Image

ആരും തെറ്റുകാരല്ല, ഇങ്ങനെയൊക്കെ സംഭവിച്ചത് ദൈവഹിതം; തന്റെ ജയില്‍വാസകാലത്ത് തറയില്‍ കിടന്നുറങ്ങി ഐക്യം കാണിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നന്ദി; കേസ് ജയിക്കാന്‍ ജലന്ധറില്‍ അഖണ്ഡ ഉപവാസ പ്രാര്‍ത്ഥന

Published on 18 October, 2018
ആരും തെറ്റുകാരല്ല, ഇങ്ങനെയൊക്കെ സംഭവിച്ചത് ദൈവഹിതം; തന്റെ ജയില്‍വാസകാലത്ത് തറയില്‍ കിടന്നുറങ്ങി ഐക്യം കാണിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നന്ദി; കേസ് ജയിക്കാന്‍ ജലന്ധറില്‍ അഖണ്ഡ ഉപവാസ പ്രാര്‍ത്ഥന

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ആദ്യപരിപാടി ജലന്ധറില്‍. അരമനയോട് ചേര്‍ന്നുള്ള സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ ബുധനാഴ്ച വൈകിട്ട് അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി  പറഞ്ഞ ബിഷപ്പ് ഫ്രാങ്കോ, കേസിന്റെ വിജയത്തിനു വേണ്ടി വിശ്വാസികളോട് നിരന്തര ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. തന്റെ ജയില്‍ ജീവിതത്തോട് ഐക്യപ്പെട്ട് തറയില്‍ കിടന്നുറങ്ങാന്‍ തയ്യാറായ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തനിക്ക് ആരോടും വൈരാഗ്യമില്ലെന്ന് അദ്ദേഹം നന്ദിപ്രകടനത്തില്‍ ഉടനീളം എടുത്തുപറയുന്നുണ്ടായിരുന്നു.

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ 100 മീറ്റര്‍ അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് ആനയിച്ചുകൊണ്ടുവന്നു. വാദ്യമേളങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അഡ്മിനിസ്‌ട്രേറ്ററെ ഭയന്ന് ബിഷപ്പ്ഹൗസിന്റെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ നിര്‍ത്തിവച്ചു. ബിഷപ്പ് ഫ്രാങ്കോയുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളും വഹിച്ചാണ് അത്മായര്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. ബിഷപ്പ് പൂക്കള്‍ സമ്മാനിക്കാന്‍ തിരക്കുകൂട്ടുന്ന കന്യാസ്ത്രീകളെയും അത്മായരേയും പരിപാടിയുടെ വീഡിയോയില്‍ കാണാം.


ബിഷപ്പ് ഫ്രാങ്കോ സിന്ദാബാദ് വിളികളോടെയാണ് പള്ളിയില്‍ പ്രവേശിച്ചത്. ഏതാനും വൈദികരുടെയും സുരക്ഷാ ജീവനക്കാരുടെയും വലയത്തിലായിരുന്നു ബിഷപ്പ് പള്ളിയിലേക്ക് പ്രവേശിച്ചത്. ഉടന്‍തന്നെ കുര്‍ബാന ആരംഭിച്ചു. 20 ഓളം വൈദികര്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. 

കുര്‍ബാന മധ്യേ പ്രസംഗമൊന്നും പറഞ്ഞില്ലെങ്കിലും കുര്‍ബാനയ്ക്ക് ശേഷം നന്ദി അറിയിച്ചു. ജയിലില്‍ കിടന്നപ്പോള്‍ പ്രാര്‍ത്ഥിച്ചവര്‍ക്കാണ് ആദ്യം നന്ദി പറഞ്ഞത്. ആരും തെറ്റുകാരല്ല, ഇങ്ങനെയൊക്കെ സംഭവിച്ചത് ദൈവഹിതമായിരുന്നു. അതുകൊണ്ട് തനിക്ക് ആരോടും പരാതിയില്ല, പിണക്കമില്ല. ജയിലില്‍ എല്ലാവരും മാന്യമായി പെരുമാറി. അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇവിടെ വന്നശേഷം ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു

ജയില്‍വാസകാലം നന്നായി വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും സമയം കിട്ടി. കേസിന്റെ ആദ്യഭാഗം മാത്രമാണ് കഴിഞ്ഞത്. രണ്ടാംഘട്ടം കിടക്കുന്നതേയുള്ളു. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. കേസിന്റെ വിജയത്തിനായി തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന നടത്തണം. ദിവസവും മൂന്നു പേര്‍ വീതം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. അത് ജപമാലയോ കുരിശിന്റെ വഴിയോ ആകാം. ഇപ്രകാരം കേസ് കഴിയുന്നവരെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെട്ടു.

തനിക്കൊപ്പമുണ്ടായിരുന്ന വൈദികന്‍ ഒരുപാട് കഷ്ടപ്പെട്ടു. ജലന്ധറില്‍ അഡ്മിനിസ്‌ട്രേറ്ററെ സഹായിക്കുന്നതിനൊപ്പം കേരളത്തില്‍ വന്ന് അദ്ദേഹം തന്റെ കാര്യങ്ങളും ശ്രദ്ധിച്ചു. ആരോടുംതനിക്ക് പകയോ വിദ്വേഷമോ ഇല്ല. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കു നന്ദി. താന്‍ ജയിലില്‍ തറയിലാണ് കിടക്കുന്നത് എന്നറിഞ്ഞ് തന്നോട് അനുരൂപപ്പെടാന്‍ തറയില്‍ കിടന്നുറങ്ങാന്‍ തയ്യാറായ നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യേകം നന്ദി പറഞ്ഞു. ജയിലിലെ സഹതടവുകാരുംമാന്യമായി പെരുമാറി. അവരോടും നന്ദി പറയുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ നന്ദിപ്രമേയത്തില്‍ പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷം എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഭക്ഷണവും നല്‍കിയാണ് ഫ്രാങ്കോ യാത്രയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക