങ്‌ അവസാനിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക